25 March Monday

ഫോണ്ട്‌മാസ്‌റ്റർ

എം കെ പത്മകുമാർUpdated: Sunday May 6, 2018
അച്ചടിമഷി പുരണ്ട ഈ കറുത്ത അക്ഷരങ്ങൾ വായിക്കുന്നവർ നിലമ്പൂർ അകമ്പാടം കളത്തിൽ വീരാൻകുട്ടിയെ  അറിയേണ്ട കാര്യമില്ല. പക്ഷേ വീരാൻകുട്ടിയില്ലെങ്കിൽ പ്രിയപ്പെട്ട വായനക്കാരാ ഈ അക്ഷരങ്ങളില്ല. കാരണം  ഈ ലിപിയുടെ സ്രഷ്ടാവ‌്   വീരാൻകുട്ടിയാണ‌്. ലിപി നിർമാണം എന്ന ടൈപ്പോഗ്രഫിയിലെ സുൽത്താൻ.  ഈ അമ്പത്താറുകാരൻ രൂപകൽപ്പന ചെയ‌്ത ഫോണ്ടുകളിൽ ഏതെങ്കിലുമൊന്ന‌് വായിക്കാത്ത മലയാളികൾ ഇല്ലെന്ന‌് തറപ്പിച്ചുപറയാം. 
അകമ്പാടം  ഗ്രാമത്തിൽ  ബാനറും ബോർഡും വരച്ച‌് ഒതുങ്ങിയ വീരാൻകുട്ടി  ടൈപ്പോഗ്രഫിസ‌്റ്റായി മാറിയ കഥ മലയാളം ടൈപ്പോഗ്രഫിയുടെ ചരിത്രംകൂടിയാണ‌്. ബ്രഷിൽ ലിപി നിർമിച്ചു തുടങ്ങിയ വീരാൻകുട്ടി ഇന്ന‌് യൂണികോഡ‌് ഫോണ്ടുകളിലെത്തി നിൽക്കുന്നു.
 

രജനി, അർച്ചന, ചിത്രാലയ

കളത്തിൽ കുഞ്ഞിമുഹമ്മദ‌്‐അയിഷ ദമ്പതികളുടെ രണ്ടാമത്തെ മകന്റെ സ‌്കൂൾ വിദ്യാഭ്യാസം സംഭവബഹുലമൊന്നുമായിരുന്നില്ല. എരഞ്ഞിമങ്ങാട‌് യുപി സ‌്കൂളിലും ഗവൺമെന്റ‌്  മാനവേദൻ സ‌്കൂളിലും പഠിച്ച ക്ലാസുകളിലൊക്കെ ജയിച്ചു എന്നതിൽ കവിഞ്ഞ‌് ശ്രദ്ധിക്കപ്പെടാനുള്ള ഒന്നും ചെയ‌്തിരുന്നില്ല. വരയിൽ കമ്പം  ഉണ്ടായിരുന്നു.  കൂട്ടുകാർക്ക‌് പ്രേംനസീറിന്റെയും കെ പി  ഉമ്മറിന്റെയും ഷീലയുടെയുമൊക്ക ചിത്രങ്ങൾ വരച്ചുകൊടുക്കും. അടുത്ത കൂട്ടുകാർ വല്ലാതെ നിർബന്ധിച്ചാൽ, ആരെയും കാണിക്കരുതെന്ന നിബന്ധനയിൽ പഠിപ്പിക്കുന്ന ടീച്ചറെയും മാഷെയും വരയ‌്ക്കും. പിന്നെ... വടിവൊത്ത കൈയക്ഷരത്തിൽ എഴുതും, അക്ഷരത്തെറ്റില്ലാതെ.
പ്രീ ഡിഗ്രി അത്ര മോശം ഡിഗ്രിയല്ലെന്ന‌് പ്രഖ്യാപിക്കാതെ മമ്പാട‌് എം ഇ എസ‌് കോളേജിന്റെ പടിയിറങ്ങിയ വീരാൻകുട്ടിയുടെ മുന്നിൽ ഭാവി ചോ ദ്യചിഹ‌്നമായി നിന്നില്ല. പ്രീ ഡിഗ്രി തോറ്റാൽ എന്തെങ്കിലും തൊഴിലിനിറങ്ങുക എന്നതായിരുന്നു അന്ന‌് നാട്ടുനടപ്പ‌്. കൂട്ടുകാരിൽ ചിലർ കൂലിപ്പണി, റബർവെട്ട‌്, കൃഷിപ്പണി എന്നീ മേഖലകളിലേക്കു തിരിഞ്ഞു. ചിലർ വർക‌്ഷോപ്പുകളിൽ, മറ്റുചിലർ തുന്നൽക്കടകളിൽ. ഇതിനൊന്നും മനസ്സില്ലാത്ത റിബലുകൾ പണിക്കൊന്നും പോകാതെ വൈകുന്നേരങ്ങളിൽ ഫുട‌്ബോളിൽ ആത്മനിർവൃതിയടഞ്ഞു.
പക്ഷേ ഇൗ കൂട്ടത്തിലൊന്നും വീരാൻകുട്ടി ഉണ്ടായിരുന്നില്ല. പൊടിമീശ മുളച്ച ക്ഷോഭിക്കാത്ത ഈ യൗവനം കാണപ്പെട്ടത‌് നിലമ്പൂർ രജനി ആർട‌്സിൽ. ബോർഡും ബാനറും എഴുതലാണ‌്  തൊഴിൽ. മുഖ്യ ആർട്ടിസ‌്റ്റ‌് എഴുതുന്ന അക്ഷരങ്ങൾക്ക‌് അപ്രന്റിസ‌്‌ വീരാൻകുട്ടി   നിറം കൊടുക്കും. സ്വന്തമായി എഴുതാൻ അവസരം കിട്ടിയില്ലെങ്കിലും രജനി ആർട‌്സ‌്  ആത്മവിശ്വാസം നൽകി.  ചുങ്കത്തറയിൽ സ്വന്തമായി അർച്ചന ആർട‌്സ‌് തുടങ്ങിയതോടെ നിലമ്പൂർ മേഖലയിലെ അറിയപ്പെടുന്ന ആർട്ടിസ‌്റ്റായി. 
പക്ഷേ, വീരാൻകുട്ടി എഴുതിയ അക്ഷരങ്ങളുടെ ഭംഗി നിലമ്പൂർ കടന്ന‌് കോഴിക്കോട്ടെത്തി. എൺപതുകളിൽ എഴുത്തിലും ഡിസൈനിങ്ങിലും പ്രശസ‌്തമായിരുന്ന ചിത്രാലയയിൽനിന്ന‌് വിളി വന്നു. പിന്നെ ഒന്നും നോക്കിയില്ല, അർച്ചന ആർട‌്സിന‌് താഴിട്ടുപൂട്ടി വീരാൻകുട്ടി, കോഴിക്കോട്ടേക്ക‌് ബസ‌് കയറി, ചിത്രാലയയിൽ എഴുത്തുകാരനായി. അവിടെ ഗുരുവിനെയും കണ്ടെത്തി‐ യൂസുഫ‌് ചിത്രാലയ.
കംപ്യൂട്ടറില്ലാത്ത ആ കാലത്ത‌് എഴുത്തും വരയും ഡിസൈനിങ്ങുമൊക്കെ കൈകൊണ്ടായിരുന്നു. കല്യാണക്കത്തുകളും വിസിറ്റിങ‌് കാർഡുകളുമൊക്ക അന്ന‌് പേപ്പറിൽ വരച്ചെടുക്കണം. വെള്ളപേപ്പറിൽ ഇന്ത്യൻ ഇങ്ക‌് കൊണ്ട‌് ഭംഗിയുള്ള അക്ഷരങ്ങൾ വരച്ച‌് കത്തുകളും കാർഡുകളും തയ്യാറാക്കും. പിന്നീടിത‌് അച്ചടിച്ചെടുക്കും. ഇതായിരുന്നു അന്നത്തെ രീതി.  സിനിമാ പോസ‌്റ്ററുകളും പത്രമാസികകൾക്കുള്ള പരസ്യങ്ങളും ഒക്കെ തയ്യാറാക്കിയിരുന്നതും ഇങ്ങനെ.  വീരാൻകുട്ടിയിലെ അക്ഷരം എഴുത്തുകാരനെ  ചിത്രാലയ പാകപ്പെടുത്തി എടുത്തു. ക്ഷമയോടെ, സുക്ഷ‌്മതയോടെ അക്ഷരങ്ങൾ വരച്ചുണ്ടാക്കി ചിത്രാലയയുടെ ഭാഗമായ വീരാൻകുട്ടി ഈ രംഗത്ത‌്   വിദഗ‌്ധനായി.  1995 വരെ അവിടെ തുടർന്നു. പിന്നെ നാട്ടിലേക്കു മടങ്ങി.
 

കംപ്യൂട്ടറിൽ രൂപംകൊണ്ട എംഎൽകെവി‐അയിഷ

വീരാൻ കുട്ടി/ ഫോട്ടോ: സുമേഷ് കോടിയത്ത്

വീരാൻ കുട്ടി/ ഫോട്ടോ: സുമേഷ് കോടിയത്ത്

നാട്ടിലെത്തിയപ്പോൾ കഥമാറി. ചിത്രാലയയിൽ ചെയ‌്ത ജോലിക്ക‌് നിലമ്പൂരിൽ സാധ്യതകളില്ലായിരുന്നു. അതിനാൽ വീണ്ടും ബോർഡ‌് എഴുത്തുകാരനായി. അതിനും പണ്ടത്തത്ര ആവശ്യക്കാരില്ല. കരുളായിയിൽ ലയം ആർട‌്സ‌് എന്ന സ്ഥാപനം തുടങ്ങിയെങ്കിലും പച്ചപിടിച്ചില്ല. കാരണം കംപ്യട്ടറും ഡിജിറ്റൽ ഡിസൈനിങ്ങും അന്ന‌് പിച്ചവച്ചു തുടങ്ങിയിരുന്നു.
ഇതിനിടയിൽ വീരാൻകുട്ടിയുടെ അനുജൻ നൗഷാദലി അമ്പതിനായിരം രൂപ മുടക്കി ഒരു കംപ്യൂട്ടർ വാങ്ങി. നാട്ടിലും വീട്ടിലും അത‌്ഭുത യന്ത്രമായിരുന്നു ഇത‌്. കംപ്യൂട്ടർ ഡിസൈനിങ്ങിന്റെ അനന്ത സാധ്യതകളെക്കുറിച്ച‌് നൗഷാദലി സോദാഹരണ പ്രഭാഷണം നടത്തിയെങ്കിലും  ആദ്യമൊന്നും അടുത്തില്ല. പിന്നെ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാൽ പതുക്കെ കംപ്യൂട്ടറിൽ കൈവച്ചു. ഇംഗ്ലീഷ‌് ഫോണ്ടുകൾ കംപ്യുട്ടറിൽ ധാരാളം. മലയാളം അപൂർ‌വം. ഉണ്ടായിരുന്നത‌് ഐഎസ‌്എം ഫോണ്ടുകൾ. അതാകട്ടെ നമ്മൾ ഇന്നു കാണുന്ന ലിപിയുടെ പ്രാകൃതരൂപവും. അത‌് വീരാൻകുട്ടിയുടെ കണ്ണിന‌്ഒട്ടും പിടിച്ചതുമില്ല. പിന്നെ ഈ ലിപികൾ മാറ്റിയെടുക്കാനായി ശ്രമം. ചായ‌്ച്ചും ചരിച്ചും നീട്ടിയും കുറുക്കിയുമൊക്ക ഐഎസ‌്എം ഫോണ്ടിനെ പലകുറി മാറ്റി എഴുതി. ഇതോടെ  കംപ്യൂട്ടറിനുമുന്നിൽ മണിക്കൂറുകൾ ധ്യാനസ്ഥനായി. വീട്ടുകാർക്ക‌് ഇത‌് ദഹിച്ചില്ല. അവർ പരാതിയുടെ ഭാണ്ഡക്കെട്ടഴിച്ചു.  ഉത്തരം പറഞ്ഞുഫലിപ്പിക്കാനാകില്ലെന്ന‌് തിരിച്ചറിവുണ്ടായിരുന്നതിനാൽ വീരാൻകുട്ടി മൗനം ഭൂഷണമാക്കി. ഇതിനിടെ ലിപി എഴുത്തിൽ തനിക്കറിയാത്ത പലചോദ്യങ്ങളും ഉയർന്നുവന്നു.  അതിന്റെ ഉത്തരം അറിയുന്ന ഗുരുവിനെ കണ്ടെത്തിയതുമില്ല. അതിനാൽ കംപ്യൂട്ടറിനെത്തന്നെ ആശ്രയിച്ചു. അറിയാത്ത കാര്യങ്ങൾ ഇന്റർനെറ്റിൽ തിരഞ്ഞു. കിട്ടിയ ഉത്തരങ്ങൾ   സിഡിയിലും  ഡിവിഡിയിലുമാക്കി സൂക്ഷിച്ചു. സംശയം വന്നപ്പോൾ ഈ സിഡികളും   ഡിവിഡികളും പലവട്ടം പരിശോധിച്ചു. 
പകലിരവുകൾ അറിയാതെ കംപ്യൂട്ടറിനുമുന്നിൽ ധ്യാനം ചെയ‌്ത വീരാൻകുട്ടി ഒടുവിൽ സ്വന്തമായി ഫോണ്ടുണ്ടാക്കി. മലയാളത്തിലെ വീട്ടുപേരും സ്വന്തം പേരും ഉമ്മയുടെ പേരും ചേർത്ത‌് അതിനു പേരിട്ടു‐ എംഎൽകെവി‐അയിഷ. പിന്നെ ഫോണ്ടുകളുടെ പെരുമഴ. ഭാര്യയുടെയും മക്കളുടെയും പേരിലൊക്കെ ഫോണ്ടുകൾ. അവിടെയും നിന്നില്ല. പിന്നീട‌് നിർമിച്ചവയ‌്ക്ക‌് മലയാ‌‌ളം, തമിഴ‌് നടിമാരുടെ പേരിട്ടു. എത്ര ഫോണ്ട‌് നിർമിച്ചു എന്ന‌് ചോദിച്ചാൽ വീരാൻകുട്ടിക്കുപോലും  കൃത്യമായി ഉത്തരം നൽകാനാകില്ല. ഒഴുക്കൻ മട്ടിൽ ‘ഒരു ഇരുനൂറു കാണും’ എന്നാണ‌് മറുപടി.
നിർമിച്ച ഫോണ്ടുകൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വിറ്റ‌് വീരാൻകുട്ടി ഫോണ്ടുകളുടെ വിപണനമേഖലയിലേക്ക‌് കടന്നു. ഈ രംഗത്തെ കിടമൽസരം അപ്പോഴാണറിയുന്നത‌്. കലയും സമയവും  സാങ്കേതികത്വവും പണവും വേണ്ടതിനാൽ ഫോണ്ടുകളുടെ നിർമാണം ആർക്കും എളുപ്പമല്ല. സ്വതന്ത്ര സോഫ്‌റ്റ‌്‌വെയർ  ആശയമൊന്നും മനസ്സിലുണ്ടായിരുന്നില്ലെങ്കിലും ഫോണ്ടുകൾ ജനകീയമാക്കാൻ വീരാൻകുട്ടി തീരുമാനിച്ചു. തുടർന്ന് വീരാൻകുട്ടിയുടെ ലിപികൾ കേരളത്തിലങ്ങോളമിങ്ങോളമുള്ള ഫ‌്ളക‌്സുകളിലും പോസ‌്റ്ററുകളിലും നോട്ടീസുകളിലും പരസ്യങ്ങളിലും നിറഞ്ഞു. അതിനിടെ സ്രഷ്ടാവ‌് അറിയാതെയും ഫോണ്ടുകളുടെ വിൽപ്പന നടന്നു. വീരാൻകുട്ടിയിൽ നിന്ന‌്  ചുളുവിലയ‌്ക്ക‌് ഫോണ്ടുകൾ വാങ്ങിയവർ അത‌് വലിയ വിലയ‌്ക്ക‌് മറിച്ചുവിറ്റു.  നിയമപോരാട്ടത്തിനിറങ്ങാനൊന്നും വീരാൻകുട്ടി തയ്യാറായിരുന്നില്ല. പകരം സ്വന്തം സൃഷ്ടികൾ ഹിറ്റായതിന്റെ ആത്മനിർവൃതിയിൽ കൂടുതൽ ഫോണ്ടുകൾ നിർമിച്ചുകൊണ്ടേ ഇരിക്കുന്നു.
 

മുണ്ടുടുത്ത ടെക്കി

പ്രമുഖ ഡിസൈനർ സൈനുൽ ആബിദിന്റെ നേതൃത്വത്തിലുള്ള ഉദഅകച എന്ന സ്ഥാപനത്തിലാണ് വീരാൻകുട്ടി ഇപ്പോൾ ജോലി ചെയ്യുന്നത്. അങ്ങനെ ടെക‌്നോപാർക്കിലും ജോലി ചെയ്തു. വേഷത്തിലും നടപ്പിലും എടുപ്പിലും ഉത്തരാധുനികരായ ടെക്കികൾക്കിടയിൽ സാദാ മുണ്ടും ഷർട്ടും ധരിച്ചെത്തിയ വീരാൻകുട്ടി ഒരു കാഴ‌്ചയായിരുന്നു.  ടെക‌്നോപാർക്കിലെ ഏറ്റവും പ്രായമേറിയ ടെക്കി എന്നാണ‌് അന്ന‌് അറിയപ്പെട്ടത‌്.
എഴുത്തുകാരനും വായനക്കാരനും ലിപിയെക്കുറിച്ച‌് ചിന്തിക്കാറില്ല. അതുകൊണ്ടുതന്നെ ലിപിയുടെ സ്രഷ്ടാവ‌ിനെക്കുറിച്ച‌് ചിന്തിക്കാറുമില്ല. അയാൾ എന്നും അണിയറയ‌്ക്ക‌് പിന്നിൽ. ഇതിൽ വീരാൻകുട്ടിക്ക‌് പരാതിയുമില്ല. അയാൾ ഫോണ്ടുകൾ നിർമിച്ചുകൊണ്ടേയിരിക്കുന്നു.....
വീരാൻകുട്ടിയുടെ ഇ മെയിൽ: veekeykalathil@gmail.com
ഫോൺ: 94002666011
padmakumardbi@gmail.com
പ്രധാന വാർത്തകൾ
 Top