19 September Sunday

കാന സുരേശൻ‐ പ്രചോദനത്തിന്റെ രസതന്ത്രം

അനീഷ്‌ ബാലൻ aneeshpnr@gmail.comUpdated: Sunday Jul 4, 2021

കാഴ്‌ചവൈകല്യമുള്ള, ക്ഷയരോഗിയായ അമ്മയുടെ ചികിത്സയ്ക്കും സ്വന്തം പഠനച്ചെലവിനുമായാണ് കാന സുരേശൻ കൂലിപ്പണിക്കാരനായത്, എട്ടാംക്ലാസിന്റെ ഇളംപ്രായത്തിൽ. പഠിച്ചതും പടവുകൾകയറിയതും ഒരു സ്വർണമെഡലിന്റെ ബലത്തിലായിരുന്നു. ഉന്നതപഠനങ്ങളില്‍ സുരേശന് താങ്ങായി ആ മെഡൽ ബാങ്കുകളില്‍ പണയമിരുന്നു. ഇന്ന് ലോകമാദരിക്കുന്ന ശാസ്ത്രജ്ഞനായ സുരേശൻ ഒരുകാലത്ത് അമ്മയനുഭവിച്ച രോഗത്തിന് ഏറ്റവും ചെലവുകുറഞ്ഞരീതിയിൽ മരുന്ന് നിർമിക്കാമെന്നും കണ്ടുപിടിച്ച നേട്ടത്തിനുടമയാണ്. കടലിൽനിന്ന് ക്രൂഡ്‌ ഓയിൽ നീക്കം ചെയ്യാനുള്ള സാങ്കേതിക വിദ്യയും ഈ രസതന്ത്രശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തമാണ്

കാഴ്‌ച വൈകല്യമുള്ള അമ്മയെ ക്ഷയരോഗം ബാധിച്ചപ്പോഴാണ് സുരേശൻ കൂലിപ്പണിക്കിറങ്ങിയത്. അന്നത്തെ ആ എട്ടാംക്ലാസുകാരൻ ഇന്ന്‌ അതേ രോഗത്തിന്റെ മരുന്നുൽപാദനത്തിലെ സങ്കീർണത നീക്കി ചെലവുകുറഞ്ഞതാക്കി. വൈദ്യലോകത്തിന്റെയാകെ പ്രശംസ  നേടിയ ആ ശാസ്‌ത്രജ്‌ഞൻ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എരമം ‌  സ്വദേശി കാന സുരേശനാണ്. ലോകമറിയുന്ന ഇന്നത്തെ യാത്രയിലേക്ക് താണ്ടിയത് ദുരിതങ്ങളുടെ കടലുതന്നെ, ആ 'ജീവിതം' ഇങ്ങനെ:  

സുരേശൻ പിറന്ന്‌ വൈകാതെ അച്ഛൻ വേർപിരിഞ്ഞു. ബീഡിത്തൊഴിലാളിയായ അമ്മയുടെ തുച്ഛവരുമാനത്തിൽ ബാല്യം. ജന്മനാ കാഴ്ചയ്ക്കും കേൾവിക്കും പ്രശ്നമുണ്ടായിരുന്ന  അമ്മയുടെ വൈകല്യം കൂടി വന്നു.

പഠനത്തിൽ മിടുക്കനായ സുരേശൻ മാത്തിൽ ഗവ. സ്‌കൂളിൽ എട്ടാം ക്ലാസിൽ പഠിക്കവെ അമ്മയെ ക്ഷയരോഗവും പിടികൂടി. പിന്നീട് പരിയാരം ആശുപത്രിയിലെ ടിബി വാർഡിൽ. രക്തം ഛർദിക്കുന്നതടക്കമുള്ള അയൽബെഡ്ഡുകളിലെ കാഴ്‌ചകളിൽ അമ്മയെ നഷ്ടപ്പെട്ടേക്കുമെന്ന ഭയംകൂടി. അമ്മയെ ജീവിതത്തിലേക്ക്‌ തിരികെയെത്തിക്കണം, ചികിത്സിക്കാൻ പണം വേണം. കൂലിപ്പണിയല്ലാതെ മറ്റൊന്നും മുന്നിലില്ല.

"ഉയരങ്ങൾ’ കീഴടക്കാൻ

അങ്ങനെ സുരേശൻ എരമം ഗ്രാമത്തിന്റെ "ഉയരങ്ങൾ കീഴടക്കാൻ' തുടങ്ങി. ഏത് വലിയകവുങ്ങും മരങ്ങളും കുഞ്ഞുസുരേശനു മുന്നിൽ തലകുനിച്ചു. ജീവിതത്തിലെ ഉയരങ്ങൾ കീഴടക്കാൻ ചെറുപ്പത്തിലേ കിട്ടിയ പ്രചോദനം. കാട്‌ വെട്ടാനും പറമ്പ്‌ കിളയ്‌ക്കാനും മുന്നിലെത്തി. ഇടയ്ക്ക് സ്കൂളിലും പോകേണ്ടതിനാൽ തുടർച്ചയായി പണിക്ക്‌ പോകാനായില്ല, ആളുകൾ വിളിക്കാതെയായി. അതോടെ വെള്ളിയാഴ്‌ചകളിൽ പഠനം ഒഴിവാക്കി, അങ്ങനെവരുമ്പോൾ ശനിയും ഞായറുമടക്കം മൂന്ന് ദിവസം തുടർച്ചയായി പണികിട്ടും. പത്തും പതിമൂന്നും രൂപയുടെ കൂലി തന്നെ പ്രലോഭനം. സുരേശനെ മനസിലാക്കിയ, സ്നേഹം നിറഞ്ഞ അധ്യാപകർ കൂടെ നിന്നതോടെ ഹാജർ കടമ്പയും കടന്നു. പക്ഷേ 63 ശതമാനം മാർക്കിൽ പത്താംക്ലാസ് തൃപ്തിപ്പെടേണ്ടിവന്നു.

വഴിത്തിരിവിൽ

സയൻസ്‌ മുഖ്യവിഷയമായി പഠിക്കാൻ ഈ മാർക്ക്‌ പോര. അങ്ങനെ തൃക്കരിപ്പൂർ വിഎച്ച്‌എസ്‌ഇയിലേക്ക്. അവിടെ യൂണിഫോമിന്‌ പാന്റ്‌സ്‌ നിർബന്ധം. ആദ്യമായി ചെരുപ്പിട്ടതുപോലും അവിടംമുതലാണ്. റാങ്ക്‌  ലക്ഷ്യംവച്ചായി പഠനം. അവസാന വർഷം ഫലം വന്നപ്പോൾ സംസ്ഥാനത്തുതന്നെ ഒന്നാമൻ. അന്ന്‌ മന്ത്രി പി കെ കെ ബാവ സമ്മാനിച്ച സ്വർണമെഡലിൽ മുന്നോട്ടുവഴിതെളിഞ്ഞു. പഠനച്ചെലവിന് പണം കണ്ടെത്താൻ പലപ്പോഴും ഈ മെഡൽ ബാങ്കിൽ പണയംവെച്ചു.

രസതന്ത്രത്തിലേക്ക്‌

ഫിസിക്‌സ്‌ പഠിക്കാനായിരുന്നു ആഗ്രഹം. പക്ഷേ നല്ല ഡിപ്പാർട്ട്‌മെന്റ് കാഞ്ഞങ്ങാട്‌ കോളേജിലാണ്‌. അത്രയും യാത്ര ചെലവ്‌ താങ്ങാനാകില്ല. അപ്പോൾപിന്നെ പയ്യന്നൂർ കോളേജ്‌ തന്നെ ശരണം. അവിടുത്തെ പ്രസിദ്ധമായ കെമിസ്‌ട്രി ഡിപ്പാർട്ട്‌മെന്റിൽനിന്ന് നല്ല മാർക്കോടെ ബിരുദം. കണ്ണൂർ എസ്‌എൻ കോളേജിൽ എംഎസ്‌സിക്ക് ചേർന്നു. 50 കിലോമീറ്ററിലധികംയാത്ര ചെയ്യാൻ വയ്യ. മാങ്ങാട്ടെ ചെറിയമ്മയുടെ വീട്ടിലായി താമസം. എന്നാലും ശനിയും ഞായറും നാട്ടിലെത്തും, കൂലിപ്പണിക്കാരനാകും.

കടം വീട്ടാൻ ഫെലോഷിപ്

ഓർഗാനിക്‌ കെമിസ്‌ട്രിയിൽ ഉപരിപഠനമായിരുന്നു സ്വപ്നം. പക്ഷേ സാമ്പത്തിക ബാധ്യത വലുതാണ്, ഒരു ജോലി വേണം. അതുകൊണ്ട് തലശ്ശേരി ബ്രണ്ണൻകോളേജിൽ ബിഎഡിന്‌ ചേർന്നു. കോളേജിലെ യൂണിയൻ ചെയർമാനുമായി. വിവരങ്ങളൊക്കെ അറിഞ്ഞ പ്രിൻസിപ്പൽ ഒരാഴ്‌ച ലീവെടുത്ത്‌ ജെആർഎഫോ ഗേറ്റ്‌ എൻട്രൻസോ എഴുതാൻ ആവശ്യപ്പെട്ടു. അങ്ങനെതന്നെ ചെയ്തു, രണ്ടും പാസായി.

പുണെയിലേക്ക്‌

എല്ലാ പ്രതിസന്ധിഘട്ടത്തിലും  ഉപദേശം തേടാറുള്ള പ്രസന്നൻ എന്ന അധ്യാപകനാണ്‌ പുണെ നാഷണൽ കെമിക്കൽ ലബോറട്ടറി എന്ന നിർദേശം വച്ചത്‌. അവിടെ നാലര വർഷം ഗവേഷണം. അന്നവതരിപ്പിച്ച പ്രബന്ധങ്ങൾക്കുള്ള അംഗീകാരമെന്നോണം 2002ൽ ജപ്പാനിലെ എഹിമേ സർവകലാശാലയിൽ നിന്ന്‌  ജെഎസ്‌പിഎസ്‌ ഫെലോഷിപ്പ്‌ കിട്ടി. ‘‘ജപ്പാനിൽ  വകുപ്പുമേധാവി എത്തുംമുമ്പേ വിദ്യാർഥികൾ ഓഫീസിലെത്തണം. അദ്ദേഹം മടങ്ങിയാലേ വിദ്യാർഥികൾ മടങ്ങാവൂ എന്നാണ് അലിഖിത നിയമം! താമസസ്ഥലത്തുനിന്ന്‌ ഏഴ്‌ കിലോമീറ്റർ അകലെയാണ്‌ ഓഫീസ്‌. സൈക്കിളോടിച്ച്‌ സമയത്തെത്താൻ പ്രയാസം. ഒടുവിൽ കൃത്യമായി ചുമതലകൾ നിർവഹിക്കാമെന്ന ഉറപ്പിൽ മേധാവി യുട്ടാക വാട്ടാനബെ ഇളവുനൽകി. അതിനുഫലമുണ്ടായി. യുട്ടാക തന്റെ ദീർഘമായ സർവീസിനിടെ തയ്യാറാക്കിയതിനേക്കാൾ കൂടുതൽ, 18 പ്രബന്ധങ്ങൾ രണ്ട്‌ വർഷത്തിനിടെ അവതരിപ്പിച്ചതോടെ സുരേശൻ ഗുരുവിന്റെ പ്രിയപ്പെട്ടവനായി.

യുകെയിൽ

ജപ്പാനിൽ യുട്ടാക സംഘടിപ്പിച്ച അന്താരാഷ്‌ട്ര സിമ്പോസിയത്തിൽ പങ്കെടുക്കാനെത്തിയ യൂണിവേഴ്‌സിറ്റി ഓഫ്‌ ബാത്തിലെ പ്രൊഫ. ബാരി പോട്ടർക്ക്‌ സുരേശനിൽ വലിയ മതിപ്പായി. ബ്രിട്ടണിലെ തന്റെ ഗ്രൂപ്പിലേക്ക്‌ ക്ഷണിച്ചു. എന്നാൽ സുരേശൻ ജപ്പാനിൽ തുടർന്നു. ഒരു ക്രിസ്‌മസിന്‌ ബാരി പോട്ടറുടെ ആശംസാ‌കാർഡെത്തി. ഒപ്പമുണ്ടായിരുന്ന കത്തിൽ ക്ഷണം ആവർത്തിച്ചു. അങ്ങനെ യുകെയിലെത്തി. മെഡിസിനൽ കെമിസ്‌ട്രിയിലായി ഗവേഷണം. 2006ൽ അലക്‌സാണ്ടർ വോൺ ഹംമ്പോൾട്ട്‌ ഫെലോഷിപ്പ്‌ നൽകി ജർമനി സുരേശനെ ആദരിച്ചു. തുടർന്ന്‌ ജർമനിയിലെതന്നെ മാക്‌സ്‌ പ്ലാങ്ക്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ മോളിക്യുലാർ ഫിസിയോളജിയിൽ ഗവേഷണം. രണ്ട്‌ വർഷത്തിനുശേഷം ഇന്ത്യയിലേക്ക്, ഹൈദരാബാദ്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസിൽ സീനിയർ സയന്റിസ്റ്റ്. ഗവേഷണത്തോടൊപ്പം അധ്യാപനവും എന്ന ലക്ഷ്യത്തോടെ പിന്നീട് തിരുവനന്തപുരത്തെ ഐസറിൽ. രാജ്യത്തെ ഏഴ് ഐസറുകളിലൊന്നായ തിരുവനന്തപുരത്ത്‌ ഇൻഫ്രാസ്‌ട്രക്‌ചർ ആൻഡ് പ്ലാനിങ് വിഭാഗം ഡീൻ ആണ്‌ സുരേശനിപ്പോൾ.

സുരേശൻ അമ്മ സാവിത്രിയമ്മ, ഭാര്യ ഷീന, മക്കൾ ഗൗതം, ഗൗരി എന്നിവർക്കൊപ്പം

സുരേശൻ അമ്മ സാവിത്രിയമ്മ, ഭാര്യ ഷീന, മക്കൾ ഗൗതം, ഗൗരി എന്നിവർക്കൊപ്പം

 

 

 

 

 

 

 

 

 

 

 

 

 

 

കണ്ണായി ഒപ്പമുണ്ട്‌ അമ്മ

മകന്റെ വളർച്ചയുടെ ഓരോ ഘട്ടവും ഉൾക്കണ്ണിൽ കണ്ട്‌ ആനന്ദിക്കുകയാണ്‌ അമ്മ സാവിത്രിയമ്മ. പണ്ട്‌ കടം തീർക്കാനുള്ള മാർഗമായി ഫെലോഷിപ്പ്‌ തെരഞ്ഞെടുത്ത സുരേശൻ ഇന്ന്‌ മാനവരാശിക്ക്‌ ഏറെ ഉപകാരപ്രദമാകുന്ന പല കണ്ടുപിടുത്തങ്ങളുടെയും പിന്നിലുണ്ടെന്നും അറിയപ്പെടുന്ന ശാസ്‌ത്രജ്ഞരിലൊരാളാണെന്നും അമ്മയ്‌ക്കറിയാം. ഭാര്യ ഷീനയും മക്കൾ ഗൗതമും ഗൗരിയും അടങ്ങുന്നതാണ് സുരേശന്റെ കുടുംബം.

ഫെലോ

2018ലാണ്‌ ഡോ. സുരേശൻ ഇന്ത്യൻ അക്കാദമിക് ഓഫ് സയൻസിന്റെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടത്. സർക്കാരിന്റെ ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെ കീഴിൽ ഇന്ത്യയിലെ ശാസ്‌ത്രജ്ഞരുടെ കൺസോർഷ്യമാണ് ഇന്ത്യൻ അക്കാദമി ഓഫ്‌ സയൻസ്. നിലവിൽ ഫെലോ ആയവർ നാമനിർദേശം ചെയ്യുന്നതാണ്‌ ആദ്യകടമ്പ. അതിലെ ചുരുക്കപ്പട്ടികയിൽനിന്ന് വോട്ടിനിട്ടാണ്‌ ഓരോ വിഭാഗത്തിലെയും ഫെലോയെ തെരഞ്ഞെടുക്കുന്നത്‌.

സുരേശന്റെ ഗവേഷണ മികവുകൾ

ക്ഷയരോഗത്തിലെ തന്നെ ഏറ്റവും അപകടകരമായ എംഡിആർ ടിബിക്കുള്ള മരുന്നായ പി‌എ -824 ഉണ്ടാക്കിയിരുന്നത്‌ വളരെ അപകടരമായ വഴിയിലൂടെയാണ്‌. ആറിലധികം ഘട്ടങ്ങളുള്ള ദീർഘവും ചെലവേറിയതുമായ വഴി. എന്നാൽ പി‌എ -824 അപകടരഹിതവും ഹ്രസ്വവും ചെലവു കുറഞ്ഞതുമായ മാർഗത്തിലൂടെ നിർമിക്കാമെന്ന്‌ കണ്ടെത്തിയത്‌ സുരേശനാണ്‌. പലവിധത്തിൽ കടലിൽ കലരുന്ന ക്രൂഡ്‌ ഓയിൽ വേർതിരിച്ചെടുക്കാനും ഉപാധി കണ്ടുപിടിച്ചു സുരേശൻ. ക്രൂഡ്‌ ഓയിൽ നീക്കുക മാത്രമല്ല, വേർതിരിച്ചെടുക്കുന്ന എണ്ണ വ്യാവസായിക ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനുമായത് ലോകമാകെ അംഗീകരിച്ചു.

പരിസ്ഥിതി, ആരോഗ്യ സംരക്ഷണ മേഖലയിലാണ്‌ ‌പ്രധാനമായും ഗവേഷണം. ലോകപ്രസിദ്ധമായ ജേണലുകളിൽ നൂറോളം പ്രബന്ധം പ്രസിദ്ധീകരിച്ചു. ആറെണ്ണത്തിന്‌ പേറ്റന്റ്‌ കിട്ടി. നൂറിലധികം അന്താരാഷ്‌ട്ര കോൺഫറൻസുകളിൽ പ്രസംഗിച്ചിട്ടുണ്ട്‌. ഗവേഷണ മികവിന് നിരവധി അംഗീകാരങ്ങൾ തേടിയെത്തി.

2010ൽ രാമാനുജൻ പുരസ്‌കാരവും 2015ൽ അമേരിക്കയിലെ വൈഐഎം ബോസ്റ്റന്റെ യുവ ശാസ്‌ത്രജ്ഞൻ അവാർഡും ലഭിച്ചു. 2018ൽ ലണ്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോ ആയി.

അന്തരീക്ഷത്തിലെ ജലകണികകൾ ആഗിരണം ചെയ്‌ത്‌ കുടിവെള്ളം ഉണ്ടാക്കുന്ന കണ്ടെത്തലിന്‌ സുരേശന്‌ പേറ്റന്റ്‌ ലഭിച്ചു. ലോകത്താകെയുള്ള ശുദ്ധജലത്തിന്റെ ആറിരിട്ടി അന്തരീക്ഷത്തിൽ ജലകണികകളായുണ്ട്‌ എന്നിരിക്കെ ഈ കണ്ടെത്തൽ ഭാവിയുടെ ഗതി നിശ്ചയിക്കുന്നതാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top