23 July Tuesday

ദൈവം ഒളിവിൽപോയ നാളുകൾ

ഡോ. പി ജെ വിൻസെന്റ്‌Updated: Sunday Apr 7, 2019

കാഴ്ചകൾ കണ്ണിൽ നിറയ്ക്കാനും അനുഭവങ്ങൾ ആത്മാവിൽ ലയിപ്പിക്കാനും മാത്രമല്ല ദേശാടനങ്ങൾ. അത് സ്വന്തം ആത്മാംശങ്ങളെ മറ്റുള്ളവരിൽ കണ്ടെത്താനുള്ള ആവിഷ്കാരം കൂടിയാണ്. മനുഷ്യൻ ഏറ്റവും അസുന്ദരമായ പദമായി മാറിയ ഒരു ചരിത്രസന്ധിയിലൂടെ സഞ്ചരിച്ച് വർത്തമാനത്തെ ആത്മാംശം ചാലിച്ച് വായിച്ചെടുക്കാനുള്ള സർഗാത്മക സപര്യയാണ് വിധു വിൻസെന്റ‌് രചിച്ച ദൈവം ഒളിവിൽ പോയ നാളുകൾ.  കാഴ്ചകളും കെട്ടുകാഴ്ചകളും ജീവിക്കുന്ന ചരിത്രവും ചരിത്രവൽക്കരിക്കപ്പെട്ട വർത്തമാനവും വിധുവിന്റെ ജർമൻ യാത്രയിൽ അനുവാചകരിലേക്ക് ആത്മാനുഭവമായി കടന്നുവരുന്നുണ്ട‌്. അതിദേശീയതയുടെ ആൾരൂപങ്ങളും പരസ്യഫലകങ്ങളും നാടുനിറയുമ്പോൾ ജർമനിയിൽ സംഭവിച്ചത് പ്രഹസനമായി നമ്മുടെ നാട്ടിലും സംഭവിക്കുമോയെന്ന ചിന്ത എഴുത്തുകാരി പങ്കുവയ്ക്കുന്നു. കൃത്യതയാർന്ന ഈ രാഷ്ട്രീയ നിലപാടിലാണ് 'ദൈവം ഒളിവിൽ പോയ നാളുകൾ' വേരുറച്ചുനിൽക്കുന്നത്. 

'ഞങ്ങളെയൊന്നും ഓർമിപ്പിക്കരുത്, പ്ലീസ്' എന്ന ആദ്യ അധ്യായത്തിന്റെ തലവാചകം സമകാലീന ജർമനിയുടെ ചിന്തയെ വെളിവാക്കുന്നു. ഞങ്ങളെന്തു പിഴച്ചു? എല്ലാം ഹിറ്റ‌്‌ലർ ചെയ്തതല്ലേ? എന്നു പറഞ്ഞ് നാസി ഭൂതകാലത്തെ നിരുത്തരവാദപരമായി തള്ളിക്കളയുന്ന ജർമൻകാരുടെ പ്രതിരോധതന്ത്രവും ന്യായീകരിക്കാനാവില്ല. 

ദഹൗവിലെ സെല്ലാറുകൾ, തടവുകാരുടെ വസ്ത്രങ്ങൾ, പുതിയ തടവുകാരെ നഗ്നരാക്കി പരേഡ് ചെയ്യിക്കുന്നത്, സ്ത്രീ തടവുകാരുടെ മുടി മുറിക്കൽ, വാഗണുകളിൽ വന്നിറങ്ങുന്ന തടവുകാർ, പച്ചകുത്തൽ, ഭക്ഷണത്തിനു വേണ്ടിയുള്ള ക്യൂ, കക്കൂസുകൾ എന്നിവയെല്ലാം വരകളിലൂടെ പുനർജനിക്കുന്നു. തടവറയനുഭവങ്ങളുടെ വാങ്മയ ചിത്രങ്ങളോടൊപ്പം സൂക്ഷ്മഭാവങ്ങളെപ്പോലും അനുഭവവേദ്യമാക്കുന്ന വരകളും ചേർന്നപ്പോൾ ഒരു സിനിമാനുഭവം ഈ പുസ്തകം നൽകുന്നുണ്ട‌്.

മ്യൂണിച്ച് യാത്രയും ഓഡിയോൺ പ്ലാറ്റ്സുമെല്ലാം വാക്കിലും വരയിലും നിറയുന്നു. ടുട്ടൂവിന്റെ കൂടെയുള്ള യാത്രയും ഹിറ്റ‌്‌ലറുടെ താവളമായിരുന്ന കഫേ ഹൈക്കിലെ കോഫിയുമെല്ലാം 1930കളിലെ ജർമനിയെ അനുവാചകരിൽ പുനഃസൃഷ്ടിക്കുന്നുണ്ട‌്. സുനിലച്ചന്റെ കൂടെയുള്ള ന്യൂറം ബർഗ് യാത്രയും നീഷേയും അതിമാനുഷനും ഹന്നാ ആരന്റസിന്റെ 'തിന്മയുടെ തുച്ഛത'യുമെല്ലാം രസകരമായി പറഞ്ഞുപോകുന്നു. പ്രത്യയശാസ്ത്ര ക്രിമിനലുകൾ 'സമൂലമായ തിന്മ'യായി സ്വരം പരിവർത്തിക്കപ്പെടുന്നതിന്റെ അനുഭവം ഐക്ക്മാന്റെ വിചാരണ വെളിവാക്കുന്നുണ്ട‌്. ഇത്തരം ഗഹനമായ വിഷയങ്ങൾ ലളിതമായി പറഞ്ഞുപോകുന്നതോടൊപ്പം നൂറം ബർഗ് വിചാരണ നടന്ന കെട്ടിടത്തിന്റെ രേഖാചിത്രവും ചേരുമ്പോൾ വായന ഉത്സവമായി മാറുന്നുണ്ട‌്.

മൂന്ന് അധ്യായങ്ങളിലായി ജർമൻ യാത്രയുടെ അനുഭവങ്ങൾ വാക്കിലും വരകളിലുമായി വിധു വിൻസെന്റ‌് അനായാസമായി കോറിയിട്ടിരിക്കുന്നു. അതിദേശീയതയുടെ അപകടങ്ങൾ സുവ്യക്തമാക്കുന്ന വായനാനുഭവം ഈ കൃതി നൽകുന്നുണ്ട‌്. മനോഹരമായ ചിത്രങ്ങൾ ഒരു അമർചിത്രകഥയുടെ വായനാ ലാളിത്യം നൽകുന്നു. നിശ്ശബ്ദതയിൽനിന്ന് പ്രതിരോധത്തിലേക്കും പോരാട്ടത്തിലേക്കും മാനവീകതയുടെ നന്മകളിലേക്കും വിജയിച്ചു കയറാനുള്ള പ്രചോദനമാണ് ഈ ഗ്രന്ഥം സമ്മാനിക്കുന്നത്.

പ്രധാന വാർത്തകൾ
 Top