19 February Tuesday

വാര്‍ത്തകളും ഉപജാപങ്ങളും സൃഷ്ടിക്കപ്പെടുമ്പോള്‍

ഡോ. യു നന്ദകുമാര്‍Updated: Sunday Dec 3, 2017

ഉംബര്‍ട്ടോ ഇക്കോ 2016ലാണ് മരിച്ചത്. അദ്ദേഹം ഏറ്റവും ഒടുവില്‍ രചിച്ച നോവലാണ് നമ്പര്‍ സീറോ. ഇംഗ്ളീഷ് പരിഭാഷ പുറത്തുവന്നത് 2015 നവംബറില്‍. (Umberto Eco Numero Zero; 2015, Houghton, Mifflin Harcourt; Trans: Richard Dixon). പരിഭാഷയാണെന്നു തോന്നാത്തവിധം വശ്യമായ ആംഗലഭാഷ ശ്രദ്ധേയമാണ്. ഫൂക്കോയുടെ ദോലകം (Foucaults Pendulum), പ്രാഹ് സെമിത്തേരി (Prague Cemetery) എന്നിവയുമായി പരിചിതരായ ഇക്കോ വായനക്കാര്‍ക്ക് നമ്പര്‍ സീറോ വായിക്കാന്‍ പ്രത്യേക താല്‍പ്പര്യമുണ്ടാകുമെന്നുറപ്പാണ്. ഇക്കോ തെരഞ്ഞെടുക്കുന്നത് പ്രായേണ കഠിനമായതും പരസ്പര വിച്ഛേദരേഖകള്‍ സൃഷ്ടിക്കുന്നതുമായ സാമൂഹ്യ നിഗൂഢതകളുടെ കഥകളാണ്. അദ്ദേഹത്തിന്റെ ആദ്യകാല പുസ്തകങ്ങളോളം സങ്കീര്‍ണമായ പ്ളോട്ടല്ലാത്തതിനാല്‍ നമ്പര്‍ സീറോ കുറെക്കൂടി ആയാസരഹിത വായനയ്ക്ക് വഴങ്ങും.

വാര്‍ത്തകള്‍ അല്ല മാധ്യമങ്ങളെ സൃഷ്ടിക്കുന്നത്; മാധ്യമങ്ങളാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വായനക്കാര്‍ക്കുവേണ്ടി അവരുടെ ചിന്തയ്ക്കുതകുംവിധം രുചികരമായ വിഭവങ്ങള്‍ വാര്‍ത്തകള്‍ എന്ന പേരില്‍ ഒരുക്കും. അതാണ് ഏതു പത്രത്തിന്റെയും വിജയത്തിനുപിന്നില്‍. ദൊമനി എന്ന പത്രത്തിന്റെ എഡിറ്റോറിയല്‍ യോഗത്തില്‍ മുഖ്യ പത്രാധിപര്‍ സിമയ് മാധ്യമധര്‍മം വിശദീകരിച്ചതിങ്ങനെയാണ്. തുടര്‍ച്ചയായി വാര്‍ത്തകള്‍ സൃഷ്ടിച്ച് വായനക്കാരെ പത്രത്തിന്റെ ദര്‍ശനപരിസരത്തില്‍ ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് പത്രത്തിന്റെ വിജയരഹസ്യം. ദൊമനി എന്ന പേരുപോലും വ്യാജോക്തി ഉയര്‍ത്തുന്നു. ദൊമനി എന്നാല്‍ നാളെ. അപ്പോള്‍ നാളെ എന്ന പത്രം ഇന്ന് നമ്മുടെ കൈകളില്‍ എത്തുന്നു. അതിലെ വര്‍ത്തകളാകട്ടെ ഇന്നലത്തെയും; അതോ അവ നാളത്തേതുംകൂടിയാകുമോ? ഇന്നലെ നടന്ന സംഭവങ്ങള്‍ നാളെയുണ്ടാക്കാന്‍ പോകുന്ന ആഘാതം പത്രമനസ്സില്‍ സജീവമായിരിക്കും.

ദാമനിക്ക് ഇതുമാത്രമല്ല പ്രത്യേകത. സത്യവും അല്‍പ്പം കൂടുതലും നിര്‍ദാക്ഷിണ്യമായെഴുതാന്‍ പത്രം തയ്യാര്‍. പുതുതായി രൂപംകൊണ്ട പത്രാധിപസമിതി പത്രം ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ സഗൌരവം നടത്തുന്നുണ്ട്. ഒരു പ്രത്യേകതയുണ്ട് പത്രത്തിന്- ഈ പത്രം ഒരുകാലത്തും പുറത്തുവരാന്‍ പോകുന്നില്ല. അടുത്ത ഒരു വര്‍ഷം ആവര്‍ത്തിച്ചുള്ള ഡമ്മി പ്രസിദ്ധീകരണംമാത്രമേ ഉണ്ടാകൂ. 0/1, 0/2, എന്ന് പേരിട്ടിരിക്കുന്ന ഡമ്മി പത്രങ്ങള്‍ പരിമിതമായി അച്ചടിച്ച് സമൂഹത്തില്‍ ബിസിനസ്, ധനകാര്യം എന്നിവയില്‍ ആധിപത്യമുള്ളവരുടെ ഇടയില്‍ പ്രചരിപ്പിക്കും.

ഇതിനു പ്രത്യേക ലക്ഷ്യങ്ങളുണ്ട്. ദൊമനിയുടെ രക്ഷാധികാരി സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്നയാളാണ്. പത്രം മുഖംനോക്കാതെ വര്‍ത്തകൊടുക്കുമെന്നും സ്കൂപ്പുകള്‍ ധൈര്യമായി പുറത്തുകൊണ്ടുവരുമെന്നും പൊതുധാരണവന്നാല്‍ പത്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദമുണ്ടാകും. അതില്‍നിന്ന് ധനപരമായ നീക്കുപോക്ക് നടത്താന്‍ രക്ഷാധികാരിക്ക് സാധിക്കും. പത്രം എങ്ങനെ ഉപജാപത്തിനുതകും എന്നതിന്റെ പരീക്ഷണശാലയാകും ദൊമനി. മുഖ്യപത്രാധിപര്‍ സിമയ് ഇതൊരു വെല്ലുവിളിയായി സ്വീകരിച്ചിട്ടുണ്ട്. പത്രം നിര്‍ത്തിക്കഴിയുമ്പോള്‍ നടന്നിട്ടുള്ള ഉപജാപങ്ങളും പിന്നാമ്പുറരഹസ്യങ്ങളും ചേര്‍ത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ അയാള്‍ പദ്ധതിയിട്ടു. തികച്ചും ഞെട്ടിക്കുന്ന കഥകളുമായി പുറത്തുവരുന്ന പുസ്തകം ഉന്നതസ്ഥാനങ്ങളില്‍ ഞെട്ടലുണ്ടാക്കുമെന്നുറപ്പ്.

വായനക്കാരന്റെ ശ്രദ്ധ പിടിച്ചുപറ്റുംവിധം ആഖ്യാനപാടവമുള്ള എഴുത്തുകാരന്‍ ഇങ്ങനെയൊരു സംരംഭത്തിന് അവശ്യം വേണ്ടതാണ്. അതിനായി സിമയ് കണ്ടെത്തിയത് കോളൊന്ന എന്ന പ്രച്ഛന്നരചയിതാവിനെ. അമ്പതോളം പ്രായമുള്ള കോളൊന്ന ജീവിതത്തില്‍ താന്‍ ഏറ്റെടുത്ത എല്ലാ പ്രവൃത്തികളിലും പരാജിതനായി എന്ന് സ്വയം വിലയിരുത്തിയയാളാണ്; വിദ്യാഭ്യാസത്തില്‍, തൊഴിലില്‍, പ്രണയത്തില്‍, വിവാഹത്തില്‍, മാധ്യമജീവിതത്തില്‍- അങ്ങനെ എല്ലാത്തിലും. നിരസിക്കാനാകാത്ത വാഗ്ദാനങ്ങളുമായി  സിമയ് സമീപിച്ചപ്പോള്‍ കോളൊന്ന വഴങ്ങി. അങ്ങനെ കോളൊന്ന പത്രത്തിലെത്തി. നോവലിലെ കഥ അയാളിലൂടെയാണ് വികസിച്ചുവരുന്നത്. 

1992 കാലത്തെ അടയാളപ്പെടുത്തിയിരിക്കുന്ന നോവല്‍, രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഇറ്റാലിയന്‍ ജീവിതത്തെ അപനിര്‍മിതിക്ക് വിധേയമാക്കുന്നു. പുരാതന തലസ്ഥാനമായ മിലന്‍ പട്ടണത്തിനു വന്ന സാംസ്കാരികമാറ്റങ്ങള്‍, ഫാസിസ്റ്റു ജീവിതത്തിന്റെ പരിശിഷ്ടങ്ങള്‍, അഴിമതിയിലാണ്ട പൊതുജീവിതം, വേട്ടയാടലുകളെ ഭയന്ന് ജീവിച്ചുണ്ടാകുന്ന മതിഭ്രമം തുടങ്ങി മിലനിലെ മാനസിക ഞെരുക്കങ്ങളും സാഹസങ്ങളും നിരവധി അടരുകളായി നോവലൊരുക്കുന്നു.

റിപ്പോര്‍ട്ടര്‍മാരില്‍ ബ്രാഗദോസിയോ എന്നയാള്‍ മിലനില്‍ നിലവിലുള്ള വേശ്യാവൃത്തിയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് ഫീച്ചര്‍ തയ്യാറാക്കുന്ന ദൌത്യം ഏറ്റെടുത്തിരിക്കുന്നു. മിലനിലെ തെരുവുകളും ഇടവഴികളും വിലക്ഷണവും നാശോന്മുഖവുമായ പുരാതന കെട്ടിടങ്ങളും സംബന്ധിച്ച് ജ്ഞാനമുണ്ട് അയാള്‍ക്ക്. അതേക്കുറിച്ചു പറയാന്‍ കോളൊന്നയുമായി ബാറില്‍ പോയപ്പോഴാണ് അയാള്‍ യഥാര്‍ഥത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന അതിനിഗൂഢമായ സ്റ്റോറിയുടെ വിശദാംശത്തിലേക്ക് ബ്രാഗദോസിയോ കടന്നത്. ലോകയുദ്ധാവസാനം നാം കരുതുംപോലെ മുസ്സോളിനി കൊല്ലപ്പെട്ടില്ല; അയാളുമായി സാദൃശ്യമുള്ള മറ്റൊരാള്‍ പകരക്കാരനായി അതിര്‍ത്തികടക്കുകയായിരുന്നു. മുസ്സോളിനിയെ രക്ഷിച്ച് രഹസ്യ സങ്കേതത്തില്‍ പാര്‍പ്പിച്ചത് വത്തിക്കാന്‍ നേരിട്ടിടപെട്ടുതന്നെ. വത്തിക്കാനിലെ രഹസ്യമുറികളില്‍ ഒന്നില്‍ അല്ലെങ്കില്‍ അര്‍ജന്റീനയില്‍ മുസ്സോളിനി വീണ്ടുമൊരു ഫാസിസ്റ്റ് അട്ടിമറി നടക്കുന്നതും കാത്തുകഴിഞ്ഞു. ഏതാനും വര്‍ഷംമുമ്പാണ് വൃദ്ധനായ മുസ്സോളിനി മരിച്ചത്. സൈനികനീക്കത്തിലൂടെ ഇറ്റലിയില്‍ ഫാസിസ്റ്റു ഭരണം തിരിച്ചെത്തുമെന്ന് തോന്നുംവിധം എഴുപതുകളിലെ രാഷ്ട്രീയാവസ്ഥ കലുഷിതമായിരുന്നുതാനും. മാത്രമല്ല, കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ യൂറോപ്പില്‍ പലേടത്തും നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ മാത്രമേ സ്റ്റോറിയുടെ വ്യാപ്തിയും പുറത്തുവന്നാല്‍ അതുളവാക്കുന്ന ഞെട്ടലും നമുക്ക് ഗ്രഹിക്കാനാകൂ.

കൂടുതല്‍ അന്വേഷണത്തിനുശേഷം ബ്രാഗദോസിയോ തന്റെ സ്റ്റോറിയുടെ വിശദാംശങ്ങള്‍ ഒരുനാള്‍ സിമയ്യുമായി പങ്കുവച്ചു. ഏതാനും നാളുകള്‍ക്കുള്ളില്‍ ബ്രാഗദോസിയോ കൊല്ലപ്പെട്ടു. ഓഫീസിലെത്തിയപ്പോള്‍ കോളൊന്ന കണ്ടത് അവിടെ തെരച്ചില്‍ നടത്തുന്ന പൊലീസുകാരെയാണ്. സിമയ് കരുതുന്നത് കൊലപാതകം അയാള്‍ ഏര്‍പ്പെട്ട അന്വേഷണങ്ങളുമായി ബന്ധപ്പെട്ടാണെന്നുതന്നെ. പത്രത്തിന്റെ രക്ഷാധികാരിക്കും അതുതന്നെ അഭിപ്രായം. അയാള്‍ പത്രം അടച്ചുപൂട്ടുകയാണ്; എല്ലാര്‍ക്കും രണ്ടുമാസത്തെ ശമ്പളം നല്‍കി ഇതവസാനിപ്പിക്കുന്നു. എല്ലാം അറിയുന്നയാളെന്നതിനാല്‍ കോളൊന്ന ഒളിവില്‍ പോകുന്നതാകും നല്ലതെന്ന് സിമയ് കരുതുന്നു.

മേയ എന്ന വനിതാറിപ്പോര്‍ട്ടറുമായാണ് കോളൊന്ന ഒളിവില്‍ പോയത്. ഏതാനും നാളിനുള്ളില്‍ ഓപ്പറേഷന്‍ ഗ്ളാഡിയോ എന്ന ബിബിസി ഡോക്യുമെന്ററി കാണാനിടയായി. ബ്രാഗദോസിയോ പറഞ്ഞതെല്ലാം അതിലുണ്ടായിരുന്നു. അപ്പോള്‍ എന്തായിരുന്നു സ്കൂപ്? പ്ളോട്ടിലെ സങ്കീര്‍ണതകള്‍ വികസിച്ചുവരുന്നതിനോടൊപ്പം മാധ്യമധര്‍മമെന്ത് എന്ന അന്വേഷണവുംകൂടിയാകുന്നു.

കഥകളും ഭാവനയും സത്യവും അതിശയോക്തിയും ചേര്‍ത്തുനിര്‍മിക്കുന്ന വാര്‍ത്തകളിലൂടെ എന്തുതരം സത്യമാണ് മാധ്യമങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്നത്?

unnair@gmail.com

പ്രധാന വാർത്തകൾ
 Top