25 March Monday

പറയാതെപോയ പരിഹാസങ്ങളുമായി തമിഴ‌് പടം 2

ജി പി രാമചന്ദ്രൻUpdated: Sunday Aug 5, 2018

സിനിമകളെ കളിയാക്കുന്നതിനു മാത്രമെന്നോണം തയ്യാറാക്കിയ സ‌്പൂഫ‌് ശ്രേണിയിൽപ്പെട്ട ‘തമിഴ് പട’ത്തിന്റെ രണ്ടാംഭാഗം പ്രദർശനത്തിനെത്തി.  തമിഴ്പടത്തിന്റെ സംവിധായകൻ സി എസ് അമുദൻ തന്നെയാണ് രണ്ടാംഭാഗമായ ‘തമിഴ‌് പടം 2  പൊലീസ‌് അധ്യായ’ത്തിന്റെയും സംവിധായകൻ.  നടത്താതെ പോയതോ തടയപ്പെട്ടതോ ആയ സിനിമാവിമർശനങ്ങളെല്ലാം കൂടി കോരിച്ചൊരിയുന്ന അവസ്ഥയാണ് തമിഴ് പടത്തിന്റെ രണ്ടുഭാഗവും കാണികൾക്ക് പ്രദാനം ചെയ്തത്.

പതിനാറു വയതിനിലെ, ഏഴാം അറിവ്, ആടുകളം, അമൈതി പടൈ, അൻപാനവൻ അശരാത്തവൻ അടങ്ങാത്തവൻ, അന്യൻ, അപ്പു, ബാഹുബലി, ബാഷ, ഭൈരവ, ബില്ല, ക്ഷത്രിയൻ, ചിന്ന ഗൗണ്ടർ, കാതൽ ദേശം, എന്തിരൻ, ഗുണ, ഇരുതി സുട്രു, ഇരുമ്പു തിറൈ, കാക്ക കാക്ക, കാല, കബാലി, കാതൽ പരിശ്, കത്തി, കോ, മാനാട്, മാരി, മങ്കാത്ത, മെർസൽ, നടികയർ തിലകം, നീ താനേ എൻ പൊൻ വസന്തം, നൂറാവത് നാൾ, ഓ കെ കൺമണി, ഓനായും ആട്ടുകുട്ടിയും, പിസാസ്, പൊല്ലാതവൻ, പോക്കിരി, രജിനി മുരുഗൻ, റെമോ, സാമി, സന്തോഷ് സുബ്രഹ്മണ്യം, സർക്കാർ, സരോജ, സിംഗം, ശിവാജി, തലൈവ, തുപ്പാക്കി, തുപ്പരിവാളൻ, തേവർ മകൻ, ടിക് ടിക് ടിക്, തൃഷാ ഇല്ലാന നയൻ താര, വാരണം ആയിരം, വീരം, വേലയില്ലാ പട്ടധാരി, വേട്ടൈയാട്  വിളൈയാട്, വിണ്ണെതാണ്ടി വരുവായാ, വിവേഗം, വിക്രം വേദ, വിശ്വരൂപം, വാൾടർ വെറ്റിവേൽ, യെന്നൈ അറിന്താൽ തുടങ്ങി നിരവധി തമിഴ് സിനിമകൾ കടന്ന് ബ്രൂസ്്ലിയുടെ പ്രസിദ്ധമായ എന്റർ ദ ഡ്രാഗൺ, ഫോറസ്റ്റ‌് ഗമ്പ്, ഗെയിം ഓഫ് ത്രോൺസ്, സ്പീഡ്, ടെർമിനേറ്റർ ടു ജഡ്ജ്മെന്റ് ഡേ, ദ ഗോഡ് ഫാദർ അടക്കമുള്ള ഹോളിവുഡ് സിനിമകളെവരെ  പരിഹാസ്യമായി അനുകരിക്കുന്നു ഈ സിനിമ. ധാരാളം ഗവേഷണവും വിപുലമായ അന്വേഷണവും നടത്തിയതു പോലെ, കണ്ടു മനസ്സിലാക്കുന്നതിനും തമിഴ് സിനിമയുമായും ഹോളിവുഡുമായും ഗാഢബന്ധം അനിവാര്യം.
സി എസ് അമുദൻ

സി എസ് അമുദൻ

രാഷ്ട്രീയത്തിന്റെ വിവിധ തലങ്ങളിലുള്ളവരും പരിഹസിക്കപ്പെടുന്നുണ്ട്. നോട്ട് നിരോധനമടക്കമുള്ള ഭരണകൂടമർദനങ്ങൾ മാത്രമല്ല, കോർപ്പറേറ്റ് കിട്ടാക്കടങ്ങളിലൂടെ രാജ്യത്തെ സാധാരണക്കാരെ കൊള്ളയടിക്കുന്ന നടപടികളും  വിമർശിക്കപ്പെടുന്നു. നോട്ട് നിരോധനത്തെ തുടർന്ന് കോടികൾ നഷ്ടമായ പി എന്ന പ്രതിനായകൻ  വരിനിൽക്കുന്ന എടിഎം മല്യ ബാങ്കിന്റേതാണ്. 
ഒന്നാം ഭാഗമിറങ്ങി എട്ടുകൊല്ലം കഴിഞ്ഞാണ് രണ്ടാം ഭാഗമിറങ്ങിയിരിക്കുന്നത്. ഇപ്പോഴും മുഖ്യധാരാ സിനിമകളിൽ സജീവമായ ജനപ്രിയ പ്രകടനങ്ങളും നായകരൂപത്തിന്റെ വാർപ്പു മാതൃകകളും നായികയെ ഇടിച്ചു താഴ്ത്തലും എല്ലാം തമിഴ്പടം രണ്ടിൽ വിമർശിക്കപ്പെടുന്നുണ്ട്.  ശിവ എന്ന അസിസ്റ്റന്റ് കമീഷണറാണ് നായകൻ. നിരവധി പൊലീസ് സിനിമകൾ കണ്ടുമടുത്ത കാണികളെ ചിരിപ്പിക്കാൻ വക ഈ സിനിമയിലാണുള്ളത്. ജോലിയിൽനിന്ന് വിട്ടു നിൽക്കലും പ്രതിനായകനെ  പിടിക്കാൻ ഇയാളെക്കൊണ്ടുമാത്രമേ സാധ്യമാവൂയെന്ന് തിരിച്ചറിഞ്ഞ് ഡിപ്പാർട്ട‌്മെന്റ് അയാളെ തിരിച്ചുവിളിക്കലും പിന്നെ ഭാര്യ കൊല്ലപ്പെടലും വില്ലനെ പിടികൂടികൊല്ലലും പിന്നീടുള്ള ട്വിസ്റ്റും എല്ലാം പൊലീസ് സിനിമകളെ കണക്കിന് കളിയാക്കലാണ്. ശിവയെ ഇന്റർവ്യൂ ചെയ്യുന്ന ന്യൂസ് ചാനലുകളായി കാണിക്കുന്നത് എച്ച്ബിഒ, ഡിസ്കവറി, ചുട്ടി ടിവി എന്നിവയൊക്കെയാണ്. ശിവയായി ശിവ തന്നെയഭിനയിക്കുന്നു. താനവതരിപ്പിക്കുന്നതു പോലുള്ള ഒരു പൊലീസ് കഥാപാത്രത്തെ പരിഹാസ്യമാക്കിയവതരിപ്പിക്കുന്നതിന് തന്റെതന്നെ ശരീരഭാഷയെയും സംഭാഷണശൈലിയെയും വികലമാക്കുകയാണദ്ദേഹം. 
പ്രതികളെ പിടികൂടി ചോദ്യംചെയ്യുന്നതിനിടയിൽ മാദക നർത്തകിയെത്തി ഐറ്റം ഡാൻസിന് സമയമായി എന്നറിയിക്കുന്നു. തുടർന്ന‌്  ഐറ്റം ഡാൻസ്. അതിനിടയിൽ, അതു ശ്രദ്ധിക്കാതെ സദാചാര‐ധാർമിക ചിത്തരും കർമനിരതരുമായി കമീഷണറും ഉന്നതോദ്യോഗസ്ഥരും ജോലിയിൽ മുഴുകുന്നുണ്ട‌്. ഡാൻസ് കഴിയുന്നതോടെ, സ്റ്റേഷനിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിൽനിന്ന് ചെക്ക് വാങ്ങി നർത്തകി സ്ഥലംവിടുന്നു.
ശശികല, ഒ പന്നീർ സെൽവം, എച്ച് രാജ, തുടങ്ങിയ തമിഴ് രാഷ്ട്രീയ നേതാക്കളുടെ പല സമീപകാല ചെയ്തികളും വർത്തമാനങ്ങളും പരിഹസിക്കപ്പെടുന്നുണ്ട്. ഭാര്യ മരണപ്പെടുന്നതിനെത്തുടർന്ന് പൊലീസ് നായകൻ മറ്റൊരു യുവതിയുമായി പ്രണയത്തിലാകുന്നു. മൈദ പോലെ വെളുത്തത്, അതേ സമയം മാനസികപ്രശ്നമുള്ളവളാണെന്നു തോന്നുന്നു എന്നിങ്ങനെയാണ് ആ കഥാപാത്രത്തെ വിവരിക്കുന്നത്. അതായത്, സ്ത്രീ കഥാപാത്രം ശരീരവടിവുകൾ കൊണ്ടും നിറംകൊണ്ടും അടയാളപ്പെടുത്തപ്പെടുകയും അവൾക്ക് ബുദ്ധി കുറവാണെന്നോ വൈകല്യമുണ്ടെന്നോ സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. അമ്പതും അറുപതും വയസ്സുള്ള സൂപ്പർ താരത്തമ്പുരാക്കന്മാർ കോളേജ് കുമാരന്മാരായി മുഖ്യധാരാ സിനിമകളിൽ വിലസുന്നതിനെയും കളിയാക്കുന്നുണ്ട്. 
ഒന്നാം ഭാഗമിറങ്ങിയ കാലത്തെ കൗതുകം രണ്ടാം ഭാഗത്തിനില്ലാതെ പോയതിന് രണ്ടു കാരണമുണ്ട്. ഈ ചെയ്ത്തിന്റെ മാരകത്വം ഒന്നാംഭാഗത്തിൽത്തന്നെ കാണികൾ അനുഭവിച്ചതുകൊണ്ട് അത് ആവർത്തിക്കാനാവില്ല. അതോടൊപ്പം, മെർസൽ, കബാലി, കാല, ഇരുമ്പു തിറൈ അടക്കം നിരവധി സമീപകാല ഹിറ്റുകൾ നേരിട്ടു തന്നെ രൂക്ഷമായ രാഷ്ടീയവിമർശനങ്ങൾ നടത്തി ജനപക്ഷം പിടിക്കുമ്പോൾ, വിമർശനത്തിനു വേണ്ടിയുള്ള വിമർശനവും പരിഹാസത്തിനു വേണ്ടിയുള്ള പരിഹാസവുമല്ലേ തമിഴ് പടം രണ്ട് കൊണ്ടു പിടിക്കുന്നതെന്ന് ആരും സംശയിക്കും.
gpramachandran@gmail.com
 
പ്രധാന വാർത്തകൾ
 Top