25 March Monday

സോജാ... രാജകുമാരാ...

കെ ബി വേണുUpdated: Sunday Aug 5, 2018
ഉമ്പായി.. 
ആ മനുഷ്യനുമായുള്ള മലയാളിയുടെ ബന്ധം ഗാനശ്രവണത്തിന്റെ പല കാലങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുന്നു. ഇങ്ങനെയും ഒരാൾ ഉണ്ടാകുമോ എന്ന് അത്ഭുതാദരങ്ങളോടെ ഒരു തലമുറ മുഴുവൻ ഉമ്പായിയെ നോക്കിയിരുന്നു. നമ്മുടെ ജൽസാ ഘറുകളിലേക്ക് (സംഗീതമുറികളിലേക്ക്)  അനിതരസാധാരണമായ ലാളിത്യത്തോടെ ഉമ്പായി കടന്നുവന്നു. ആ മുറികളിൽ ഇരുന്ന് ഹാർമോണിയം മീട്ടി അയാൾ ഇപ്പോഴും പാടുകയാണ്. അപാരമായ കരുത്തും കറുപ്പുമുള്ള കൃഷ്ണശിലയിൽനിന്ന് ശില്പമുണ്ടാക്കുന്നതുപോലെയായിരുന്നു ഉമ്പായിയുടെ ഗാനരീതി. പ്രവചനാതീതമായ ആലാപനഗതിയോടെ, നനുത്തൊരു കുളിരുള്ള ലാവണ്യധാരയിലൂടെ കേൾവിക്കാരെ നടത്തിച്ച പാട്ടുകാരൻ. 
ഗസൽ സംഗീതത്തിന്റെ ലാളിത്യംകൊണ്ട് ഉമ്പായി എന്ന ഗാനഗുണ്ട (പ്രയോഗത്തിന് മുല്ലനേഴി മാഷിനോട് കടപ്പാട്) മലയാളികളെ വശീകരിക്കുകയായിരുന്നു. ജീവിക്കാൻവേണ്ടി ഗുണ്ടയാകാനും കള്ളക്കടത്തുകാരനാകാനുംവരെ തയ്യാറാകേണ്ട അവസ്ഥയുണ്ടായിരുന്നു ഒരുകാലത്ത്, ആ മട്ടാഞ്ചേരിക്കാരന്. അവഗണിതഗായകരുടെ ശബ്ദങ്ങളിലൂടെ കൊച്ചിയുടെ അന്തരീക്ഷത്തിൽ പറന്നുനടന്ന സംഗീതവീചികളെ ആ പരുക്കൻ ജീവിതാവസ്ഥകളിലും ഉമ്പായി മനസ്സിൽ സൂക്ഷിച്ചിരുന്നു. സാക്ഷാൽ ജോൺ എബ്രഹാമാണ് പി എം ഇബ്രാഹിമിനെ ഉമ്പായിയായി ജ്ഞാനസ്‌നാനം ചെയ്യിച്ചത് ‐ 'അമ്മ അറിയാൻ' എന്ന സിനിമയിലൂടെ. ഒരു പാട്ടുകാരന്റെ സ്വച്ഛജീവിതം ഉമ്പായിക്കു വിധിച്ചിട്ടുണ്ടായിരുന്നില്ല. കാരണം അദ്ദേഹത്തിന്റെ പിതാവ് ഗാനപ്രിയനായിരുന്നില്ല. അതുകൊണ്ടൊക്കെയാകണം, എല്ലാത്തരത്തിലുമുള്ള കഠിനജീവിതചര്യകളിലൂടെയും കടന്നുപോയ ഒരു ബഷീറിയൻ യൗവനമായിരുന്നു ഉമ്പായിയുടേത്. ജീവിതം അടിച്ചേൽപ്പിച്ച ആ കാർക്കശ്യം അനിതരസാധാരണമായ ലാളിത്യത്തോടെ ആ ഗായകന്റെ ആലാപനത്തിൽ നിറഞ്ഞത് വലിയൊരു വിസ്മയമാണ്. കർക്കശമായ ചര്യകളിലൂടെയാണല്ലോ, ഭാഷയും കലയും ജീവിതംതന്നെയും ലളിതമധുരമാകുന്നത്.  
ഗസൽ, ലാളിത്യത്തിന്റെ അസാധ്യപ്രയോഗമാണ്. അധികമാർക്കും അതു വഴങ്ങിയിട്ടുണ്ടെന്നു തോന്നുന്നില്ല. 
എം എസ് ബാബുരാജിന് അതു വഴങ്ങുമായിരുന്നു ‐ ആ വഴിയേ പോയ പലർക്കും. പാട്ടിനെ വഴിമാറ്റി നടത്തിക്കലാണ് ഗസൽ. ഒരു സംശയവുമില്ല. 
ഉമ്പായി ഒരു ഗായകൻ മാത്രമായിരുന്നില്ല. സ്വന്തം നിലയിൽ പാട്ടുകളെ തിരുത്തിപ്പാടുകയും ശ്രോതാക്കളെക്കൊണ്ട് മാറ്റിപ്പാടിപ്പിക്കുകയുംചെയ്ത സംഗീത സംവിധായകൻകൂടിയായിരുന്നു. എന്നുവച്ചാൽ സ്വന്തം കലയെ, കാമനകളെ കണ്ടെത്തിയവൻ. മലയാളത്തിലെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ പല കവികളുടെയും വരികൾക്ക് ഉമ്പായി വേറിട്ട ഭാഷ്യങ്ങൾ ചമച്ചു. തീർച്ചയായും അത് ഒരു വലിയ ഇടപെടലായിരുന്നു. സ്വന്തം വഴി വെട്ടിയുണ്ടാക്കുന്ന ഭാരിച്ച പ്രക്രിയയായിരുന്നു. നിലനിന്നിരുന്ന എല്ലാ വഴികൾക്കുമിടയിലൂടെ ഉമ്പായി മറ്റൊരു വഴിയുണ്ടാക്കി തലയുയർത്തി നടന്നു. ആരെയും ശല്യപ്പെടുത്താതെ. മലയാളികൾ അദ്ദേഹത്തെ പിന്തുടർന്നു. 
 
മെഹ്‌ദി ഹസ്സനൊപ്പം ഉമ്പായി

മെഹ്‌ദി ഹസ്സനൊപ്പം ഉമ്പായി

എല്ലാ ഗസലുകളും ഒരുപോലെയിരിക്കും എന്നു ധരിച്ചുവശായ വരേണ്യസംഗീതാസ്വാദകരെക്കൊണ്ടുപോലും തന്റെ പാട്ടുകൾ ഒരിക്കലെങ്കിലും ഏറ്റുപാടിപ്പിച്ചു.
എനിക്കും അയാൾക്കും തമ്മിലെന്ത്? 
എന്നൊരു ചോദ്യം ഉണ്ടെങ്കിൽ അതിനുത്തരം ഒരു പാട്ടാണ്. ഫോണിലൂടെ ഒരിക്കൽ അദ്ദേഹം പാടി കേൾപ്പിച്ച പാട്ട്:
സ്വരസുഷിരങ്ങളില്ലാത്ത
സുന്ദര സ്വർണ മുരളികയിൽ
സപ്തസ്വര സുഷിരങ്ങളില്ലാത്ത
സുന്ദര സ്വർണമുരളികയിൽ..
സ്വർഗസംഗീത സുധ തുളുമ്പീടുകിൽ
നിർഗളിക്കുവതെങ്ങനെ..
അത്.. നിർഗളിക്കുവതെങ്ങനെ..
ഇത് എം എസ് ബാബുരാജ് ഈണമിട്ടുപാടിയതാണ്. പി എ കാസിം ആണ് കവി. നാടകഗാനമാണോ ലളിതഗാനമാണോ എന്ന് ഇപ്പോഴും നിശ്ചയമില്ല. ഈ പാട്ടിന്റെ അനുപല്ലവി പാടുമ്പോൾ ഉമ്പായി കരഞ്ഞു..
ഊമയൊരുവൻ അപ്സര കിന്നര ലോകമാകെ കിനാവുകാണുകിൽ
നാലു പേരോടു ചൊല്ലുവതെങ്ങനെ 
നാവും നാദവുമില്ലാതെ..
ഇത്തരം പാട്ടുകൾ തേടിയായിരുന്നു, ഉമ്പായിയുടെ യാത്ര.
വിസ്മരിക്കപ്പെട്ടുപൊയ്ക്കൊണ്ടിരിക്കുന്ന കൊച്ചിപ്പാട്ടുകൾ (കോഴിക്കോടു മാത്രമല്ല, കേട്ടോ) തേടിപ്പിടിക്കുമ്പോഴും ഉമ്പായി ഒ എൻ വിയെയും സച്ചിദാനന്ദനെയും അന്വേഷിച്ചിരുന്നു.
മലയാളഭാഷയിൽ ഗസലുകൾ സൃഷ്ടിച്ച് ഒരു വിപ്ലവംതന്നെയാണ് ഉമ്പായി കൊണ്ടുവന്നത്. പിന്നീട് അതൊരു വികാരമായി. ഗസൽ പാരമ്പര്യം ടാഗോറിൽ നിന്നേ തുടങ്ങിയതാണ്. മലയാളത്തിൽ ഒരുപാട് ടാഗോറിയൻ ഗസലുകൾ വളരെ നേരത്തേതന്നെ പിറന്നിരുന്നു. 
താമരക്കുമ്പിളല്ലോ മമ ഹൃദയം
അതിൽ താതാ നിൻ സംഗീത മധു പകരൂ
ഇങ്ങനെ എത്രയോ പാട്ടുകൾ. ഈ വഴികൾ പിന്തുടർന്നുകൊണ്ട് ഒരുപാടു കവിതകളുടെ ടാഗോർ പാതകളിലൂടെ ഉമ്പായിയും സഞ്ചരിച്ചു. ദൈവത്തെ കാമുകനായും കാമുകിയായും മനുഷ്യരെയാകെ ദൈവമായും കാണുന്ന അസാധാരണമായ റൊമാന്റിസിസം ‐ അതിന്റെ ഗായകരൂപങ്ങളിലൊന്നായിരുന്നു ഉമ്പായി.
മലയാളികളുടെ സംഗീതസ്നേഹത്തിന്റെ ആഴത്തിൽ പതിഞ്ഞ പാദമുദ്രകളിലൊന്നാണ് ഉമ്പായിയും അദ്ദേഹത്തിന്റെ മൃദുശബ്ദവും. കടുത്ത പൗരുഷവുമില്ല, വല്ലാത്ത സ്ത്രൈണതയുമില്ല. ഒരുപക്ഷേ യേശുദാസിനൊപ്പമുള്ള ജനകീയത ഉമ്പായിക്കുണ്ടായതും അതുകൊണ്ടാകണം. 
ഗസൽ എന്ന വാക്കുതന്നെ കേട്ടുഞെട്ടിയ ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് ഒരു കവിത വായിച്ചു. 'ഗസൽ' എന്നുതന്നെയാണ് ആ കവിതയുടെ പേര്. ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതിയ ആ കവിത ഇങ്ങനെ തുടങ്ങുന്നു:
ഡിസംബർ മുപ്പത്തിയൊന്ന്
രാത്രി
സത്രത്തിൻ ഗാനശാലയിൽ
ഗുലാം അലി പാടുന്നു..
ഗുലാം അലിയെ തിരസ്കൃതനാക്കാനുള്ള ആദ്യകാല ഹിന്ദുത്വശ്രമങ്ങൾ നടക്കുന്ന കാലത്താണ് ആ കവിത വരുന്നത്. ഗുലാം അലിയുടെ 'ചുപ്കേ ചുപ്കേ രാത് ദിൻ' എന്ന ഗസലാണ് ഉമ്പായിയെ നമ്മുടെ സംഗീതമനസ്സുകളിൽ ചിരപ്രതിഷ്ഠിതനാക്കിയത് എന്നോർക്കണം. എല്ലാ അർഥത്തിലും ജനകീയനായിരുന്നു ഉമ്പായി. അതിലപ്പുറം തികച്ചും മതേതരനായ കലാകാരനുമായിരുന്നു. കാലം സൃഷ്ടിക്കുന്ന ചില അത്ഭുതങ്ങളുണ്ടല്ലോ. അത്തരം അത്ഭുതപ്രതിഭാസങ്ങളെ കാലംതന്നെ മടക്കിവിളിക്കുന്നു. ഉമ്പായിയെ ശ്വാസകോശാർബുദത്തിന്റെ രൂപത്തിലാണ് കാലം മടക്കിവിളിച്ചത്. മക്കൾക്കുവേണ്ടി എന്നെന്നേക്കുമായി ലഹരി ഉപേക്ഷിച്ച സ്നേഹസമ്പന്നനായ പിതാവായിരുന്നു ഉമ്പായി എന്നോർക്കണം. 
ഉമ്പായിയെപ്പോലെയുള്ള ജനകീയ കലാകാരന്മാർ വലിയ ഓർമകൾ ബാക്കിവയ്ക്കുന്നു. ആ ഓർമകൾ തലമുറകൾ പങ്കിട്ടെടുക്കുന്നു. 'ഗസൽ' എന്ന കവിതയിലേക്കും ഗുലാം അലിയിലേക്കും, ഒപ്പം ഉമ്പായിയിലേക്കും മടങ്ങട്ടെ..
വിരഹാർത്തിയും 
ആർദ്രഗംഭീരമലിയുടെ നാദവും ഉറുദുവുമുരുകിച്ചേരും
ഗാനലായിനിയൊഴുകുമ്പോൾ
ചിരബന്ധിതമേതോ രാഗസന്താപം
ഹാർമ്മോണിയത്തിൻ ചകിതവാതായനം ഭേദിക്കുന്നു..  
പ്രണയോന്മാദങ്ങളുടെയും വിരഹത്തിന്റെയും കാമനകളുടെയും നിത്യബന്ധിത വാതായനങ്ങളാണ് ഉമ്പായി തന്റെ വിരലുകൾ ഹാർമോണിയക്കട്ടകളിലോടിച്ച് തുറന്നുകൊണ്ടേയിരുന്നത്. ആ ഗാനവിശാലതയിൽ ഇനിയുമിരുന്നുകൊണ്ട്, ഉമ്പായി അനശ്വരമാക്കിയ ഈ ഈരടികൂടി ഓർക്കട്ടെ:
സ്വപ്ന നഗരിയിലെ പുഷ്പശയ്യയിൽനിന്നാ
മുഗ്ധസൗന്ദര്യത്തെ ഉണർത്തരുതേ
ആരും ഉണർത്തരുതേ.. 
ഷേയ്ക്സ്പിയറുടെ ഹാംലെറ്റിൽ പ്രശസ്തമായ ഒരു വരിയുണ്ട്. 
ഗുഡ് നൈറ്റ്, സ്വീറ്റ് പ്രിൻസ്
ആൻഡ് ഫ്ളൈറ്റ്സ് ഓഫ് എയ്ഞ്ജൽസ് സിങ് ദീ റ്റു ദൈ റെസ്റ്റ്.. 
ഗസലുകളുടെ രാജകുമാരാ.. ഉറങ്ങുക. മാലാഖക്കൂട്ടങ്ങൾ നിന്നെ പാടിയുറക്കും.. സോജാ രാജകുമാരാ...
venukarakkatt@gmail.com
 
പ്രധാന വാർത്തകൾ
 Top