18 February Tuesday

മാർക്‌സിന്റെ ട്രിയറിലെ കൈസർ തെർമനുകൾ

ഡോ. സ്റ്റാലിൻ ദാസ്‌Updated: Sunday Nov 3, 2019
മാർക്‌സ്‌ മ്യൂസിയമായി പരിണമിച്ച മാർക്‌സിന്റെ വീട്

മാർക്‌സ്‌ മ്യൂസിയമായി പരിണമിച്ച മാർക്‌സിന്റെ വീട്

ട്രിയറിലെത്തുമ്പോൾ പടിഞ്ഞാറൻ യൂറോപ്പിലാകെ ആഞ്ഞുവീശിയ ഉഷ്‌ണതരംഗത്തിൽ നഗരം പൊള്ളുകയായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ട്രിയറിൽ നാൽപ്പത്‌ ഡിഗ്രി സെന്റിഗ്രേഡിലേക്ക് അന്തരീക്ഷോഷ്‌മാവ്‌ ഉയർന്നിരുന്നു.
മുന്തിരിക്കൃഷിക്കും വീഞ്ഞുല്പാദനത്തിനും പേരുകേട്ടതാണ്‌ ട്രിയർ. ജർമനിയിലെ ഏറ്റവും പ്രാചീന  നഗരങ്ങളിലൊന്ന്‌. ജർമനിയുടെ പടിഞ്ഞാറൻ അതിർത്തിയിൽ ലക്‌സംബർഗിനോട് ചേർന്നുകിടക്കുന്ന ട്രിയറിന് റോമൻസാമ്രാജ്യകാലത്തിനപ്പുറമെത്തുന്ന ചരിത്രമുണ്ട്.
അസഹ്യമായ ചൂട് സഹിച്ചും ട്രിയറിൽ എത്താനുള്ള കാരണങ്ങളിലൊന്ന് ആ നഗരത്തിന്റെ പ്രാചീനശേഷിപ്പുകളെ കാണുക എന്നതായിരുന്നു. മറ്റൊന്ന് ട്രിയർ കാൾ മാർക്‌സിന്റെ ജന്മനഗരമാണെന്നതും. ചിന്തകൊണ്ടും ജീവിതംകൊണ്ടും ലോകത്തെയാകെ പ്രചോദിപ്പിച്ച, ഇപ്പോഴും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന മാർക്‌സ്‌ പിറന്ന വീട് ഇവിടെയാണ്. 1818ൽ മാർക്‌സ്‌ ജനിച്ച വീട് ഇന്ന് മാർക്‌സിന്റെ ജീവിതവഴികളെയും ബൗദ്ധികസംഭാവനകളെയും അടയാളപ്പെടുത്തുന്ന ഫോട്ടോഗ്രാഫുകളുടെയും പുസ്‌തകങ്ങളുടെയും ചരിത്ര വസ്‌തുക്കളുടെയും ശേഖരമുള്ള മ്യൂസിയം. മാർക്‌സിന്റെ ധൈഷണിക–-രാഷ്‌ട്രീയ വീക്ഷണങ്ങൾക്കു സംഭവിച്ച വികാസപരിണാമങ്ങളെ പ്രതിനിധാനം ചെയ്യുന്ന അമൂല്യവസ്‌തുക്കൾ നിറഞ്ഞ മ്യൂസിയത്തിൽ ലെനിൻ, സ്റ്റാലിൻ, ഫിദൽ കാസ്ട്രോ, ചെഗുവേര, കൗട്സ്‌കി, മാവോ, അഡോണോ ലെ വെഫർ, ഗായത്രി സ്‌പിവാക്ക് തുടങ്ങിയ രാഷ്ട്രീയ - സൈദ്ധാന്തിക പ്രവർത്തകരിൽ മാർക്‌സ്‌ ചെലുത്തിയ സ്വാധീനബന്ധങ്ങളുടെ സാക്ഷ്യങ്ങളുണ്ട്‌.  മലയാളത്തിൽ മാർക്‌സിനെക്കുറിച്ച് ആദ്യമായി എഴുതപ്പെട്ട രേഖ -സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ള എഴുതിയ ജീവചരിത്രം - മ്യൂസിയത്തിലെ ശേഖരങ്ങളിലൊന്നാണ്.
വൈൻയാർഡുകൾ നേടിത്തന്ന വലിയ സാമ്പത്തികശേഷി മാർക്‌സിന്റെ പൂർവികരെ അതിസമ്പന്നരാക്കിയിരുന്നതിന്റെ അടയാളങ്ങൾ മ്യൂസിയം കെട്ടിടത്തിന്റെ കെട്ടിലും മട്ടിലും ഇപ്പോഴും തെളിഞ്ഞുകാണാം. മാർക്‌സ്‌ ഹൗസെന്ന പേരിൽ അറിയപ്പെടുന്ന മ്യൂസിയത്തിലെ കാഴ്ചകൾ പിന്നിട്ട് ട്രിയറിലെ നട്ടുച്ചയിലെ പൊരിവെയിലിലിറങ്ങി. 
യൂറോപ്പിലെതന്നെ ആദിമ വംശജരായ സെൽറ്റുകൾ ക്രിസ്‌തുവിനു മുമ്പ് നാലാം ശതകാരംഭത്തിൽത്തന്നെ അധിവാസമാരംഭിച്ചയിടമത്രെ ട്രിയർ. റോമിനുപുറത്ത് ആൽപ്‌സ്‌ പർവതങ്ങൾക്കു വടക്കുള്ള ആദ്യ ബിഷപ്‌ ട്രിയറിലേതായിരുന്നു. യൂറോപ്പിലെ ആദ്യ ക്രിസ്‌ത്യൻ ദേവാലയങ്ങളിലൊന്നായ ട്രിയർ ഡോം കത്തീഡ്രൽ നഗരത്തിലെ പ്രധാന കാഴ്‌ചകളിലൊന്നാണ്. റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റൈൻ ഒന്നാമൻ എ.ഡി. 310 ൽ പണിതുയർത്തിയ ദേവാലയത്തിൽ യേശുക്രിസ്‌തു അണിഞ്ഞിരുന്നത് എന്നു കരുതപ്പെടുന്ന വസ്‌ത്രത്തിന്റെ ശേഷിപ്പ് സൂക്ഷിച്ചിരിക്കുന്നു.
റോമൻ സാമ്രാജ്യ കാലഘട്ടത്തിലെ നിർമിതികളെ ശ്രദ്ധാപൂർവം സംരക്ഷിച്ചിരിക്കുന്ന ട്രിയറിൽ അക്കാലത്തിന്റെ  ധാരാളം ശേഷിപ്പുകളുണ്ട്. ലാറ്റിൻ ഭാഷയിൽ കറുത്ത കോട്ടവാതിൽ എന്നർഥമുള്ള പോർട്ട നിഗ്രയെന്ന ഭീമാകാരമായ നഗരകവാടം അത്തരത്തിലുള്ള ഒന്നാണ്. ചാരനിറമുള്ള മണൽപ്പാറകളാൽ എ.ഡി. 170ൽ നിർമ്മിക്കപ്പെട്ട പോർട്ട നിഗ്ര രണ്ടുനിരകളിലായി നാലു നിലകളുള്ള ഭീമൻ നിർമിതിയാണ്. പ്രാചീനതയാലും നിർമാണ വൈദഗ്‌ധ്യത്താലും ആശ്ചര്യം തോന്നുന്ന ഈ ചരിത്രസ്‌മാരകം യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്നുണ്ട്.
കൽത്തൂണുകൾക്കുമുകളിൽ നിർമിച്ച റോമൻ ബ്രിജ്‌ എന്നറിയപ്പെടുന്ന അതി പ്രാചീനമായ പാലമാണ് ട്രിയറിലെ മറ്റൊരത്ഭുതം. യൂറോപ്പിലെ ഏറ്റവും വലിയ നദികളിലൊന്നായ റൈൻ നദിയുടെ പ്രധാന പോഷകനദിയായ മുസെയ്ൽ നദിക്കു കുറുകെ എ.ഡി. രണ്ടാം നൂറ്റാണ്ടിൽ നിർമിച്ചതാണ് പാലം. പന്ത്രണ്ടാം നൂറ്റാണ്ടിലും  പതിനെട്ടാം നൂറ്റാണ്ടിലും പാലത്തിന്റെ മുകൾത്തട്ട് പുതുക്കിപ്പണിയേണ്ടിവന്നെങ്കിലും കൽത്തൂണുകൾ ഇന്നും പഴയതുതന്നെ. കാലത്തെ അതിശയിക്കുന്ന പ്രാചീന ട്രിയറിന്റെ ഈ ശേഷിപ്പ് റോമാ സാമ്രാജ്യകാലത്തെ സാങ്കേതികവൈദഗ്‌ധ്യത്തിന്റെ ഉജ്വല മാതൃകയായി നിലനിൽക്കുന്നു.
 
പ്രാചീന റോമൻ ഭരണാധികാരികളുടെ സ്‌നാനഗൃഹങ്ങളുടെ  ഭാഗമായുള്ള തുരങ്കങ്ങൾ

പ്രാചീന റോമൻ ഭരണാധികാരികളുടെ സ്‌നാനഗൃഹങ്ങളുടെ ഭാഗമായുള്ള തുരങ്കങ്ങൾ

റൈൻ നദീതീരത്തെ ഭൂപ്രദേശം  എന്ന നിലയിൽ ട്രിയർ ഉൾപ്പെടുന്ന പ്രവിശ്യയെ റൈൻ ലാൻഡ് എന്നാണ് വിളിക്കുന്നത്. ഫ്രാൻസുമായി അതിർത്തി പങ്കിടുന്ന റൈൻ ലാൻഡ് ചരിത്രത്തിലുടനീളം നിരന്തരയുദ്ധങ്ങളുടെ വേദിയായിട്ടുണ്ട്. ഏറെക്കാലം ഫ്രാൻസിനുകീഴിലായിരുന്ന ട്രിയർ 1815ൽ നെപ്പോളിയന്റെ പതനത്തിനുശേഷമാണ് ജർമനിയിൽ സ്ഥിരപ്പെട്ടത്. ട്രീവ്സ് എന്ന ഫ്രഞ്ചു പേരിലാണ് ട്രിയർ യൂറോപ്പിൽ മിക്കയിടത്തും ഇപ്പോഴും അറിയപ്പെടുന്നത് എന്നതുതന്നെ അതിന്റെ ഫ്രഞ്ച് ഗതകാലത്തെ ഓർമിപ്പിക്കുന്നു. ഫ്രഞ്ച് ഭൂതകാലത്തിന്നും നൂറ്റാണ്ടുകൾക്കുമുമ്പേയാരംഭിക്കുന്ന റോമൻ അധിനിവേശത്തിന്റെ ചില അടയാളങ്ങൾ നഗരത്തിന്റെ വെളിയിൽ കാണാം.
പ്രാചീന റോമൻ ഭരണാധികാരികളുടെയും രാജകുടുബാംഗങ്ങളുടെയും സ്‌നാന ഗൃഹങ്ങൾ  ആശ്ചര്യമുണർത്തുന്ന ചരിത്രസ്‌മാരകങ്ങളാണ്. ഭൂമിക്കടിയിൽ കുറുകെയും വിലങ്ങനെയും നെടുനീളത്തിൽ കിടക്കുന്ന തുരങ്കങ്ങൾ ഒരു കാലത്ത് ചൂടും തണുപ്പും നിറഞ്ഞ ജലം ആവശ്യാനുസരണം നിറച്ചുപയോഗിച്ചിരുന്ന സ്‌നാനഗൃഹങ്ങളുടെ ഭാഗമായിരുന്നത്രെ. ഏക്കറു കണക്കിന് പ്രദേശത്ത്‌ പരന്നുകിടക്കുന്ന സ്‌നാനഗൃഹങ്ങൾ രണ്ടായിരം കൊല്ലങ്ങൾക്കിപ്പുറവും തകരാതെ നിലനിൽക്കുന്നത് കാരിരുമ്പിന്റെ ശക്തിയുള്ള പഴയ ചുടുകട്ടകളുടെ ബലത്തിലാണ്. റോമൻ ബാത്ത് കോംപ്ലക്‌സ്‌ എന്ന് ഇപ്പോൾ പേരുള്ള ഈ സ്‌നാനസ്ഥലങ്ങൾ പഴയകാലത്ത് റോമാ സാമ്രാജ്യ സൂചനയുള്ള കൈസർ തെർമൻ എന്ന പേരിലായിരുന്നത്രെ അറിയപ്പെട്ടിരുന്നത്.
കൈസർ തെർമനോട് ചേർന്ന് റോമൻ മാതൃകയിലുള്ള പ്രാചീനമായ ഒരു ആംഫി തിയറ്ററിന്റെ അവശിഷ്ടങ്ങൾ കാണാം. അർധചന്ദ്രാകൃതിയിൽ നിർമിക്കപ്പെട്ട ആംഫി തിയറ്റർ കാലമേല്പിച്ച പരിക്കുകൾമൂലം ഏറെക്കുറെ തകർന്നു തുടങ്ങിയിട്ടുണ്ട്. കൈസർ തെർമനും ആംഫി തിയറ്ററും നിൽക്കുന്ന സ്ഥലത്തിനു ചുറ്റും റോമാ അധികാരികളുടെ കോട്ടകളും ആവാസസ്ഥാനങ്ങളുമായിരുന്നു. തകർന്നും ചിതറിയും കിടക്കുന്ന നിർമിതികൾക്കിടയിൽ ഒരിടത്ത് വേലി കെട്ടിത്തിരിച്ച ഒരു വലിയ ഭാഗമുണ്ട്, രണ്ടാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലീഷ് സൈന്യത്തിന്റെ ബോംബാക്രമണത്താൽ ഗർത്തമായി പരിണമിച്ച ഒരിടം.
നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങളും പോരാട്ടങ്ങളും കണ്ട നഗരമാണ് ട്രിയർ. റോമും ഫ്രാൻസും ജർമനിയുമൊക്കെ മാറി മാറി കാൽക്കീഴിലാക്കിയ മണ്ണ്, മനുഷ്യനുള്ളിടത്തോളം ജീവിക്കാനിടയുള്ള മാർക്‌സിനു ജന്മം നൽകിയ നാട് . രണ്ടായിരം വർഷങ്ങൾക്കപ്പുറത്തേക്കു നീളുന്ന ചരിത്രവും സംസ്‌കാരവുമുള്ള ഒരു നാടിനെ അങ്ങനെ തകർത്തുകളയാൻ ബോംബുകൾക്കാകുമോ ?!
പ്രധാന വാർത്തകൾ
 Top