23 April Tuesday

തബലയിൽ ആയിരം ദേശാടകപ്പക്ഷികളുടെ ചിറകടി

ഡോ. ബി ഇക്‌ബാൽUpdated: Sunday Mar 4, 2018

തബലമാന്ത്രികൻ സാക്കിർ ഹുസൈന്റെ അതിവിപുലവും സമ്പന്നവുമായ കലാജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്താനും വിലയിരുത്താനുമാണ് നസ്രീൻ മുന്നി കബീർ 'സാക്കിർ ഹുസൈൻ എ ലൈഫ് ഇൻ മ്യൂസിക്   (Zakir Hussain-  A Life in Music, Nasreen Munni Kabir- Harper Collins- 2018) എന്ന കൃതിയിലൂടെ ശ്രമിക്കുന്നത്. ഇന്ത്യൻ സിനിമകളെ വിലയിരുത്തി ഡസനിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട് നസ്രീൻ മുന്നി. 2016ലും 2017ലും 15 തവണയായി ഇന്ത്യയിലും ലണ്ടനിലും ബ്രസീലിലും അമേരിക്കയിലും വച്ച് സാക്കിർ ഹുസൈനുമായി സംസാരിച്ചാണ് നസ്രീൻ അദ്ദേഹത്തിന്റെ സംഗീതസപര്യയിലേക്കും വ്യക്തിജീവിതത്തിലേക്കും കാഴ്ചപ്പാടുകളിലേക്കും വെളിച്ചം വീശുന്ന പുസ്തകം തയ്യാറാക്കിയത്. സംഗീതജീവിത വളർച്ചയുടെ ഘട്ടങ്ങൾ സാക്കിർ ഹുസൈൻ എളിമയോടും അഹംഭാവം ഒട്ടുമില്ലാതെയുമാണ് പങ്കുവയ്ക്കുന്നത്. 

ഇന്ത്യ കണ്ട ഏറ്റവും മികച്ച തബലവാദന പ്രതിഭയായ ഉസ്താദ് അല്ലാ രഖായുടെ മകൻ. പിതാവിന്റെ ശിക്ഷണത്തിൻകീഴിൽ ചെറുപ്രായത്തിൽതന്നെ സംഗീതലോകം ഏറെ പ്രതീക്ഷയർപ്പിക്കുന്ന തബലിസ്റ്റായി മാറാൻ സാക്കിറിന് സാധിച്ചു. ഗുരുവെന്ന നിലയിലും പിതാവെന്ന നിലയിലും അല്ലാ രഖായുമായുള്ള ആരാധനയും ബഹുമാനവും ഇടകലർന്ന ബന്ധം  സാക്കിർ ഹുസൈൻ വൈകാരികമായി വിവരിക്കുന്നു. പ്രസിദ്ധ സംഗീതജ്ഞരുടെ അകമ്പടിക്കാരെന്ന നിലയിൽ അവഗണിക്കപ്പെട്ട് ഉചിതമായ പ്രതിഫലംപോലും ലഭിക്കാതിരുന്ന തബലിസ്റ്റുകൾക്ക് അർഹമായ പദവി നേടിക്കൊടുത്തത് പിതാവാണെന്ന് അഭിമാനപൂർവം സാക്കിർ പറയുന്നുണ്ട്.  
തബലവാദനത്തിൽ ഡൽഹി, ബനാറസ്, മീറത്ത്, ഫാറൂഖാബാദ്, ലഖ്നൗ, പഞ്ചാബ് എന്നീ ആറു ഘരാനകളാണുള്ളത്. പഞ്ചാബ് ഘരാനയാണ് അല്ലാ രഖാ പിന്തുടർന്നതും മകനെ പഠിപ്പിച്ചതും. മൂന്നാംവയസ്സിൽ തബലയുടെ പ്രാഗ്രൂപമായ പക്കാവജിലാണ് അല്ലാ രഖാ മകന് പരിശീലനം നൽകിയത്. പക്കാവജിൽ വ്യുൽപ്പത്തി നേടിയ മകന് തബലയിൽ പരിശീലനം നൽകാൻ അല്ലാ രഖാ തീരുമാനിച്ചു. പിതാവിന്റെ പ്രതീക്ഷയ്ക്കൊത്തുയർന്ന സാക്കിർ ഹുസൈൻ ചെറുപ്രായത്തിൽതന്നെ അന്നത്തെ മുൻനിര തബലവാദനക്കാരെ അതിശയിപ്പിച്ചു. 
ഏഴാംവയസ്സിൽ ആദ്യപരിപാടിയിൽ പങ്കെടുത്തപ്പോൾത്തന്നെ  വാദ്യലോകത്തെ നവാഗത ബാലപ്രതിഭയായി സംഗീതജ്ഞർ സാക്കിർ ഹുസൈനെ അംഗീകരിച്ചുകഴിഞ്ഞിരുന്നു. തുടർന്ന് പ്രസിദ്ധ ഉപകരണസംഗീത പ്രതിഭകളായ പണ്ഡിറ്റ് രവിശങ്കർ, ഉസ്താദ് അലി അക്ബർ ഖാൻ, ഉസ്താദ് വിലായത്ത് ഖാൻ, പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യ, പണ്ഡിറ്റ് ശിവകുമാർ ശർമ എന്നിവരുടെയും ഹിന്ദുസ്ഥാനി ക്ലാസിക്കൽ ഗായകരായ ഭീംസെൻ ജോഷി, ജസ്രാജ് തുടങ്ങിയവരുടെയും തബല അനുഗാമിയായി നിരവധി വേദികളിൽ തന്റെ അനന്യസാധാരണമായ കഴിവ് പ്രകടിപ്പിച്ച് സാക്കിർ ഹുസൈൻ സംഗീതപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനംപിടിച്ചു.  
 ബോംെബയിലെ സെന്റ് സേേവ്യഴ്സ് കോളേജിൽ പഠനം പൂർത്തിയാക്കിയ സാക്കിർ ഹുസൈൻ അമേരിക്കയിലെ വാഷിങ്ടൺ സർവകലാശാലയിൽനിന്ന് സംഗീതത്തിൽ പിഎച്ച്ഡി നേടി. തുടർന്ന് ഇന്ത്യയിലും അമേരിക്കയിലും മാറി മാറി താമസിച്ചും ലോകമെമ്പാടും സഞ്ചരിച്ചും നിരവധി പരിപാടികൾ അവതരിപ്പിച്ചു. മാത്രമല്ല, ലോകമെമ്പാടുമുള്ള വാദ്യോപകരണപ്രതിഭകളുമായി ചേർന്ന് സംയുക്ത പരിപാടികൾ അവതരിപ്പിച്ച് സംഗീതത്തിന്റെ ദേശീയ അതിർവരമ്പുകൾ ഭേദിച്ചു. 
അമേരിക്കയിലെയും യൂറോപ്പിലെയും പ്രസിദ്ധ വാദ്യോപകരണ കലാകാരന്മാരുടെ പരിപാടികൾ ശ്രദ്ധിച്ച സാക്കിർ ഹുസൈൻ ഇവരുമായി ചേർന്ന് ഫ്യൂഷൻ മ്യൂസിക് എന്ന പിൽക്കാലത്ത് പ്രസിദ്ധിയാർജിച്ച വാദ്യപരിപാടികൾ ആവിഷ്കരിച്ചു. വയലിനിസ്റ്റ് എൽ ശങ്കർ, ബ്രിട്ടീഷ് ഗിത്താറിസ്റ്റ് ജോൺ മക്ലോഖ്ലിൻ, മൃദംഗവിദ്വാൻ രാമനാഥ് രാഘവൻ, ഘടം വാദകൻ വിക്കു വിനായക്‌ റാം എന്നിവരുമായി ചേർന്ന് ശക്തി എന്ന പേരിൽ ഒരു സംഗീതഗ്രൂപ്പുണ്ടാക്കി നിരവധി രാജ്യങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. ഇടക്കാലത്ത് പ്രവർത്തനം നിലച്ചുപോയ ശക്തിഗ്രൂപ്പിന്റെ  ഓർമയ്ക്കായി മാൻഡലിൻ വിദഗ്ധൻ യു ശ്രീനിവാസൻ, സംഗീതസംവിധായകനും ഗായകനുമായ ശങ്കർ മഹാദേവൻ, മൃദംഗവിദ്വാൻ ശെൽവ ഗണേഷ് എന്നിവരുമായി ചേർന്ന് മറ്റൊരു ഗ്രൂപ്പും സാക്കിർ ഹുസൈൻ രൂപീകരിച്ചു. ദക്ഷിണേന്ത്യൻ താളവാദ്യങ്ങളിൽ തനിക്ക് അവഗാഹം നേടിത്തന്നവരെ പരാമർശിക്കുമ്പോൾ  സാക്കിർ ഹുസൈൻ പാലക്കാട് മണി അയ്യരെയും പാലക്കാട് രഘുവിനെയും അതീവ ബഹുമാനത്തോടെ അനുസ്മരിക്കുന്നുണ്ട്.
  
ഗ്രേറ്റ്ഫുൾ ഡെഡ് എന്ന പ്രസിദ്ധമായ റോക്ക് സംഗീതസംഘത്തിലെ അമേരിക്കൻ താളവിദ്വാൻ മിക്കി ഹാർട്ടുമായി ചേർന്ന് ലോകപ്രശസ്തരായ താളവാദ്യ പ്രതിഭകളെ പങ്കെടുപ്പിച്ച് തയ്യാറാക്കിയ പ്ലാനറ്റ് ഡ്രം എന്ന ആൽബമാണ്  സാക്കിർ ഹുസൈനെ ലോക സംഗീതജ്ഞരുടെ മുൻപന്തിയിൽ പ്രതിഷ്ഠിച്ചത്. അതുവരെ പരസ്പരം ബന്ധപ്പെടാതെ ആവിഷ്കരിച്ചുവന്നിരുന്ന താളവാദ്യങ്ങളെ അവയുടെ ദേശകാല സവിശേഷതകളും പരിമിതികളും ഉല്ലംഘിച്ചുകൊണ്ട് പരസ്പരം ലയിപ്പിച്ച് സംഗീതത്തിന്റെ സാർവലൗകികത ഉയർത്തിപ്പിടിച്ചു എന്നതാണ് പ്ലാനറ്റ് ഡ്രമ്മിന്റെ മൗലിക സംഭാവന. 1991ൽ പുറത്തിറക്കിയ പ്ലാനറ്റ് ഡ്രമ്മിന് 1992ൽ ഗ്രാമി അവാർഡ് ലഭിച്ചു. മിക്കി ഹാർട്ടിനുപുറമെ നൈജീരിയൻ താളവിദ്വാൻ സിക്കിരി അഡിപോജു, പ്യൂർേട്ടാറിക്കയിൽനിന്നുള്ള ജാസ് വിദഗ്ധൻ ജിയോവാനി ഹിഡാൽഗോ എന്നിവരുമായി ചേർന്ന് സാക്കിർ ഹുസൈൻ തയ്യാറാക്കിയ ഗ്ലോബൽ ഡ്രം പ്രോജക്ടിന് സമകാലീന ലോകസംഗീത ആൽബത്തിനുള്ള 2009ലെ അവാർഡും ലഭിച്ചു. പ്രമുഖ അമേരിക്കൻ സംഗീതജ്ഞൻ ബിൽലാസ് വെല്ലുമായി ചേർന്ന് ഹിന്ദുസ്ഥാനി, ഏഷ്യൻ പരമ്പരാഗത വാദ്യസംഗീതങ്ങൾ ഉൾപ്പെടുത്തി തബല ബീറ്റ് സയൻസ് എന്നൊരു സംഗീതസംഘവും സാക്കിർ ഹുസൈൻ രൂപീകരിച്ചിരുന്നു.  
നിരവധി ചലച്ചിത്രങ്ങൾക്ക് സാക്കിർ ഹുസൈൻ സംഗീതസംവിധാനവും പശ്ചാത്തലസംഗീതവും നിർവഹിച്ചു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ നിരവധി അവാർഡ് നേടിയിട്ടുള്ളതും ഷാജി എൻ കരുൺ സംവിധാനംചെയ്ത 'വാനപ്രസ്ഥ'മാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ബെർനാർഡോ ബർടോലൂച്ചിയുടെ ലിറ്റിൽ ബുദ്ധ, ഫ്രാൻസിസ് കൊപ്പോളയുടെ അപ്പോകാലിപ്സ് നൌ എന്നീ ലോകപ്രശസ്ത ചലച്ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച് തബല വായിച്ചിട്ടുള്ളത് സാക്കിർ ഹുസൈനാണ്. അനിത ദേശായിയുടെ ബുക്കർ സമ്മാനം ലഭിച്ച ഇൻ കസ്റ്റഡി എന്ന നോവലിനെയും വി എസ് നൈപോളിന്റെ മിസ്റ്റിക് മെസിയർ എന്ന നോവലിനെയും ആസ്പദമാക്കി അതേപേരുകളിൽ നിർമിച്ച സിനിമകൾക്കും സാക്കിർ ഹുസൈൻ സംഗീതം നൽകി. ഇസ്മയിൽ മർച്ചന്റ് നിർമിച്ച് ജയിംസ് ഐവറി സംവിധാനംചെയ്ത ഹീറ്റ് ആൻഡ് ഡസ്റ്റ് എന്ന ചിത്രത്തിലും സായി പരാഞ്ജപെയുടെ സാസിലും സാക്കിർ ഹുസൈൻ പ്രധാന റോളുകളിൽ അഭിനയിച്ചിട്ടുമുണ്ട്. 
ലോകജനതയെ ഒന്നിപ്പിക്കുന്നതിന് താളവാദ്യോപകരണങ്ങൾക്കുള്ള പങ്ക് അംഗീകരിച്ച് യുണിസെഫ് എല്ലാവർഷവും ഏപ്രിൽ 30, അന്തർദേശീയ ജാസ്ദിനമായി ആചരിച്ചുവരാറുണ്ട്. 2016ലെ ജാസ് ദിനത്തിന് അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ ഫ്യൂഷൻ സംഗീതം അവതരിപ്പിക്കാൻ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചത്, തനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി സാക്കിർ ഹുസൈൻ അനുസ്മരിക്കുന്നു.. 
ഇസ്‌ലാംമത വിശ്വാസിയെങ്കിലും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന തന്റെ തികച്ചും മതേതര ലോകവീക്ഷണം സാക്കിർ ഹുസൈൻ അഭിമുഖത്തിൽ പലപ്പോഴായി ആവർത്തിക്കുന്നുണ്ട്. കുടുംബപ്പേരായ ഖുറൈഷിക്കുപകരം ഹുസൈൻ എന്ന് തനിക്ക് നാമകരണംചെയ്തത്, തന്റെ മാതാവ് ഗർഭിണിയായിരിക്കുമ്പോൾ വീട്ടിൽ ഭിക്ഷ യാചിച്ചുവന്ന ഒരു ഹിന്ദു സന്യാസി നിർദേശിച്ചപ്രകാരമാണെന്ന് സാക്കിർ ഹുസൈൻ പറയുന്നു. ക്രിസ്തുമത വിശ്വാസിയായ അമേരിക്കൻ കഥക് നർത്തകി അന്റോണിയോ മിനികോളെയാണ് സാക്കിർ ഹുസൈന്റെ ഭാര്യ. രണ്ട് പെൺമക്കളിൽ ഒരാൾ കത്തോലിക്കനെയാണ് വിവാഹം കഴിച്ചത്. ഉന്നതനിലയിൽ എത്തിയിട്ടുണ്ടെങ്കിലും പ്രശസ്തി താൽക്കാലികമാണെന്നും താനൊരു അപൂർണനായ തെറ്റുപറ്റാവുന്ന വ്യക്തിയാണെന്നും വിനയത്തോടെ സാക്കിർ ഹുസൈൻ ധരിപ്പിക്കുന്നു. സംഗീതത്തിന്റെ സാർവദേശീയവൽക്കരണമാണ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്നു. തന്റെ ജീവിതത്തെക്കുറിച്ചുമാത്രമല്ല, താളവാദ്യങ്ങളുടെ സൈദ്ധാന്തികവും സാങ്കേതികവുമായ വശങ്ങൾകൂടി വിശദീകരിക്കുന്ന 'സാക്കിർ ഹുസൈൻ‐ എ ലൈഫ് ഇൻ മ്യൂസിക്' എല്ലാ സംഗീതപ്രേമികളും നിർബന്ധമായും വായിക്കുകയും സ്വാംശീകരിക്കുകയും ചെയ്യേണ്ട കൃതിയാണ്.
പ്രധാന വാർത്തകൾ
 Top