17 February Sunday

ജീവിതം തെളിയുന്ന കഥകള്‍

ശശി മാവിന്‍മൂട്Updated: Sunday Aug 6, 2017

കവി, ഗാനരചയിതാവ്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ പ്രസിദ്ധനായ ശ്രീകുമാരന്‍തമ്പിയുടെ 20 ചെറുകഥകളുടെ സമാഹാരമാണ് 'ശ്രീകുമാരന്‍തമ്പിയുടെ ചെറുകഥകള്‍'. 1960 കളില്‍ എഴുതപ്പെട്ടതും വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതുമായ കഥകളുടെ സമാഹാരമാണിത്. ജീവിതത്തിന്റെ വൈവിധ്യമാര്‍ന്ന മുഹൂര്‍ത്തങ്ങളാണ് ഓരോ കഥയിലും നിറഞ്ഞുനില്‍ക്കുന്നത്. മനുഷ്യബന്ധങ്ങളുടെ കഥകള്‍ പറയുന്ന ശ്രീകുമാരന്‍തമ്പി ദാമ്പത്യജീവിതത്തിലെ പൊരുളും പൊള്ളത്തരങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും ചതിയും വഞ്ചനയുമാണ് അധികം കഥകളുടെയും പ്രമേയമാക്കിയിരിക്കുന്നത്. ജീവിതാനുഭവങ്ങളിലൂടെയും ഭാവനയിലൂടെയും വിരിയുന്ന കഥാബീജത്തിന് കാവ്യാത്മകമായ ഭാഷയുടെ ചാരുത പകരാന്‍ കഥാകാരന്‍ പ്രത്യേകം ശ്രദ്ധിച്ചിരിക്കുന്നു. ഓരോ കഥയിലും അന്തര്‍ലീനമായിരിക്കുന്ന ജീവിതസമസ്യകള്‍ വായനക്കാരുടെ മനസ്സില്‍ ചിന്തയുടെ വിത്തുകള്‍ മുളപ്പിക്കും.

ചെറുകഥകള്‍ ശ്രീകുമാരന്‍തമ്പി പ്രഭാത് ബുക്ക്ഹൌസ്    വില: 160

ചെറുകഥകള്‍ ശ്രീകുമാരന്‍തമ്പി പ്രഭാത് ബുക്ക്ഹൌസ് വില: 160

ഒളിച്ചുവച്ച സ്നേഹം നഷ്ടമാകുന്നതിന്റെ വേദനയാണ് 'സായാഹ്നം' എന്ന ആദ്യകഥയിലൂടെ അനാവൃതമാകുന്നത്. ജീവിതത്തിന്റെ ഭാരം ചുമക്കുമ്പോഴും പ്രകടമാക്കാനാകാത്ത സ്നേഹത്തിന്റെ തിരയിളക്കം ഈ കഥയില്‍ കാണാം. നിശ്ചലമായ ക്ളോക്കും പുഴുതിന്ന ചെമ്പകവും പ്രതീകമാക്കി സ്നേഹവിയോഗങ്ങളുടെ നൊമ്പരം പകര്‍ത്തുകയാണ് 'ക്ളോക്ടവര്‍' എന്ന കഥ. തെറ്റിദ്ധരിക്കപ്പെടുന്ന നിസ്വാര്‍ഥ സ്നേഹത്തിന്റെ ആഴങ്ങളിലൂടെ 'നനയാത്ത തീരങ്ങള്‍' നമ്മെ കൊണ്ടുപോകുന്നു. രോഗവും ഇല്ലായ്മകളും അവഗണനയും തളര്‍ത്തിയ ജീവിതത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെത്തുന്ന ഒരിറ്റു സ്നേഹത്തിന്റെ തേന്‍തുള്ളിയാണ് 'ഗ്രീഷ്മഭംഗി'. 'മുപ്പത്തിയഞ്ചു രൂപ' എന്ന കഥയില്‍ സ്വന്തം ശരീരം വിറ്റ് രോഗിയായ ഭര്‍ത്താവിനെ പരിചരിക്കുന്ന ഭാര്യയെ 'പതിവ്രത'യെന്നു വിളിക്കാമോ എന്ന കഥാകൃത്തിന്റെ ചോദ്യം വായനക്കാരുടെ ഉള്ളുലയ്ക്കുന്നതാണ്. ഇണക്കവും പിണക്കവും വിരഹവും സമാഗമവും ഒത്തുചേര്‍ന്ന ദാമ്പത്യത്തിന്റെ ഇഴയടുപ്പങ്ങളാണ് 'തനിയാവര്‍ത്തനം.' ലോകത്തെവിടെയുമുള്ള മനുഷ്യര്‍ ഒന്നാണെന്ന സന്ദേശം നല്‍കി സാഹോദര്യത്തിന്റെ മഹിമ വിളംബരംചെയ്യുന്ന കഥയാണ് 'ഒരു പഞ്ചാബിപ്പെണ്ണിന്റെ ചിരി'. പരസ്ത്രീയില്‍ ഭ്രമിച്ചുപോയ ഭര്‍ത്താവിനെ പരിത്യജിച്ച ഭാര്യയുടെ മാനസികസംഘര്‍ഷങ്ങളാണ് 'ദാമ്പത്യം' എന്ന കഥ പറയുന്നത്. സ്വര്‍ണപ്പാത്രംകൊണ്ടുമാത്രമല്ല മന്ദസ്മിതങ്ങള്‍കൊണ്ടും സത്യം മറയ്ക്കപ്പെടുന്ന ജീവിതസമസ്യയാണ് 'ചിരിയുടെ അര്‍ത്ഥങ്ങള്‍'. പ്രതീകങ്ങളാല്‍ സമ്പുഷ്ടമാണ് 'കന്യകയുടെ ചിത്രം'. പവിത്രമായ കലയും കന്യകാത്വവും പരസ്പരപൂരകങ്ങളാകുന്നതെങ്ങനെയെന്ന് ഈ കഥ കാട്ടിത്തരുന്നു. ഒരിക്കലും പൂക്കാത്ത മോഹങ്ങളുടെ കഥ പറയുന്ന 'കിളിമരവും' പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയില്‍വീഴ്ത്തുന്ന വഞ്ചനയുടെ കഥ പറയുന്ന 'മനസ്സും മാംസവും' നിത്യജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഏടുകള്‍തന്നെ. ശയ്യാവലംബിയായ ഭര്‍ത്താവിനെയും രോഗിയായ പുത്രനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടാന്‍ മുതിരുന്ന ഭാര്യയുടെ മനോവ്യാപാരങ്ങളിലൂടെ വികസിക്കുകയും 'പിടിച്ചുവാങ്ങലല്ല, വിടുതല്‍ നല്‍കലാണ് സ്നേഹ'മെന്ന പരിണാമഗുപ്തിയിലവസാനിക്കുകയും ചെയ്യുന്ന കഥയാണ് 'ഉറങ്ങുന്ന പകലും ഉണര്‍ന്നിരിക്കുന്ന രാത്രിയും'. സ്നേഹിച്ചാല്‍മാത്രം പോരാ വിശ്വസിക്കാന്‍ പഠിക്കണമെന്ന് ഈ കഥ ഓര്‍മിപ്പിക്കുന്നു. ജീവിതത്തിന്റെ നിസ്സഹായത കാട്ടിത്തരുന്ന കഥകളാണ് സ്വര്‍ണ്ണമയില്‍, അമ്മ കരഞ്ഞു, ഒരു കയിലിയും ഒരു വാസനസോപ്പും എന്നിവ. സാഹോദര്യത്തിന്റെ ദിവ്യപ്രകാശം പരത്തുകയും വിയോഗത്തിന്റെ കനത്ത മൌനം പേറുകയും ചെയ്യുന്ന 'അമ്പിളി അകലെയാണ്' എന്ന കഥ ഈ സമാഹാരത്തിലെ മികച്ച കഥയാണ്. അവതാരികയില്‍ എം ടി ഈ കഥ പരാമര്‍ശിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പൊള്ളയായ ആദര്‍ശങ്ങളില്‍ വഞ്ചിതരാകുന്ന നിഷ്കളങ്കരുടെ ചിത്രമാണ് 'ആദര്‍ശം' എന്ന കഥയില്‍. വായനക്കാരുടെ മനസ്സിനെ വല്ലാതെ ഉലയ്ക്കുന്ന കഥയാണ് 'ഇരുട്ട്.' 'അരുവിയും നീലപ്പാറയും' എന്ന കഥ സ്നേഹം, ദുഃഖം, ജീവിതം എന്നിവയെല്ലാം നിസ്സാരമെന്ന് കാട്ടിത്തരുന്നു.
തെളിഞ്ഞ കാവ്യഭാഷയും ലാളിത്യമാര്‍ന്ന ആഖ്യാനശൈലിയും ഈ കഥകളുടെ സവിശേഷതകളാണ്. അന്തസ്സാരശൂന്യമായ ജീവിതത്തിന്റെ നേരും നെറിയും നെറികേടുകളും ഈ കഥകളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. കവിത വിടരുന്ന ഹൃദയത്തില്‍നിന്ന് ഒഴുകിവന്നവയാണ് ഈ കഥകളെന്ന എം ടിയുടെ വാക്കുകളോട് നമുക്കും ചേര്‍ന്നുനില്‍ക്കാം. സാഹിത്യത്തിന്റെ ആത്മാവ് കാവ്യാത്മകമായ ഭാവനയായിരിക്കെ ഇവിടെ കഥയും കവിതയും ഒന്നായി മാറുന്ന അനുഭവതലത്തിലേക്ക് വായന ചെന്നെത്തുന്നു.

mavinmoodusasi@gmail.com

പ്രധാന വാർത്തകൾ
 Top