21 February Thursday

മായാജാലക്കാരന്റെ വിലാസം

എസ് ജയേഷ്Updated: Sunday Jan 6, 2019

അവന്റെ വീട്ടിൽനിന്നുമാണ് ലോകസാഹിത്യത്തെ പരിചയപ്പെടുന്നത്. ഹോട്ടലുകളിൽ സപ്ലയറായും കടകളിൽ സെയിൽസ്‌  ബോയ് ആയും രാവിലെ പത്രം വിതരണം ചെയ്‌തും  കിട്ടുന്ന പണം മുഴുവൻ പുസ്‌തകങ്ങൾക്കായി ചെലവഴിച്ചിരുന്ന അത്ഭുത ജീവി. വായന മാത്രമല്ല, എഴുത്തും ഉണ്ടായിരുന്നു അവന്

പാലക്കാട്ടെ ഉച്ചനേരങ്ങൾക്കു മൗനം. കാറ്റ് വീശിക്കൊണ്ടിരിക്കും, നെൽപ്പാടങ്ങളിൽ പണിയെടുക്കുന്നവരും സംഭാഷണങ്ങളിൽനിന്നും അകന്ന് തങ്ങളുടെ മനോവ്യാപാരങ്ങളിൽ മുഴുകിക്കൊണ്ട് മുന്നോട്ടുമുന്നോട്ട്. പാടങ്ങളെ ഇരുവശത്തുമായി അകറ്റിനിർത്തുന്ന റോഡിലൂടെ സൈക്കിളിൽ പായുമ്പോൾ മുഖത്ത് വെയിൽ നക്കും. പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെയാണ് യാത്ര. ചിലപ്പോൾ കൊടുവായൂർ വരെ പോയി തേങ്കുറിശ്ശി വഴി തിരിച്ചെത്തും. അതൊരു വൃത്തമാണ്. അങ്ങിനെ കുറെ വൃത്തങ്ങളിലൂടെയാണ് ആ ദേശത്തിന്റെ വിയർപ്പും കുളിരും ചിരിയും കരച്ചിലും പ്രണയവുമെല്ലാം അനുഭവിച്ചിരുന്നത്. 

ചിലപ്പോൾ വൃത്തഭംഗം തോന്നി ചക്രം വേറെ വഴിക്കും തിരിക്കും. ലൈബ്രറി ഇല്ലായിരുന്നു അന്ന് എന്റെ നാട്ടിൽ. എന്നാൽ, വീട്ടിൽ ഒന്നാന്തരം ലൈബ്രറിയുള്ള കൂട്ടുകാരനുണ്ടായിരുന്നു, മുഹമ്മദ് ഇബ്രാഹിം  എന്നു പേരുള്ളവൻ. എന്നേക്കാൾ നാലഞ്ച് വയസ്സ് കൂടുതലുണ്ടെങ്കിലും എന്തൊക്കെയോ കാരണംകൊണ്ട് ഞങ്ങൾ ബിരുദവിദ്യാർഥികളായി കണ്ടുമുട്ടി. വാടകയ്‌ക്ക്‌  താമസിക്കുന്നവർ ആയതിനാൽ അവന്റെ വീട് ഇടയ്‌ക്കിടെ മാറിക്കൊണ്ടിരിക്കും. ചിലപ്പോൾ കിണാശ്ശേരി, ചിലപ്പോൾ എത്തന്നൂർ, ചിലപ്പോൾ കയറംകുളം. പിന്നെ പട്ടണത്തിലേക്ക്‌ അവർ മാറിയപ്പോഴാണ് എന്റെ വൃത്തഭംഗങ്ങൾക്ക് അവസാനമായത്.

അവന്റെ വീട്ടിൽനിന്നുമാണ് ലോകസാഹിത്യത്തെ പരിചയപ്പെടുന്നത്. ഹോട്ടലുകളിൽ സപ്ലയറായും കടകളിൽ സെയിൽസ്‌  ബോയ് ആയും രാവിലെ പത്രം വിതരണം ചെയ്‌തും  കിട്ടുന്ന പണം മുഴുവൻ പുസ്‌തകങ്ങൾക്കായി ചെലവഴിച്ചിരുന്ന അത്ഭുത ജീവി. വായന മാത്രമല്ല, എഴുത്തും ഉണ്ടായിരുന്നു അവന്. ചിലപ്പോൾ ഞാൻ ചെന്നുകയറുമ്പോൾ അവൻ അസ്വസ്ഥനാകുമായിരുന്നു. അതിന്റെ കാരണം വെള്ളക്കടലാസുകളുടെയും പേനയുടെയും രൂപത്തിൽ മേശപ്പുറത്തുണ്ടാകും. ഞാൻ ശല്യപ്പെടുത്തി. എങ്കിലും എന്നോട് ഇറങ്ങിപ്പോകാനോ പിന്നെ വരാനോ പറയില്ല.
 
ചുമ്മാ സംസാരിച്ചിരിക്കാൻ പറ്റിയ സ്ഥലം ഉണ്ടായിരുന്നു കിണാശ്ശേരിയിൽ. പാലക്കാട്‐പൊള്ളാച്ചി റെയിൽപ്പാതയുടെ ഓരത്ത് ഒന്നാന്തരം പുൽമേടുകൾ. പിന്നിൽ മുളങ്കാടുകളുടെ കർട്ടൻ. വൈകിട്ടുവരെ സംസാരിച്ചിരിക്കും. ചിലപ്പോൾ അവൻ ഏതെങ്കിലും പുതിയ പുസ്‌തകം വായിക്കാൻ തരും. അതുമായി കറങ്ങിത്തിരിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ അന്നത്തെ എന്റെ ഒരു ദിവസം സഫലമായെന്നു പറയാം.
 
അന്ന് ഈയുള്ളവന്റെ വിദൂരസ്വപ്‌നങ്ങളിൽപ്പോലും എഴുത്ത് ഇല്ലായിരുന്നു. അത് മായാജാലം അറിയുന്നവർക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നായിരുന്നു ധാരണ. ഇബ്രാഹിം മായാജാലക്കാരൻ ആണെന്ന് എനിക്കുറപ്പായിരുന്നു. കാരണം അവന് നൂറുകണക്കിന് എഴുത്തുകാരുടെയും പുസ്‌തകങ്ങളുടെയും വിശദവിവരം അറിയാമായിരുന്നു. പാലക്കാട് പട്ടണത്തിലെ ഊടുവഴികൾ കൈവെള്ളയിലെന്നപോലെ അറിയാമായിരുന്നു. പഠാണിത്തെരുവിൽ അവന് ചങ്ങാതിമാരുണ്ടായിരുന്നു. ‘എന്നതാക്കും’ എന്നുതുടങ്ങുന്ന പ്രത്യേക തമിഴ് അറിയാമായിരുന്നു. ഹെമിങ്‌വേയും കുന്ദേരയും മാർക്കേസും അമോസ് ഓസും ശ്വാസംമുട്ടിയിരിക്കുന്ന മേശപ്പുറത്ത് സിനിമാപ്പാട്ട് പുസ്‌തകവും  ടേപ്പ് റെക്കാർഡറും കാസറ്റുകളും ഉണ്ടായിരുന്നു. പല നിറത്തിലുള്ള ഡസൻകണക്കിനു കുപ്പായങ്ങൾ അവൻ അണിയുമായിരുന്നു. മായാജാലം അറിയാതെ ആർക്കും അതൊന്നും പറ്റില്ലെന്ന് ഞാൻ വിശ്വസിച്ചു.
 
അവൻ കഥകൾ എഴുതി ആഴ്‌ചപ്പതിപ്പിന് അയക്കുന്നതിനെല്ലാം ഞാൻ സാക്ഷിയായിട്ടുണ്ട്. അതൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും എനിക്ക് അവനോട് ആരാധന തോന്നാൻ എഡിറ്റർ... എന്നു തുടങ്ങി തവിട്ടുലക്കോട്ടിയിൽ എഴുതിയ വിലാസം മാത്രം മതിയായിരുന്നു. അവൻ വലിയ എഴുത്തുകാരനാകുമെന്ന് സംശയമേ ഇല്ലായിരുന്നു. പക്ഷേ, അങ്ങനെയൊന്നും സംഭവിച്ചില്ല. 
 
ഞാൻ അഞ്ചാറു വർഷത്തെ പരിശ്രമംകൊണ്ട് സപ്ലികളെല്ലാം എഴുതിയെടുത്ത് ബിരുദധാരിയായി. ജീവിതത്തിൽ ആദ്യമായി വീട്ടുകാരുടെയും ബന്ധുക്കളെയും ഞാൻ അത്ഭുതപ്പെടുത്തിയത് അങ്ങനെയായിരുന്നു. അപ്പോഴേക്കും പാലക്കാട്ട് ചില്ലറ ജോലികളൊക്കെ ചെയ്‌തിട്ടുണ്ടെങ്കിലും ഇനിയത് പോരെന്ന് ആരൊക്കെയോ തീരുമാനിച്ച് എന്നെ നാടുകടത്തിയെന്നേ പറയാനുള്ളൂ. അതോടെ ഇബ്രാഹിമുമായുള്ള ബന്ധവും അറ്റുപോയി. ഇന്റർനെറ്റ്, സ്‌മാർട്ട്ഫോൺ, സോഷ്യൽ മീഡിയ എന്നൊന്നും കേട്ടിട്ടുപോലുമില്ല. പിന്നെങ്ങനെ അവനെ കണ്ടെത്തും? വിലാസം ഊഹിച്ചെടുത്ത് കത്തുകൾ അയച്ചുനോക്കി. അതിനൊന്നും ഇന്നേവരെ മറുപടി കിട്ടിയിട്ടില്ല. ഞാൻ ജോലിയും തിരക്കുമായി വേറെ വൃത്തഭംഗങ്ങളിലേക്കും പോയി. 
 
അപ്പോഴേക്കും ഇന്റർനെറ്റ് എല്ലായിടത്തും ലഭ്യമായിത്തുടങ്ങി. ഓർക്കുട്ട്‌ എന്നൊരു ദേശത്തെത്തിപ്പെട്ടു. അവിടെ കൂട്ടുകാരുണ്ടായി. അപ്പോഴേക്കും ഞാൻ കവിതകൾ എഴുതാൻ തുടങ്ങിയിരുന്നു (അതിന്റെ കാരണം ഇപ്പോഴും അവ്യക്തം). ആസ്‌കി ഫോണ്ടിൽ ടൈപ് ചെയ്ത് സ്‌ക്രീൻ ഷോട്ട് എടുത്ത് ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലേക്ക്‌ അയച്ചു. ചിലതൊക്കെ പ്രസിദ്ധീകരിച്ചു വന്നു. പിന്നീട് ബ്ലോഗ് വന്നു, യുണിക്കോഡ് ഫോണ്ട് വന്നു. ഫെയ‌്സ്ബുക്ക് വന്നു. കവിതയിൽനിന്നു കഥയിലേക്ക്‌ ചേക്കേറി. കഥാസമാഹാരം പ്രസിദ്ധീകരിച്ചു. വാരികയിൽ അച്ചടിച്ചുവരിക എന്നനിലവരെ എത്തിപ്പെട്ടു. അങ്ങനെ വർഷങ്ങൾ തീർന്നുതീർന്നു പൊയ്‌ക്കൊണ്ടിരുന്നു.
 
ഇടയ്‌ക്ക്‌ അവധിക്ക്‌ നാട്ടിലെത്തിയപ്പോഴേക്കും എന്റെ സൈക്കിൾ നഷ്ടപ്പെട്ടുപോയിരുന്നു. അതോടെ ഊരുചുറ്റലും അവസാനിച്ചു. പട്ടണത്തിലേക്കു പോയി പരിചയക്കാരെ കാണാൻ ശ്രമിച്ചു. മിക്കവാറും എല്ലാവരും ഓരോ വഴിക്ക്‌ പോയിരിക്കുന്നു. കണ്ടുമുട്ടിയവർക്കാകട്ടെ ആര‌്  എവിടെപ്പോയെന്നൊന്നും വ്യക്തമായി അറിയില്ല. ഒരാൾ പറഞ്ഞു ഇബ്രാഹിം ബോംബേയിലേക്ക്‌ പോയെന്ന്. മറ്റൊരാൾ പറഞ്ഞു ഗൾഫിലാണെന്ന്. തിരുപ്പൂരിൽ ബനിയൻ ഫാക്ടറിയിൽ ജോലി ചെയ്യുന്നെന്ന് വേറൊരാൾ. പാലക്കാട്ട് തന്നെയുണ്ടെന്ന് മറ്റൊരാൾ. ചുരുക്കത്തിൽ കഴിഞ്ഞ കുറെ വർഷമായി ആരും അവനെ കണ്ടിട്ടില്ല.
 
 ഫെയ‌്സ‌്ബുക്കിൽ എനിക്കറിയാവുന്നതുപോലെ തിരഞ്ഞു. പേര് പല രീതിയിൽ തിരിച്ചും മറിച്ചുമിട്ടും അവൻ ജീവിച്ചിരുന്ന സ്ഥലങ്ങൾ വച്ചും എല്ലാം ശ്രമിച്ചു. എന്നിട്ടും എനിക്ക് ഇബ്രാഹിമിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇപ്പോൾ മനസ്സിലാകുന്നു അതിന്റെ കാരണം.
 
അവൻ മായാജാലക്കാരനാണ്. എന്റെ തൊട്ടുപിന്നിൽ അദൃശ്യനായി നിന്ന് എന്റെ ചെയ്‌തികൾ കണ്ട് ചിരിക്കാൻ അവന് കഴിയും. എന്നെങ്കിലും അവൻ എന്റെ മുന്നിൽ വെളിപ്പെടും.
പ്രധാന വാർത്തകൾ
 Top