20 February Wednesday

ജയിലിന്റെ കന്മതിൽ ചാടിയ കഥ

രമേശൻ ബ്ലാത്തൂര്‌Updated: Sunday May 6, 2018

 ഇരുപത്തിമൂന്നാം വയസ്സിൽ ഒരു ജനുവരി ഒന്നിനാണ‌് ഞാൻ കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലാകുന്നത്‌. ഒരുവർഷത്തെ കാലാവധിയിൽ. പഴക്കംകൊണ്ട്‌ കറുത്തുപോയ ഉയരമുള്ള കന്മതിലിനു പുറത്തുനിൽക്കുമ്പോൾ കോൾറിഡ്‌ജിന്റെ വരികൾ നാക്കിലെത്തി.

‘കോൾഡ്‌ ബാത്ത്‌ ഫീൽഡ്‌സിലൂടെ പോകവെ
ചെകുത്താൻ ഏകാന്തമായ ഒരു തടവറ കണ്ടു
അവനു സന്തോഷമായി
നരകത്തിലുള്ള തന്റെ കാരാഗൃഹം
പരിഷ്‌കരിക്കാനുള്ള ഒരു സൂചന
അത്‌ അയാൾക്കു നൽകി...’
കഥകളെഴുതി അൽപ്പം പ്രശസ്‌തിയൊക്കെ ആയതിനാൽ ജയിലുദ്യോഗസ്ഥർ ഹൃദ്യമായി പെരുമാറി. വെൽഫെയർ ഉദ്യോഗസ്ഥൻ കുമാരേട്ടൻ വലിയ സ്‌നേഹം കാട്ടി. വാർഡന്മാരുടെ സംഘടനയുടെ നേതാവ്‌ കാവുമ്പായിലെ ജനാർദനൻ നല്ല വായനക്കാരൻ. അദ്ദേഹം എന്നെ കൊണ്ടുനടന്ന്‌ എല്ലാവരെയും പരിചയപ്പെടുത്തി. കാന്റീനിൽ പണിയെടുക്കുന്ന തടവുകാരോട്‌ തന്റെ സ്വതഃസിദ്ധമായ ഗൗരവശൈലിയിൽ പറഞ്ഞു: ‘‘നല്ല ചായ കൊടുത്തോ. അല്ലെങ്കിൽ നിന്നെപ്പറ്റി കഥയെഴുതും!’’
നാലാംക്ലാസിലെ പഠനയാത്രയുടെ ഭാഗമായി ജയിൽ സന്ദർശിച്ചിട്ടുണ്ട്‌. ആ ഓർമ മനസ്സിലേക്ക്‌ തികട്ടി വന്നു. തോറ്റം എന്ന കഥയിൽ ആ അനുഭവം ഞാൻ പകർത്തിവച്ചിട്ടുണ്ട്‌.
ഞങ്ങൾ ക്ഷമയില്ലാതെ ഒച്ചയെടുത്തപ്പോൾ മാഷ്‌ കാവൽക്കാരന്റെ കൈയിലെ തോക്ക്‌ ചൂണ്ടിക്കാണിച്ചു.
‘‘മിണ്ടാണ്ട്‌ നിന്നോ. ഇനീം കൊയപ്പാക്കുന്ന ആള അയാള്‌ ബെടിബ്ക്കും. ട്ടാ..’’
എല്ലാവരും അച്ചടക്കത്തോടെ ക്യൂവിൽ ചുണ്ടുകൾ കടിച്ചുപിടിച്ചു നിന്നു. ഗോപാലകൃഷ്‌ണൻ വായ്‌പൊളിച്ച്‌ കാവൽക്കാരനെ നോക്കിനിൽക്കുന്നതുകണ്ട്‌ എനിക്ക്‌ ചിരിയടക്കാനായില്ല. ചിരി പുറത്ത്‌ കാണിക്കാതിരിക്കാൻ രണ്ടു കൈയും മുഖത്ത്‌ ചേർത്ത്‌ ശ്വാസം പിടിച്ചു.
മരത്തിൽനിന്ന‌് ഒരു കരുവി വികൃതമായ ശബ്ദം വെറുതെ ആവർത്തിച്ചുകൊണ്ടിരുന്നു. വാതിൽ തുറന്നപ്പോൾ ഓടാമ്പൽ കിലുങ്ങി. അവിടെ കെട്ടിക്കിടന്ന  മടുപ്പൻ നിർജീവിതയെ തുരത്തി. ഒരു പാളി മാത്രം തുറന്ന വാതിലിലൂടെ ഞാൻ തലകുനിച്ച്‌ അകത്തേക്ക്‌ കയറി. (തോറ്റം)
ഡിസംബർ മുപ്പത്തൊന്നുവരെ, ഒരു വർഷമായി നാനൂറു പേർ പഠിക്കുന്ന യൂണിവേഴ്‌സിറ്റി ക്യാമ്പസിന്റെ വർണാഭയിൽനിന്നാണ്‌ ഒറ്റദിവസം കൊണ്ട്‌ ഞാൻ വലിയ മതിലുകളുള്ള കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലാകുന്നത്. അവിടെ ഞാൻ ഒരു രാജകുമാരനായി (അതിശയോക്തിയല്ല) വിലസുകയായിരുന്നു. രാജകൊട്ടാരത്തിൽനിന്ന‌് രാജകുമാരൻ കൽത്തുറുങ്കിൽ കയറുന്ന അവസ്ഥ. ടിടിസിയുടെ ബലത്തിൽ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകാർ ജയിലിലെ കുറ്റവാളികളെ ജ്ഞാനവഴിയിലേക്ക്‌ നയിക്കാൻ നിയോഗിച്ചതാണ്‌.
‘‘കണ്ണൂർ ജയിൽ ആണുങ്ങൾക്കുള്ളതാടാ’’ എന്ന എംടിയൻ കഥാപാത്രശബ്ദവും ‘‘ജയിലിലേക്ക്‌ ഏതിയാണ്‌ വഷി?’’ എന്ന വെള്ളായിയപ്പന്റെ (കടൽത്തീരത്ത്‌) ആർദ്ര ശബ്ദവും മനസ്സിലുണ്ട്‌. ഗേറ്റിനുള്ളിലേക്ക്‌ കടക്കുമ്പോൾ ക്രിമിനലുകളുടെ ഇടം മാത്രമല്ല ഇവിടം. നാടിന്റെ നന്മയ്‌ക്കായി ജീവിതം ഹോമിച്ചവരുടെ ധീരരക്തക്കറ ഈ മതിലുകളിൽ പറ്റിക്കിടപ്പുണ്ട്‌.
മരങ്ങൾ തണൽ വിരിച്ച ബ്ലോക്കുകൾക്കിടയിലെ പാതയിലൂടെ നടക്കുമ്പോൾ നാസാരന്ധ്രങ്ങളിലൂടെ അഭൗമമായ ഒരു ഗന്ധം തുളച്ചു കയറി. മണത്തിന്റെ ഉറവിടം നോക്കിനടക്കുമ്പോൾ ഒരാൾ പുറത്തുതട്ടി വിളിച്ചു‐ വൈക്കം മുഹമ്മദ്‌ ബഷീർ! അത്‌ഭുത പരതന്ത്രനായി നിൽക്കെ ‘റ്റാറ്റാ’യുടെ ‘സജീവസാന്നിധ്യം’ ആ മഹാസംഭവത്തിന്റെ കഥ പറഞ്ഞു; ഉപ്പ്‌ നിയമം ലംഘിച്ച്‌  കോഴിക്കോട്‌ സബ്‌ ജയിലിലൂടെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി, തിരക്കുള്ള ഒരു ബാർബറായ കഥ. ഒരുപാട്‌ മഹത്തുക്കളുടെ തല ശരിപ്പെടുത്തിയ കഥ.
മുപ്പതുകളുടെ ആദ്യം നിയമലംഘനസമരത്തിൽ പങ്കെടുത്ത്‌ നൂറുകണക്കിന്‌ വിപ്ലവകാരികൾ കണ്ണൂർ സെൻട്രൽ ജയിലിലെത്തി. പി കൃഷ്‌ണപിള്ള, വിഷ്‌ണുഭാരതീയൻ, കേരളീയൻ, സി എച്ച്‌ കണാരൻ, എ വി കുഞ്ഞമ്പു, ഇ എം എസ്‌, എ കെ ജി... ഈ ജയിൽ അന്തരീക്ഷം ഇഷ്ടപ്പെടാൻ ഇതൊക്കെ പോരേ?
 
ദുർഗുണപരിഹാര പാഠശാല എന്നാണ്‌ എനിക്കുകിട്ടിയ ബ്ലോക്കിന്റെ പേര്‌. പത്തിരുപത്‌ യുവാക്കളായ കുട്ടിക്കുറ്റവാളികളെ ദുർഗുണങ്ങൾ പരിഹരിച്ച്‌ നന്മയുടെ പാതയിലേക്ക്‌ നയിക്കുക എന്നതാണ്‌ എന്റെ കർത്തവ്യം. എനിക്ക്‌ യൂണിഫോം ഇല്ലാത്തതിനാൽ കുട്ടികൾ സ്‌നേഹത്തോടെ പെരുമാറി. അവരത്‌ തുറന്നുപറയുകയും ചെയ്‌തു.
‘‘യൂണിഫോമിട്ട എല്ലാവരും കള്ളന്മാരാണ്‌ സാറേ’’
അവരുടെ അനുഭവമാണ്‌ അവർ പറഞ്ഞത്‌. യൂണിഫോമിട്ടവർ നക്കാപ്പിച്ച കാശിനുവേണ്ടി ചെയ്യുന്ന തോന്നിവാസങ്ങളുടെ നിരവധി ഉദാഹരണങ്ങൾ ആ കുട്ടികൾക്ക്‌ പറയാനുണ്ട്‌.
ഇരുപതുപേർക്കും നൂറു കഥകൾ പറയാനുണ്ട്‌. ഞാൻ നല്ല കേൾവിക്കാരനായി. അവരുടെ സങ്കടങ്ങൾ, സന്തോഷങ്ങൾ.. അതിൽ ഞാനും പങ്കുചേർന്നു. അവരൊപ്പം എന്നെയും കൂട്ടി. അവർ പറഞ്ഞു തന്ന കഥകളുടെ ഒരു ഭണ്ഡാരം എനിക്കു തുറക്കാനുണ്ട്‌. അതിൽ ഒരു കഥ ഞാനെഴുതി. അതാണ്‌ ചതുരർഥം.
കാരിരുമ്പ്‌ പോലത്തെ ശരീരമുള്ള ഒരു പതിനെട്ടുകാരൻ അവിടെയുണ്ടായിരുന്നു. അടുത്തിരിക്കുന്നവനെ അവൻ വല്ലാതെ ഉപദ്രവിച്ചപ്പോൾ  അവന്റെ കരണക്കുറ്റിക്ക്‌ തന്നെ ഞാനൊന്ന്‌ കൊടുത്തു. അടിച്ചു കഴിഞ്ഞപ്പോൾ കുറ്റബോധവും ഭയവും സങ്കടവും. ഭയം ചെറുതായിരുന്നില്ല. മെസ്സിൽ ജോലി ചെയ്യുന്നവനാണ്‌. കത്തിയെടുത്ത്‌ അവന്‌ എന്നെ കുത്താവുന്നതേയുള്ളു. എന്തോ അവൻ അതു വലിയ കാര്യമായെടുത്തില്ല. ചെറിയൊരു മുഖംവീർപ്പിക്കലിൽ അവന്റെ  വിദ്വേഷം ഒതുക്കി. അവന്റെ രണ്ടു കൈത്തണ്ടകളിലും മാംസം പൊള്ളി വികൃതമായിരുന്നു. കടലോരത്ത്‌ കുടിലിൽ താമസിക്കുന്ന അവന്റെ കൈകൾ ഒരു രൂപ മോഷ്ടിച്ചു എന്നുപറഞ്ഞ്‌ അമ്മായി തുണികെട്ടി എണ്ണയൊഴിച്ച്‌ കത്തിച്ചതാണ്‌. പത്തുവയസ്സുള്ളപ്പോൾ വിശപ്പ്‌ സഹിക്കാതായപ്പോൾ ഭക്ഷണത്തിനുവേണ്ടിമാത്രം കള്ളനും അക്രമിയുമായി തീർന്ന അവന്റെ കഥയാണ്‌ ചതുരർഥം. ഡൊമിനിക്‌ (യഥാർഥ പേരല്ല)എന്ന കുട്ടി അനുഭവിച്ച യാതനകളിലേക്കും ഏകാന്തതയിലേക്കും ഞാൻ ദിവസങ്ങളോളം ഉറക്കമിളച്ചു. ഡൊമിനിക്കിന്റെ കഥ പറയാൻ കടലും കാറ്റും ആണ്‌ നല്ലത്‌ എന്ന തിരിച്ചറിവിൽ അവർ പറയുന്ന തരത്തിൽ ഒരു ആഖ്യാനരീതിയാണ്‌ തെരഞ്ഞെടുത്തത്‌.
പ്രധാന വാർത്തകൾ
 Top