24 February Sunday

പോരാട്ടത്തിൽ പിന്മാറ്റമില്ല

സൂരജ‌് കരിവെള്ളൂർUpdated: Sunday Aug 5, 2018
രോഷ‌്നി ദിനകർ

രോഷ‌്നി ദിനകർ

മലയാള സിനിമാ മേഖലയിൽ സ‌്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ചകൾ നടക്കുന്ന  കാലത്താണ് റോഷ്‌നി ദിനകർ തന്റെ ആദ്യ സിനിമയായ മൈ സ്‌റ്റോറിയുമായി  പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയത്. ബോളിവുഡിലെ കോസ്റ്റ്യൂം ഡിസൈനറായ റോഷ്‌നിയുടെ സ്വപ്‌നമായിരുന്നു മലയാള സിനിമ. പൃഥ്വിരാജും പാർവതിയും ഒന്നിച്ച മൈ സ്‌റ്റോറി എന്ന ബിഗ്ബജറ്റ് ചിത്രം റിലീസ് ചെയ‌്ത് ആദ്യ ദിനങ്ങളിൽ മികച്ച പ്രതികരണം നേടി. എന്നാൽ, അതിനു പിന്നാലെ  സിനിമയ‌്ക്കെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം നടന്നു. തിയറ്ററുകളിൽ ചിത്രം തഴയപ്പെട്ടു. സൈബറിടത്തിലെ ഒളിപ്പോരുകൾക്കു മുന്നിൽ മുട്ടുമടക്കാൻ തയ്യാറാകാത്ത റോഷ്‌നി സിനിമ തിയറ്ററുകളിൽനിന്ന് പിൻവലിച്ചു. സൈബർ ആക്രമണങ്ങളെക്കുറിച്ച്  തുറന്നടിച്ചു. നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകർക്കു മുന്നിൽ മൈ സ്‌റ്റോറി ആഗസ‌്ത‌് ഒമ്പതിന് റീ റിലീസിങ്ങിന‌് തയ്യാറെടുക്കുകയാണ്. സിനിമയെക്കുറിച്ചും  നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും സംവിധായിക റോഷ്‌നി ദിനകർ സംസാരിക്കുന്നു. 
 

എന്തുകൊണ്ട് റീ റിലീസ്

ഏറെ പ്രതീക്ഷയോടെയാണ് മൈ സ്‌റ്റോറി തിയറ്ററിലെത്തിയത്. റിലീസ‌്ചെയ‌്ത ആഴ്‌ചതന്നെ പ്രദർശനം നിർത്തേണ്ടിവന്നു. സാമൂഹ്യമാധ്യമങ്ങളിലെ ഒളിയാക്രമണങ്ങളാണ്  സിനിമയെ ബാധിച്ചത്. തുടർച്ചയായി മഴ പെയ‌്തതും പ്രദർശനം നിർത്താൻ കാരണമായി. അയ്യോ എന്റെ പടം ഇങ്ങനെയായെന്നും പറഞ്ഞ‌് എനിക്ക‌് കരയാമായിരുന്നു. എന്നാൽ,  പരാജയപ്പെട്ട് പിന്മാറിയാൽ നാളെ പലർക്കും ഇതേ ഗതിയുണ്ടാകും.  ഞാൻ പടം ചെയ‌്തത് എല്ലാവർക്കും കാണാനാണ്.  എന്റെ സിനിമയിൽ  പൂർണ വിശ്വാസമുണ്ട്. റീ റിലിസിങ്ങിൽ പ്രേക്ഷകർ സിനിമ സ്വീകരിക്കുമെന്നുറപ്പുണ്ട‌്.  
 പാട്ട് റിലീസ് ചെയ്ത ഘട്ടത്തിൽത്തന്നെ ഡിസ്‌ലൈക്ക് ക്യാമ്പയിനെന്നും പറഞ്ഞ് വലിയ ആക്രമണമായിരുന്നു. താരങ്ങളുടെ വ്യക്തിപരമായ നിലപാടിനോടുള്ള ദേഷ്യം സിനിമയോട് തീർക്കുകയായിരുന്നു.  റിലീസ് ചെയ്‌തതോടെ  ആക്രമണം കടുത്തു. ഇതേ താരങ്ങൾ അഭിനയിച്ച മറ്റ് ചിത്രങ്ങൾക്കെതിരെ ഇത്രയും ആക്രമണമുണ്ടായില്ല.  ഞാൻ വിട്ടുകൊടുക്കാൻ തയ്യാറല്ല. അന്യായം നടന്നാൽ പ്രതികരിക്കണം. അതിനുവേണ്ടി പോരാടുകതന്നെ വേണം.  
 

സിനിമാമേഖലയിൽനിന്നുള്ള പിന്തുണ

തുടക്കംമുതൽ സൈബർ ആക്രമണം ഉണ്ടായിട്ടും സ‌്ത്രീപക്ഷത്താണെന്നു പറയുന്ന സംഘടനകൾപോലും പിന്തുണച്ചില്ല. വനിതാ സംവിധായികയായ ഞാൻ അവരോട് സഹായം അഭ്യർഥിച്ചെങ്കിലും  ആരും ഇടപെട്ടിട്ടില്ല. പോർച്ചുഗൽ, ജോർജിയ, സ്‌പെയിൻ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പോയി 18 കോടി മുടക്കി ഏറെ പണിപ്പെട്ട‌് ഷൂട്ട് ചെയ‌്തതാണ‌്.  നവാഗത സംവിധായിക എന്ന പരിഗണനപോലും കിട്ടിയില്ല.  
 

കുടുംബശ്രീക്കാർക്ക് മൈ സ്റ്റോറിയുടെ ടിക്കറ്റ് നിരക്ക് കുറച്ചത്

ഞാൻ കണ്ട ഏറ്റവും നല്ല ഫെമിനിസ്റ്റുകൾ കുടുംബശ്രീ പ്രവർത്തകരാണ്. അവരുടെ കഥ പറയാൻ ഞാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ല. അവർ നാട്ടിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്.  അത്  പബ്ലിസിറ്റി കിട്ടാനല്ല. ജീവിക്കാൻവേണ്ടിയാണ്. ഒത്തിരി കഷ്ടപ്പെട്ട്  ജീവിതത്തിൽ വിജയിച്ച സ‌്ത്രീകളുണ്ട‌്. അവർക്കുള്ള ആദരമായിട്ടാണ് ടിക്കറ്റ് നിരക്ക് 20 രൂപ കുറച്ചുകൊടുക്കുന്നത്.  
 

പ്രേക്ഷകരോട്

 ഏറെ നാളത്തെ എന്റെ അധ്വാനവും സ്വപ്‌നവുമാണ് മൈ സ്‌റ്റോറി. മറ്റുള്ളവരുടെ അഭിപ്രാങ്ങൾ കേൾക്കാൻ നിൽക്കാതെ സിനിമ കണ്ടശേഷംമാത്രം വിലയിരുത്തുക. നിങ്ങൾക്ക് ഇഷ്ടമാകുന്ന, നിങ്ങൾ കാണാൻ ആഗ്രഹിച്ച പുതുമ നിറഞ്ഞ ചിത്രമാണിതെന്ന് ഞാൻ ഉറപ്പുനൽകുന്നു.
soorajt1993@gmail.com
 
പ്രധാന വാർത്തകൾ
 Top