03 June Wednesday

ബോക്‌സോഫീസിൽ നഷ്ടക്കിലുക്കം

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Apr 5, 2020

കോവിഡ് കാലം എല്ലാവരും ആവരുടെ ഇടങ്ങളിലേക്ക് ചുരുങ്ങുമ്പോൾ സിനിമാ പ്രേമികൾക്ക് കൂടുതൽ സിനിമ കാണാനുള്ള കാലം കൂടിയാണ്.  തിയറ്ററിൽനിന്ന്  നെറ്റ്ഫ്ലിക്‌സ്‌, ആമസോൺ പ്രൈം, സീ 5 തുടങ്ങി ഓൺ ദ ടോപ് പ്ലാറ്റ്ഫോമുകളിലേക്ക് സിനിമാക്കാഴ്‌ച വളർന്ന കാലമാണിത്. ലോക്ക്‌ഡൗണിൽ പുതിയ സിനിമകൾ കാണാം. കണ്ട സിനിമകൾ വീണ്ടും കാണാം.  ചില സിനിമാ താൽപ്പര്യങ്ങൾ പങ്കുവയ്‌ക്കുന്നു

 

കോവിഡ് കാലം എല്ലാവർക്കും നഷ്ടത്തിന്റേതാണ്. മലയാള സിനിമയ്‌ക്കും അങ്ങനെതന്നെ. വലിയ മാറ്റങ്ങളിലൂടെ കടന്നു പോകുമ്പോഴും  അതിജീവിക്കാൻ പെടാപ്പാടുപെടുന്നു ഈ വ്യവസായം. വലിയ  വിജയങ്ങൾ ഉണ്ടായെങ്കിലും സാമ്പത്തികമായി വലിയ തകർച്ചയാണ്‌ 2019 അടയാളപ്പെടുത്തിയത്‌. കോടികളുടെ ബോക്‌സ്‌ ഓഫീസ് കിലുക്കത്തിലും നഷ്ടത്തിന്റെ ത്രാസിനായിരുന്നു ഭാരക്കൂടുതൽ.

 
2019ന്റെ തുടക്കത്തിൽ വിജയ് സൂപ്പറും പൗർണമിയും മാത്രമായിരുന്നു വ്യവസായത്തിന് ആശ്വാസമായതെങ്കിൽ 2020ൽ ഇതിനകം അ‍ഞ്ചാം പാതിര, ഷൈലോക്ക്, അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട്, ഫോറൻസിക് എന്നിവ വലിയ നേട്ടമുണ്ടാക്കി. ഇതിൽ മൂന്നെണ്ണം പ്രദർശനം തുടരവേയാണ് തിയറ്ററുകൾ അടച്ചത്. 
 
ഈസ്റ്ററും- വിഷുവും അവധിക്കാലവും തിയറ്ററിലേക്ക് ആളെക്കൂട്ടും കാലംകൂടിയാണ്. ഇത് മുന്നിൽക്കണ്ട്  സിനിമകളുടെ നീണ്ടനിര തയ്യാറായിരുന്നു. ഇതെല്ലാം അനിശ്ചിതമായി നീളുന്നതിലൂടെ തകർന്നത് ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീക്ഷയാണ്. നിർമാതാക്കൾ മുതൽ ദിവസ വേതനക്കാരായ ആയിരങ്ങളും പ്രതിസന്ധിയിലായി.
  
നൂറുകോടി ബജറ്റിലാണ്‌ പ്രിയദർശൻ സംവിധാനംചെയ്‌ത്‌ മോഹൻലാൽ നായകനായ ‘മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹം’ ഒരുങ്ങിയത്.  മാർച്ച് 26ന് ആഗോള റിലീസ് തീരുമാനിച്ച ചിത്രം ചൈനയടക്കമുള്ള വിദേശ മാർക്കറ്റുകളെക്കൂടി  ലക്ഷ്യമിട്ടിരുന്നു. കോവിഡ് പ്രതിസന്ധിയിൽനിന്ന് ലോകമാകെ മുക്തമായശേഷമേ ഈ സിനിമയ്‌ക്ക്‌ മോചനമുള്ളൂ.
 
ടോവിനോ തോമസിന്റെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സാണ്  ആദ്യം റിലീസ് മാറ്റിയ ചിത്രം. മമ്മൂട്ടി മുഖ്യമന്ത്രി കടയ്‌ക്കൽ ചന്ദ്രനായി എത്തുന്ന  വൺ, ടേക്ക് ഓഫിനുശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാലിക്ക്, സുഡാനി ഫ്രം നൈജീരയ്‌ക്കുശേഷമുള്ള സക്കരിയയുടെ ഹലാൽ ലൗ സ്റ്റോറി, അനശ്വര രാജൻ കേന്ദ്ര കഥാപാത്രമാകുന്ന വാങ്ക്, ഇന്ദ്രജിത്തിന്റെ ആഹാ, ഷെയ്‌ൻ നിഗമിന്റെ കുർബാനി, ഷൈൻ ടോം ചാക്കോയുടെ ചെങ്കൊടി തുടങ്ങി 20 ചിത്രം അണിയറയിലുണ്ട്. ഇതിനൊപ്പം പത്ത്‌ സിനിമയുടെ ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടി വന്നു.
 
കോവിഡിനെ നാട്‌ അതിജീവിച്ചാലും സിനിമാ മേഖലയുടെ ഉയിർപ്പിന്‌  കടമ്പകൾ ഏറെയാണ്, മാറ്റിവച്ച പരീക്ഷകൾ, നോമ്പ്‌കാലം, മഴ ഇതെല്ലാം കടന്നുവേണം ഇനിയൊരു സീസൺ എത്താൻ.
 

നഷ്ടം 300 കോടിയോളം

എം രഞ്ജിത്‌, പ്രസിഡന്റ്‌, പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ
മലയാള സിനിമയിൽനിന്ന് 500 കോടി രൂപയോളം പ്രതിവർഷം ലഭിക്കാറുണ്ട്‌. ഇതിന്റെ മൂന്നിലൊന്ന് ലഭിക്കുന്ന സീസണാണ്‌ നഷ്‌ടമായത്‌. പ്രധാന സീസൺ വരുംമുമ്പേ  സിനിമകൾ നിർത്തേണ്ടി വന്നതോടെ നഷ്ടം തുടങ്ങി. ഈ സമയത്ത്‌ 100 കോടിയോളം നിർമാതാവിന്‌ കിട്ടുമായിരുന്നു. അതിനു സമാനമായ തുക തിയറ്ററുകൾക്കും കിട്ടും. ചിത്രീകരണം നിർത്തിവച്ചതിലുള്ള നഷ്ടം 100 കോടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ, അമേരിക്ക, ബ്രിട്ടൺ അടക്കമുള്ള വിദേശമാർക്കറ്റ്  വലിയ സാധ്യതയായിരുന്നു. നിലവിലെ അവസ്ഥയിൽ അത് ഇനി  എങ്ങനെയാകുമെന്ന് പറയാനാകില്ല.
  
സിനിമ ട്രാക്കിലാകാൻ ജൂലൈ അവസാനമോ ആഗസ്‌തോ ആകണം. കേരളം സാധാരണ ജീവിതത്തിലേക്ക് വന്നതിനുശേഷം  മാറ്റിവച്ച പരീക്ഷകൾ പൂർത്തിയാകണം. അതിനിടെ ജൂണിൽ അധ്യയന വർഷാരംഭം. എല്ലാവർക്കും സാമ്പത്തിക ബുദ്ധിമുട്ടുള്ള കാലം.  അതുകൊണ്ടുതന്നെ മഴ കഴിഞ്ഞേ തിയറ്ററുകൾ സജീവമാകൂ.
 

കരകയറുക ബുദ്ധിമുട്ട്‌

സിബി മലയിൽ 
പ്രസിഡന്റ്‌ ഫെഫ്‌ക
പ്രതിസന്ധി എത്ര നീളുമെന്ന്‌ അറിയില്ല.  ഇപ്പോൾ ശ്രമിക്കുന്നത്‌  ദിവസവേതനക്കാരെ സഹായിക്കാനാണ്‌. ഇതിനായി സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു. 3000 പേർക്ക് ആദ്യഘട്ടമെന്ന നിലയിൽ 14നുമുമ്പ്‌ സഹായം കൈമാറും.  നഷ്‌ടത്തിൽനിന്ന്‌ കരകയറുക ബുദ്ധിമുട്ടാകും. പ്രദർശനം നിർത്തേണ്ടി വന്ന സിനിമകൾ വീണ്ടും എത്തിച്ചാലും അവ എത്രകാലം തിയറ്ററിൽ തുടരുമെന്നും പ്രശ്‌നമാണ്‌. ഒരുപാട്‌ സിനിമകൾ പ്രദർശനത്തിന്‌ എത്താനുണ്ട്‌. വലിയ തുക ചെലവഴിച്ച്‌  പ്രചാരണം നടത്തിയവയാണ്‌ പല സിനിമകളും. നിർമാതാക്കൾ വൻതോതിൽ പണം മുടക്കിയിട്ടുണ്ട്‌, അതെല്ലാം പാതിയിൽ നിലച്ചു. നിർമാതാവിന്‌ സാറ്റലൈറ്റ്‌, തിയറ്റർ തുടങ്ങിയ സ്രോതസ്സുകളിൽനിന്ന്‌ ലഭിക്കേണ്ട പണം  മുടങ്ങി.  വലുതും ചെറുതുമായ എത്ര പടങ്ങളാണ്‌ മുടങ്ങിയത്‌. അവ തിയറ്ററിലെത്തുമ്പോഴും പ്രതിസന്ധിയുണ്ടാകും. തിയറ്ററുകൾക്ക്‌ ഒരുപാട്‌ സിനിമകൾ കാണിക്കാൻ കഴിയില്ല. അതിനാൽ സിനിമകൾക്ക്‌ തിയറ്ററുകളുടെ ലഭ്യതയിലും പ്രശ്‌നം വരും.
 

സുവർണകാലം നഷ്ടമായി

 
സേതു, മാനേജർ, 
സരിത തിയറ്റർ, കൊച്ചി 
സിനിമ വ്യവസായത്തിന്റെ ഉയർച്ചയുടെ സമയമായിരുന്നു ഇത്. കൂടുതൽ ആളുകൾ സിനിമ കാണാൻ വരുന്ന സമയം.  വലിയ സിനിമകൾ വരുന്നതിന് മുന്നോടിയായി വലിയ തുക പല സിനിമകൾക്കും അഡ്വാൻസ് നൽകിയിരുന്നു. വിജയ് ചിത്രം മാസ്റ്ററിനടക്കം വലിയ തുക മുടക്കി. വ്യവസായത്തിന്റെ വീണ്ടെടുപ്പ്‌ വളരെ പ്രയാസമേറിയതാകും. നോമ്പ്‌ കാലവും മഴക്കാലവുമെല്ലാം കടമ്പകളാണ്. തിയറ്ററുകാർ നേരിടുന്ന പ്രശ്നം ഗുരുതരമാണ്‌. ഇത്രയുംനാൾ വെറുതെയിട്ടാൽ പ്രൊജക്ടറും ശബ്ദസംവിധാനവും പ്രവർത്തനരഹിതമാകും. ഈ നഷ്ടത്തിനൊപ്പം  നവീകരണച്ചെലവും അധിക  ബാധ്യത  സൃഷ്ടിക്കും.
 

ജി പി രാമചന്ദ്രൻ സിനിമ നിരൂപകൻ

മഹാമാരിക്കാലത്ത് കാണാവുന്ന സിനിമകൾ എല്ലാക്കാലത്തും കാണാവുന്ന സിനിമകൾ തന്നെയാണെനിക്ക്. എന്നാൽ, അവ വീണ്ടും കാണുമ്പോഴും അവയെക്കുറിച്ചാലോചിക്കുമ്പോഴും ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന ദുരിതകാലത്തിന്റെ അനുഭവങ്ങൾ അതിലേക്ക് ചേർത്തുവച്ച് ആലോചിക്കും. അത് സ്വാഭാവികമാണ്.
 

സാലോ അഥവാ സോദോമിന്റെ 120 ദിവസങ്ങൾ (പസോളിനി–-ഇറ്റലി)

 

ജനങ്ങളുടെ ദുരിതകാലം എന്നാൽ,  മറ്റൊരു പരീക്ഷണത്തിന് അവരെ വിധേയരാക്കാവുന്ന കാലം എന്നേ ഫാസിസം അർഥമാക്കുന്നുള്ളൂ. മനുഷ്യാവസ്ഥയുടെ അഴുകലിലൂടെ മനുഷ്യത്വം, സഹാനുഭൂതി, ഭൂതദയ എന്നിവയൊക്കെ ഇല്ലാതാകുന്നു. മാനസികവൈകൃതവും പരപീഡനരതിയും   വിനോദമായിക്കാണുന്ന മനുഷ്യരൂപമുള്ള ജന്തുക്കളുടെ ക്രൂരനീതിയാണ് ഫാസിസം എന്ന്‌ പസോളിനി സാലോയിലൂടെ പറയുന്നു.
 
ബാറ്റിൽഷിപ്പ് പൊട്ടെംകിൻ (ഐസൻസ്റ്റീൻ–- സോവിയറ്റ് യൂണിയൻ)
വിഭവങ്ങൾ ചുരുങ്ങുമ്പോൾ, അല്ലെങ്കിൽ അവയെ വർഗ(ധന)പരമായി വേർതിരിക്കേണ്ടി വരുമ്പോൾ, ഏറ്റവും ദരിദ്രരും അധഃസ്ഥിതരുമായ തൊഴിലാളികൾക്കാണ് അതിന്റെ ഭാരവും പേറേണ്ടി വരുക. ആ പീഡനം അവരെ വിപ്ലവത്തിലേക്ക് നയിച്ചേക്കാം. അതാണ് പൊട്ടെംകിന്നിന്റെ പ്രസക്തി. ഒക്ടോബർ വിപ്ലവത്തിന്റെ  പ്രസക്തിയും മറ്റൊന്നല്ല. ഭരണാധികാരികൾ തീട്ടൂരങ്ങൾ ഇറക്കിക്കോട്ടെ. വിപ്ലവകാരികൾ അവരുടെ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടതില്ല എന്നും പൊട്ടെംകിൻ പറയുന്നു.
 

ബൈസിക്കിൾ തീവ്‌സ് (ഡിസീക്ക–- ഇറ്റലി)

 

രണ്ടാം ലോകയുദ്ധം എങ്ങനെയാണ് ഇറ്റലിയെയും യൂറോപ്പിനെയും ആധുനിക നാഗരികതയെയും കീറിപ്പറിച്ചെറിഞ്ഞത് എന്നും അതിൽനിന്ന് കരകയറാൻ മനുഷ്യവർഗവും മാനവികതയും എന്തുമാത്രം കഷ്ടപ്പെട്ടു എന്നതും സൂക്ഷ്‌മമായി രേഖപ്പെടുത്തുന്ന മഹത്തായ സിനിമ. നാം കടന്നുപോകുന്ന കാലം, കടന്നു പോകണമെങ്കിൽ ഇതുകൂടി കണ്ടേ തീരൂ.
 

ലവ് ഇൻ ദ ടൈം ഓഫ് കോളറ (മൈക്ക് നെവൽ– അമേരിക്ക)

 

മഹത്തായ സിനിമയൊന്നുമല്ല. എന്നാൽ, നോവലിന്റെ ചരിത്രത്തിൽ അല്ലെങ്കിലെന്തിന് മാനവികതയുടെതന്നെ ചരിത്രത്തിൽ ഏറ്റവും പ്രസക്തമായ കൃതിയായ മാർക്വസിന്റെ ലവ് ഇൻ ദ ടൈം ഓഫ് കോളറയുടെ ചലച്ചിത്രാവിഷ്‌കാരം.  നോവലിന്റെ വായനയിലേക്ക് നമ്മെ വീണ്ടും കൊണ്ടുപോകും.
 

ഭാർഗവീനിലയം (വൈക്കം മുഹമ്മദ് ബഷീർ & എ വിൻസന്റ്)

 

സാഹിത്യത്തിന്റെ അനുബന്ധവും നിറവും എല്ലാം ഒത്തുചേർന്ന വിസ്‌മയകരമായ ഈ സിനിമ, ജീവിക്കാൻ നിങ്ങളെ വീണ്ടും പ്രേരിപ്പിക്കുന്ന പ്രിയങ്കരിയായ പ്രേതത്തിന്റെ പ്രണയകഥയാണ്.
 
മനീഷ് നാരായണൻ സിനിമ നിരൂപകൻ/മാധ്യമ പ്രവർത്തകൻ
സിനിമയെന്നത് ഇന്ന് സീരീസുകളുടേതുകൂടിയായി മാറിയ കാലമാണ്. നെറ്റ്ഫ്ലിക്സിൽ കാണാവുന്ന സീരീസുകളും സിനിമകളും.
 

അൺബിലീവബിൾ


അൺബിലീവബിൾ സ്റ്റോറി ഓഫ് റേപ്പ് എന്ന ലേഖനത്തെ ആസ്പദമാക്കി ഒരുക്കിയ അമേരിക്കൻ മിനി സീരീസ്.  എട്ട് എപ്പിസോഡിലായി 2008നും 2011നും ഇടയിൽ അമേരിക്കയിലെ വാഷിങ്ടണിലും കൊളറാഡോയിലും നടന്ന ബലാത്സംഗങ്ങളും അതിൽ നടക്കുന്ന അന്വേഷണവും പ്രമേയം.
 

ദ് ബ്ലാക്ക് ലിസ്റ്റ്

 
അമേരിക്കൻ ക്രൈം ത്രില്ലർ. ക്രിമിനലായ മുൻ അമേരിക്കൻ നേവി ഉദ്യോഗസ്ഥൻ എഫ്ബിഐക്ക് മുന്നിൽ കീഴടങ്ങി നടത്തുന്ന വെളിപ്പെടുത്തലുകൾ. അതിനെത്തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് പ്രമേയം. ഏഴ് സീസണിലായി 145 എപ്പിസോഡ് പുറത്തിറങ്ങി. പുതിയ ഭാഗങ്ങൾ ചിത്രീകരണത്തിൽ.

മണി ഹീസ്റ്റ്


പ്രൊഫസറുടെ നേതൃത്വത്തിൽ എട്ടംഗ സംഘം നടത്തുന്ന കൊള്ളയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. രണ്ട് സീസണിലായി നാല് ഭാഗം. 
 

മൈൻഡ്‌ ഹണ്ടർ


മൈൻഡ് ഹണ്ടർ: ഇൻസൈഡ് ദ എഫ്ബിഐസ് എലൈറ്റ് സീരിയൽ ക്രൈം യൂണിറ്റ് എന്ന ബുക്കിനെ ആസ്പദമാക്കി ഒരുക്കിയ പരമ്പര. ആര് കുറ്റം ചെയ്‌തു എന്നതിനപ്പുറം എന്തിന് ചെയ്‌തുവെന്ന അന്വേഷണമാണ് ഇതിവൃത്തം. രണ്ട് സീസണിലായി 19 എപ്പിസോഡ്.
 

റോമ


2019ൽ ഓസ്‌കർ നേടിയ ചിത്രം.  അൽഫോൻസോ ക്യുറോൺ ഒരുക്കിയ റോമ കൊളോണിയ റോമായിലുള്ള ഒരു വീട്ടുജോലിക്കാരിയുടെ ജീവിതം പറയുന്നു.
 

ദ് പ്ലാറ്റ്ഫോം


ഗ്ലാഡർ ഒരുക്കിയ സ്‌പാനിഷ് ചിത്രം.  മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണവും ജയിലിന് സമാനമായ ടവറിലെ ജീവിതങ്ങളും അവതരിപ്പിക്കുന്നു.
 

ഐറിഷ് മാൻ


മാർട്ടിൻ സ്‌കോസെസി ഒരുക്കിയ ക്രൈം ത്രില്ലർ. റോബർട്ട് ഡി നീറോ, അൽ പാചിനോ, ജോ പെസ്സി എന്നിവർ അഭിനയിക്കുന്നു.  താരങ്ങളുടെ പ്രായം കുറയ്‌ക്കാനായി ഡീ ഏജിങ് സാങ്കതിക വിദ്യ ഉപയോഗിച്ച ചിത്രം.
പ്രധാന വാർത്തകൾ
 Top