19 February Tuesday

ഉമ്മ ഈ ഉമ്മമാർക്ക്‌...ഇവരുടെ സ്‌നേഹമാണ്‌ സുഡുവിന്റെ കരുത്ത്‌

വി കെ സുധീർകുമാർUpdated: Sunday Apr 8, 2018

സുഡാനി ഫ്രം നൈജീരിയയിൽ സാവിത്രി ശ്രീധരനും സരസ ബാലുശേരിയും

എക്കാലത്തും വാർപ്പുമാതൃകകൾ മലയാള സിനിമയിൽ നിലനിന്നിരുന്നു. ചില മുഖങ്ങൾ എന്നും വരേണ്യ അമ്മ ബിംബങ്ങളായും മറ്റ് ചിലത്  യഥാസ്ഥിക  ഉമ്മ ബിംബങ്ങളുമായും കാഴ്ചയെ അലോസരപ്പെടുത്തി. ഈ ബിംബങ്ങൾ ഉടച്ചാണ് സാവിത്രിയും സരസയും കടന്നുവന്നത്്. ഇവർ കേരളത്തിന്റെതന്നെ ഉമ്മമാരായി മാറുന്നു. അമ്മ മനസിന് കളിയിലായാലും കാര്യത്തിലായാലും അതിർത്തികളില്ലെന്ന മഹത്തായ സന്ദേശം നൽകുന്നു ഈ സിനിമ. നൈജീരിയയിൽ നിന്നെത്തുന്ന കറുത്തവർഗക്കാരന് മുന്നിൽ ദേശത്തിെൻറയും ഭാഷയുടെയും അതിർവരമ്പുകൾ മായുന്നു. ഉമ്മമാരുടെ കലർപ്പില്ലാത്ത സ്നേഹമാണ് സുഡുവിന് കരുത്ത്. മജീദിെൻറ ഉമ്മ ജമീലയായി കോഴിക്കോട് നിന്നുള്ള സാവിത്രി ശ്രീധരനും അയൽവാസി ബീയുമ്മയായി സരസ ബാലുശേരിയുമാണ് വേഷമിട്ടത്.
 

ജമീല അരങ്ങിലെ കദീശ

സാവിത്രി ശ്രീധരന് 55 വർഷത്തെ നാടക പരിചയമുണ്ട്. കെ ടി മുഹമ്മദിന്റെ ഇത് ഭൂമിയാണ്  നാടകത്തിലെ കദീശയെന്ന കഥാപാത്രമാണ് സാവിത്രിയെ ശ്രദ്ധേയയാക്കിയത്. അമച്വർ നാടകത്തിലൂടെയാണ് തുടക്കം. വളയനാട് കലാസമിതിയുടെ കറുത്ത വെള്ളം എന്ന നാടകത്തിൽ അരങ്ങേറ്റം. ആഹ്വാൻ സെബാസ്റ്റ്യന്റെ മ്യൂസിക്കൽ തിയേറ്ററിലും പ്രവർത്തിച്ചു. പിന്നീട് കെ ടിയുടെ കലിംഗ തിയേറ്റേഴ്സ്, വിൽസൺ സാമുവലിന്റെ സംഗമം തിയേറ്ററ്റേഴ്സ്, ഇബ്രാഹിം വെങ്ങരയുടെ ചിരന്തന തിയേറ്റേഴ്സ്, വിക്രമൻ നായരുടെ സ്റ്റേജ് ഇന്ത്യ തുടങ്ങിയ ട്രൂപ്പുകളിലെ  സ്ഥിരം മുഖമായി സാവിത്രി മാറി. രാജസഭ എന്ന നാടകത്തിലെ അഭിനയത്തിന് 1993ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. നാടകങ്ങളിൽ നിരവധി മുസ്ലീം വേഷം കൈകാര്യം ചെയ്തതതിനാൽ ജമീലയാകാൻ അധികം ബുദ്ധിമുട്ടിയില്ലെന്ന് സാവിത്രി പറയുന്നു.  എം ടിയുടെ കടവ് സിനിമയിൽ  നായികയുടെ അമ്മയായാണ്  ആദ്യം സിനിമയിൽ എത്തിയത്. എന്നാൽ സാവിത്രി അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സിനിമ ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമായി. സുഡാനി ഫ്രം നൈജീരിയയിൽ ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ തുടക്കത്തിൽ നാടകത്തിന്റെ സ്വാധീനം വന്നെങ്കിലും സംവിധായകൻ അതൊക്കെ നല്ല രീതിയിൽ തിരുത്തിത്തന്നു‐ സാവിത്രി ഓർക്കുന്നു.  
സുഡാനിെയ സ്വന്തം മോനെ പോലെയാണ് തോന്നിയത്. ഭാഷ അറിയില്ലെങ്കിലും സെറ്റിലും ഷൂട്ടിങ് കഴിയുന്ന വേളയിലും   അവനുമായുള്ള കളിതമാശകൾ ഓർക്കുമ്പോൾ  അവനൊരു വിദേശിയാണെന്ന തോന്നുന്നേയില്ല.  ടെൻഷനോടെയായിരുന്നു സിനിമ കണ്ടത് റൊമാൻസുമൊന്നുമില്ലാത്ത ഈ സിനിമ പ്രേക്ഷകർ എങ്ങിനെ സ്വീകരിക്കുമെന്ന ആധിയായിരുന്നു. എന്നാൽ നല്ല പ്രതികരണം കണ്ടപ്പോൾ  സന്തോഷംതോന്നി‐ അവർ പറഞ്ഞു. 1995ൽ  സിപിഐ എമ്മിനെ പ്രതിനിധീകരിച്ച് സാവിത്രി ശ്രീധരൻ  തിരുവണ്ണൂരിൽനിന്ന് കോർപറേഷൻ കൗൺസിലറായും തിരഞ്ഞെടുക്കപ്പെട്ടു. 
 

സരസ മോഹൻലാലിന്റെ അമ്മ

നാടകത്തിൽ രണ്ട് തവണ മികച്ച നടിക്കുള്ള  സംസ്ഥാന പുരസ്കാരം നേടിയ സരസ ആദ്യമായല്ല ക്യാമറയ്ക്കു മുന്നിൽ. 'ഉയരും ഞാൻ നാടാകെ'യിൽ മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചു. 1964 മുതൽ നാടകരംഗത്ത് സജീവം ഈ ബാലുശേരി ക്കാരി. 
1992ൽ ഇബ്രാഹിം വെങ്ങരയുടെ 'പകിട പന്ത്രണ്ടി'ലെയും 1994ൽ 'ഉപഹാര'ത്തിലെയും അഭിനയത്തിന് രണ്ട് തവണ മികച്ച നാടകനടിക്കുള്ള പുരസ്കാരം ലഭിച്ചു. ആയിരത്തോളം നാടകങ്ങളിൽ അഭിനയിച്ചു. 
സെറ്റിൽ സുഡുവിനോട് സംസാരിക്കാൻ ഭാഷയറിയില്ലെങ്കിലും ഹായ്.., മാ.... എന്നൊക്കെ വിളിച്ച് സാമുവൽ എപ്പോഴും കൂടെയുണ്ടാകുമായിരുന്നെന്നും സരസ ഓർത്തു. സെറ്റിൽനിന്ന് മടങ്ങിയപ്പോൾ സങ്കടമായി. ഷൂട്ടിങ് നടന്ന വാഴയൂർ പ്രദേശം ഞങ്ങൾക്ക് സ്വന്തം നാടുപോലെയായി. സാമുവൽ തിരികെ നൈജീരിയക്ക് പോയെന്നറിഞ്ഞപ്പോഴും വല്ലാത്ത വിങ്ങലായിരുന്നു. ഇംഗ്ലീഷ് അറിയാത്തതിനാൽ അവനോട് സംസാരിക്കാനായില്ല. പക്ഷേ സ്നേഹത്തിന്റെ ഭാഷ അവന് തിരിച്ചറിയാമായിരുന്നു‐ സരസ പറഞ്ഞു. 
 
sudheerkumarvk@gmail.com
 
പ്രധാന വാർത്തകൾ
 Top