05 August Wednesday

ആറ്റൂര്‍ എന്ന വന്‍കര

ബിനോയ് കുറ്റുമുക്ക് binoyrapheal@gmail.comUpdated: Sunday Aug 4, 2019

മലയാള കാവ്യശാഖയോട് വിടപറഞ്ഞു ആറ്റൂര്‍ രവിവര്‍മ.  കവിതയില്‍ അരനൂറ്റാണ്ടിലധികം  തുടർന്ന സൗമ്യസാന്നിധ്യം. ഒരു ജന്മംമുഴുവൻ എഴുതിയിട്ടും എണ്ണംകൊണ്ട് 250 കവിത. നോവല്‍, വിവര്‍ത്തനം തുടങ്ങി എല്ലാ മേഖലയിലും പ്രതിഭ തെളിയിച്ചു. കേരള‐കേന്ദ്ര അക്കാദമി അവാര്‍ഡുകള്‍, 2012ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങള്‍.  കാവ്യത്തിന്റെ കനകപ്രഭ ചൊരിഞ്ഞ് എഴുത്തച്ഛന്റെ കിരീടവുമണിഞ്ഞ ആറ്റൂരിനെ മൂന്നുമാസം മുമ്പ് ആറ്റൂരില്‍ചെന്നുകണ്ട അനുഭവം പങ്കുവ‌യ്‌ക്കുന്നു കവി ബിനോയ് കുറ്റുമുക്ക്

ആറ്റൂര്‍ രവിവര്‍മ

ആറ്റൂര്‍ രവിവര്‍മ

 ‘കൊച്ചിശ്ശീമ'യിലെ, തൃശൂരിലെ തലപ്പിള്ളി താലൂക്കിന്റെ വക്കത്താണ് ആറ്റൂർ. കുറച്ച് നടന്നാൽ ഭാരതപ്പുഴ. അഞ്ചലാപ്പീസ്, പള്ളിക്കൂടം, കള്ളുഷാപ്പ്, ഇറച്ചിക്കട ഒന്നുമില്ലാത്ത ഒരു നാടായിരുന്നു ആറ്റൂരിന്റേത്.

ആറാംതരത്തിൽ കവിത എഴുത്തുത്തുടങ്ങിയ മാഷ് ആദ്യ കവിത അച്ചടിച്ച ‘1945ൽ  യുവശക്തി' എന്ന ആഴ്ചപ്പതിപ്പിന്റെ താളുകൾ ഓർമിപ്പിച്ച്  പറഞ്ഞുതുടങ്ങി. ആരും കണ്ടെത്താത്ത സ്‌നേഹത്തിന്റെ  ആറ്റൂർ എന്ന വൻകരയിലേക്ക് ഞങ്ങൾ കുറച്ചുദൂരം സഞ്ചരിച്ചു.  

ആലുകളാണ് ആറ്റൂരിലെ വലിയമരങ്ങൾ. എല്ലായിടത്തുമുണ്ട്. പിന്നെ മാവും പിലാവും. വീട്ടിലേക്കുള്ള വഴിയടയാളംതന്നെ ഒരു വലിയ ആൽ. കായകുറവുള്ള ഉയർന്നുപോകുന്ന തെങ്ങുകൾ. പാടത്തിന്റെ വക്കത്തുള്ള ആ വീട് തനി പച്ചപ്പാടത്തായിരുന്നു പണ്ട്‌. ഈയിടെ പോയി നോക്കിയപ്പോൾ പച്ചപ്പാടമില്ല, വാഴവച്ച കുഴികൾ, പാടം തരിശായി. ഇപ്പോൾ ആറ്റൂർ ഒരു ചെറിയ തുരുത്തുമാത്രം.
   
ആളുകൾ എല്ലാം ഒച്ചവച്ച് സംസാരിക്കുന്ന  ദേശം.  ലൗഡ്സ്പീക്കറിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ‘മൈക്കി'നെപ്പോലെ  എല്ലാവരും. കൂട്ടുകുടുംബത്തിൽ ആളുകൾ കേൾക്കണമെങ്കിൽ ഉച്ചത്തിൽ പറയണം. അതുകൊണ്ടാകണം.  അതിശയോക്തിയും അലങ്കാരവും ധാരാളമുള്ള നാട്. ഉറക്കെ ചിരിക്കുകയും കൈയും കലാശവും കാണിക്കുന്നവരുടെ നാട്. നേരെ നിൽക്കാത്ത പ്രകൃതമുള്ളവർ.
  
ആറ്റൂരിന്റെ നാട്ടിൽ കൃഷിക്കുതന്നെ ഒരുഭാഷയുണ്ട്. നാട്ടിലെ ഇടവഴിയിലെ ഓരോ ഒതുക്കും കൽപ്പടവും വളവും തിരിവും ആറ്റൂരിന് മനപ്പാഠം. ചെരിപ്പുപയോഗിക്കാത്ത അദ്ദേഹത്തിന്റെ ഉള്ളംകാൽ നാടിനോടുള്ള ബന്ധവും മണ്ണിന്റെ മണവും വിളിച്ചുപറയും. എങ്കിലും സ്കൂളിലെ പഠിപ്പ് ചെടികളെയും നാട്ടിലെ കിളികളെയും അടുത്തറിയാൻ സഹായിച്ചില്ല. പഠിച്ചത് ഭൂമധ്യരേഖയും അക്ഷാംശവും പീഠഭൂമിയും. പിന്നെ റഷ്യൻ പുസ്‌തകങ്ങളുടെ തർജമകളുടെ മൊഴി, സഖാവ്, ഇങ്കുലാബ്, ലാൽസലാം,  ബൂർഷ്വാ, മിച്ചമൂല്യം എന്നിങ്ങനെ...
 
പണ്ഡിതരാജകവിരത്നം ആറ്റൂർ കൃഷ്‌ണപ്പിഷാരടി കാരണം ആറ്റൂർ എന്ന ദേശത്തെ തൃശൂരിലും പുറത്തും അറിയാം. അദ്ദേഹം സംഗീത പണ്ഡിതനുമായിരുന്നു. പിന്നെ തൃശൂർപൂരത്തിന് തിമിലയിൽ തിമിർക്കുന്ന മഹാരസികൻ മാരാത്തു ശങ്കരൻകുട്ടിമാരാർ.  മാരാർ മാത്രമല്ല, അലക്കിവെളുപ്പിച്ച മുണ്ടും കുപ്പായവുമിട്ട്‌, പണം നിറച്ച മടിശ്ശീലയുമായി, നീണ്ട ശംഖുകളും കനത്ത ഇലത്താളങ്ങളുമായി ഒരു കൂട്ടം ചെറുപ്പക്കാരും. അവർ തൃശൂർപൂരത്തിന് തലേന്ന് രാത്രി പുറപ്പെട്ട് മേളവും വെടിക്കെട്ടും എക്‌സിബിഷനും കഴിഞ്ഞ് ഹോട്ടൽശാപ്പാടിൽ മതിമറന്ന് തിരികെവരുന്നവർ.
 
വലിയ കുളങ്ങളും കുളപ്പുരയും മറപ്പുരയുമൊക്കെയുള്ള  നാടാണ് ആറ്റൂർ. വിചിത്രമായ സങ്കേതമായിരുന്നു സ്വാമിയാർമഠം. ശങ്കരാചാര്യരുടെ പിൻമുറക്കാരാണത്രെ അവിടെ.  സ്വാമിയാർക്ക്‌ ധാരാളം ഭൂസ്വത്തും ഭരണക്കാരും ഒക്കെ ഉണ്ടായിരുന്നു.  വേഷം കാവി. ആറ്റൂരിലെ വായനശാല പൊതുസ്ഥാപനമാണ്. ആട്ടവും പാട്ടും നാടകവും ഒക്കെ പതിവുള്ള അവിടെ അവധിക്കാലത്ത് ഞങ്ങൾ അന്തിവരെ ഇരിക്കും. പെൺകുട്ടികളും. അക്കാലത്ത് ഞങ്ങൾ സ്റ്റാലിൻ പാർടിയിൽ ചേർന്നിരുന്നു. ഒരു കലാപരിപാടിയുടെ അന്ന് ഞങ്ങളെ ഇടിവണ്ടിയിൽ കയറ്റിക്കൊണ്ടുപോയി. പിന്നെ കുറെനാൾ ആരും പുറത്തിറങ്ങിയില്ല.
 
വൈദ്യുതിവെളിച്ചം നന്നേ കുറവായ നാട്ടിൽ നല്ല ഇരുട്ടാണ്. പിശാചുക്കളും യക്ഷികളും ധാരാളം. തൃക്കഴിപ്പുറം ആര്യൻ നമ്പൂതിരി ബ്രഹ്മരക്ഷസ്സുകളെ പിടിക്കുന്നത് ഇപ്പോഴും ഓർക്കുന്നു. വഴിതെറ്റിക്കുന്ന പൊട്ടിയെ കണ്ടിട്ടുള്ള ആറ്റൂർ ഷൊർണൂരിൽ വണ്ടിയിറങ്ങുന്ന രാത്രിയിൽ നടന്നുവരുമ്പോൾ ‘മാർക്‌സും പ്രേതങ്ങളും' തമ്മിലുള്ള പോരാട്ടത്തിലായിരിക്കും.
 

കവിതയിലേക്ക് തിരികെ

 

വാക്കുകൾകൊണ്ട് വിളവു കൊയ്യേണ്ടത് എങ്ങനെയെന്ന് ആറ്റൂരിനറിയാം. മൗനസാന്ദ്രമായ അർഥങ്ങളുടെ മുഴക്കമുണ്ട് ആറ്റൂർക്കവിതകളിൽ. ഒരിക്കൽ കൽപ്പറ്റ നാരായണൻ പറഞ്ഞതുപോലെ ‘മലയാള മണ്ണ് ഏറ്റവും വിളവുണ്ടാക്കിയ ഇടങ്ങളിൽ ആറ്റൂരിന്റെ നിലവുംപെടും. നാടൻ വിത്തുകൾമാത്രം വിതച്ചിട്ടും. രാസവളങ്ങൾ ഇടാഞ്ഞിട്ടും.' 
 നിഗൂഢമായ ഒരു മുറിയിലിരുന്ന് കവിത എഴുതുന്ന ആറ്റൂർ ഒരു ജന്മംമുഴുവൻ എഴുതിയിട്ടും എണ്ണംകൊണ്ട് 250 കവിത. പക്ഷേ, കവി പറയുന്നു–- ‘‘എല്ലാ നിലങ്ങളും പോയാലും ഒരു നിലം, അങ്ങാടിയിലൊക്കെ തോറ്റാലും മടങ്ങിവരാനൊരൽപ്പം മണ്ണ് കവിതയിൽ താൻ നിലനിർത്തിയിട്ടുണ്ട്.'' 
 
ഗ്രാമീണജീവിതത്തോടുള്ള സ്‌നേഹം മിക്ക കവിതകളിലും കാണും. ഗ്രാമത്തോടുള്ള ബന്ധം അടുപ്പവും അകൽച്ചയും ചേർന്നതാണ്.
 
കമ്പരാമായണം പൂർത്തീകരിക്കാതെ
ആധുനികതയുടെ തിരയടങ്ങിയ സമകാലത്തുനിന്ന് ആറ്റൂരിന്റെ കവിതകളിലേക്ക് കൂടുതൽ പ്രിയത്തോടെ തിരിഞ്ഞുനോക്കുമ്പോൾ ഒന്ന് ബാക്കിയാകുന്നു, കമ്പരാമായണം. കമ്പർ തമിഴിലെഴുതിയ രാമായണത്തിന്റെ മലയാള  വിവർത്തനം.
 
‘‘ബുദ്ധിശൂന്യരായ കുട്ടികൾക്ക് കമ്പരുടെ  ശ്‌മശാനത്തുനിന്ന് ഇപ്പോഴും മണ്ണ് വാരി കൊടുക്കാറുണ്ട്. അങ്ങനെ ചെയ്‌താൽ അവർ ബുദ്ധിമാന്മാരായി തീരുമെന്ന് വിശ്വാസം''–- ആറ്റൂർ പറഞ്ഞു.
 
 പ്രശസ്‌ത കവി മാധവൻ അയ്യപ്പത്തുമായി 2003ലാണ് വിവർത്തനത്തിന് തുടക്കമിട്ടത്. പൂർത്തീകരിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ബാലകാണ്ഡത്തിൽ തുടക്കം. മൂന്ന്‌ കാണ്ഡങ്ങൾ ആറ്റൂർതന്നെ പൂർത്തിയാക്കി. യുദ്ധകാണ്ഡം പൂർണമായും വിവർത്തനം ചെയ്യുമ്പോഴേക്കും ഓർമ മറഞ്ഞുതുടങ്ങിയിരുന്നു.  
സാധാരണങ്ങളാണ് എ
നിക്ക് മിക്കപ്പോഴും അസാധാരണങ്ങളായി മാറുന്നത്. കുറെക്കാലമായി ഉള്ളിൽ പിടയ്‌ക്കുന്ന ഒരു ഭീതി, പാപം, അറപ്പ്, കയ്‌പ്‌  എന്നിവയെ വാക്കുകൾകൊണ്ട്‌ പുറത്തുചാടിക്കുക, അങ്ങന
ത്തെ ഒരു കർമമാണ് എനിക്ക് എഴുത്ത്. ഇങ്ങനെ ഉച്ചാടനം ചെയ്യുന്നതിലൂടെ മനസ്സിന്‌ ബാധയൊഴിഞ്ഞപോലെ. എല്ലാ ഭാവങ്ങളും എന്റെ കവിതയിൽ സംഭവിക്കാറില്ല. മിക്കവാറും നിഷേധത്തിന്റെ ഇരുണ്ട ഭാവങ്ങളാണ് വരുന്നത്. ജീവിതത്തിൽ ധാരാളം സന്തോഷങ്ങളുണ്ട്. എഴുതിത്തുടങ്ങുമ്പോൾ അവയുടെ വിപരീതങ്ങൾ വന്ന്‌ കളം കലക്കുന്നു.
 
‘ഉണ്ടചോറ്, കൊണ്ട കാറ്റ്, കേട്ട കൊട്ട് ' ഒക്കെ ഗ്രാമത്തിന്റേതായിരുന്നു. അതിനാൽ, വിട്ടുപോന്നവന്റെ സ്‌മൃതിയിൽ നിഴലിക്കുന്ന ഗ്രാമീണതയാണ് എന്നിലുള്ളത്. പലപ്പോഴും എന്നിൽനിന്ന് ഞാൻ അരിച്ചെടുത്ത ഗ്രാമം... 

മടക്കം

 
‘‘ഒരു പിടിവാക്കുകൾ നിങ്ങൾക്ക്
പൊതിഞ്ഞുവച്ചിട്ടുണ്ട് ഞാനിന്നും.
ഉപ്പിട്ട വെള്ളം തിളപ്പിച്ച്
കണ്ണിൽ കരുതിയിട്ടുണ്ടിന്നും.''

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top