25 April Thursday

'ഹാജി മസ്‌താൻ സലാം വയ്‌ക്കും വീരന്‍ പാപ്പന്‍ ഷാജി പാപ്പന്‍...; ആട് 2-ലെ പാട്ടെഴുതിയ ഡോക്‌ടർ ഇവിടെയുണ്ട്

ഷംസുദ്ദീൻ കുട്ടോത്ത്Updated: Sunday Jan 7, 2018
‌‌തിയറ്ററുകളിൽ നിറഞ്ഞോടുന്ന ‘ആട് 2'ലെ ഗാനങ്ങൾ പ്രേക്ഷകർ ഏറ്റെടുത്ത സന്തോഷത്തിലാണ് മനു മൻജിത്. ചുരുങ്ങിയ കാലത്തിനുള്ളിൽ മുപ്പതിലധികം സിനിമകളിൽ പാട്ടെഴുതി മനു. കോഴിക്കോട് ഗവ. ഹോമിയോപ്പതിക്—മെഡിക്കൽ കോളേജിൽനിന്ന് ബിഎച്ച്എംഎസ് പൂർത്തിയാക്കി ഇപ്പോൾ ഹോമിയോപ്പതി സൈക്യാട്രിയിൽ എംഡി ചെയ്യുന്നു പാട്ടിന്റെ ഈ ഡോക്‌ടർ. പുതിയ കാലത്തിന്റെ വേഗത്തിന് ചേരുന്ന രീതിയിലും ശൈലിയിലും വരികളെഴുതാനും മികച്ച മെലഡിയുടെ മഴവില്ല് തീർക്കാനും മനുവിന്റെ തൂലികയ്ക്ക് കഴിയുന്നു. മന്ദാരമേ... (ഓം ശാന്തി ഓശാന), അന്തിച്ചോപ്പിൽ (വിക്രമാദിത്യൻ), പാവാടത്തുമ്പാലെ തട്ട്യാലും (കുഞ്ഞിരാമായണം), രാവുമായവേ (വേട്ട), ആരോ നെഞ്ചിൽ (ഗോദ), തിരുവാവണി രാവ് (ജേക്കബ്ബിന്റെ സ്വർഗരാജ്യം), മേലെ അരിമുല്ല പൂവാലേ പന്തല് (വെളിപാടിന്റെ പുസ്തകം) തുടങ്ങിയ ഒരുപിടി ഗാനങ്ങൾ... വീടിനരികിലെ പുത്തഞ്ചേരിപ്പുഴ മനു മൻജിത്തിന് വെറും ഒരു പുഴയല്ല. കവിതയും പാട്ടും കടംതരുന്ന കാൽപ്പനികതയുടെ നീരുറവയാണ്. തന്റെ പ്രിയ കവി ഗിരീഷ് പുത്തഞ്ചേരിയുടെ ഭാവനയെ നനച്ച ജലമൗനമാണ്. എഴുത്ത് വിശേഷങ്ങളെക്കുറിച്ച് മനു മൻജിത് സംസാരിക്കുന്നു.

ആട്...ആട് 2

‘ആട് 2' തിയറ്ററുകളിൽ ആഘോഷിക്കപ്പെടുന്നു എന്നറിയുന്നതിൽ വലിയ സന്തോഷമുണ്ട്. ആട് ആദ്യം ഷോർട്ട് ഫിലിം ആയി ചെയ്യാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. ആ സമയംമുതൽ ഞാൻ കൂടെയുണ്ട്. ഒന്നാംഭാഗം വലിയ വിജയമായിരുന്നില്ലെങ്കിലും ഡിവിഡി—വന്നതോടെ പ്രേക്ഷകർ ഏറ്റെടുത്തു. അതിലെ ഗാനങ്ങൾ അന്ന് ഹിറ്റായിരുന്നു. ഒന്നാം ഭാഗത്തിലെ പാട്ടുകൾതന്നെയാണ് ആട് 2ലും.  ഷാജി പാപ്പനെ അവതരിപ്പിക്കുന്ന 'ഹാജി മസ്‌താൻ സലാം വയ്‌ക്കും വീരൻ പാപ്പൻ ഷാജി പാപ്പൻ... എന്ന പാട്ടും സൈജു കുറുപ്പിന്റെ അബു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അബു ഭീകരൻ കൊടും ഭീകരൻ യമ കിങ്കരൻ രുധിരപ്രിയൻ...' എന്ന പാട്ടും കുട്ടികളടക്കം ഏറ്റുപാടുമ്പോൾ വലിയ സന്തോഷം. ഇതേ സിനിമയിലെ ഹരിതനിബിഡ വനമടിയിൽ ജലദമിടയും മലമുടിയിൽ, അമരസമര ധ്വജമുയർത്തി, അടിമജീവിതമുടച്ച രുധിരതാരമേ... ലാൽസലാം... എന്ന ഗാനത്തോട് എനിക്ക് കുറച്ച് പ്രിയം കൂടുതലാണ്.

തുടക്കം

എഴുത്തിനോട് കുട്ടിക്കാലത്തേ താൽപ്പര്യമുണ്ടായിരുന്നു. പാട്ടെഴുത്തിനോട് കമ്പമുണ്ടെങ്കിലും സിനിമാ പാട്ടെഴുത്തുകാരനാകുമെന്നൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല. പത്താംക്ലാസുവരെ വയനാട്ടിലാണ് പഠിച്ചത്. പിന്നീട് കോഴിക്കോട് ഉള്ള്യേരിയിലേക്ക് മാറി. ഹൈസ്‌കൂളിൽ സീനിയറായിരുന്ന മിഥുൻ മാനുവൽ തോമസ് ഒരു സിനിമക്ക് തിരക്കഥ എഴുതുന്നുണ്ടെന്നറിഞ്ഞു. ‘ഒരുപാടുപേർ പാട്ടെഴുതുന്നുണ്ട്. നീയും എഴുതി നോക്ക്'എന്ന് മിഥുൻ പറഞ്ഞത് പ്രകാരമാണ് മന്ദാരമേ... ചെല്ല ചെന്താമരേ എന്ന പാട്ടുണ്ടായത്. ഷാൻ റഹ്മാനായിരുന്നു സംഗീതം. ഓം ശാന്തി ഓശാനയിലെ ആ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വിക്രമാദിത്യനിലും കൂതറയിലും പാട്ടെഴുതി. ഷാൻ റഹ്മാനൊപ്പം പതിനഞ്ച് സിനിമകളിൽ മുപ്പതോളം പാട്ടുകൾ. ബിജിബാൽ, ഗോപീസുന്ദർ, ജാസി ഗിഫ്റ്റ്, രാഹുൽ രാജ് തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു.

പ്രചോദനമായത് ഗിരീഷ് പുത്തഞ്ചേരി 
വരികൾ ശ്രദ്ധിക്കാൻ പ്രചോദനമായത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഇന്റർവ്യൂകളിലും മറ്റും അദ്ദേഹം പാട്ടിനെക്കുറിച്ചും കവിതയെക്കുറിച്ചുമൊക്കെ പറയുന്നത് കേട്ടാണ് ഞാൻ പലതും അറിഞ്ഞത്. സ്വന്തം വരികളല്ലാതെ മറ്റുള്ള കവികളുടെ വരികളും ഓർത്തുവയ്ക്കാനുള്ള അപാരസിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു.  അദ്ദേഹത്തിന്റെ പദസമ്പത്തിന്റെ വ്യാപ്തി കൃത്യമായി ബോധ്യപ്പെടണമെങ്കിൽ കവിതകൾകൂടി വായിക്കണം. എഴുത്തുകാരൻ എന്ന നിലയിൽ എന്റെ പാഠപുസ്തകമാണ് പുത്തഞ്ചേരി  ഗാനങ്ങൾ. ആരാധന മൂത്ത് മരണശേഷം അദ്ദേഹത്തിന്റെ  വീട്ടിൽ കയറിച്ചെന്നു. കുറെനേരം അവിടെ നിന്നു. ഇപ്പോൾ ആ കുടുംബവുമായി വലിയ അടുപ്പമാണ്.
ഗിരീഷ് പുത്തഞ്ചേരി

ഗിരീഷ് പുത്തഞ്ചേരി

ഡോക്ടർ പാട്ടെഴുതുമ്പോൾ

ഡോക്ടർമാർ ഏറ്റവും അടുത്തുനിന്ന് ജീവിതം കാണുന്നവരാണ്. അതുകൊണ്ടുതന്നെ എഴുത്തിന് ആ ജോലി ഏറെ സഹായിക്കുമെന്ന് എനിക്ക് തോന്നുന്നു. ഹോമിയോപ്പതിയിലേക്ക് വരുമ്പോൾ ഒരു അസുഖത്തിനല്ല, രോഗിക്കാണ് മരുന്ന്. രോഗിയുടെ ജീവിതാനുഭവങ്ങളും വ്യക്തിത്വവുമൊക്കെ പഠിച്ചിട്ടാണ് ആ പ്രത്യേക സമയത്തേക്കുള്ള മരുന്ന് തീരുമാനിക്കുന്നത്. ഇതുപോലെതന്നെയാണ് പാട്ടെഴുത്തിലേക്ക് വരുമ്പോഴും. ഒരു കഥയുടെ സാഹചര്യത്തിനനുസരിച്ചാണ് പാട്ടെഴുത്ത്. അതുകൊണ്ടുതന്നെ ഇവ രണ്ടും പരസ്പരപൂരകങ്ങളാണ്്.

പാട്ടിലെ ഹ്യൂമർ

മെലഡിയോട് ഇഷ്ടംകൂടുമെങ്കിലും തമാശപ്പാട്ടുകളും  അടിപൊളിപാട്ടുകളുമൊക്കെ എഴുതിയിട്ടുണ്ട്. കുഞ്ഞിരാമായണത്തിലെ വേതാളംപോലെ കൂടെ തുടരുന്ന ശാപം, അടി കപ്യാരേ കൂട്ടമണിയിലെ എന്റെ മാവും പൂത്തേ.., മുദ്ദുഗവു എന്ന ചിത്രത്തിലെ റാമ്പോ കൊത്താനായ് പത്തി നീർത്ത പാമ്പോ... തുടങ്ങിയ പാട്ടുകളെല്ലാം ഏറെ ആസ്വദിച്ച് എഴുതിയവയാണ്.

നേരെ ചൊവ്വേ എഴുതുമ്പോൾ

കഥയും കവിതയും സിനിമയുമൊക്കെ ഇന്ന് ഏറെ മാറി. വളരെ റിയലിസ്റ്റിക്കായി കാര്യങ്ങൾ അവതരിപ്പിക്കാനാണ് എല്ലാവർക്കും താൽപ്പര്യം. ഈ മാറ്റം പാട്ടിലുമുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് കൽപ്പനകളും മാറുന്നു. പണ്ട് പി ഭാസ്‌കരൻ—വെളുക്കുമ്പോൾ കുളിക്കുവാൻ പോകുന്ന വഴിവക്കിൽ വേലിക്കൽ നിന്നവനേ എന്നെഴുതി. സ്വന്തം കിടപ്പുമുറിയോടുചേർന്ന് ബാത്‌റൂമുള്ള നമുക്ക്— ഇന്നെത്രത്തോളം ഈ പ്രയോഗം ഉൾക്കൊള്ളാൻ കഴിയും? പറയാനുള്ളത് നേരെ ചൊവ്വേ പറയുക എന്നതാണ് ഇപ്പോഴത്തെ രീതി. മാത്രമല്ല, പല്ലവിയിലും അനുപല്ലവിയിലുമൊക്കെ തീരും പല പാട്ടും.

വിനീത് ശ്രീനിവാസനും ഷാൻ റഹ്മാനും

വിനീത് ശ്രീനിവാസൻ ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ കോഫീ അറ്റ് എംജി റോഡ് എന്ന ആൽബം റിലീസ് ചെയ്തപ്പോൾ ഞങ്ങൾ ചില സുഹൃത്തുക്കൾ കോഴിക്കോട്ടുള്ള ഫോക്കസ് മാളിനെ ബേസ് ചെയ്ത് കോഫീ അറ്റ് ഫോക്കസ് മാൾ എന്നൊരു ആൽബം ഇറക്കാം എന്നൊക്കെ തമാശയ്ക്ക് പറയാറുണ്ടായിരുന്നു. അവരെയൊക്കെ വളരെ ദൂരെനിന്നാണ് നോക്കിക്കണ്ടത്. പിൽക്കാലത്ത് അവരുടെകൂടെ പാട്ടെഴുതുമ്പോൾ സ്വപ്‌നംപോലെ തോന്നിയിട്ടുണ്ട്. ശങ്കർമഹാദേവനെ കാണാൻ കോഴിക്കോട് മലബാർ മഹോത്സവത്തിന് തിക്കിത്തിരക്കിയ കാലമുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തോടൊപ്പം പാട്ട് ചെയ്യാൻ കഴിഞ്ഞു.
വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും

വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും

സ്വാധീനിച്ച വരികൾ

പല  എഴുത്തുകാരുടെയും  എത്രയോ വരികൾ എന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഗിരീഷ് പുത്തഞ്ചേരിയുടെ ‘കാറ്റിന്റെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു'എന്ന വരികൾ ഏറെ പ്രിയപ്പെട്ടതാണ്. രവീന്ദ്രൻ ചിട്ടപ്പെടുത്തിയ ആ വരികൾ   അത്ര ശ്രദ്ധിക്കപ്പെട്ടില്ല. നമുക്ക് ഏറ്റവും പരിചിതമായിട്ടുള്ള സംഗതിയാണ് പാട്ടിൽ പറയുന്നത്. കാറ്റുപോലും നമ്മളെ അവഗണിക്കുക എന്നുവച്ചാൽ ഒരു മനുഷ്യന് അതിനപ്പുറത്തേക്ക് വേറൊന്നുമില്ല. അത്രയും വലിയ ഒരു വേദന വരച്ചിട്ടത് ആ ഒറ്റ വരിയിലൂടെയാണ്. ഭാസ്‌കരൻ മാഷിനെ തൊഴുതുപോകുന്ന ഒരുപാട് വരികളുണ്ട്. ‘ഞാൻ വളർത്തിയ ഖൽബിലെ മോഹം പോത്തുപോലെ വളർന്നല്ലോ'എന്നദ്ദേഹം പ്രണയത്തെക്കുറിച്ചെഴുതിയിട്ടുണ്ട്. നമുക്ക് മെരുക്കാൻ പറ്റുന്നതിലപ്പുറം വളർന്ന പ്രണയമാണത്. ഇങ്ങനെ എത്രയെത്ര വരികൾ... പി ഭാസ്‌കരൻ, വയലാർ, ഒ എൻ വി, ശ്രീകുമാരൻതമ്പി തുടങ്ങി എത്രയെത്ര പ്രതിഭകൾ... അവരിപ്പോഴും നമ്മളെ കൊതിപ്പിക്കുന്നുണ്ട്. പുതിയ രീതിയിൽ ചിന്തിക്കാൻ അതുതന്നെയാണ് ഏറ്റവും വലിയ പ്രേരണ.—വയലാർ ശരത്ചന്ദ്രവർമ, റഫീക് അഹമ്മദ്, സന്തോഷ്‌വർമ, ഹരിനാരായണൻ... തുടങ്ങിയവരുടെ പാട്ടുകളും ഇഷ്ടമാണ്.

പുതിയ ചിത്രങ്ങൾ

നജീം കോയ സംവിധാനംചെയ്യുന്ന കളി, ശാംദത്തിന്റെ മമ്മൂട്ടി ചിത്രം—സ്ട്രീറ്റ് ലൈറ്റ്, സാജിദ് യഹിയയുടെ മഞ്ജുവാര്യർ ചിത്രം മോഹൻലാൽ എന്നിവയാണ് ഉടൻ പുറത്തിറങ്ങാനുള്ളത്. കൂടാതെ പൈങ്കിളി, അരവിന്ദന്റെ അതിഥികൾ...ഉൾപ്പെടെ പത്തോളം ചിത്രങ്ങളുടെ പണിപ്പുരയിലാണ്.
 
shamsudheenkuttoth@gmail.com

 

പ്രധാന വാർത്തകൾ
 Top