24 February Sunday

റേഡിയോ ഒരു ഉപകരണമല്ല

കെ ഗിരീഷ്Updated: Sunday Nov 5, 2017

മര്‍ഫി എന്ന നാടകത്തില്‍നിന്ന്

മര്‍ഫി ഒരു ഗൃഹാതുരതയാണ്. ഒരു കാലത്തിന്റെ മച്ചിന്‍മുകളിലിരുന്ന് കെ എസ് ജോര്‍ജും കമുകറയും എസ് ജാനകിയും സുശീലയും യേശുദാസും പാടുമ്പോള്‍ മര്‍ഫി പലരുടെയും അഭിമാനമായിരുന്നു. വീട്ടകങ്ങളില്‍, വായനശാലകളില്‍, ചായക്കടകളിലൊക്കെ പാട്ടുപാടിയും നാടകം കേള്‍പ്പിച്ചും വാര്‍ത്ത പറഞ്ഞും ജീവിതത്തിന് കൂട്ടായി നിന്നതാണ് റേഡിയോ. റേഡിയോ, വിനോദത്തിനപ്പുറത്ത് ഒരു തലമുറയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു, അഭിമാനമായിരുന്നു. ഒരു വാഹനം സ്വന്തമാക്കുംപോലെ റേഡിയോ സ്വന്തമാക്കിയവരുടെ നിറഞ്ഞ ചിരിയുണ്ട് കാലത്തിന്റെ ചില ഇടനാഴികളില്‍. ഇവിടെ റേഡിയോ നിറഞ്ഞുനില്‍ക്കുന്ന പ്രതിഭാസമാണ്. കാസര്‍കോട് ഉദിനൂര്‍ ജ്വാല തിയറ്റേഴ്സും കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളും ചേര്‍ന്ന് ഒരുക്കുന്ന നാടകം 'മര്‍ഫി' റേഡിയോയുമായുള്ള വൈകാരികതയുടെ കഥയാണ് പറയുന്നത്. പത്താംതരത്തിലെ മലയാളം പാഠ പുസ്തകത്തിലെ ഇ സന്തോഷ്കുമാറിന്റെ 'പണയം' എന്ന ചെറുകഥയാണ് 'മര്‍ഫി'യായി അരങ്ങിലെത്തിയത്.

സ്നേഹവും നന്മയുംകൊണ്ട് ജീവിതം തുന്നുന്ന ചാക്കുണ്ണി എന്ന തയ്യല്‍ക്കാരന്റെയും അയാള്‍ ജീവനെപ്പോലെ കരുതുന്ന സ്വന്തം റേഡിയോയുടെയും ആത്മബന്ധത്തിന്റെ കഥയാണിത്. ഏറെ അരിഷ്ടിച്ച് സ്വന്തമാക്കുന്ന റേഡിയോ ചാക്കുണ്ണിക്ക് സ്വന്തം മകന്‍ ജോണിനോളംതന്നെ പ്രിയമുള്ളതായിരുന്നു. തന്റെ തൊഴിലിന്റെ ആയാസത്തെ റേഡിയോയിലൂടെ ലഘൂകരിക്കുന്നു ചാക്കുണ്ണി. വയലും വീടിന്റെ പച്ചപ്പും നാടകങ്ങളുടെ ഗാംഭീര്യവും യുവവാണിയുടെ ഊര്‍ജസ്വലതയുമെല്ലാം ചാക്കുണ്ണിയുടെ ജീവിതത്തിന് പുതിയ നിറങ്ങള്‍ പകരുന്നു. പക്ഷേ, രോഗബാധിതനാകുന്ന  മകന്റെ  ചികിത്സച്ചെലവിനായി ഒടുവില്‍, ഒടുവിലായിമാത്രം ചാക്കുണ്ണി നാട്ടിലെ ബ്ളേഡ് പലിശക്കാരനായ ചെമ്പുമത്തായിക്ക് 50 രൂപയ്ക്ക് റേഡിയോ പണയപ്പെടുത്തുന്നു. മകന്റെ രോഗം ഭേദമായിട്ട്, ഞാന്‍ നല്ലോണം അധ്വാനിച്ച് റേഡിയോ തിരിച്ചെടുക്കാമെന്ന ചാക്കുണ്ണിയുടെ പ്രതീക്ഷ അസ്ഥാനത്താവുകയാണ്. രോഗം മകനെ കൊണ്ടുപോയപ്പോള്‍, ചെമ്പുമത്തായിയുടെ വീട്ടിലെത്തി അവന്റെ പ്രിയപ്പെട്ട 'ബാലമണ്ഡലം' കേട്ട് പൊട്ടിക്കരയുന്ന ചാക്കുണ്ണി. പിഴച്ചുപോയ കണക്കുകൂട്ടലുകളെ പഴിച്ച് പെരുമഴയിലേക്ക് ഇറങ്ങി നടക്കുമ്പോള്‍, അലിവിന്റെ ഏതോ മനോനിലയില്‍ ചെമ്പുമത്തായി ഒരു കുട നീട്ടിനല്‍കുന്നേടത്താണ് നാടകം പൂര്‍ത്തിയാകുന്നത്. 
അങ്ങേയറ്റം ലളിതമാണ് നാടകഭാഷ. അതോടൊപ്പം അധ്യാപനരംഗത്തെ പുതിയ രീതിക്കുകൂടിയാണ് കുട്ടമത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ തുടക്കമിട്ടത്. തീര്‍ത്തും നടന്മാരുടെ അഭിനയശേഷിയില്‍മാത്രം ഊന്നിയാണ് നാടകം ചലിക്കുന്നത്. രംഗോപകരണവും സംഗീതവും വെളിച്ചവുമെല്ലാം അതിനനുസൃതമായി ലളിതമായിരുന്നു.
ഇ വി ഹരിദാസ്

ഇ വി ഹരിദാസ്

മലയാളം അധ്യാപകരായ പി വി രാജനും പി സത്യനാഥനുമാണ് അരങ്ങില്‍. പൊതുവേദികളോടൊപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാലയങ്ങളിലും 'മര്‍ഫി' അവതരിപ്പിക്കുന്നു.
രചനയും സംവിധാനവും ഇ വി ഹരിദാസ്.  പശ്ചാത്തലസംഗീതം: പി പി ജയന്‍. ദീപവിതാനം: മനു നടക്കാവ്. രംഗവസ്തുക്കള്‍: ഭാസി വര്‍ണലയം.
 
പ്രധാന വാർത്തകൾ
 Top