23 April Tuesday

പന്തുകൊണ്ടൊരു മലപ്പുറം നേർച്ച

മധു ജനാർദനൻUpdated: Sunday Apr 8, 2018

 സുഡാനി ഫ്രം നൈജീരിയക്ക് പകരം മനുഷ്യൻ ഫ്രം ഭൂമി എന്നു വേണമെങ്കിൽ ഈ പടത്തിനെ വിളിക്കാം. 'ജീവിതനൗക, 'നീലക്കുയിൽ', 'ചെമ്മീൻ', 'സ്വയംവരം' എന്നീ സിനിമകൾ പോലെ ഇതും മലയാളത്തിലെ നാഴികക്കല്ലായ ചിത്രമാണ്.

എൻ എസ് മാധവൻ
 
'ഫുട്ബോൾ എന്റെ ആത്മാവാണ്. ഞാൻ കളിക്കുമ്പോൾ ലോകം എനിക്ക് ചുറ്റും ഉയിർത്തെണീക്കുന്നു' എന്നുപറഞ്ഞത് കരീബിയൻ റെഗെ ഗായകൻ ബോബ് മാർ ലെ. മലപ്പുറം കോട്ടക്കുന്നിൻചരിവുകളിൽ കളിച്ച്‌ മലപ്പുറം സോക്കർ ക്ലബ്ബിന്റെ ബി ടീം ഫോർവേഡായി മാറിയ ഷഹ്ബാസ് അമൻ എഴുതി സംഗീതം നൽകി ആലപിച്ച 'ഏതുണ്ടെടാ കാൽപ്പന്തല്ലാതെ' എന്നു തുടങ്ങുന്ന ഗാനരംഗം സന്നിവേശിപ്പിക്കുന്നതും ഇതേ ആശയം.
 
മലപ്പുറത്തിന്റെ ആത്മാവാണ് ഫുട്ബോൾ. സെവൻസ് സ്റ്റേഡിയത്തിലെ ആരവങ്ങളും കമന്റുകളും അനൗൺസ്മെന്റും മേളങ്ങളും സൗണ്ട് ട്രാക്കിൽ വരുമ്പോഴാണ് സുഡാനി ഫ്രം നൈജീരിയ എന്ന ടൈറ്റിൽ ഒരു കൊടിക്ക് മുകളിൽ പാറിക്കളിക്കുന്നതും മറ്റു ടൈറ്റിലുകൾ സ്ക്രീനിൽ തെളിയുന്നതും. ലോകത്തെ ഒരു ഫുട്ബോൾ സ്റ്റേഡിയത്തിലും കേൾക്കാനാകാത്ത തരം ശബ്ദപരിസരമാണ് മലപ്പുറത്തെ കവുങ്ങിൻ ഗാലറികളിൽ അനുഭവിക്കാനാകുക. അഞ്ചു വയസ്സുകാരൻ തൊട്ട് 80 വയസ്സുകാരൻ വരെയുള്ളവർക്ക് ഒരു ലോക്കൽ കളിക്കാരൻ മുതൽ സിനദിൻ സിദാൻ വരെയുള്ളവരുടെ ജീവചരിത്രം അറിയാം, അവരുടെ കളിശൈലിയും പാരമ്പര്യവും അറിയാം. 
 
സിദാനെപ്പോലെ കോച്ചാകാൻ വിധിക്കപ്പെട്ടവനെന്ന് സ്വയം കരുതുന്ന മജീദ് (സൗബിൻ ഷാഹിർ) ആണ് സിനിമയിലെ നായകൻ. കളിവാശിക്ക് വേണ്ടി എവിടെനിന്നും കളിക്കാരെ ഇറക്കുന്ന മലപ്പുറത്തെ സെവൻസ് മാനേജർമാരുടെ പ്രതിനിധി. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് ജീവിതംതേടി ഫുട്ബോളിൽ എത്തുന്നവരെ ഗ്രൗണ്ടിൽ ഇറക്കുകയും അത്തരത്തിൽ നൈജീരിയയിൽനിന്നു വന്ന സാമുവൽ അബിയോള റോബിൻസൺ കുളിമുറിയിൽ വീണ് പരിക്കേറ്റപ്പോൾ വീട്ടിൽ താമസിപ്പിച്ച് അയാളുടെ മലമൂത്ര വിസർജനത്തിന്റെ വരെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുംചെയ്യുന്ന മാനേജരാണ് മജീദ്. മലപ്പുറം സൂപ്പർ സ്റ്റുഡിയോ ക്ലബ്‌ മാനേജർ സൂപ്പർ അഷ്റഫ് എന്ന ബാവ സിനിമയിൽ മജീദിനോട് നടത്തുന്ന പ്രസ്താവനയിൽ മലപ്പുറത്തിന്റെ ആതിഥേയത്വവും ഉത്തരവാദിത്തവും പ്രതിഫലിക്കുന്നുണ്ട്.
 
ഇങ്ങനെയൊക്കെ ആണെങ്കിലും ക്ലബ്ബുകൾ തമ്മിൽ നിലനിൽക്കുന്ന മത്സരവും വാശിയും അനീഷ് മേനോൻ അവതരിപ്പിക്കുന്ന നിസാർ എന്ന കഥാപാത്രത്തിലൂടെ സിനിമ പറയുന്നു.
 
സക്കറിയ

സക്കറിയ

'തോക്കുകളല്ല, ഫുട്ബോളാണ് ലൈബീരിയക്ക് വേണ്ടത്' എന്നുപറഞ്ഞ ജോർജ് മാനേ വിയ ജനിച്ച ആഫ്രിക്കൻ മണ്ണിൽനിന്ന് മറ്റൊരിടത്ത് പോയി ഫുട്ബോൾ കളിക്കണമെങ്കിൽ അതിനു പറ്റിയ ഒരേയൊരു 'രാജ്യം' മലപ്പുറമാണ്. അങ്ങനെയാണ് സാമുവൽ റോബിൻസൺ എഫ്സി ആക്കോടിന്റെ കളിക്കാരനാകുന്നത്. ഇറാഖ്‐കുവൈത്ത് യുദ്ധം നടക്കുമ്പോൾ "We dont Want War, We Want Football'  എന്ന പ്ലക്കാർഡുകളേന്തി പ്രകടനം നയിച്ചവരാണ് മലപ്പുറത്തെ ക്ലബ്ബുകളും കളിക്കാരും.
 
നൂറുകണക്കിന് ആഫ്രിക്കൻ കളിക്കാർ മലപ്പുറത്ത് ഓരോ സീസണിലും കളിക്കാനെത്തുന്നു. നൈജീരിയയിലെ ആഭ്യന്തരകലാപത്തിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട് അമ്മൂമ്മയുടെ തണലിൽ വളർന്ന സാമുവൽ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും ജീവിതാനിശ്ചിതത്വത്തിന്റെയും നടുവിൽനിന്നാണ് അഭയാർഥിക്യാമ്പിൽ നിന്ന് വ്യാജ പാസ് പോർട്ടിൽ ഇന്ത്യയിൽ എത്തുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുവേണ്ടി പോലും കഷ്ടപ്പെടുന്ന അനിയത്തിമാരെ സ്വപ്നംകണ്ട് സാമുവൽ ഉറക്കത്തിൽനിന്ന് ഞെട്ടിയുണരുന്നുണ്ട്. പരിക്കുപറ്റി ആശുപത്രിയിൽനിന്ന് സാമ്പത്തിക കാരണങ്ങളാൽ ഡിസ്ചാർജ് ചെയ്യപ്പെട്ട് മജീദിന്റെ വീട്ടിൽ കിടക്കുന്നതിനിടെ അമ്മൂമ്മ മരിച്ചതറിഞ്ഞ് അനിയത്തിമാരെ സംരക്ഷിക്കാനായി നാട്ടിലേക്ക് പോകാൻ സാമുവൽ ആഗ്രഹിക്കുന്നു. പാസ് പോർട്ട് കാണാതായതിനെ തുടർന്ന് സാമുവലിന്റെ തിരിച്ചുപോക്ക് പൗരത്വം, അഭയാർഥിത്വം, ഇമിഗ്രേഷൻ, പലായനം തുടങ്ങിയ സങ്കീർണതകളിലേക്ക് സിനിമയെ രണ്ടാംപകുതിയിൽ വഴിമാറ്റുന്നു. എന്നാൽ, പാസ് പോർട്ട് കിട്ടിയതോടെ (പാസ്പോർട്ട് ഓട്ടോറിക്ഷയിലെ ഫസ്റ്റ്എയ്ഡ് ബോക്സിൽനിന്ന് കിട്ടുന്നത് സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നാണ്) സാമുവലിന് തിരിച്ചുപോക്ക് എളുപ്പമാക്കുന്നു.
 
മലയാള സിനിമയിലെ ഏറ്റവും വികാരനിർഭരമായ യാത്രയയപ്പ് രംഗമാണ് ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. മലപ്പുറത്തിന്റെ സ്നേഹവും മലപ്പുറത്തുകാരുടെ നിഷ്കളങ്കതയും കാഴ്ചക്കാരന് അനുഭവപ്പെടുന്നു. അനിയത്തിക്ക് നൽകാനായി സാമുവലിന് മജീദിന്റെ ഉമ്മ ജമീല നൽകുന്ന സ്വർണത്തിന്റെ ജിമിക്കിക്കമ്മലും അയൽക്കാരിയായ ബീയുമ്മ ഗൾഫിലുള്ള മകനെക്കൊണ്ട് കൊടുത്തയപ്പിക്കുന്ന വാച്ചും മുസലിയാരുടെ ദുഅയും സാമുവലിന് ലഭിക്കാവുന്ന ഏറ്റവും സ്നേഹനിർഭരവും ദുഃഖാർദ്രവുമായ യാത്രയയപ്പായി മാറുന്നുണ്ട്. എയർപോർട്ടിൽ കയറിയതിനുശേഷം തിരിച്ചുവന്ന് സാമുവൽ തന്റെ ജേഴ്സി അഴിച്ച് മജീദിനും മജീദ് തിരിച്ച് തന്റെ ജേഴ്സി സാമുവലിനും നൽകുമ്പോൾ സുഡാനി ഫ്രം നൈജീരിയ ഒരു ഫുട്ബോൾ സിനിമയ്ക്കപ്പുറം മാനവിക സ്നേഹത്തിന്റെ മാനിഫെസ്റ്റോ ആയി മാറുന്നു.
 
'മലപ്പുറത്ത് ഇഷ്ടംപോലെ ബോംബ് കിട്ടുമല്ലോ'‐ മോഹൻലാൽ കഥാപാത്രം ആറാംതമ്പുരാൻ എന്ന രഞ്ജിത്‐ഷാജി കൈലാസ് സിനിമയിൽ. 
ബീഫ് നിരോധിച്ചതിനെതിരെ ആഷിക് അക്മർ എടുത്ത 'അൽ മലപ്പുറം' എന്ന ഹ്രസ്വചിത്രത്തിൽ മലപ്പുറത്ത് കിട്ടുമെന്ന് പറയുന്ന ബോംബ് ഫുട്ബോളാണെന്ന് പരിഹാസരൂപേണ കാണിക്കുന്നുണ്ട്. 
 
നൈജീരിയയിലെ ദുരിതകാലത്ത് പട്ടിണിയെ അതിജീവിക്കാനുള്ള മാർഗം ഫുട്ബോൾ മാത്രമായിരുന്നുവെന്ന് സാമുവൽ പറയുന്നുണ്ട്. സൂപ്പർ സ്റ്റുഡിയോ അഷ്റഫ് സിനിമയിൽ ഒരിക്കൽ പറയുന്നത് 'കളിയുടെ പിന്നാലെ പോണത് കാശുണ്ടാക്കാനല്ല, കളിക്കാനുള്ള കാശുണ്ടാക്കാനാണ്' എന്നാണ്. ഫുട്ബോൾ മാനേജർ എന്നത് വരുമാനമുള്ള ഒരു തൊഴിലല്ലാത്തതിനാൽ മജീദിന്റെ എല്ലാ വിവാഹാലോചനകളും ആ ഒറ്റക്കാര്യംകൊണ്ട് മുടങ്ങുന്നുണ്ട്. ഒരിക്കൽ സാമുവൽ മജീദിനോട് ചോദിക്കുന്നുണ്ട്, 'മാനേജർ, നിങ്ങൾ എന്തിനാണ് ഈ ജോലിചെയ്യുന്നത്? ദാരിദ്ര്യം മാത്രം ബാക്കിയാകുമ്പോൾ, തന്നെ പോറ്റാൻപോലും കഷ്ടപ്പെടുമ്പോൾ എന്തിന്?' ഈ ചോദ്യത്തിന്റെ ഉത്തരമാണ് സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ നിർമിച്ച്, മൊഹ്സിൻ പരാരി സംഭാഷണമെഴുതി സക്കറിയ സംവിധാനംചെയ്ത ഈ സിനിമ. കാരണം മലപ്പുറത്തുകാർക്ക് ഫുട്ബോൾ വെറുമൊരു കളിയല്ല, ദർശനമാണ്.
 
പിൻകുറിപ്പ്: കടലുപോലെ കിടക്കുന്ന സെവൻസ് ഫുട്ബോൾ ആവേശത്തിൽനിന്ന് ഒരു സ്പൂൺ മാത്രമെടുത്താണ് സുഡാനി ഫ്രം നൈജീരിയ ഒരുക്കിയതെന്ന് സംവിധായകൻ സക്കറിയ. ഒരു സ്പൂൺ ഇത്രയുമാണെങ്കിൽ ആ കടലിന്റെ ആഴവും വ്യാപ്തിയും എന്താകുമെന്ന് കാഴ്ചക്കാർ.
 
madhujanardanan@gmail.com
പ്രധാന വാർത്തകൾ
 Top