24 January Thursday

സാമ്പത്തികശാസ്ത്രത്തിന്റെ ലളിത വ്യാഖ്യാനം

ഡോ. ബി ഇക്‌ബാൽUpdated: Sunday Apr 8, 2018

 ഗ്രീസ് ധനമന്ത്രിയായിരുന്ന പ്രസിദ്ധ സാമ്പത്തികശാസ്ത്രജ്ഞൻ യാനിസ് വറോഫാക്കിസ് 13 വയസ്സുള്ള  തന്റെ മകൾ സെനിയക്ക് സമർപ്പിച്ച ടോക്കിങ് ടു മൈ ഡോട്ടർ എബൗട്ട് ദി ഇക്കോണമി(Talking to my daughter about the economy: Yanis Varoufakis: Random House: 2017)   സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങൾ ലളിതമായ ഭാഷയിൽ വിശദീകരിക്കുന്ന അതീവ വായനക്ഷമതയുള്ള കൃതിയാണ്. പലകാരണംകൊണ്ടും  നെഹ്റുവിന്റെ ഒരച്ഛൻ മകൾക്കയച്ച കത്തുകളെ യാനിസിന്റെ പുസ്തകം അനുസ്മരിപ്പിക്കുന്നു. രണ്ട് ഗ്രന്ഥങ്ങളും ഗഹനങ്ങളായ വിഷയങ്ങൾ ക്ലിഷ്ടതയും ദുർഗ്രഹങ്ങളായ സാങ്കേതികപദങ്ങളും ഒഴിവാക്കി യുവാക്കൾക്ക് ഗ്രാഹ്യമായ ഭാഷയിൽ എഴുതിയവ. സാമ്പത്തികവിദഗ്ധർ പതിവായി ഉപയോഗിക്കാറുള്ളതും സാധാരണ വായനക്കാർക്ക് ദുർഗ്രഹവുമായ പ്രയോഗങ്ങൾ യാനിസ് ഒഴിവാക്കിയിരിക്കുന്നു. സാമ്പത്തികശാസ്ത്രത്തിന്റെ അനിഗൂഢവൽക്കരണമാണ് (Demystification)- യാനിസ്  ലക്ഷ്യമിടുന്നത്.

ജനാധിപത്യസംവിധാനം നിലനിൽക്കാൻ സമ്പദ്ഘടന സംബന്ധിച്ചുള്ള അടിസ്ഥാനവിവരങ്ങൾ എല്ലാവിഭാഗം ജനങ്ങളും, പ്രത്യേകിച്ച് യുവജനങ്ങൾ അറിഞ്ഞിരിക്കണമെന്ന് യാനിസ് കരുതുന്നു. മകൾക്കായി എഴുതിയ പുസ്തകത്തിലൂടെ യാനിസ്  യഥാർഥത്തിൽ ലോകത്തെ യുവജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നത്. സാമ്പത്തികവിഷയങ്ങൾ വിദഗ്ധർക്ക് മാത്രമായി മാറ്റിവയ്ക്കേണ്ടതല്ലെന്ന് തുടക്കത്തിൽത്തന്നെ യാനിസ് വ്യക്തമാക്കുന്നുണ്ട്. സമ്പദ്ഘടനയുടെ ഗതിവിഗതികളെ നിർണയിക്കുന്ന രാഷ്ടീയ പരിപ്രേക്ഷ്യങ്ങളാണ് യാനിസ് തുറന്നുകാട്ടാൻ ശ്രമിക്കുന്നത്.
എന്തുകൊണ്ടാണ് ലോകത്ത് അസമത്വം നിലനിൽക്കുന്നതെന്ന അടിസ്ഥാനചോദ്യം ഉന്നയിച്ചാണ് പുസ്തകം ആരംഭിക്കുന്നത്. മനുഷ്യർ നായാടി ആഹാരം കണ്ടെത്തി ജീവിച്ചിരുന്ന കാലത്ത് മിച്ചഭക്ഷണം ഉണ്ടായിരുന്നില്ല. പിന്നീട് പട്ടിണിമാറ്റാൻ കാർഷികവൃത്തി ആരംഭിച്ചു. പ്രാകൃത സാമൂഹ്യവ്യവസ്ഥിതിയിൽനിന്ന് മനുഷ്യർ മുന്നോട്ടുപോകുന്നത് കൃഷിയുടെ ആരംഭത്തോടെയാണ്. എഴുത്തും വായനയും ആവശ്യമായിവന്നു. കൃഷി ആരംഭിച്ചതോടെ ഉപഭോഗംകഴിഞ്ഞ് ഭക്ഷ്യവസ്തുക്കൾ മിച്ചംവച്ചു. വസ്തുക്കൾ കൈമാറ്റംചെയ്യാനുള്ള ഇടംമാത്രമായി ആദ്യകാലത്ത് കമ്പോളം. മുതലാളിത്തവ്യവസ്ഥിതി എന്ന  പ്രയോഗം ഒഴിവാക്കി പുസ്തകത്തിലുടനീളം കമ്പോളസമൂഹം (Market Society)- എന്നാണ് യാനിസ്  പ്രയോഗിച്ചത്.
സ്നേഹത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള, പ്രതിഫലം ഇച്ഛിക്കാത്ത അനുഭവവേദ്യമായ മൂല്യബോധത്തിൽ (Experiential Value) നിന്ന് വിലയുടെയും ലാഭത്തിന്റെയും അടിസ്ഥാനത്തിലുള്ള കൈമാറ്റമൂല്യങ്ങളിലേക്കുള്ള (Exchange Value) പ്രയാണം ആരംഭിക്കുന്നത് കമ്പോള സമൂഹത്തിന്റെ ഉദയത്തോടെയാണ്. മറ്റ് സാമ്പത്തികശാസ്ത്രജ്ഞർ പലരും പരാമർശവിഷയമാക്കാത്ത ഫലേച്ഛയില്ലാത്ത അനുഭവവേദ്യമായ മൂല്യബോധമെന്ന പരികൽപ്പനയ്ക്ക് യാനിസ് വലിയ ഊന്നൽ നൽകുന്നുണ്ട്. അതിന്റെ സ്ഥാനത്ത് കൈമാറ്റമൂല്യം മേധാവിത്വം വഹിച്ചതോടെയാണ് മനുഷ്യത്വം നഷ്ടപ്പെട്ട എല്ലാം ലാഭത്തിന് അടിമപ്പെടുത്തുന്ന മുതലാളിത്തവ്യവസ്ഥിതിയിലേക്കുള്ള പരിണാമം സംഭവിച്ചതെന്നാണ് യാനിസ് സൂചിപ്പിക്കുന്നത്. മുതലാളിത്തവ്യവസ്ഥയിൽ സംഭവിക്കുന്ന അമാനവീകരണത്തിനും അന്യവൽക്കരണത്തിനും അടിസ്ഥാനം ഇതാണെന്ന് പരോക്ഷമായി സിദ്ധാന്തിക്കുന്നു. ഉൽപ്പാദനം വിപുലീകരിക്കപ്പെട്ടതോടെ പണിയെടുക്കുന്നവരും അധ്വാനഫലം സ്വന്തമാക്കുന്നവരും എന്ന വർഗവിഭജനമുണ്ടാകുന്നു. ചൂഷകവർഗ താൽപ്പര്യം സംരക്ഷിക്കാനും ചൂഷിതരെ നിലയ്ക്ക് നിർത്താനും സ്റ്റേറ്റ് എന്ന മർദകസംവിധാനവും ചൂഷണത്തെ ന്യായീകരിക്കുന്ന ആശയങ്ങളെ ശാശ്വതസത്യങ്ങളായി പ്രചരിപ്പിക്കുന്ന മതസംഹിതകളുമുണ്ടായതായി ചുരുക്കം വാക്കുകളിൽ യാനിസ് വിശദീകരിക്കുന്നു.
പണവും വായ്പയും  ഒരുമിച്ചാണ് നീങ്ങിയത്. ഫ്യൂഡൽ ഘട്ടത്തിൽനിന്ന് മുന്നോട്ടുപോയപ്പോൾ വായ്പ ക്രയവിക്രയത്തിന്റെ അവിഭാജ്യഘടകമായി. വായ്പയെടുക്കാതെ ലാഭമുണ്ടാകില്ല. വ്യാപാരവും വാണിജ്യവും മുന്നോട്ടുപോകാൻ വായ്പയെടുക്കാതെ നിവൃത്തിയില്ല. വ്യവസായവിപ്ലവത്തിന്റെ ചാലകശക്തി വിദ്യുച്ഛക്തിപോലുള്ള ഊർജസ്രോതസ്സുകളല്ല, വായ്പയാണെന്ന് യാനിസ് വിശദീകരിക്കുന്നു. 
വിലക്കയറ്റവും വിലത്തകർച്ചയും വിശദീകരിക്കാൻ ജർമൻ തടവറയിലെ സിഗററ്റിന്റെ കൈമാറ്റമാണ് ഉദാഹരിക്കുന്നത്. തടവുകാർക്ക് റെഡ് ക്രോസ് നൽകിയ സിഗററ്റാണ് കറൻസിപോലെ കൈമാറ്റംചെയ്യപ്പെട്ടിരുന്നത്. ലോഹനാണയംപോലെ സിഗററ്റും എത്രനാൾ വേണമെങ്കിലും സൂക്ഷിക്കാൻ കഴിയും. റെഡ് ക്രോസിൽനിന്ന് സിഗററ്റ് ആവശ്യത്തിലേറെ ലഭിക്കുമ്പോൾ ഒരു നാണയമെന്ന നിലയിലുള്ള സിഗററ്റിന്റെ കൈമാറ്റമൂല്യം ഇടിയും.  ലഭ്യത കുറയുമ്പോൾ വിലക്കയറ്റസമാന സാഹചര്യമുണ്ടാകും. സിഗററ്റ് കൂടുതൽ സൂക്ഷിക്കുന്നവർ തടവറയിലെ ബാങ്കർമാരാകും. പലിശ ഈടാക്കി ഇവർ സിഗററ്റ് വിൽക്കും. സിഗററ്റ് ക്ഷാമമുണ്ടാകുമ്പോൾ പലിശ വർധിക്കുന്നു. ഇവിടെ റെഡ്ക്രോസ് നിക്ഷ്പക്ഷവും സ്വതന്ത്രവുമായാണ് പ്രവർത്തിക്കുന്നത്. എന്നാൽ, ലോകരാജ്യങ്ങളിലുള്ള ബാങ്കുകൾ സ്വതന്ത്രമായല്ല നിലനിൽക്കുന്നത്. അവയെല്ലാം രാഷ്ടീയതീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും യാനീസ് വിശദമാക്കുന്നു. രാഷ്ടീയമാണ് സാമ്പത്തികനയങ്ങളെ നിർണയിക്കുന്നത്. രാഷ്ടീയതീരുമാനങ്ങളെടുക്കുന്നതാകട്ടെ സമ്പത്ത് കേന്ദ്രീകരിച്ച സാമ്പത്തിക ശക്തികളും.
 
2015ൽ സാമ്പത്തികത്തകർച്ച നേരിട്ട അവസരത്തിൽ ഗ്രീസിലെ ധനമന്ത്രിയായിരുന്നു യാനിസ്. സാമ്പത്തികത്തകർച്ച നേരിട്ട ബാങ്കുകൾക്ക് സ്റ്റേറ്റ് സാമ്പത്തികസഹായം നൽകുകയല്ല, ബാങ്കർമാരെ പാപ്പർമാരായി പ്രഖ്യാപിച്ച് വീടുകളിലേക്കയക്കുകയാണ് വേണ്ടതെന്ന് രോഷത്തോടെ യാനിസ് പറയുന്നുണ്ട്. ക്രിസ്റ്റോഫർ മാർലോയുടെയും ഗോയ്ഥേയുടെയും ഫോസ്റ്റസ് എങ്ങനെ വ്യത്യസ്തപ്പെടുന്നു എന്നുപറഞ്ഞാണ് ഇക്കാര്യം വിശദമാക്കുന്നത്. രണ്ടുകഥകളിലും ഫോസ്റ്റസ് തന്റെ ആത്മാവിനെ ചെകുത്താന് പണയപ്പെടുത്തുന്നുണ്ട്. എന്നാൽ, മാർലോയുടെ ഫോസ്റ്റസ് നരകത്തിൽ പതിക്കുമ്പോൾ ഗോയ്ഥേ ഫോസ്റ്റസിനെ രക്ഷപ്പെടുത്തുന്നു. സാധാരണക്കാർ ബാങ്കിന് കടംവീട്ടാനാകാതെ വരുമ്പോൾ മാർലോയുടെ ഫോസ്റ്റസിന്റെ അനുഭവത്തിന് സമാനമായി പാപ്പരീകരിക്കപ്പെടുന്നു. എന്നാൽ, വൻകിട ബാങ്കുകൾ കടക്കെണിയിൽപെടുമ്പോൾ സ്റ്റേറ്റിന്റെ സഹായത്തോടെ  ഗോയ്ഥേയുടെ ഫോസ്റ്റസിനെ രക്ഷപ്പെടുത്തുന്നു. 
സമകാല സാമ്പത്തികപ്രശ്നങ്ങൾ മാത്രമല്ല, ഭാവിയിലേക്കും യാനിസ് മകളുടെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. കൃത്രിമധിഷണയെയും റോബോട്ടിക്സിനെയും പ്രതിയുള്ള സംവാദം സമ്പദ്ഘടനയെ എങ്ങനെയെല്ലാം ബാധിക്കാം എന്ന്  നിരീക്ഷിക്കുന്നു. റോബോട്ടിക്സ് വൻതോതിലുള്ള തൊഴിലില്ലായ്മയിലേക്ക് നയിക്കുമെന്ന ആശങ്കയാണ്  ലോകമെമ്പാടുമുള്ളത്. തൊഴിലില്ലായ്മ വൻ പ്രശ്നമായി വളരാനുള്ള സാധ്യത യാനിസും അംഗീകരിക്കുന്നു.  വൻതോതിൽ യന്ത്രവൽക്കരണം നടക്കുമ്പോൾ ഉൽപ്പന്നവില വളരെയറെ ഇടിഞ്ഞേക്കാം. തൊഴിലില്ലായ്മമൂലം പാപ്പരായ പൊതുസമൂഹത്തിന് അവയൊന്നും വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാതെയുംവരുന്നു.  മാർക്സുംമറ്റും പ്രവചിച്ച അത്യുൽപ്പാദനത്തിന്റെ കുഴപ്പം കമ്പോളത്തെ ബാധിക്കുന്നു. യന്ത്രങ്ങൾ ഉപേക്ഷിച്ച് മനുഷ്യരെ വീണ്ടും തൊഴിലെടുക്കാൻ ഫാക്ടറി ഉടമകൾ ക്ഷണിക്കാനുള്ള സാധ്യത യാനിസ് മുന്നിൽക്കാണുന്നു. എങ്കിൽമാത്രമേ വാങ്ങൽ കഴിവ് വർധിച്ച് ജനങ്ങൾക്ക് മാർക്കറ്റിനെ നിലനിർത്താൻ കഴിയൂ. യന്ത്രവൽക്കരണംവഴി ഉൽപ്പാദനച്ചെലവ് കുറയുന്ന കമ്പനി ഉടമസ്ഥർ അങ്ങനെ ലാഭിക്കാൻകഴിയുന്ന അധികം പണത്തിൽ ഒരുഭാഗം പൊതുഫണ്ടിലേക്ക് നൽകി ക്ഷേമ പദ്ധതികൾ തുടർന്നും നിലനിർത്തണമെന്ന അപ്രായോഗികമെന്ന് തോന്നാവുന്ന  നിർദേശവും യാനിസ് മുന്നോട്ടുവയ്ക്കുന്നു.  
എല്ലാറ്റിനെയും വിൽപ്പനച്ചരക്കാക്കുന്ന കമ്പോളസമൂഹത്തിനു പകരം എല്ലാതലത്തിലും ജനാധിപത്യവൽക്കരണം ഉറപ്പാക്കുന്ന സാമൂഹ്യവ്യവസ്ഥിതിയാണ് അഭികാമ്യം എന്നതാണ് യാനിസ് മകൾക്ക് നൽകുന്ന അവസാനസന്ദേശം. സാമ്പത്തികശാസ്ത്രവിദ്യാർഥികൾക്ക് മാത്രമല്ല പൊതുസമൂഹത്തിനും സാമ്പത്തികവിദഗ്ധർക്കും ഒരുപോലെ ഗഹനങ്ങളായ സാമ്പത്തികസിദ്ധാന്തങ്ങൾ അനായാസം മനസ്സിലാക്കാൻ സഹായിക്കുന്ന കൃതിയാണിത്.
പ്രധാന വാർത്തകൾ
 Top