24 June Monday

എന്റെ റോഡ്, എന്റെ വണ്ടി താനാരാ ചോദിക്കാന്‍

കൃഷ‌്ണ പൂജപ്പുര krishnapoojappura@gmail.comUpdated: Sunday Jan 6, 2019

കാറ് കത്തിച്ചുവിടുകയാണ് രാമൻകുട്ടി. രാമൻകുട്ടിയുടെ ചങ്ങാതി ജീവനും കൈയിൽ പിടിച്ച് പേടിച്ചുവിറച്ചിരിക്കുന്നു. കയറിപ്പോയല്ലോ എന്ന ആധിയാണ് ആശാന്‌. അപ്പോഴതാ ട്രാഫിക് പോയിന്റിൽ റെഡ് സിഗ്നൽ.

‘‘രാമൻകുട്ടി ദാ ചുവന്ന ലൈറ്റ്'' സുഹൃത്ത് ഒച്ചവച്ചു. ‘‘ഹഹഹ'' രാമൻകുട്ടി ചിരിച്ചു. ‘‘ഞാനേ റോഡിലെ പുലിക്കുട്ടിയാ... പുലിക്കുട്ടിക്ക് എന്ത് റെഡ് സിഗ്നൽ?'' സിഗ്നലിൽ നിർത്താതെ കത്തിക്കുകയാണ്. കുറച്ചുകൂടി ചെന്നപ്പോൾ അടുത്ത റെഡ് സിഗ്നൽ. അവിടെയും നിറുത്തിയില്ല.

‘‘റോഡിലെ പുലിക്കുട്ടിയായാൽ പിന്നെ റെഡ് സിഗ്നലൊന്നും പ്രശ്നമല്ലല്ലോ. താൻ ധൈര്യമായിരിക്ക്.''
അടുത്ത് ട്രാഫിക് പോയിന്റിൽ പച്ച ലൈറ്റാണ് കത്തിക്കിടക്കുന്നത്. അവിടെയതാ രാമൻകുട്ടി കാറു സ്‌ലോ  ചെയ്‌ത്‌ ഇടതുവശം ചേർത്തുനിർത്തുന്നു.
സുഹൃത്ത്‌ അമ്പരന്നു. ‘‘റെഡ് സിഗ്നൽ കണ്ടപ്പോൾ നിർത്തിയില്ല. പക്ഷേ ഗ്രീൻ സിഗ്നലിൽ താൻ കാർ നിർത്തി ഒതുക്കിയിടുന്നു.''
രാമൻകുട്ടി പറഞ്ഞു: ‘‘ചങ്ങാതീ അപ്പുറത്തെ വശത്തുനിന്ന് എന്നെപ്പോലെ വേറെ ഏതെങ്കിലും പുലിക്കുട്ടി പാഞ്ഞുവരികയായിരിക്കും. ഈ സിറ്റിയിൽ ഞങ്ങളിങ്ങനെ കുറെ പുലിക്കുട്ടികൾ ഉണ്ട്.''
 
അതപ്പോൾ അങ്ങിനെയാണ്. വീട്ടിനും നാട്ടിനുമെന്നപോലെ റോഡിനുമുണ്ട് ചില തനതു കഥാപാത്രങ്ങൾ. ഷേക്‌സ്‌പിയർ ഇപ്പോൾ നാട്ടിലാണ് ജീവിക്കുന്നതെങ്കിൽ എഴുതുമായിരുന്നു. ‘‘റോഡ് ഒരു നാടക വേദിയാണ്. നാമൊക്കെ അതിലെ കഥാപാത്രങ്ങളും.''
 

സ്‌പീഡിസ്റ്റ്

 

വാഹനങ്ങൾ കണ്ടുപിടിച്ച കാലംമുതൽ റോഡിൽ കാണപ്പെടുന്ന കഥാപാത്രമാണ്. റോഡ് നിയമമോ വേഗത നിയന്ത്രണമോ ഒന്നും ബാധകമല്ല. സഹയാത്രികരെക്കാൾ മുമ്പിലെത്താനുള്ള പാച്ചിലാണ്. ഈ ഒരു വേഗതയും വെപ്രാളവും ആശാൻ ജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എവിടെ എത്തുമായിരുന്നു. (റോഡിലെ അമിതവേഗം ആളിനെ മിക്കവാറും ആശുപത്രിയിലാണ് എത്തിക്കുന്നത്). കാറും ബൈക്കുമൊക്കെ സ്റ്റാർട്ടാക്കിക്കഴിഞ്ഞാൽ പിന്നെ ഒറ്റ എടുപ്പാണ്. ട്രാഫിക് പോയിന്റിൽ മറുവാഹനങ്ങൾ ക്യൂ പാലിച്ച് കിടക്കുമെന്നിരിക്കട്ടെ. ഇവൻ സൈഡുപിടിച്ച് കുത്തിക്കയറി, വലത്തുമാറി, ഇടയ്‌ക്ക്‌  ആഴ്‌ന്ന്‌ ക്യൂ സിസ്റ്റത്തിനെ മൊത്തം അലമ്പാക്കും. ഇവൻ ക്യൂ തെറ്റിച്ച് ഓവർടേക്ക് ചെയ്‌ത്‌ മുന്നിലേക്ക് നീങ്ങുന്നത് കണ്ട്, അതിൽ പ്രചോദിതരായി ‘മുമ്പേഗമിച്ചീടിന ഗോവുതന്റെ' എന്ന മട്ടിൽ ഈ കാറ്റഗറിയിൽപ്പെട്ട ചിലർ ഇവന്റെ  പിമ്പേ ഗമിക്കും.
 

(ദുർ) അഭിമാനികൾ

 
റോഡ് എന്നത് തങ്ങളുടെ   ഈഗോ സംരക്ഷിക്കാനായി ഗവൺമെന്റ് ടാറിട്ട് ചെയ്‌തുവച്ചേക്കുന്ന സ്ഥലമാണെന്ന് കരുതുന്ന ചില കഥാപാത്രങ്ങളുണ്ട്. ചെറിയ റോഡാണ്. രണ്ടുവശത്തുനിന്നും വരുന്ന രണ്ടുകാറുകൾ. അടുത്തെത്തുമ്പോഴാണ് അറിയുന്നത് ഒരാൾ അൽപ്പം പിന്നിലേക്ക് എടുത്താൽ പ്രശ്നം തീരും. അതാണല്ലോ പ്രശ്നം. പണ്ട് ദൂത് പറയാൻപോയ കൃഷ്‌ണനോട് ദുര്യോധനൻജി സൂചി കുത്താൻപോലും സ്ഥലം കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞതുപോലെയാണ് ഇരുകൂട്ടരുടെയും നിലപാട്. ഒരു കുരുക്ഷേത്രയുദ്ധത്തിനുള്ള അന്തരീക്ഷമൊക്കെ സംജാതമാകും. പരസ്‌പരം അറിയുന്നവരാണോ? മുൻ വൈരാഗ്യമുണ്ടോ പരമ്പരാഗത ശത്രുതയുണ്ടോ? മറ്റേയാളിന്റെ കൈയിൽനിന്ന് കാശ് കടം വാങ്ങിയിട്ട് തിരിച്ചുകൊടുക്കാത്തതിന്റെ ദേഷ്യമാണോ? ഒന്നുമല്ല. പരസ്പരം അറിയുക പോലുമില്ലാത്ത രണ്ടുപേർ. ബാക്കിയുള്ളവരെ മെനക്കെടുത്താനും സ്വയം ബിപി കയറ്റാനുമായിട്ട് ഈഗോ അടിച്ച് റോഡ് ബ്ലോക്കാക്കുകയാണ്. പിന്നീട് പിന്നാലെ വരുന്ന വണ്ടിക്കാരോ നാട്ടുകാരോ ഇടപെടും. ‘‘എടുത്തുമാറ്റെടോ'' എന്നൊക്കെയുള്ള ആജ്ഞ അനുസരിക്കേണ്ടിവരും. വല്ല കാര്യവുമുണ്ടോ?
 

സംഭാഷണപ്രിയർ

 
കാറിൽ കയറി സ്റ്റാർട്ട് ചെയ്‌തിട്ടുവേണം, പരിചയക്കാരെ വിളിച്ച് കുശലം പറയാൻ എന്ന മട്ടിൽ ചിലരുണ്ട്. ഒരു കൈകൊണ്ടാണ് വണ്ടിയോടിക്കൽ. മറ്റേ കൈയിൽ മൊബൈലാണ്. സംസാരത്തോട് സംസാരമാണ്. ഒറ്റക്കൈകൊണ്ടാണ് സ്റ്റിയറിങ് വളയ്‌ക്കലും തിരിക്കലും. ഇടയ്‌ക്ക്‌ ദൂരെ പൊലീസിനെ കണ്ടാൽ ടപേന്ന്‌ ഫോൺ താഴ്‌ത്തും. ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണമട്ടിൽ. കാര്യം മനസ്സിലാകാതെ അങ്ങേത്തലയ്‌ക്കൽ മറ്റേ കക്ഷി പ്രബന്ധം അവതരിപ്പിച്ചുകൊണ്ടുതന്നെ ഇരിക്കുകയാവാം. പൊലീസിനെ കടന്നാൽ വീണ്ടും ഫോണെടുക്കും. ‘‘ട്രാഫിക് പൊലീസ്, അതാ ഒന്നു ഡിലേ വന്നത്.’’ എന്ന് പൊലീസിനെ പറ്റിച്ച സന്തോഷം പങ്കുവയ്‌ക്കും. ടൂ വീലറിലൊക്കെ ആണെങ്കിൽ ചിലർ ഷോൾഡർ ഉപയോഗിച്ച് ഫോൺ തലയിൽ ചേർത്തുപിടിക്കും. എന്തായാലും ഒരു ഗുണമുണ്ട്. മൊബൈലിൽ സംസാരിച്ച് അപകടം പറ്റിയാൽ പൊലീസിന് അവസാനം സംസാരിച്ച ആളിനെ വിളിച്ച് കാര്യം പറയാൻ എളുപ്പമാണ്.
 

ഹോണിസ്റ്റ്

 
ചുമ്മാ ഹോണടിക്കാൻ വേണ്ടിയാണ് ചില കഥാപാത്രങ്ങൾ വണ്ടി എടുക്കുന്നത്. അങ്ങനെ ഒരു ഹോണന്റെ കഥ ഇങ്ങനെ: ട്രാഫിക് പോയിന്റിൽ റെഡ് സിഗ്നൽ മാറാൻ കാത്തുകിടക്കുന്ന വാഹനങ്ങൾ. നമ്മുടെ ഹോണിസ്റ്റ് കാറിലിരുന്ന് ചുമ്മാ ഹോണടിക്കുകയാണ്. മുന്നിലെ കാറുകാരൻ കുറെ ക്ഷമിച്ചു. എന്നിട്ട്‌ ഡോർ തുറന്ന്‌ ഇറങ്ങിവന്ന്‌ ഹോണിസ്റ്റിനോട്‌ വളരെ ശാന്തനായി പറഞ്ഞു: ‘‘അനിയാ ഇനി കുറച്ചുനേരം ഇദ്ദേഹം എന്റെ കാറിലിരുന്ന്‌ സിഗ്നൽ മാറുന്നത്‌ നോക്കിയാട്ടെ. അതുവരെ ഞാനിവിടെയിരുന്ന്‌ ഹോണടിച്ചോളാം.’’
 

ക്ലാസ്‌മേറ്റ്‌സ്‌

 
ടൂവീലറുകാരിലാണ്‌ ഈ കഥാപാത്രങ്ങൾ അധികം കാണുന്നത്‌. തങ്ങൾ പബ്ലിക്‌ റോഡിലാണെന്നോ, ഇതിലൂടെ നാട്ടുകാർക്ക്‌ മുഴുവൻ സഞ്ചരിക്കേണ്ടതാണെന്നോ ഉള്ള ബോധമൊന്നുമില്ലാതെ രണ്ട്‌ ബൈക്കിലോ സ്‌കൂട്ടറിലോ ഒക്കെയായി സമാന്തരമായി വാചകമടിച്ച്‌ പോകുകയാണ്‌. ഇതിനിടയ്‌ക്ക്‌ ചിരി, നാട്ടുവിശേഷം ഒക്കെയുണ്ട്‌. പിറകിൽ വരുന്ന വണ്ടികൾ മുന്നോട്ട്‌ കയറിപ്പോകാൻ പറ്റാതെ വിഷമിക്കുകയാണെന്ന ചിന്തയൊന്നും തങ്ങളിലേതുമില്ല. പിന്നാലെയുള്ള ഹോണടികൾ, സംഭാഷണത്തിന്റെ ആഹ്ലാദലഹരിയിൽ ആ കാതിലേക്ക്‌ കയറുന്നുമില്ല. അവസാനം ഇണക്കുരുവികളിൽ ഒന്ന്‌ ഏതെങ്കിലും വഴിയിലേക്ക്‌ തിരിഞ്ഞുകഴിഞ്ഞ്‌ മറ്റേയാൾ ഒറ്റയാനാകുമ്പോഴാണ്‌ പിന്നാലെ വരുന്നവർക്ക്‌ ശ്വാസംവീഴുന്നത്‌.
 

മര്യാദക്കാരനാണ്‌ പക്ഷേ...

 
ഇവർ നിയമം അനുസരിക്കുന്നവരാണ്‌. എല്ലാം കൃത്യമായി പാലിക്കുന്നവരാണ്‌. ഹെൽമെറ്റ്‌ ഉണ്ടായിരിക്കും. മിനിമം സ്‌പീഡായിരിക്കും. ബുക്ക്‌ പേപ്പർ, ഇൻഷുറൻസ്‌, പൊല്യൂഷൻ ടെസ്‌റ്റ്‌ എല്ലാം കിറുകൃത്യം. പക്ഷേ, സംഗതി എന്താണെന്നുവച്ചാൽ ചുറ്റും സംഭവിക്കുന്നത്‌ അങ്ങനെയങ്ങ്‌ ശ്രദ്ധിക്കാറില്ല. തൊട്ടുപിറകിൽ ഒരു വാഹനം വരുന്നു. അപ്പോൾ കുറച്ചൊന്ന്‌ മാറിക്കൊടുത്താൻ അതങ്ങ്‌ മുന്നിൽക്കയറി പോകും. പക്ഷേ, ഇക്കൂട്ടർ അത്‌ ശ്രദ്ധിക്കില്ല. ഒരൽപ്പം സ്‌പീഡ്‌ കൂട്ടി ഒന്ന്‌ പോയാൽ പിറകിലെ വണ്ടികൾക്ക്‌ സൗകര്യമായി. ങേഹേ! കീകൊടുത്തതുപോലെ ഒരൊറ്റ സ്‌പീഡിൽ ഒരൊറ്റ പോക്കാണ്‌. കുറ്റം പറയാൻ പറ്റില്ല. പക്ഷേ, യുക്തിയോടെയോ, സന്ദർഭത്തിന്റെ ആവശ്യം പരിഗണിച്ചോ ഉള്ള ചില നീക്കുപോക്കുകൾക്കുകൂടി തയ്യാറായാൽ ഇവർ സൂപ്പറായിരിക്കും.
 

അഭ്യാസികൾ

 
റോഡ്‌ ഒരു സർക്കസ്‌ കൂടാരമാണെന്നും തങ്ങൾ ആ സർക്കസ്‌ കൂടാരത്തിൽ അഭ്യാസപ്രകടനത്തിന്‌ എത്തിയവരാണെന്നും കരുതുന്ന കഥാപാത്രങ്ങളാണിവർ. ഈ കഥാപാത്രങ്ങൾ ബൈക്കുകളിൽ പോകുന്നത്‌ കാണാം. മുന്നോട്ട്‌ ചാഞ്ഞ്‌ ബൈക്കിനോട്‌ ഒട്ടിക്കിടക്കും. അല്ലെങ്കിൽ ബൈക്കിനെ വളച്ചും തിരിച്ചും വട്ടംകറക്കിയും ഒറ്റപ്പോക്കാണ്‌. ചുറ്റും ഗ്യാലറിയിലിരുന്ന്‌ പ്രേക്ഷകർ കൈയടിക്കുന്നുവെന്നാണ്‌ ഇവരുടെ ഫീൽ. ഈ കഥാപാത്രങ്ങൾ തന്നെ ഓട്ടോറിക്ഷയിൽ ഡ്രൈവറായാൽ നിന്നനിൽപ്പിൽ വളച്ചെടുക്കുക, നമ്മളും സുഹൃത്തുക്കളും സംസാരിച്ചുനിൽക്കുമ്പോൾ അതിനിടയിലൂടെ കൊണ്ടുപോകുക തുടങ്ങിയ അത്ഭുതകരമായ അഭ്യാസങ്ങൾ കാഴ്‌ചവയ്‌ക്കുന്നതുകാണാം. ഇവർതന്നെ പ്രൈവറ്റ്‌ ബസിലെ ഡ്രൈവറായാൽ നമ്മുടെ തലയ്‌ക്കുമുകളിലൂടെ ബസ്‌ ചാടിച്ചുകൊണ്ടുപോയി നമ്മുടെ നെഞ്ചിടിപ്പ്‌ നിറുത്തിക്കളയും. കഥാപാത്രങ്ങളിൽ വളരെ മുൻകരുതൽ എടുക്കേണ്ടവരാണ്‌ ഈ കാറ്റഗറിയിലുള്ളത്‌.
 

സർവതന്ത്രസ്വതന്ത്രർ

 
ഒരു റോഡ്‌ നിയമവും തങ്ങളെ ബാധിക്കില്ലെന്ന്‌ കരുതുന്നവരാണ്‌ ഇവർ. അങ്ങനെ ഒരു കാർ പൊലീസ്‌ തടഞ്ഞു: ‘‘ലൈസൻസ്‌ എവിടെ?’’
‘‘ലൈസൻസ്‌ ഇല്ല.’’ ഷാർപ്പായാണ്‌ ഓടിച്ചയാൾ പറയുന്നത്‌.
ഇതുകേട്ട്‌ പൊലീസ്‌ ചൂടായി: ‘‘ബുക്ക്‌?’’
‘‘ഇല്ല.’’
‘‘പൊല്യൂഷൻ പേപ്പർ?’’
‘‘ഇല്ല.’’
‘‘ഇൻഷുറൻസ്‌?’’
‘‘ഇല്ല.’’
 
പൊലീസ്‌ ഒച്ചവച്ചു: ‘‘ബുക്കും പേപ്പറും ഒന്നും ഇല്ലാന്നുള്ളതും പോരാഞ്ഞിട്ട്‌ ധിക്കാരം പറയുകയും ചെയ്യുന്നോ?’’
അതിന്‌ മറുപടി പറഞ്ഞത്‌ അടുത്തിരുന്ന ഭാര്യയാണ്‌: ‘‘സാറേ, ക്ഷമിക്കണം. വെള്ളമടിച്ചുകഴിഞ്ഞാൽ ഇങ്ങേരിങ്ങനാ. ആരോട്‌ എന്ത്‌ സംസാരിക്കണമെന്നറിയില്ല.’’
എന്റെ പുതുവത്സര പ്രതിജ്ഞ എന്താണെന്നറിയാമോ പത്രാധിപർ സാർ. ഈ വർഷംമുതൽ റോഡ്‌ നിയമം നൂറ്റൊന്ന്‌ ശതമാനം അനുസരിക്കുന്നവനായിരിക്കും ഞാൻ. ഒരു ഫൈനോ പെനാൽറ്റിയോ വാങ്ങില്ല.
പ്രധാന വാർത്തകൾ
 Top