24 June Thursday

നിയമങ്ങളുടെ ബാഹുല്യവും പരിസ്ഥിതിനാശവും

മനോജ് കെ പുതിയവിളUpdated: Sunday Oct 6, 2019

 ഡോ. എ സുഹൃത്‌കുമാറിന്റെ 

‘പരിസ്ഥിതിയും നിയമവും’ എന്ന പുസ്‌തകത്തിന്റെ ആദ്യപതിപ്പ് 1995ലാണ്‌ ഇറങ്ങിയത്‌. അന്ന് 140 പേജ് മാത്രം ഉണ്ടായിരുന്ന പുസ്‌തകം പരിഷ്‌കരിച്ചപ്പോൾ 268 പേജ്‌,  ഇരട്ടിയോളം പേജുകൾ. കാൽനൂറ്റാണ്ടിനിടെ ഈ രംഗത്തുണ്ടായ മാറ്റങ്ങളാണ്‌ ഉള്ളടക്കത്തിന്റെ വൈപുല്യം പ്രതിഫലിപ്പിക്കുന്നത്‌. മനുഷ്യൻ പ്രകൃതിയോടു കാട്ടുന്ന അതിക്രമങ്ങളെയും അനീതികളെയും‌ വിശകലനം ചെയ്‌താണ്‌ പുസ്‌തകം തുടങ്ങുന്നത്‌. ‘മനുഷ്യനും പരിസ്ഥിതിയും നിയമവും നീതിയും’ എന്ന  ഒന്നാം അധ്യായത്തിൽ പാരിസ്ഥിതികപ്രശ്നങ്ങളുടെയും മലിനീകരണത്തിന്റെയും കാരണങ്ങൾ മാർക്‌സിയൻ പദ്ധതിയിലൂടെ സമഗ്രമായി വിശകലനം ചെയ്യുന്നു. ആദിവാസികളും അധിനിവേശക്കാരും പ്രകൃതിയോടു പുലർത്തുന്ന സമീപനങ്ങളിലെ വൈരുധ്യം ലളിതമായി ചൂണ്ടിക്കാട്ടുന്നു.  
 
 നിയമങ്ങളുടെ കുറവുകൊണ്ടല്ല പരിസ്ഥിതി സംരക്ഷിക്കപ്പെടാത്തതെന്ന് ഈ പുസ്‌തകം വായനക്കാരെ ബോധ്യപ്പെടുത്തും. മണ്ണിനും ജലത്തിനും വനത്തിനും കടലിനും തീരത്തിനും വയലിനും നദിക്കും ജൈവവൈവിധ്യത്തിനും വന്യജീവിക്കും അണുശക്തിക്കും ശബ്ദത്തിനും പ്രകാശത്തിനുമെല്ലാം നിയമങ്ങളുണ്ട്. ഒട്ടേറെ നയങ്ങളും ഉടമ്പടികളും പ്രോട്ടോക്കോളും വേറെയും. ട്രിബ്യൂണലുകൾക്കും കുറവില്ല. ഇവയെപ്പറ്റിയെല്ലാമുള്ള വിമർശനാത്മകവുമായ പഠനങ്ങൾ പുസ്‌തകത്തിലുണ്ട്‌. 
 
‘പൗരരെ നേരിട്ടു ബാധിക്കുന്ന പ്രാഥമികനിയമങ്ങൾ, ഗവണ്മെന്റ്, ബോർഡുകൾ, ഡിപ്പാർട്ട്മെന്റുകൾ, സന്നദ്ധസംഘടനകൾ എന്നിവയൊക്കെയായി ബന്ധപ്പെട്ടു വരുന്ന ദ്വിതീയമേഖലാനിയമങ്ങൾ, കേന്ദ്ര–--സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു വരുന്ന ത്രിതീയമണ്ഡലനിയമങ്ങൾ’ എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ പരിചയപ്പെടുത്തി വളരെ കാതലായ പ്രശ്നം ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു: ‘ഈ മൂന്നു മേഖലകളെയും ഫലവത്തായി സംയോജിപ്പിക്കാത്തതിന്റെ ന്യൂനത ഇന്നത്തെ നമ്മുടെ പരിസ്ഥിതിസംരക്ഷണപ്രവർത്തനത്തിൽ തെളിഞ്ഞുകാണാം.’
 
തുടർന്ന് ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യരുടെ നിരീക്ഷണം ഉദ്ധരിക്കുന്നു: ‘ഭാരതത്തിലെ പരിസ്ഥിതിനീതി നടത്തിപ്പ് ജനങ്ങൾക്കുപകരം ഫയലിലെ സ്‌നേഹിക്കുന്ന ഉദ്യോഗസ്ഥമേധാവികളുടെ അധീനത്തിലായതും ജനകീയസന്നദ്ധസംഘടനകൾ ഉത്തരവാദിത്തബോധത്തോടെ പ്രവർത്തിക്കാത്തതും നിയന്ത്രണ ബോർഡുകൾ കാര്യക്ഷമമാകാത്തതും സർവോപരി അയഞ്ഞുറഞ്ഞ, പ്രയോജനശൂന്യമായ, നിയമസമീപനവുമാണ് ഇന്നത്തെ ദുഃസ്ഥിതിക്കു കാരണം.’ 
 
‘തിന്നാനല്ലാതെ കൊല്ലരുത്’ എന്ന സ്‌മൃതിവാക്യത്തിൽ തുടങ്ങി മനുഷ്യരുടെ പരിസ്ഥിതി നീതിബോധത്തിന്റെ വികാസപരിണാമങ്ങൾ പ്രതിപാദിക്കുന്നു ‘പരിസ്ഥിതിനിയമനീതിശാസ്‌ത്രം’ എന്ന അധ്യായത്തിൽ. കൗടില്യൻ വന നശീകരണത്തിനു പിഴയും നഷ്ടപരിഹാരനിരക്കും നിശ്ചയിച്ചതും രാഷ്ട്രം തെറ്റു ചെയ്യില്ലെന്ന മുൻകാല സങ്കൽപ്പവും പിന്നീടു വന്ന മുൻകരുതൽ തത്ത്വവും മലിനീകാരക ബാധ്യതാ തത്വവുമൊക്കെ വഴി ആ വിശകലനം കടന്നുപോകുന്നു. പരിസ്ഥിതിസംരക്ഷണം വികസനവിരുദ്ധമാണെന്ന സമീപ ഭൂതകാലധാരണയും അതു തിരുത്തിക്കൊണ്ടു കടന്നുവന്ന പരിസ്ഥിതിസംരക്ഷണം വികസനത്തിന്റെ അനിവാര്യവും അനുപേക്ഷണീയവുമായ മുന്നുപാധിയാണെന്ന സുസ്ഥിരവികസന സങ്കൽപ്പവുമൊക്കെ അവിടെ ചർച്ച ചെയ്യുന്നു.
 
പരിസ്ഥിതിയും വികസനവും സംബന്ധിച്ച ലോക കമീഷൻ, സ്റ്റോക്‌ഹോം പ്രഖ്യാപനം, വംശനാശം നേരിടുന്ന ജീവി  വർഗങ്ങളുടെ വിനിമയ ഉടമ്പടി, ജൈവവൈവിധ്യ ഉടമ്പടി, റിയോ ഉച്ചകോടിയിലെ സുസ്ഥിരവികസന ഉടമ്പടി, മോൺട്രിയാൽ പ്രോട്ടോക്കോൾ, കാലാവസ്ഥാവ്യതിയാന കൺവൻഷൻ എന്നുതുടങ്ങി പരിസ്ഥിതിബോധത്തിന്റെയും പോരാട്ടങ്ങളുടെയും ചരിത്രവഴിയിലെ നാഴികക്കല്ലുകളൊക്കെ ഇതിൽ പരാമർശിക്കപ്പെടുന്നു.  
 
പരിസ്ഥിതിയും ഭരണഘടനയും, പരിസ്ഥിതിയും സാമാന്യനീതിവ്യവസ്ഥയും, പരിസ്ഥിതിയും ക്രിമിനൽ നിയമങ്ങളും, പരിസ്ഥിതിയും സിവിൽ നിയമങ്ങളും എന്നീ അധ്യായങ്ങൾ ഭരണഘടനയെയും നിയമങ്ങളെയും പൊതുവിൽ വിശകലനം ചെയ്യുന്നു. ഇത്തരം നിയമങ്ങളിൽ പലതും പരിസ്ഥിതിബോധം ഇന്നത്തെയത്ര വികസിക്കുംമുമ്പു നിർമിച്ചതിന്റെ പരിമിതികളുണ്ട്.   
 
ലോകത്തും ഇന്ത്യയിലും നടക്കുന്ന പ്രധാന പരിസ്ഥിതിപ്പോരാട്ടങ്ങളുടെ ലഘുവിവരണം അടങ്ങുന്ന അനുബന്ധത്തോടെ അവസാനിക്കുന്ന പുസ്‌തകത്തിന്റെ അവസാന അധ്യായത്തിനു പേര് ‘മാറ്റത്തിന്റെ മണിമുഴക്കം’ എന്നാണെങ്കിലും ഇതിൽ ചർച്ച ചെയ്യുന്നത് പരിസ്ഥിതിസംരക്ഷണനിയമപരിഷ്‌കാര നീക്കത്തെപ്പറ്റിയുള്ള ആശങ്കകളാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top