23 January Wednesday

ലോലമാമീ ഏകതാരയിൽ

ശ്രീസൂര്യ തിരുവോത്ത്‌Updated: Sunday Nov 4, 2018

വര: സനൽകുമാർ. പി

പണ്ട് പണ്ട് വയലിലും കുളത്തിലുമൊക്കെ നിറയെ മീനുകളുണ്ടായിരുന്നു. തോട്ടിൻ കരയിൽ ചുരങ്ങകൾ വെയിൽകാഞ്ഞ്‌ മയങ്ങിക്കിടന്നു. ചേമ്പിന്റെ ഇലകൾ വെയിലിനുനേരെ പിടിച്ച കണ്ണാടിപോലെ അനന്തമായി മിന്നിക്കളിച്ചു. പാടത്ത് പണിയെടുക്കുന്നവരുടെയും ഗംഗയിൽ  മീൻ പിടിക്കുന്നവരുടെയും ഉള്ളിൽ പാട്ടുകൾ പൊട്ടിമുളച്ചു.  പണി കഴിഞ്ഞ്‌  കുളത്തിൽ മുങ്ങിക്കുളിച്ചുകയറിയാൽ  മീൻതലയിട്ട് വേവിച്ച  ചേമ്പില,  അല്ലെങ്കിൽ   കടുകെണ്ണയിൽ വഴറ്റിയ ചുരങ്ങ. അതുകൂട്ടി ചോറ് കഴിച്ചാൽ പിന്നെ പാതിരാവോളം പാട്ടുകൾമാത്രം.  ഇതാകുന്നു ബാവുൾ ജീവിതം.

 കരിംപുരിലെ ഫക്കീറി ബാവുളുകൾ

ആ വയലുകൾ ഏറെയും ഇന്ന് ബംഗ്ലാദേശിലാണ്. വിഭജനത്തിന്റെ വേദനയും ഓർമയും ഇന്നവർക്ക് പാട്ടുകൾ. ബംഗാളിലെ ഇന്ത്യ‐ബംഗ്ലാദേശ് അതിർത്തിയിൽ കരിംപുരിലാണ്‌ ഖോർഭംഗ.നൂറോളം ഫക്കീറി ബാവുളുകളുടെ  ഗ്രാമം. കൊൽക്കത്തയിൽനിന്ന്‌ ഹൂഗ്ലിയുടെ ഓരം ചേർന്ന്  പോകണം. ബാരക്പുർ വിടുമ്പോഴേക്കും പിന്നെ ഒറ്റക്കമ്പിൽ കൂട്ടമായി നിവർന്നുനിൽക്കുന്ന ചണത്തിൻ പാടങ്ങൾ. ചണച്ചെടികൾ കൊയ്‌തെടുക്കുന്ന, ഇലകൾ കൊഴിച്ചെടുക്കുന്ന, അത് ചളിയിൽ കുതിർത്ത് വയ‌്ക്കുന്ന, നാരുകളാക്കി ഉണങ്ങാനിടുന്ന, വാഹനങ്ങളിൽ അവ കയറ്റിക്കൊണ്ടുപോകുന്ന കാഴ്‌ചയും ഗന്ധവുമാണ് എങ്ങും. നാലുമണിക്കൂർകൊണ്ട്‌ നദിയയിൽ  എത്തിയാൽ ജലംഗി നദിയുടെ ഓരംപറ്റി പിന്നെയും കിലോമീറ്ററുകൾ താണ്ടണം   ഖോർഭാംഗയിലേക്ക്‌. അവിടെനിന്ന‌്  ഒരു കിലോമീറ്റർ പോലുമില്ല ബംഗ്ലാദേശിലേക്ക്. അവിടെയും ചണത്തിൻ പാടങ്ങൾ, ചണക്കമ്പുകളുടെ ചുവരുകൾ, വാതിലുകൾ, വേലികൾ.
ബാവുൾ  ഒരു സവിശേഷവംശവും ജീവിതരീതിയുമാണ്. പാട്ടിലൂടെയാണ്  ജീവിത പ്രയാണം. ലക്ഷ്യവും വഴികളും പാട്ടുതന്നെ.  ജീവിതത്തിന്റെ   ഉപ്പും കയ്‌പും സൗന്ദര്യവുമാണ്  പാട്ടിന്റെ  സഞ്ചി നിറയെ. ഈ പ്രയാണത്തിൽ ബാവുളിന്റെ  മനസ്സും ശരീരവും നിറക്കുന്നത് ഒരേതരം പാട്ടുകളല്ല, തോണിക്കാരുടെ പാട്ടായ ഭാട്ട്യാലി, ഷാഡി, നാടൻ പ്രണയികളുടെ ഭവയ്യ, സൂഫികളുടെ ഖവാലി, നാടൻ നൃത്തത്തോടുകൂടിയ ധമാലി, സാധാരണക്കാരുടെ  ദുഃഖം പേറുന്ന ജാഡി ഏതുമാകാം.  മാട്ടീർ ഗാൻ (മണ്ണിന്റെ ഗാനം) പാടുന്നവർ മാത്രമല്ല ബാവുളുകൾ.  നദിയോ പക്ഷികളോ തന്നെയോ ആകുന്നു. അല്ലെങ്കിൽ അവയുമായുള്ള പാരസ്‌പര്യമോ അതിൽനിന്നുറയുന്ന ജീവിത തത്വങ്ങളോ ആണ്. സംഗീതമെന്നതിനേക്കാൾ ബാവുൾ സവിശേഷമായ സംഗീതജീവിതമാണ്. താടിയോ മുടിയോ പോലെ പാട്ടുകൾ പൊടിക്കുകയും വളരുകയും ചെയ്യുന്ന ജാലവിദ്യ.
 ജീവിതവുമായി അവർ അത്രമേൽ ഇഴുകിച്ചേർന്നിരിക്കുന്നു. ഫക്കീറുകൾ മരണാനന്തര ജീവിതത്തിലും  പരലോകത്തിലും വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നത്‌  ശരിയത്തും നമാസുമില്ലാത്ത ഇസ്ലാമിൽ. ഈശ്വരനിൽ സർവം സമർപ്പിതമെന്നല്ല, ഈശ്വരൻ തന്റെ ശരീരത്തിന്റെയും  ശബ്ദത്തിന്റെയും മണൽത്തിട്ടകളിലൂടെയും നദികളിലൂടെയും പരമ്പരകളിലേക്ക് സഞ്ചരിക്കുന്നു എന്നവർ വിശ്വസിക്കുന്നു. അവർ പള്ളിയിൽ പോകുന്നത്  പെരുന്നാളിന് മാത്രം. ഇസ്ലാമിനുംമുമ്പേ ബംഗ്ലാദേശിൽ പ്രബലമായിരുന്ന ബുദ്ധമതസ്വാധീനത്തിലുണ്ടായിരുന്ന ഗോത്രവർഗങ്ങളുടെ സവിശേഷതകൾ കാണാം ഇവരിൽ. ഇവർക്ക് നദിയും മണ്ണും മണൽത്തിട്ടകളും വനങ്ങളും ദേവാലയങ്ങൾ. അങ്ങനെയൊക്കെയാണ് ഫക്കീറും ബാവുളും പരസ്‌പരപൂരകങ്ങളായ ജീവിതങ്ങളാകുന്നത്. അപാരമായി നിറഞ്ഞൊഴുകുന്ന ഗംഗാനദിതന്നെയാണ് തങ്ങളെന്നാണ് ഫക്കീറി ബാവുളുകളുടെ വിശ്വാസം.  അതിൽ ഒരു കമ്പിലോ ഇലയിലോ പറ്റി ഒറ്റയ‌്ക്ക് പാടിയൊഴുകുന്ന പക്ഷിയത്രെ ഫക്കീറി ബാവുൾ.  

കാബൂളിവാലകളുടെ പരമ്പര

കച്ചവടത്തിനായി വന്ന കാബൂളിവാലകൾക്ക് അവിടത്തെ സ്‌ത്രീകളിലുണ്ടായ ഒരു പ്രത്യേക വംശമത്രെ ഖോർഭാംഗയിലെ ഫക്കീറി ബാവുളുകൾ. സാധാരണ ബംഗാളികളേക്കാൾ കൂടുതൽ ഉയരവും എടുപ്പും. രക്തധാരയിലത്രയും എങ്ങുനിന്നോ സംഗീതം തീണ്ടിയവർ. അവരുടെ ശരീരം സംഗീതത്തിന് വസിക്കാനുള്ള കൂടും  സഞ്ചരിക്കാനുള്ള വഴികളുമാണ്‌. പണ്ട് പണ്ട് അവരിലൊരാൾ  ലാലൻ ഫക്കീറിന്റെ പാട്ടുകേട്ട് ഫക്കീർ ജീവിതത്തിലും ബാവുൾ ഗാനങ്ങളിലും വിലയിക്കുകയായിരുന്നു. കുട്ടികൾ ആ പാട്ടുകാരന്റെ  പുറകെ കൂടി. പിന്നീട് അവർ ഫക്കീർ ജീവിതവും ബാവുൾ ഗാന നൃത്തങ്ങളും ശീലമാക്കി. ഇന്നും ആരും ആരെയും ഇരുത്തി പഠിപ്പിക്കുകയല്ല. ബാവുൾ ഗാനങ്ങൾ സ്വയം പാടിത്തുടങ്ങുകയാണ് കുഞ്ഞു ഫക്കീറുകൾ.
പണ്ടത്തെ ആ പാട്ടുകാരൻ ജിവിതത്തിന്റെ ഒരു ഘട്ടത്തിൽ ലാലന്റെ സമകാലികനായിരുന്ന ടാഗോറിനെ കാണാൻ ചെന്നിരുന്നുപോൽ. ആ ചങ്ങാത്തത്തിലൂടെ  ബാവുൾ ഗാനങ്ങളിൽ ടാഗോറിന്റെ  ദർശനവും സാഹിത്യവും കൂടിക്കലർന്നു. ബാവുളിന്റെ ആലാപനത്തെ പിൻപറ്റി രബിന്ദ്ര സംഗീതവും നൃത്തവും വളർന്നു.
 

ഹിന്ദുവോ മുസൽമാനോ ലാലൻ ഫക്കീർ

ഖോർഭാംഗയിലെ ഫക്കീറി ബാവുൾ പാട്ടുകാർ

ഖോർഭാംഗയിലെ ഫക്കീറി ബാവുൾ പാട്ടുകാർ

18, 19 നൂറ്റാണ്ടുകളിൽ ബംഗാൾ കണ്ട പ്രതിഭാശാലിയായ ബാവുൾ ഗായകനായിരുന്നു ലാലൻ ഫക്കീർ.  എഴുതിയതും എഴുതാത്തതുമായ ആയിരക്കണക്കിന് പാട്ടുകൾ. മണ്ണുമായും നദിയുമായുമുള്ള മനുഷ്യന്റെ മല്ലിടലും ജാതീയതകൊണ്ട് നിർണയിക്കപ്പെട്ട ജീവിതങ്ങളും  പാട്ടുകളാക്കി ഏക്‌താരയിൽ താളമിട്ട് ജീവിച്ച പാട്ടുകാരൻ. ജീവിതം കൊണ്ടും ദർശനംകൊണ്ടും പരിപൂർണ ഫക്കീർ. 
നാട്ടിൽ സുലഭമായി വിളഞ്ഞ ചുരങ്ങയുടെ മൂത്ത പുറംതോടിനോട് മുളന്തണ്ട് ചീന്തിക്കെട്ടി ലാലൻ ഏക്‌‌താരയുണ്ടാക്കി. ഇന്നും അങ്ങനെതന്നെ. മൂത്ത് പുറംതോട് കട്ടിവയ‌്ക്കുന്ന ചുരങ്ങ  ഉൾവശം തുരന്നെടുത്ത് അതിൽ ഒരുമാസത്തോളം ചാണകം നിറച്ചുവയ‌്ക്കും. ചാണകം പുറത്തെടുത്ത് വൃത്തിയാക്കുമ്പോഴേക്കും  ഉൾഭിത്തിക്ക്‌ തിളക്കവും ഉറപ്പും കിട്ടും. പിന്നിട് രണ്ടറ്റവും ചെത്തി  ഒരുവശത്ത്‌ മൃഗത്തോൽ വലിച്ച്  കെട്ടും.  മുളന്തണ്ട് മുട്ട് വരെ ചീന്തി ചുരങ്ങാത്തോടിനോട് ചേർത്തുറപ്പിച്ച്  തുകലിന്റ മധ്യത്തിൽനിന്ന് മുള മുട്ടിലേക്ക് നേർത്ത കമ്പി വലിച്ചുകെട്ടി ശ്രുതിയൊപ്പിക്കും. 
ഇന്നത്തെ ബംഗ്ലാദേശിൽ ജനിച്ച ലാലന്റെ ജന്മത്തെയും ജീവിതത്തെയും കുറിച്ച് പുരാവൃത്തങ്ങൾ അനവധി. അനാഥനായി, ഫക്കീറായി ജീവിച്ച ലാലൻ മുസ്ലിം കുടുംബത്തിലാണോ ഹിന്ദു കുടുംബത്തിലാണോ ജനിച്ചത് എന്ന ചോദ്യത്തിന്റെ പേരിൽ ലഹളകളുണ്ടായി.  ഈ ചോദ്യത്തെ ലാലൻ താത്വികമായോ വൈകാരികമായോ നേരിട്ടത്‌  പാട്ടുകൊണ്ട്.  ‘ആളുകൾ ഹിന്ദുവോ മുസ്ലിമോ ആവുന്നതിനുമുന്നേ താൻ മനുഷ്യനായിരുന്നു, എന്റെ ഉള്ളിലെ പക്ഷി പാടുമായിരുന്നു’ എന്നതായിരുന്നു പാട്ടുകൊണ്ടുള്ള മറുപടി. 
പാതിരാനേരം താടി വിറയ‌്ക്കുന്ന ഒരു ഫക്കീർ പാടിത്തന്ന പാട്ടിലെ കഥയിങ്ങനെ:  ഒരിക്കൽ ലാലൻ ഫക്കീർ പാട്ടുപാടാനായി ബാഗ്‌ദാദിൽ ചെന്നു. മുസ്ലിമായതുകൊണ്ട്  പാട്ടു  വിലക്കി. പെട്ടെന്ന് ഇടിയും മിന്നലുമുണ്ടായി ഭൂമി വിണ്ടുപൊട്ടി.  പേമാരി പെയ്‌തു. ഫക്കീർ പാട്ട് പാടി എല്ലാം ശാന്തമായി.  
അള്ളാഹുവിന്റെയും പ്രവാചകന്റെയും ശബ്ദം ഹറാമെന്നുപറയുന്നവർ ജ്ഞാനഹീനരാണ്. ഖുറാൻ  പാരായണത്തിലും ബാങ്കുവിളിയിലുമുള്ളത് ശ്രുതിയും താളവുമല്ലേ?  
 

ഖോർഭാംഗയിലെ പാട്ടുപുരകൾ

കരിംപുരിൽ ഫക്കീറുകളുടെ ഗ്രാമത്തിൽ ഗ്രാമവാസികൾക്കും പുറത്തുനിന്ന് വരുന്ന ബാവുളുകൾക്കും ചേർന്നിരുന്ന് പാടാൻ  പാട്ടുപുരയുണ്ട്. അവിടെ രാത്രി വൈകുംവരെ പലരായി ചേർന്ന് ബാവുൾ ഗാനങ്ങൾ.  കൈകളിൽ ഏക്‌താരയോ ദുയ്‌താരയോ ഖൊമകോ പ്രേം ജുഡിയോ. കാൽവിരലുകളിൽ ഉടക്കിവച്ച നാദമണികൾ. 
അവിടെത്തന്നെയിരുന്ന് ഏകതാരകൾ ഉണ്ടാക്കുകയും ഇടയ‌്ക്ക് ചണത്തിൻനാരുകൾ ഉണങ്ങാനിടുകയും ചെയ്യുന്ന ഫക്കീറുകൾ. ഗായകർ മറന്നുവച്ചതോ ഉപേക്ഷിച്ചുപോയതോ ആയ പൊട്ടിയ ശ്രുതിപ്പെട്ടികൾക്കും ദുയ്‌താരകൾക്കും ഇടയിലിരുന്ന് അവർ അതിഥികൾക്ക് കട്ടൻചായ ഉണ്ടാക്കിക്കൊടുത്തു.  മൂന്നോ നാലോ വട്ടം.
  ഗ്രാമത്തിലെ സ്‌ത്രീകൾ   നന്നായി പാടുന്നവരും പൊട്ടുതൊടുന്നവരുമാണെങ്കിലും  പാട്ടുപുരയിൽ അവരെ കാണാറില്ല.  അയഞ്ഞ വിശ്വാസങ്ങൾ സ്‌ത്രീകളുടെമേൽ പിടി മുറുക്കുന്നുണ്ട്. മറ്റ് ദേശങ്ങളിൽനിന്ന് വരുന്നവർ പാടുന്നതുകേട്ട് അവർ ദൂരെ മാറിനിന്ന് മൂളും.  പാട്ടല്ലാത്ത മറ്റ് ജീവനോപാധികൾ സ്വീകരിച്ച്‌ കുടുംബം പുലർത്തേണ്ട ഉത്തരവാദിത്തം സ്‌ത്രീകൾക്കാണ്‌. അവർ ഉറക്കെ പാടുന്നത്  കല്യാണങ്ങൾക്കുമാത്രം. മാറിവരുന്ന ജീവിതരീതികളും ആഹാരരീതികളും എല്ലാം ബാവുളുകൾക്ക് പാട്ടുകളാണ്.
 

ബാവുൾ ടഗോറിലും  ശാന്തിനികേതനിലും

 ടിബറ്റൻ ഹിമാലയത്തിൽനിന്നൊഴുകുന്ന ഗംഗ പത്മയായി മുർഷിദാബാദിലെ ഫറക്കയിൽനിന്ന് ബംഗ്ലാദേശിലേക്ക് പിരിഞ്ഞുപോകുമ്പോൾ  ചെറിയൊരു ഭാഗം ഭാഗീരഥിയായി ബംഗാളിലേക്ക് ഒഴുകുന്നതുപോലെയാണ് ബാവുൾ സംഗീതപ്രവാഹം. ഇന്ത്യയും ബംഗ്ലാദേശുംതമ്മിലുള്ള പിരിച്ചിട്ടും പിരിയാത്ത  രക്തബന്ധമോ പലവിധ മുറിവുകളിൽനിന്ന്‌ ഒഴുകുന്ന അടങ്ങാത്ത സംഗീതധാരയോ ആണ് ബാവുൾ. തമ്മിൽ  കാണാൻ കഴിയാതെ അപ്പുറത്തായിപ്പോയ കാമുകമനസ്സുകളുടെ ഭ്രാന്തൻ പേച്ചുകളും  കാമുകിക്കായ് കാത്തുവച്ച് കാക്ക കൊത്തിപ്പോയ പപ്പായകളും വെറുതെ അക്കരേക്ക്‌ നോക്കിനിൽക്കുന്ന, കടത്തുകാരനോട് സങ്കടം പറയുന്ന ‘വാസ്‌തുഹാര’ കളും ബാവുൾ ഗാനങ്ങളിലുണ്ട്‌. ആ ചുവടുകൾ ജീവിതത്തിന്റെതന്നെ ഉലച്ചിലുകളാണ്. ചിലപ്പോളത് പ്രണയത്തിന്റെ ആനന്ദധാര. അതിൽ മുങ്ങിനിവരുന്നതുപോലെയേ ആ ചലനങ്ങൾ അപ്പോൾ അനുഭവപ്പെടൂ. തലയ‌്ക്കുമുകളിലേക്ക് ഉയർന്നുപോകുന്ന ഏക്‌താരയും പ്രേംചുഡിയിലെ താളവും ഉച്ചത്തിൽ മഥിക്കുന്നത് എങ്ങോ തടഞ്ഞുവച്ച പ്രണയത്തിന്റെ തടയണകളിലാണ്.  
 അതിർത്തി പ്രദേശങ്ങളും ഇന്നത്തെ ബംഗ്ലാദേശിലെ ചില ഭാഗങ്ങളും വിഭജനത്തിനുമുമ്പ് രബീന്ദ്രനാഥ ടഗോറിന്റെ കുടുംബത്തിന്റേതായിരുന്നു. അവിടങ്ങളിലെ കാര്യങ്ങളന്വേഷിക്കാൻ ചുമതലപ്പെട്ട ടഗോർ പക്ഷേ  മിന്നാമിന്നികൾ പറക്കുന്ന രാത്രികളിൽ ഗംഗയിലൂടെ കൈത്തോണിയിൽ സഞ്ചരിച്ചു. തോണിക്കാരുടെ ഭട്യാലി ഗാനങ്ങൾ കേട്ടു. ബാവുൾ പാട്ടുകൾ കേട്ടു. അവരെ കണ്ടു.  നാടൻ ജീവിതദൂരങ്ങളിലേക്ക് ഇറങ്ങി നടന്നു. പ്രദേശികമായ ഗാനവൈവിധ്യങ്ങളും ഭാഷാവൈവിധ്യങ്ങളും കണ്ടെത്തി. രൂപംകൊണ്ടുപോലും ടാഗോറും ഒരു ഫക്കീറിനെ ഓർമിപ്പിക്കുന്നത്‌ അതുകൊണ്ടാകാം. ശാന്തിനികേതൻ സ്ഥാപിച്ചപ്പോൾ കുറച്ച് ബാവുളുകളെ ശാന്തിനികേതനിലേക്ക് പറിച്ചു നട്ടു.  ശാന്തിനികേതനിലെ സോന ചുടിയിലെ ഹാട്ടിൽ അവരുടെ പരമ്പര ഇപ്പോൾ  ഏക്‌താര മീട്ടി പാടി ആനന്ദലഹരിയിൽ ചുവടുവയ‌്ക്കുന്നു.  
ഗംഗ ഭാഗീരഥിയായി ബംഗാളിലേക്ക് ഒഴുകുമ്പോൾ അതിൽ നദിയയിൽ നിന്ന് ജലംഗിയും ബീർഭൂമിൽനിന്ന് മയൂരാക്ഷിയും  അജോയ് പോലത്തെ കുഞ്ഞുപുഴകൾ വേറെയും ചേർന്നൊഴുകി കൊൽക്കത്തയിലെത്തുമ്പോൾ  ഹൂഗ്ലിയെന്ന മിത്തിക്കൽ നദിയാകുന്നതു പോലെയാണ് നദിയയിൽനിന്ന് ഫക്കീറി ബാവുളും ബീർഭൂമിലെ ശാന്തിനികേതൻ ബാവുളും ലയിച്ച് പാട്ടിന്റെ മഹാനദിയാകുന്നത്.
sreesoorya.tr@gmail.com
പ്രധാന വാർത്തകൾ
 Top