05 August Wednesday

പ്യാസ‐ തിരസ്‌കൃതകവിയുടെ ശബ്‌ദം

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Aug 4, 2019

ഭഗ്നപ്രണയത്തിന്റെ മുറിപ്പാടുകളുമായി ജീവിക്കുന്ന, കവിയാണെന്ന കാരണത്താല്‍ കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും തിരസ്‌‌കൃതനായ വിജയ്  പാടുന്നത് ജീവിതനൈരാശ്യം കൊണ്ടു കൂടിയാകാം. മദ്യലഹരിയി ലാകാം. പക്ഷേ, അയാളുടെ വാക്കുകള്‍ ചെന്നുകൊണ്ടത് ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിലാണ്.  പ്രധാനമന്ത്രി ജവാഹർലാല്‍ നെഹ്റുവിനെ ഈ ഗാനം വല്ലാതെ അസ്വസ്ഥനാക്കിയതില്‍ അത്ഭുതമില്ല

 ഗുരുദത്തും വഹീദ റഹ്‌മാനും പ്യാസയിൽ

ഗുരുദത്തും വഹീദ റഹ്‌മാനും പ്യാസയിൽ

യേ കൂചേ യേ നീലാമ്ഘർ ദിൽ‌കശീ കേ

യേ ലുട്തേ ഹുവേ കാർ‌വാ സിന്ദ്ഗീ കേ
കഹാം ഹേ കഹാം ഹേ മുഹാഫിസ് ഖുദീ കേ
ജിനേ നാസ് ഹേ ഹിന്ദ് പര് വോ കഹാം ഹേ...
 
‘‘ഈ തെരുവുകളിലേക്കു നോക്കൂ... വിൽപ്പനയ്‌ക്കുവച്ച വീടുകൾ... കൊള്ളയടിക്കപ്പെട്ട ജീവിതങ്ങൾ... എവിടെപ്പോയി ആത്മാഭിമാനസംരക്ഷകർ? ഇന്ത്യയെക്കുറിച്ച് അഭിമാനം കൊള്ളുന്നവർ?''
  
പണത്തിനുമേലെ പരുന്തും പറക്കാത്ത നഗരത്തിലെ ചുവന്ന തെരുവിൽ, കരളിലെരിയുന്ന കവിത മാത്രം കൈമുതലായുള്ളൊരു ചെറുപ്പക്കാരൻ പാടുന്നു. മദ്യചഷകവും കൈയിലേന്തി ആടിയാടി നടക്കുന്ന അയാളൊരു കവിയാണ് –- വിജയ്. സിനിമയും സംഗീതവും തമ്മിലുള്ള നിതാന്തബന്ധത്തിന്റെ ആഘോഷമെന്ന് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ സൈറ്റ് ആൻഡ് സൗണ്ട് വിശേഷിപ്പിച്ച പ്യാസ (1957) എന്ന ചിത്രത്തിലെ നായകൻ. ബ്ലാക് ആൻഡ് വൈറ്റിൽ ചലച്ചിത്രകവിതകളെഴുതി വിസ്‌മയിപ്പിച്ച ഗുരുദത്തിന്റെ മറക്കാനാകാത്ത കഥാപാത്രം. 
 
കൊൽക്കത്തയുടെ സ്വാതന്ത്ര്യാനന്തര കാലമാണ് പ്യാസയുടെ ഭൂമിക. മറ്റെന്തിനെക്കാളും പണത്തിനും സ്വാർത്ഥതയ്‌ക്കും പ്രാമുഖ്യമുണ്ടായിരുന്ന കാലം. സ്വാതന്ത്ര്യാനന്തരം കലാകാരൻമാരും ബുദ്ധിജീവികളും നേരിട്ട വിശ്വാസത്തകർച്ചയുടെ ബഹിർസ്‌ഫുരണമായിരുന്നു പ്യാസ. ‘പ്യാസ' എന്ന വാക്കിന് ‘ദാഹിക്കുന്നവൻ' എന്നർഥം. ‘പ്യാസ്' (ദാഹം) എന്നായിരുന്നത്രേ ആദ്യം നിശ്ചയിച്ച പേര്. ഗുരുദത്തിന്റെ നിർബന്ധം മൂലമാണ് പേരുമാറ്റിയത്. വിജയ് എന്ന പട്ടിണിക്കാരൻ കവിയുടെ ദാഹം കവിതയോടും പ്രണയത്തോടും മാത്രമല്ല, സഹജാതരുടെ മൊഴികൾ സംഗീതമായി കേൾക്കാൻ കഴിയുന്ന ദിനങ്ങൾക്കു വേണ്ടിയുമായിരുന്നു എന്ന് ദത്ത് തിരിച്ചറിഞ്ഞിരുന്നു. വൻസാമ്പത്തിക വിജയങ്ങളായി മാറിയ ബാസി, ആർ പാർ, സിഐഡി തുടങ്ങിയ ചിത്രങ്ങൾക്കുശേഷം അദ്ദേഹം നടത്തിയ പരീക്ഷണമായിരുന്നു പ്യാസ. കച്ചവടസിനിമയെ പൊളിച്ചെഴുതുകയായിരുന്നു ലക്ഷ്യം. പാട്ടുകളിലുൾച്ചേർന്ന കവിതകളിലും അവയുടെ ചിത്രീകരണത്തിലും സംഭാഷണങ്ങളിലുമെല്ലാം പുതുമ കൊണ്ടുവരാനുള്ള ശ്രമമുണ്ടായിരുന്നു പ്യാസയിൽ.
 
ചുവന്ന തെരുവിലൂടെയുള്ള നിശാസഞ്ചാരത്തിനിടെ വിജയ് കടന്നുപോകുന്നത് പാർശ്വവൽകൃതരായ ഒരുപറ്റം മനുഷ്യരുടെ വിലാപങ്ങളിലൂടെ. കവിതയിൽ അയാൾ പോലുമറിയാതെ രാഷ്ട്രീയം കടന്നു വരുന്നു. ഹവ്വയായും യശോദയായും രാധയായും സുലൈഖയായും തെരുവിലെ പെണ്ണുങ്ങളെ വിജയ് ഉൾക്കൊള്ളുന്നു. അവരും ആഗ്രഹിക്കുന്നത് സ്‌നേഹമാണ്, ബഹുമാനമാണ്. 
 
മദദ് ചാഹ്തീ ഹേ യേ ഹവ്വാ കി ബേട്ടീ
യശോദാ കീ ഹംജിംസ്, രാധാ കീ ബേട്ടീ
പയംബർ കീ ഉമ്മത്ത്, സുലൈഖാ കീ ബേട്ടീ
ജിനേ നാസ് ഹേ ഹിന്ദ് പര് വോ കഹാം ഹേ...
 
തബലയുടെയും ചിലങ്കകളുടെയും ശബ്ദത്തോടൊപ്പം രോഗികളും അർധപട്ടിണിക്കാരുമായ ഗണികകളുടെ ചുമയും അവരുടെ കുഞ്ഞുങ്ങളുടെ കരച്ചിലും ഉയരുന്ന ഇരുണ്ട തെരുവിന്റെ  അസ്വസ്ഥതയിൽ കവിക്ക് ഇങ്ങനെയേ പാടാനാകൂ. ഭഗ്നപ്രണയത്തിന്റെ മുറിപ്പാടുകളുമായി ജീവിക്കുന്ന, കവിയാണെന്ന കാരണത്താൽ കുടുംബത്തിൽനിന്നും സമൂഹത്തിൽനിന്നും തിരസ്‌‌കൃതനായ വിജയ് പാടുന്നത് ജീവിതനൈരാശ്യം കൊണ്ടുകൂടിയാകാം. മദ്യലഹരിയിലാകാം. പക്ഷേ, അയാളുടെ വാക്കുകൾ ചെന്നുകൊണ്ടത് ഇന്ത്യയുടെ രാഷ്ട്രീയശരീരത്തിലാണ്. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെ ഈ ഗാനം വല്ലാതെ അസ്വസ്ഥനാക്കിയതിൽ അത്ഭുതമില്ല. 
മുഹമ്മദ് റഫിയും ഗീത ദത്തും ഹേമന്ത് കുമാറും ആലപിച്ച പത്തു ഗാനങ്ങളുണ്ട് പ്യാസയിൽ.  എസ് ഡി ബർമന്റെ മാന്ത്രികസ്‌പർശമുള്ളവ. വ്യക്തിപരമായി ഏറ്റവും ഇഷ്ടം ഗീത ദത്തിന്റെ അനനുകരണീയ ശൈലിയിലുള്ള ജാനേ ക്യാ തൂ നേ കഹി തന്നെ. 
 
വിജയുടെ സഹോദരൻമാർ ആക്രിക്കച്ചവടക്കാരന് വിറ്റ കവിതകൾ വിലകൊടുത്തു വാങ്ങിയ ഗുലാബ് (വഹിദ റഹ്മാൻ) എന്ന നിശാസുന്ദരി പാടുന്ന ഗാനം. വിതരണക്കാരെ പ്രീതിപ്പെടുത്താൻ വേണ്ടി മാത്രം ഉൾപ്പെടുത്തിയ ഹം ആപ് കി ആംഖോം മേ (ഗീത ദത്ത്, റഫി) ഒഴികെ എല്ലാ ഗാനങ്ങളും സിനിമയുടെ ഒഴുക്കിലലിഞ്ഞു ചേരുന്നു. ആജ് സജൻ മൊഹെ അംഗ് ലഗാ ലോ, ജാനേ വോ കൈസേ ലോഗ് ഥെ ജിൻകേ, സര് ജോ തേരാ ചക്‌രായേ, യെ ഹസ്‌‌തേ ഹുവേ ഫൂൽ, തംഗ് ചുകേ ഹേ... ഒടുവിൽ പ്രസിദ്ധമായ ആ മുഹമ്മദ് റഫി ഗാനം –-യേ ദുനിയാ അഗർ മിൽ ഭി ജായേ തോ ക്യാ ഹേ...   
 
വിജയിന്റെ കാമുകി മീന (മാല സിൻഹ) മെച്ചപ്പെട്ട ജീവിതം തേടി ഘോഷ് എന്ന ധനികനായ പ്രസാധകനെ വിവാഹം കഴിച്ചു. പിന്നീട് ഘോഷിന്റെ ഓഫീസിൽത്തന്നെ ജോലി ചെയ്യാനിടവരുന്നതോടെ കവിയുടെ ജീവിതം വീണ്ടും കുഴപ്പത്തിലായി. ഭാര്യയുടെ മുൻ കാമുകനെ സഹിക്കാനുള്ള മഹാമനസ്‌കത പ്രസാധകനില്ലായിരുന്നു. ജോലി നഷ്ടപ്പെട്ട് തെരുവിലായ വിജയ് വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നു. യാചകന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ റെയിൽവേ ട്രാക്കിൽ കുടുങ്ങി തീവണ്ടിയിടിച്ച് വിജയ് മരിച്ചു എന്ന  തെറ്റായ വാർത്ത നഗരത്തിൽ പരക്കുന്നു. വിജയ് എഴുതിയ കവിതകളുടെ കൈയെഴുത്തുപ്രതി ഗുലാബിൽനിന്നു കൈക്കലാക്കിയ ഘോഷ് അവ പ്രസിദ്ധീകരിക്കുന്നു. ‘പര്ഛായിയാം' (നിഴലുകൾ) എന്നു പേരുള്ള ആ സമാഹാരം വായനക്കാർ വലിയ ആവേശത്തോടെ സ്വീകരിക്കുന്നു. ജീവിതമേൽപ്പിച്ച മുറിവുകളുടെ വേദനയും നനുത്ത വിഷാദവും  കവിതകളിലെങ്ങും ഉറഞ്ഞു കിടന്നിരുന്നു. (പ്യാസയുടെ ഗാനരചയിതാവ് സാഹിർ ലുധിയാൻവിയുടെ കവിതാസമാഹാരത്തിന്റെ പേരും ‘പര്ഛായിയാം' എന്നുതന്നെ. കവയിത്രി അമൃതാ പ്രീതത്തോട് സാഹിറിനുണ്ടായിരുന്ന പ്രണയമാണ് പ്യാസയുടെ പ്രമേയത്തിനടിസ്ഥാനമെന്നു പറയപ്പെടുന്നു) 
 
 കവിതാസമാഹാരം പ്രസിദ്ധീകൃതമായ വിവരം വിജയ് അറിയുന്നത് ആശുപത്രിക്കിടക്കയിൽ വച്ചാണ്. അതെഴുതിയത് താനാണ് എന്ന അവകാശവാദം അയാളെ എത്തിച്ചത്‌ ചിത്തരോഗാശുപത്രിയിൽ. ഒടുവിൽ സുഹൃത്തിന്റെ സഹായത്തോടെ രക്ഷപ്പെടുമ്പോഴേക്കും ‘പര്ഛായിയാം’ ജനപ്രീതിയുടെ പരകോടിയിലെത്തിയിരുന്നു. വിജയ് ജീവിച്ചിരിപ്പുണ്ടെന്ന് അംഗീകരിക്കാൻ അയാളുടെ സഹോദരൻമാർ പോലും തയ്യാറാകുന്നില്ല. ചിത്രാന്ത്യത്തിൽ ‘യശശ്ശരീരനായ' കവിയെ ആദരിക്കാനുള്ള വമ്പൻ ചടങ്ങിൽ പ്രത്യക്ഷപ്പെടുന്ന വിജയ് സർഗസൃഷ്ടികളെ വിലപേശി വിൽക്കുന്ന സമൂഹത്തെ കവിതചൊല്ലി തിരസ്‌കരിക്കുന്നു. തിങ്ങിനിറഞ്ഞ സമ്മേളനഹാളിന്റെ പിറകിൽ ഒരു സ്വപ്‌നാടകനെപ്പോലെ നിലകൊള്ളുന്ന കവി ഉയിർത്തെഴുന്നേറ്റ ക്രിസ്‌‌തുവിനെ ഓർമിപ്പിക്കുന്നു. അയാളുടെ നേർത്ത ശബ്ദം മെല്ലെ മെല്ലെ കരുത്താർജിക്കുന്നു...
 
യെ മഹ്‌ലോം യെ തഖ്തോം യെ താജോം കി ദുനിയാ 
യെ ഇൻസാന് കേ ദുശ്‌മൻ സമാജോം കി ദുനിയാ
യെ ദൗലത് കേ ഭൂഖേ രവാജോം കി ദുനിയാ
യെ ദുനിയാ അഗർ മിൽ ഭി ജായേ തോ ക്യാ ഹേ 
 
കൊട്ടാരങ്ങളും സിംഹാസനങ്ങളും കിരീടങ്ങളുമുള്ള, പണക്കൊതിയൻമാർ നിറഞ്ഞ മനുഷ്യത്വരഹിതമായ ഈ ലോകം കൈവന്നിട്ടും എന്തു പ്രയോജനം... ‘‘ആത്മാവു നഷ്ടപ്പെടുത്തിയവൻ ലോകം മുഴുവൻ നേടിയിട്ടെന്തു കാര്യം?'' എന്ന ബൈബിൾ വാക്യം തന്നെയാണ് ഈ കവിതയിലെ ഓരോ നിരാസത്തിലുമുള്ളത്. ഒടുവിൽ തന്റെ കവിസ്വത്വത്തെയും തന്നെത്തന്നെയും നിരാകരിച്ച് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കാത്തവളായ ഗുലാബിനോടൊപ്പം വിജയ് എങ്ങോട്ടോ പോയി. പക്ഷേ, ഇരുവരുടെയും മുഖത്ത് സ്വാതന്ത്ര്യത്തിന്റെ വെളിച്ചമുണ്ടായിരുന്നു. മിടുമിടുക്കൻമാരുടെ കച്ചവട റിപ്പബ്ലിക്കിൽനിന്ന് തന്റേതല്ലാത്ത കാരണങ്ങളാൽ പുറത്തുപോകേണ്ടിവന്ന ആ കവി ആറു പതിറ്റാണ്ടിനപ്പുറംനിന്ന് ഇപ്പോഴും ചോദിക്കുന്നു...
യെ ദുനിയാ അഗർ മിൽ ഭി ജായേ തോ ക്യാ ഹേ?

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top