22 March Friday

ചോര തെറിച്ച ലില്ലി

അക്‌ഷിതരാജ്‌ akshitharaj2014@gmail.comUpdated: Sunday Oct 7, 2018

സെപ്‌തംബർ 28ന്‌ റിലീസ്‌ ചെയ്‌ത ഒന്നര മണിക്കൂർ ദൈർ്ഘ്യമുള്ള പരീക്ഷണ ചിത്രം ലില്ലി ഒരു പൂർണ ഗർഭിണിയുടെ പ്രതികാരത്തിന്റെ കഥ പറയുന്നു. പുതുമുഖങ്ങളെ മാത്രം അണിനിരത്തി ചെയ്‌ത സിനിമയെക്കുറിച്ച്‌ സംവിധായകൻ പ്രശോഭ്‌ വിജയൻ

 

മലയാളത്തിലെ പരീക്ഷണ സിനിമകളുടെ പട്ടികയിൽ ലില്ലിയും. പെണ്ണിന്റെ അതിജീവനത്തിന്റെയും  പ്രതികാരത്തിന്റെയും  മറ്റൊരു മുഖമാണ്  ലില്ലി. വർഷങ്ങളുടെ സൗഹൃദങ്ങളിൽനിന്ന് വിരിഞ്ഞ ഒരു ക്രൈം ത്രില്ലർ. പുതുമുഖങ്ങളെമാത്രം കേന്ദ്രകഥാപത്രങ്ങളാക്കി ചെയ‌്ത ലില്ലിയുടെ സംവിധായകൻ പ്രശോഭ്  വിജയനും  നവാഗതൻ. ഒരു വയലൻസ്  സിനിമയിലൂടെ രംഗപ്രവേശം ചെയ്യാൻ എങ്ങനെ  ധൈര്യം കിട്ടിയെന്ന് ചോദിച്ചാൽ  മറുപടി ഒന്നുമാത്രം, സുഹൃത്തുക്കൾ. ആദ്യത്തെ സിനിമയ്‌ക്ക്‌തന്നെ എ സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ  ഉണ്ടായ ആശങ്കകളും ആകാംക്ഷ‌യും പങ്കുവയ്‌ക്കുന്നു പ്രശോഭ്. 
 

പ്രശോഭ്‌ വിജയൻ

പ്രശോഭ്‌ വിജയൻ

 

ലില്ലി

 
ഒരു സ്‌ത്രീ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളിലൂടെയും അവളുടെ അതിജീവനവുമാണ്  ലില്ലിയുടെ പ്രമേയം. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഇ ഫോർ എന്റർടൈൻമെന്റിന്റെ ബാനറിൽ ഇ ഫോർ എക്‌സ്‌പിരിമെൻസാണ് ചിത്രം  നിർമിച്ചത്. മലയാളി കണ്ട സ്ഥിരം ക്രൈം, പ്രതികാര കഥകളിൽനിന്നുമാറി വ്യത്യസ്‌തമായ  അവതരണ രീതിയും പ്രമേയവും.  സംയുക്ത മേനോന്റെ മികച്ച പ്രകടനമാണ് സിനിമയുടെ ജീവൻ. തീവണ്ടിക്കു മുമ്പേ സംയുക്ത അഭിനയിച്ച  സിനിമയാണ് ലില്ലി.  പൂർണഗർഭിണിയായ യുവതി   നിലനിൽപ്പിനും ജീവനും ജീവിതത്തിനും വേണ്ടി ആദ്യാവസാനം പോരാടുന്നതിന്റെ കഥ.
 

സിനിമയും സൗഹൃദവും 

 
പഠനകാലം തൊട്ട് സിനിമയെന്ന ഒരു ആഗ്രഹം ഉള്ളിൽ ഉണ്ടെങ്കിലും എങ്ങനെ അതിലേക്ക് എത്തിച്ചേരും എന്ന ധാരണ അന്നുണ്ടായില്ല. സുഹൃത്തുക്കൾ ആയിരുന്നു മുതൽക്കൂട്ട്. ലില്ലിയിലെ വില്ലൻ കഥാപാത്രം ചെയ്‌ത ധനേഷുമായി ഏഴു വർഷത്തെ സൗഹൃദമുണ്ട്‌.  ഒരുപാട് സിനിമകൾ കണ്ടാണ് സിനിമ എന്താണെന്നും എങ്ങനെയാണെന്നും പഠിച്ചത്. തീവ്രം സിനിമയിൽ ഒരു ചെറിയ ഭാഗമാകാൻ കഴിഞ്ഞു എന്നത് ഒഴിച്ചാൽ മറ്റു മുൻപരിചയം ഒന്നുമില്ല. കളമശ്ശേരിയിലെ മുറിയിൽ   രൂപേഷ് പീതാംബരനും ധനേഷും അടക്കമുള്ള കുറച്ചുപേരുടെ സൗഹൃദ സംഭാഷണത്തിനിടയിലാണ് ലില്ലിക്ക് മൊട്ടിട്ടത്. 
 
നവാഗതനായ ഒരാൾ  സംവിധാനവും  തിരക്കഥയും ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളി ചെറുതായിരുന്നില്ല. ലില്ലിയുടെ അതിജീവനംപോലെ ഞങ്ങളും ആ വെല്ലുവിളികൾ അതിജീവിച്ചു. 
 

എ സർട്ടിഫിക്കറ്റ്

 
മുഴുനീള വയലൻസ് സിനിമ ചെയ്യണം  എന്നുതന്നെയായിരുന്നു  തുടക്കംമുതൽ  മനസ്സിൽ. ലില്ലിയുടെ അവതരണത്തിൽ വയലൻസ്‌ അനിവാര്യവുമാണ്‌.  എന്നാൽ, എ സർട്ടിഫിക്കറ്റ് കിട്ടിയപ്പോഴും ആശങ്കകൾ ഒന്നും ഉണ്ടായില്ല.  എ സർട്ടിഫിക്കറ്റ് എന്നു കേട്ടാൽ അശ്ലീലം ആണെന്ന  മനോഭാവത്തിൽനിന്ന്‌ പ്രേക്ഷകർ മാറിക്കഴിഞ്ഞു എന്ന്‌ തോന്നിയിരുന്നു. എന്നാൽ, ആ ധാരണ ഒരു പരിധിവരെ തെറ്റും ആയിരുന്നു. എ സർട്ടിഫിക്കറ്റ് എന്നാൽ അശ്ലീലമെന്ന് ചിന്തിക്കുന്നവർ ഉണ്ടെന്ന്‌ റിലീസിനു ശേഷം ബോധ്യമായി. ലില്ലിയിൽ അശ്ലീലം എന്ന് പറയാൻ ഒന്നുമില്ല.

 

പാട്ടില്ലാത്ത ലില്ലി

 
പാട്ടുകൾ ഉൾപ്പെടുത്തി ഒരു സംഗീതാന്തരീക്ഷം സൃഷ്ടിച്ചെടുക്കേണ്ട എന്ന നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ പാട്ട്‌ ഒഴിവാക്കി. എന്നാൽ, സുഷിൻ  ശ്യാമിന്റെ  പശ്ചാത്തല സംഗീതം ഏറെ മുന്നിട്ടുനിൽക്കുന്നു. ഞങ്ങളുടെ ഒരു ചെറുപരീക്ഷണം  മാത്രമാണ് ലില്ലി. മനോഹരമായ ചിത്രമെന്ന് പറഞ്ഞാൽപോലും സാധാരണ രീതിയിലെ ഒരു മനോഹാരിതയല്ല ലില്ലി നൽകുന്നത്. ക്രൈം എലിമെന്റ് ആണ് പ്രധാന ഘടകം. മലയാളി കാണാത്ത വയലൻസിലൂടെ സഞ്ചരിക്കുകയായിരുന്നു ലക്ഷ്യം.  
 

നവാഗതൻ

 
ആരുടെയും കൂടെനിന്ന്‌ സിനിമ ചെയ്‌തിട്ടില്ല.   മുൻപരിചയമില്ലാതെ ഞാൻ  ചെയ്‌ത  കടുകൈ പ്രയോഗമാണ് ലില്ലി. പ്രൊഡ്യൂസർ തന്ന ആത്മവിശ്വാസവും സുഹൃത്തുക്കളുടെ പിന്തുണയുമാണ് തുണയായത്‌. ലില്ലി ഒരു പരീക്ഷണ ചിത്രമാണ്. ആത്മവിശ്വാസമുണ്ടെങ്കിൽ എല്ലാ പരീക്ഷണങ്ങൾക്കും  മികച്ച ഫലം കിട്ടും.   മുറിവും ചോരയും ലില്ലിയിൽ  വിശദമായി  അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകർ ഏതുവിധത്തിൽ അതിനെ സ്വീകരിക്കുമെന്ന്‌ ആശങ്കയുണ്ടായിരുന്നു.  എന്ന് കരുതി അത്തരം രംഗങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ കഥയുടെയും കഥാപാത്രത്തിന്റെയും തീവ്രത നഷ്ടമാകുമായിരുന്നു. അത് ഒഴിവാക്കാത്തിടത്താണ് ലില്ലിയുടെ വിജയം.  നവാഗതൻ എന്ന നിലയ്‌ക്ക്‌ എടുത്ത മികച്ച തീരുമാനവും അതുതന്നെയായിരുന്നു.
 

ഭാവി വർത്തമാനം

 
കളമശ്ശേരിയിലെ മുറിയിൽ  ലില്ലി  മൊട്ടിട്ടതുപോലെ പുതിയ പ്രോജക്ടുകളെ പറ്റിയുള്ള ചർച്ചകൾ ഇനിയും സംഭവിച്ചേക്കാം. ഒരു സ്‌ത്രീയുടെ അതിജീവനവും നിലനിൽപ്പും പോരാട്ടവുമാണ് ലില്ലി. പുതുമുഖങ്ങളായ ചില യുവാക്കളുടെ ശ്രമം എന്ന നിലയിൽ ഇത്തരം സിനിമകളെ പ്രോത്സാഹിപ്പിക്കണം.

 

പ്രധാന വാർത്തകൾ
 Top