06 December Sunday

പുതിയ കാലം പുതിയ കാഴ്‌ച

കെ എ നിധിൻ നാഥ്‌Updated: Sunday Jun 7, 2020

തിയറ്ററുകളിൽനിന്ന്‌ സിനിമ ഓൺ ദി ടോപ്‌ പ്ലാറ്റ്‌ഫോമുകളിലേക്ക്‌ മാറുകയാണ്‌. നേരത്തെ തന്നെ ആരംഭിച്ച ഈ പ്രവണത കോവിഡ്‌ കാലത്തോടെ കൂടുതൽ ശക്തി പ്രാപിക്കുകയാണ്‌. തമിഴിൽ പൊൻമകൾ വന്താൾ അടക്കമുള്ള സിനിമകൾ ഓൺലൈനിൽ റിലീസ്‌ ചെയ്‌തിരുന്നു. അതിനു പിന്നാലെ മലയാളത്തിൽ നരണിപ്പുഴ ഷാനവാസ്‌ സംവിധാനംചെയ്‌ത  ‘സൂഫിയും സുജാതയും’  റിലീസിനൊരുങ്ങുന്നു

 
കോവിഡാനന്തര ജീവിതത്തിൽ സിനിമയ്‌ക്ക്‌ എന്തുസംഭവിക്കും? കൊറോണയ്‌ക്കു മുമ്പേ തിയറ്റർ കാഴ്‌ചയിൽനിന്ന്‌ ഓൺലൈൻ കാഴ്‌ചയിലേക്ക്‌ മാറിയ സിനിമ  ഓൺ ദി  ടോപ്‌ പ്ലാറ്റ്‌ഫോമു(ഒടിടി)കളുടെ  സാധ്യത കൂടുതൽ ഉപയോഗപ്പെടുത്തുമെന്നാണ്‌ ഉത്തരം. ഹോളിവുഡ്‌ ചിത്രം ‘ഐറിഷ്‌മാൻ’ നേരത്തെ നെറ്റ്‌ഫ്ലിക്‌സ്‌ നേരിട്ട്‌ റിലീസ്‌ ചെയ്‌തിരുന്നു. ലോക്‌ഡൗൺ ഇന്ത്യയിലും ഈ സാധ്യത ഉപയോഗപ്പെടുത്തി. ബോളിവുഡിലും  തമിഴിലുമെല്ലാം വേൾഡ്‌ പ്രീമിയറായി ഒടിടി റിലീസ് വന്നു‌. മലയാളത്തിന്‌ വലിയ സാധ്യത കാണാതെയിരുന്നയിടത്ത്‌ സൂഫിയും സുജാതയും പ്രദർശനത്തിനെത്തുന്നു. അതോടെ മലയാള സിനിമയിൽ പുതിയ ഒരു ചരിത്രം കുറിക്കുന്നു.  പുതിയ കാലത്തെ പുതിയ കാഴ്‌ച മലയാള സിനിമയിൽ സൃഷ്ടിക്കുന്ന സാധ്യതകളെയും ആശങ്കകളെയും കുറിച്ച്‌ സിനിമാ മേഖലയിലുള്ളവർ സംസാരിക്കുന്നു.
 

കൂടുതൽ പേർ സിനിമ കാണണം

 
വിജയ്‌ ബാബു (നിർമാതാവ്‌, സൂഫിയും സുജാതയും)
 
42 സിനിമകൾ റിലീസിന്‌ തയ്യാറാണ്‌‌. അവ  പരാമാവധി ദിവസം തിയറ്ററിൽ തുടരണമെന്നാണ്‌ ഏതുനിർമാതാവും ആഗ്രഹിക്കുക. എന്നാൽ മുടക്കുമുതൽ തിരിച്ച്‌ കിട്ടുന്നതിന്‌ അനുകൂലമല്ല നിലവിലെ സാഹചര്യം. എത്ര പേർ തിയറ്ററിലെത്തും?  ഹോൾഡ്‌ ഓവർ പാറ്റേൺ മാറ്റാൻ തിയറ്ററുകാർ തയ്യാറാകുമോ?  ഈ സാഹചര്യത്തിലാണ് പുതിയ സാധ്യത തേടുന്നത്‌‌‌. പ്രതിസന്ധി മറികടക്കാനുള്ള വഴിയാണിത്‌‌. സ്ഥിരം പരിപാടിയായാക്കാൻ ഉദ്ദേശിക്കുന്നില്ല.   തിയറ്ററുകൾ അവസാനിക്കുമെന്ന്‌ പറയുന്നതിൽ അർഥമില്ല.
 
 കഴിഞ്ഞ കാലങ്ങളിൽ നിരവധി തിയറ്ററുകൾ കല്യാണമണ്ഡപങ്ങളാക്കിയത്‌ നിർമാതാക്കളോട്‌ ചോദിച്ചിട്ടല്ല‌.   എന്റെ സിനിമ എന്തു ചെയ്യണമെന്ന്‌ ഞാനല്ലേ തീരുമാനിക്കേണ്ടത്‌. തിയറ്റർ അനുഭവം നഷ്ടമാകുമെന്നത്‌ സത്യം‌.  ഈ പ്രതിസന്ധിയിൽ  റിലീസ്‌ ചെയ്‌താൽ തന്നെ 42  സിനിമകളുടെ കൂട്ടത്തിൽ പലതും ശ്രദ്ധിക്കപ്പെടില്ല.  ഒടിടി റിലീസിലൂടെ സിനിമ  കൂടുതൽ ആളുകൾ കാണും.  ചർച്ച ചെയ്യും.  
 

ഭീഷണിയാകില്ല

ലിബർട്ടി ബഷീർ (പ്രസിഡന്റ്‌, ഫിലിം എക്‌‌സിബിറ്റേഴ്‌സ്‌ അസോസിയേഷൻ)
 
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ പറയുന്ന പൈസയ്‌ക്ക്‌ സിനിമ നൽകിയാൽ മുതലാകില്ല. രണ്ടര കോടി വരെയാണ്‌ മലയാള സിനിമയ്‌ക്ക്‌ അവർ കാണുന്ന ബജറ്റ്‌. എന്നാൽ നമ്മുടെ സിനിമകളുടെ ശരാശരി നിർമാണച്ചെലവ്‌  4–-5 കോടിയാണ്‌. 
 
വിജയ്‌ ബാബുവിന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള   പ്രതികരണം ആ സമയത്ത്‌ ഉണ്ടായ പ്രയാസത്തിൽനിന്നാണ്‌. ആദ്യം കേട്ടപ്പോൾ വലിയ ആശങ്ക ഉണ്ടായി.  ഇതെക്കുറിച്ച്‌ പഠിച്ചപ്പോൾ പ്രതിസന്ധിയുണ്ടാകില്ല എന്ന്‌ മനസ്സിലായി‌.  തിയറ്ററിൽ കളിക്കുമ്പോൾ പ്ലാറ്റ്‌‌ഫോമുകൾക്ക്‌  നൽകിയാലാണ്‌ പ്രശ്‌നം. സിനിമ തിയറ്ററിൽ ഹോൾഡ്‌ ഓവർ അയി നിശ്ചിത സമയം കഴിഞ്ഞേ റിലീസ്‌ ചെയ്യാവൂ എന്ന ആവശ്യമാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌.  
 

എതിർപ്പില്ല

ആന്റോ ജോസഫ്‌ (സെക്രട്ടറി, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ‌)
 
നിർമാതാക്കൾക്ക്‌ ഗുണമുള്ള മേഖലയായി സിനിമാ വ്യവസായം മാറിയിട്ടില്ല. മലയാള സിനിമ തിയറ്ററിനെ ആശ്രയിച്ച്‌ തന്നെയാണ്‌ നിൽക്കുന്നത്‌.  രണ്ടു കോടിയിൽ താഴെ നിർമാണ ചെലവുള്ള തണ്ണീർമത്തൻ ദിനങ്ങൾ‌ 14 കോടിയാണ്‌ തിയറ്ററിൽനിന്ന്‌ ലാഭമുണ്ടാക്കിയത്‌. നിലവിലെ സാഹചര്യമായിരുന്നുവെങ്കിൽ  മൂന്ന്‌ കോടി‌ക്ക്‌ ഒടിടി‌ക്ക്‌ നൽകിയേനെ.
  
നേരത്തെ തിയറ്റർ റിലീസിനു ശേഷമാണ്‌ കൊടുത്തിരുന്നത്‌. സിനിമ നേരിട്ട്‌ റിലീസ്‌ ചെയ്യുന്നതിൽ  എതിർപ്പില്ല. അസോസിയേഷനുമായി ചർച്ച ചെയ്‌ത്‌ പൊതുമാനദണ്ഡങ്ങൾക്ക്‌ അനുസരിച്ചാകാം.
 

മാറ്റം അനിവാര്യം

 

ഇടവേള ബാബു (സെക്രട്ടറി, എഎംഎംഎ)
 
കാലത്തിന്‌ അനുസരിച്ച്‌ മാറ്റങ്ങൾ വരണം. എന്നാൽ, തിയറ്ററുകാർക്കും പ്രശ്‌നം വരരുത്‌. നിലവിൽ മലയാളത്തിൽ ഒടിടി റിലീസിന്‌ വലിയ സാധ്യതയുണ്ടെന്ന്‌ കരുതുന്നില്ല. അവർക്ക്‌ ഹിന്ദിയും തമിഴുമടക്കമുള്ളവയാണ്‌ താൽപ്പര്യം.  സിനിമകൾ ഉണ്ടാകണം എന്നതാണ്‌ പ്രധാനം. പ്ലാറ്റ്‌ഫോമിന്‌ വേണ്ടി ഭാവിയിൽ സിനിമയുണ്ടാകും. കൂടുതൽ ആളുകൾക്ക്‌ അവസരം നൽകും. ഏത്‌ ഫോർമാറ്റിലായാലും സിനിമയുണ്ടാകണം.  വിലക്ക്‌   കാലഹരണപ്പെട്ടതാണ്‌. അത്‌ സാധ്യവുമല്ല.
 

മാറ്റങ്ങളെ അംഗീകരിക്കണം

മധു ജനാർദനൻ (നിരൂപകൻ)
 
സിനിമ ആളുകൾ കാണണം എന്നതാണ്‌ പ്രധാനം. പിന്നെ ഈ സാധ്യത ഉപയോഗപ്പെടുത്തുന്ന സിനിമ ഉണ്ടാകും. സാഹചര്യങ്ങൾക്ക്‌‌ അനുസൃതമായി സിനിമയുടെ ഭാഷമാറും. മുമ്പ്‌ ഇത്തരം മാറ്റമുണ്ടായിട്ടുണ്ട്‌. ഇതൊന്നും മനസ്സിലാക്കാൻ തയ്യാറാകാത്തവരാണ്‌ ഒടിടി റിലീസിനെ എതിർക്കുന്നത്‌.  മലയാള സിനിമ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ സിനിമാ മേഖലയിൽനിന്നുതന്നെ എതിർപ്പുയർന്നിട്ടുണ്ട്‌. അത്‌  തിരിച്ചടിയാണ്‌ ഉണ്ടാക്കുന്നത്‌.
 
 ‘കരി’പോലെയൊരു സിനിമ ഒരുക്കിയ ഷാനവാസിന്റെ അടുത്ത സിനിമ (സൂഫിയും സുജാതയും) നിർമിച്ചുവെന്നത്‌ വിജയ്‌ ബാബുവിന്റെ മികവാണ്‌. അത്‌ ജനങ്ങൾ കാണട്ടെ എന്നത്‌ തന്നെയാണ്‌ പ്രധാനം.  മാറ്റങ്ങൾ അംഗീകരിക്കാൻ കഴിയാത്തവർ കാലഹരണപ്പെടും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top