19 February Tuesday

ഇന്ത്യൻ പത്രപ്രവർത്തനം: ഒരു കാ(വ)ലാളിന്റെ സത്യവാങ്മൂലം

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

സഞ‌്ജയ് ഗാന്ധി മരിച്ചത‌് ഒരു മറാഠി പത്രത്തിന്റെ ഡൽഹി ലേഖകൻ വൈകിയാണ‌് അറിഞ്ഞത‌്! ഡെസ‌്കിലുള്ളവർ വാർത്ത അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. വാർത്ത തയ്യാറാക്കിയപ്പോഴാകട്ടെ സംഭവത്തിന്റെ ഒരു ‘പ്രാദേശിക ദൃഷ്ടി’ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ലേഖകൻ എഴുതി, മരണസമയത്ത് സഞ‌്ജയ് ഗാന്ധി ധരിച്ചത‌് കോൽഹാപ്പുരി ചെരുപ്പാണെന്ന‌്

 

 

 

പി രാമൻ

പി രാമൻ

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പത്രപ്രവർത്തനത്തിന്റെ നാൾവഴിപ്പുസ്തകമാണ് പി രാമൻ എഴുതിയ The Post-Truth: Media’s Survival Sutra എന്നത്.  ‘ഒരു കാലാളിന്റെ ഭിന്നപാഠ’മാണിതെന്ന സൂചനയും തലക്കെട്ടിലുണ്ട്. പതിറ്റാണ്ടുകളോളം  ഇംഗ്ലീഷ് പത്രമാസികകളിൽ ജോലിചെയ്തിട്ടും എഡിറ്റർ എന്നതിൽക്കവിഞ്ഞ് പത്രത്തിന്റെ നടത്തിപ്പ് ചുമതലയിലേക്ക്  പ്രവേശിക്കാനാഗ്രഹിക്കാത്ത പത്രപ്രവർത്തകനാണ് രാമൻ. പാട്രിയട്ട്, ലിങ്ക്, ദി ഇന്ത്യൻ എക്സ്പ്രസ്, ദി ഇക്കണോമിക് ടൈംസ്, ബിസിനസ് സ്റ്റാൻഡേർഡ് തുടങ്ങിയവയിൽ ലേഖകനായിരുന്നു. രാഷ്ട്രീയ ലേഖകൻ എന്ന പദവിയെക്കുറിക്കാനാണ് കാലാൾ എന്ന വാക്ക്  ഉപയോഗിച്ചത്.  പത്രപ്രവർത്തനമേഖലയിലെ ഒരു താഴ്ന്ന പടവാണത്. അതുകൊണ്ടുതന്നെയാണ്  തൊഴിലിനെ അദ്ദേഹം ആത്മപ്രതിഫലനാത്മകമായി കാണുന്നത്. പത്രപ്രവർത്തനത്തെ അതീവഗൗരവമായി സമീപിക്കുന്ന രാമന് ആ മേഖലയിലുണ്ടായ മൂല്യച്യുതി കാണാനാകുന്നത്  ഉയർന്ന സ്ഥാനങ്ങളിൽനിന്ന് വിട്ടുനിന്നതുകൊണ്ടാണ്. 

 

 പത്രപ്രവർത്തകനു വേണ്ട ഏറ്റവും പ്രധാന ഗുണം വസ്തുതകളോടുള്ള പ്രതിബദ്ധതയാണെന്ന് രാമൻ കരുതുന്നു. സ്വന്തം നിലപാടുകൾ വസ്തുതകളെ വക്രീകരിക്കാനുള്ള ലൈസൻസാകരുത്. ആഗോളവൽക്കരണകാലത്ത് വസ്തുതകൾ അപ്രധാനമാകുന്നു. പ്രാമുഖ്യം വ്യാഖ്യാനത്തിനാണ‌്. ഈ സന്ദർഭത്തെ സൂചിപ്പിക്കുന്ന സംജ്ഞയാണ് പോസ്റ്റ് ട്രൂത്ത്. ഒരുപക്ഷേ, ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ചരിത്രം  ഇനി മനസ്സിലാക്കുക ആഗോളവൽക്കരണത്തിന‌് മുമ്പ് അതിനുശേഷം എന്ന ഘട്ടവിഭജനത്തിലൂടെയാകും.  സൗകര്യം  കുറവായിരുന്ന കാലത്ത് പത്രപ്രവർത്തനം  ശ്രമകരമായിരുന്നു. ലേഖകർക്ക് കൂടുതൽ ഉത്തരവാദിത്തം ഉണ്ടായിരുന്നു. 1955ലെ ആവഡി കോൺഗ്രസ് സമ്മേളനത്തിന്റെ റിപ്പോർട്ടിങ‌് ചരിത്രംകേട്ടാണ് രാമൻ പത്രപ്രവർത്തനം ആരംഭിക്കുന്നത്. സമ്മേളന പ്രതിനിധികളോടൊപ്പം പനയോല മേഞ്ഞ  ഷെഡുകളിലാണ് പത്രക്കാർ താമസിച്ചത്. കുളിക്കാനുള്ള ബക്കറ്റും കുടിവെള്ളം ശേഖരിക്കാനുള്ള കൂജയും  കൂടെക്കരുതി. മുളച്ചീന്തുകൊണ്ടുണ്ടാക്കിയ കട്ടിലിൽ ഉറങ്ങി. പുതപ്പും വിരിപ്പുമെല്ലാം അവർ കൊണ്ടുവന്നു. ആർക്കും ഒരു പരാതിയുമില്ല. നെഹ‌്റുവും ജഗജീവൻ റാമും മറ്റ് ഉയർന്ന കോൺഗ്രസ് നേതാക്കളും അവരോട്‌ അടുത്തിടപഴകി. തപാലിലൂടെ വാർത്തകൾ നാട്ടിലെ പത്രമോഫീസുകളിൽ എത്തിക്കുക എന്നതുമാത്രമായിരുന്നു കരണീയം. ടെലിഗ്രാമിൽ ഹ്രസ്വരൂപത്തിൽ വാർത്ത തയ്യാറാക്കാനുള്ള സാങ്കേതികജ്ഞാനം പലർക്കുമില്ല. കടലാസും മഷിയും  പ്രത്യേകം സജ്ജമാക്കിയിരുന്നു. സ്റ്റീൽ പേന മഷിയിൽ മുക്കിയാണ് എഴുത്ത്.  വാർത്ത പോസ്‌റ്റോഫീസിലെത്തിക്കാൻ തപാൽ ജീവനക്കാർ  കാത്തുനിന്നു. പത്രവാർത്തകൾ വഹിച്ച് രാജ്യത്തുടനീളം തീവണ്ടികൾ പാഞ്ഞുകൊണ്ടിരുന്നു. 
 
ടെലിഫോൺ സംവിധാനം വരുന്നത് പിന്നീടാണ്. ഓഫീസുമായി ബന്ധപ്പെടാൻ  ട്രങ്ക് ബുക്ക് ചെയ്ത് മണിക്കൂറുകൾ കാത്തിരിക്കണം.  മദ്രാസ്‐ഡൽഹി നഗരങ്ങൾക്കിടയിൽ എസ്ടിഡി സൗകര്യം വരുന്നത് 1963ൽ. 1984ൽ കൊൽക്കത്തയിൽ എഐസിസി സമ്മേളനം നടക്കുമ്പോൾ  ടെലിഫോണുകൾ പത്രക്കാർക്കായി സജ്ജമാക്കിയിരുന്നു.  പ്രധാനപ്പെട്ട പത്രങ്ങൾക്കെല്ലാം അക്കാലത്ത് ടെലിപ്രിന്റർ സംവിധാനത്തോടുകൂടിയ ഓഫീസ്‌ കൊൽക്കത്തയിലുണ്ടായിരുന്നു. പലരും ഫോൺ സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു.  എഐസിസി ഒരുക്കിയ താമസസൗകര്യങ്ങളിൽ പലരും അതൃപ്തരായിരുന്നു. ആവഡി  സമ്മേളനത്തിൽ തങ്ങളുടെ പൂർവികർ എങ്ങനെ  കഴിഞ്ഞതെന്ന് അവർക്ക് അറിയുമായിരുന്നില്ല. ചൗരംഗി തെരുവിലെ അതിഥിമന്ദിരത്തിലെ  ചെറിയ  മുറികളെച്ചൊല്ലി ചിലർ പ്രിയരഞ്ജൻ ദാസ് മുൻഷിയോട് കലഹിച്ചു. പത്രക്കാർക്കിടയിൽ ജാതിവിവേചനമുണ്ടോ എന്നും മറ്റും പറഞ്ഞായിരുന്നു ബഹളം. ഉടൻ പത്രക്കാരെ നഗരത്തിലെ മെച്ചപ്പെട്ട ഹോട്ടൽമുറികളിലേക്ക് മാറ്റി. രാമനും ഫോട്ടോഗ്രാഫറും ആദ്യത്തെ അതിഥിമന്ദിരത്തിൽത്തന്നെ തങ്ങാൻ തീരുമാനിച്ചു. സമ്മേളന നഗരിക്കടുത്ത് താമസിച്ചാൽ വാർത്തകൾ യഥാസമയം എത്തിക്കാൻ എളുപ്പമുണ്ട‌്.  സാങ്കേതികവിദ്യയിലുണ്ടായ വളർച്ച പത്രത്തിന്റെ ഉള്ളടക്കത്തിൽ എത്രമാത്രം നിഴലിച്ചു എന്ന ചോദ്യവും രാമൻ ഉന്നയിക്കുന്നു.
 
അതേസമയം, കോൺഗ്രസിന്റെ ബോംബെ സമ്മേളനത്തിൽ പ്രകടമായ ഒരു മാറ്റം അതിലെ സ്ത്രീ റിപ്പോർട്ടർമാരുടെ നിറഞ്ഞ സാന്നിധ്യമാണ്. ഗൗരവമായ രാഷ്ട്രീയ റിപ്പോർട്ടിങ്ങൊന്നും അക്കാലത്ത് സ്ത്രീകളെ ഏൽപ്പിച്ചിരുന്നില്ല. എന്നാൽ, ബോംബെ സമ്മേളനത്തിന്റെ കാലമായപ്പോഴേക്കും  വലിയ മാറ്റം വന്നിരുന്നു.  1980കളോടെ ഇന്ത്യയിലെ പ്രാദേശിക പത്രങ്ങൾ നടത്തിയ കുതിപ്പ് പ്രത്യേകം പരാമർശിക്കേണ്ടതാണ്. അടിയന്തരാവസ്ഥയും ജയപ്രകാശ് നാരായണന്റെ രാഷ്ട്രീയമുന്നേറ്റവുമാണ് ഇതിന് സഹായകമായത്. പത്രപ്രവർത്തകർ ആക്ടിവിസ്റ്റുകൾകൂടിയായിത്തീർന്ന കാലം. ജൻസത്ത എന്ന ഹിന്ദി പത്രത്തെയാണ് രാമൻ ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. 1980കളോടെ പ്രാദേശിക പത്രങ്ങൾ ഇംഗ്ലീഷ് പത്രങ്ങൾക്കുപോലും മാതൃകയായി. അതിനുമുമ്പ് പ്രാദേശികപത്രങ്ങളൊന്നും ഡൽഹിയിൽനിന്നുള്ള വാർത്തകൾക്ക് വലിയ പ്രാധാന്യം നൽകിയിരുന്നില്ല.  പ്രസിലേക്കുള്ള മെഷീന്റെ ക്വട്ടേഷൻ ശരിയാക്കുക, സർക്കാർ പരസ്യം സംഘടിപ്പിക്കുക തുടങ്ങിയ പണികൾക്കാണ് പ്രാദേശികപത്രങ്ങൾ  പ്രതിനിധികളെ അയച്ചത്. ഡൽഹി ബ്യൂറോയിലേക്ക് സ്ഥലംമാറ്റം കിട്ടിയാൽ പത്രക്കാർക്ക് ചില ‘പുറംവരവ‌്’ തരപ്പെടുമായിരുന്നു. നാട്ടിലെ എംപിമാരുമായും മറ്റും അടുത്ത ബന്ധം സൂക്ഷിക്കാനും അവസരംകിട്ടി. ഈ നേതാക്കൾക്ക് അമിത പ്രാധാന്യം നൽകി  വാർത്തകൾ ചമയ‌്ക്കാനും  ശ്രദ്ധിച്ചു. ഡൽഹിയിൽ എന്ത് നടന്നാലും പ്രാദേശികമായി എന്തെങ്കിലും പെരുപ്പിച്ച് കാണിക്കാനുണ്ടോ എന്ന് നോക്കിയാണ് റിപ്പോർട്ടിങ‌്. സഞ‌്ജയ് ഗാന്ധി മരിച്ചത‌് ഒരു മറാഠി പത്രത്തിന്റെ ഡൽഹി ലേഖകൻ വൈകിയാണ‌് അിറഞ്ഞത‌്! ഡെസ‌്കിലുള്ളവർ  വാർത്ത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. വാർത്ത തയ്യാറാക്കിയപ്പോഴാകട്ടെ സംഭവത്തിന്റെ ഒരു ‘പ്രാദേശിക ദൃഷ്ടി’ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ലേഖകൻ എഴുതി, മരണസമയത്ത് സഞ‌്ജയ് ഗാന്ധി ധരിച്ചത‌് കോൽഹാപ്പുരി ചെരുപ്പാണെന്ന‌്.  കോൽഹാപ്പുരിൽനിന്ന്  പത്രത്തിന്റെ  പ്രാദേശിക എഡിഷൻ പുറത്തിറങ്ങിയിരുന്നു! ഡൽഹി ലേഖകരുടെ പ്രാദേശികതാൽപ്പര്യത്തിന് ഏതറ്റംവരെപോകാം എന്നതിന്റെ ദൃഷ്ടാന്തം. എൺപതുകളായപ്പോഴേക്കും പ്രാദേശികപത്രങ്ങൾ ദേശീയ വാർത്തകൾക്ക് വേണ്ടത്ര ഇടം നൽകി. 
 
 ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ സുവർണദശ 1960കളാണ്. ബൗദ്ധികവ്യവഹാരമായി ഇക്കാലത്ത് പത്രപ്രവർത്തനം മാറി. നെഹ്റൂവിയൻ നയങ്ങളോടുള്ള  സമീപനം, ശീതയുദ്ധം, കമ്യൂണിസ്റ്റ് പാർടിയിലെ പിളർപ്പ് എന്നിങ്ങനെ പ്രക്ഷുബ‌്ധമായ രാഷ്ട്രീയരംഗം. കെട്ടും മട്ടും ഒട്ടുംതന്നെ മനോഹരമല്ലാതിരുന്നിട്ടും ഫ്രോണ്ടിയർ മാസിക രാഷ്ട്രീയ നിലപാടും അതിനൊത്ത വാർത്താവിശകലനങ്ങളുംകൊണ്ട‌്‌ വായനക്കാരെ വല്ലാതെ ത്രസിപ്പിച്ചിരുന്നു.  ചൈനയാണ് ഫ്രോണ്ടിയറിന‌് പണംനൽകുന്നതെന്ന‌്  പലരും പ്രചരിപ്പിച്ചു. എന്നാൽ, വായനക്കാർ അതൊന്നും വിശ്വസിച്ചില്ല. കാരണം, ആ പത്രത്തിൽ ജോലിചെയ്തിരുന്ന പലരും അതിനെ തങ്ങളുടെ രാഷ്ട്രീയദൗത്യമായിക്കണ്ട സന്നദ്ധ പ്രവർത്തകരായിരുന്നു. പല പുതിയ പ്രവണതകളും മാധ്യമമേഖലയിലേക്ക് വരുന്നത് ഈ ഘട്ടത്തിലാണ്. ഫ്രോണ്ടിയർ കൂടാതെ നൗ, മെയിൻ സ്ട്രീം, ബ്ലിറ്റ്സ്, ലിങ്ക്, ഡെമോക്രാറ്റിക് വേൾഡ്, സെക്കുലർ ഡെമോക്രസി, ഡൽഹി ടൈംസ്, ശങ്കേഴ്സ് വീക്ക്ലി എന്നിവയെല്ലാം പൊതുവെ വിശാലമായ ഇടതുപക്ഷത്ത് നിലയുറപ്പിച്ചു. അതേസമയം, സ്വരാജ്യം, ഹിമ്മത്, മാർച്ച് ഓഫ് നാഷൻ, കറന്റ്, ക്വസ്റ്റ്, തോട്ട് എന്നിവ വലതുപക്ഷത്തെ പരസ്യമായി പിന്തുണച്ചു.  ശീതയുദ്ധം ഇന്ത്യൻ പത്രപ്രവർത്തനത്തിൽ പ്രകടമായ സ്വാധീനം ചെലുത്തി. റഷ്യൻ ചാരന്മാരായും അമേരിക്കൻ ചാരന്മാരായും അവർ മുദ്രകുത്തപ്പെട്ടു. ബ്ലിറ്റ‌്സിനെക്കുറിച്ച് വിപുലമായ ഒരു വിവരണം ഗ്രന്ഥകർത്താവ് നൽകിയിട്ടുണ്ട് 
 
 ഇടതുപക്ഷത്തോട് ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങൾ പുലർത്തുന്ന അയിത്തത്തെക്കുറിച്ച്  വലിയൊരധ്യായം  പുസ‌്തകത്തിലുണ്ട്. രാഷ്ട്രീയത്തിലെ ‘പറയൻ’മാരായാണ് അവർ ഇടതുപക്ഷത്തെ കണ്ടത്. ഇടതുപക്ഷം ബന്ദ് നടത്തിയാൽ ജനങ്ങൾക്കുണ്ടായ നഷ്ടം, വരുമാനത്തിലുണ്ടായ ഇടിവ് തുടങ്ങിയവയ‌്ക്ക് ഊന്നൽ നൽകി ജനങ്ങൾക്ക് ‘കൗതുകമുള്ള’ എന്തെങ്കിലും സ്റ്റോറി നൽകാൻ അവർ ഉത്സാഹിക്കും. സമരകാരണങ്ങളിലേക്ക് ജനശ്രദ്ധ പതിയുന്നില്ലെന്ന് ഉറപ്പാക്കും. ഇടതുപക്ഷത്തെ അനുകൂലിച്ച് വാർത്ത നൽകിയതിന‌്  പുറത്താക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരുമുണ്ട്. ഇടതുപക്ഷത്തിന്റെ കാര്യത്തിൽ പത്രധർമം പൂർണമായും മറക്കും. ഈ സ്ഥിതിക്ക് അൽപ്പമെങ്കിലും മാറ്റം വരുന്നത് വി  പി  സിങ‌് അധികാരത്തിൽ വന്നപ്പോഴാണ്. അപ്പോഴേക്കും പ്രദേശിക പാർടികൾ ശക്തിപ്പെട്ടിരുന്നു. ഇടതുപക്ഷവും അവഗണിക്കാനാകാത്ത ശക്തിയായി. അടുത്തകാലത്ത് ദൃശ്യമാധ്യമങ്ങൾ രംഗത്ത് വന്നപ്പോൾ നേതാക്കൾ അവയിലെ ഇടം ഫലപ്രദമായി ഉപയോഗിക്കാൻ തുടങ്ങി.
 
ഒരു നോവലെന്നപോലെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ വസ്തുതകൾ ധാരാളമുണ്ടെങ്കിലും അവയുടെ ഭാരംകൊണ്ട് ഇതിലെ ആഖ്യാനം തകർന്നുപോയിട്ടില്ല. ഫിനാൻഷ്യൽ എക്സ്പ്രസിന്റെയും ബിസിനസ‌് സ്റ്റാൻഡേർഡിന്റെയും എഡിറ്ററും മൻമോഹൻ സിങ്ങിന്റെ മാധ്യമോപദേഷ്ടാവുമായിരുന്ന സഞ‌്ജയ് ബാരുവാണ്  ആമുഖമെഴുതിയത്. പ്രസാധകർ ആകാർ ബുക്സ്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top