15 July Wednesday
ചൊട്ട മുതൽ ചുടല വരെ...

കാലത്തെ അതിജീവിച്ച ഗാനം

പി എ റഫീഖ് സക്കറിയ rafiqzakariah@gmail.comUpdated: Sunday Nov 3, 2019

ആർ കെ ശേഖർ (ഇടത്തുനിന്ന്‌ രണ്ടാമത്) കെ പി ബ്രഹ്മാനന്ദൻ, വി ദക്ഷിണാമൂർത്തി, കെ ജെ യേശുദാസ്, ബി വസന്ത എന്നിവരോടൊപ്പം

രാജഗോപാല കുലശേഖർ എന്ന പേരിൽ ഒരു പ്രതിഭ ഒളിഞ്ഞിരിക്കുന്നുണ്ട്‌. ആർ കെ ശേഖർ എന്ന സംഗീത സംവിധായകൻ. മികച്ച പാട്ടുകൾ മലയാളത്തിന്‌ സമ്മാനിച്ച അദ്ദേഹം പക്ഷേ കൂടതൽ ശ്രദ്ധ നൽകിയത്‌ മുതിർന്ന സംഗീതജ്‌ഞരുടെ ഓർക്കസ്‌ട്രേഷനിലായിരുന്നു. ഇന്ന്‌ രാജഗോപാല കുലശേഖർ അറിയപ്പെടുന്നത്‌ എ ആർ  റഹ്‌മാന്റെ അച്ഛൻ എന്ന നിലയ്‌ക്കാണ്‌

 
ചൊട്ട മുതൽ ചുടല വരെ
ചുമടും താങ്ങി
ദുഃഖത്തിൻ തണ്ണീർ പന്തലിൽ
നിൽക്കുന്നവരെ...
55 വർഷം മുമ്പ് രാജഗോപാല കുലശേഖർ എന്ന യുവസംഗീതസംവിധായകൻ അരങ്ങേറ്റം കുറിച്ച പഴശ്ശിരാജയിലെ ഗാനം.  രാജഗോപാല കുലശേഖർ എന്ന  പേര് അപരചിതമായി തോന്നാം. ആർ കെ ശേഖർ എന്നു പറഞ്ഞാൽ പലർക്കും മനസ്സിലാകും.  എന്നാൽ പുതിയ തലമുറയ്‌ക്ക്‌ മനസ്സിലാകാൻ എ ആർ റഹ്‌മാന്റെ പിതാവെന്ന്  പരിചയപ്പെടുത്തണം. കൊട്ടാരക്കര ശ്രീധരൻ നായർ, സത്യൻ, പ്രേംനസീർ തുടങ്ങിയവർ അണിനിരന്ന പഴശ്ശിരാജ(1964)യിലൂടെ  ശേഖറിനെ കുഞ്ചാക്കോ സ്വതന്ത്രസംഗീത സംവിധായകനായി അവതരിപ്പിക്കും മുമ്പേ  സംഗീതവൃത്തങ്ങളിൽ പ്രശസ്‌തൻ. ജി ദേവരാജൻ, ദക്ഷിണാമൂർത്തി തുടങ്ങിയ പ്രതിഭകളുടെ ഗാനങ്ങളെ ഓർക്കസ്‌ട്രേഷനിലൂടെ കൂടുതൽ മികവുറ്റുതാക്കി അദ്ദേഹം. 
പഴശ്ശിരാജ കാര്യമായ  പ്രദർശന വിജയം നേടിയില്ല. ചിത്രത്തിലെ 11 ഗാനങ്ങളിൽ പലതും വിസ്‌മൃതിലായപ്പോഴും  ചൊട്ട മുതൽ ചുടല വരെ  കാലത്തെ അതിജീവിച്ചു. അരനൂറ്റാണ്ടിനിപ്പുറവും ഈ ഗാനത്തെ വിസ്‌മയത്തോടെ ഓർക്കാൻ എന്താണ്‌  കാരണം? വയലാറിന്റെ രചനാഭംഗിയോ, ശേഖറിന്റെ ഈണത്തിലെ മൗലികതയോ ഓർക്കസ്‌ട്രേഷനിലെ മനോഹാരിതയോ, അതോ യേശുദാസ് എന്ന ഇരുപത്തിനാലുകാരന്റെ ആലാപന മികവോ? ഇവയെല്ലാം ആ ഗാനത്തിന്റെ വിജയത്തിന് നിദാനമായിട്ടുണ്ട്‌.
 
ആർ.കെ ശേഖർ

ആർ.കെ ശേഖർ

കാലൻ കോഴികൾ കൂവി
കഴുകൻ ചുറ്റി നടന്നൂ
അറബിക്കടലല ഞെട്ടിയുണർന്നു
ഗിരികൂടങ്ങൾ ഞടുങ്ങി
തുടിച്ചു തൂക്കുമരക്കയർ നിന്നു
മരണം കയറിയിറങ്ങി
മരണം കയറിയിറങ്ങീ...
വയലാറിനല്ലാതെ ആർക്കാണ്  ഇങ്ങനെ  എഴുതാനാകുക? ശേഖറിന്റെ സംഗീതം ആ വരികളോട് നീതി പുലർത്തുന്നു.  1962ൽ കാൽപ്പാടുകളിൽ ശ്രീനാരായണഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്നു തുടങ്ങുന്ന  വരികൾ പാടി രംഗത്തെത്തിയ  യേശുദാസിന് വൈഭവം പ്രകടിപ്പിക്കാൻ ലഭിച്ച ആദ്യ അവസരങ്ങളിലൊന്നായിരുന്നു ഈ ഗാനം.  മുൻ വർഷമിറങ്ങിയ നിത്യകന്യകയിലെ കണ്ണുനീർമുത്തുമായ് കാണാനെത്തിയ എന്ന ജി ദേവരാജന്റെ സുന്ദരഗാനം ഒഴിച്ചുനിർത്തിയാൽ, ആദ്യത്തെ കൺമണി ആണായിരിക്കണം, ഇടയ കന്യകേ പോവുക നീ, അഷ്ടമുടിക്കായലിലെ അന്നനടത്തോണിയിലെ തുടങ്ങിയ ചില ജനപ്രിയ ഗാനങ്ങളല്ലാതെ ദാസിലെ പ്രതിഭ തെളിയിക്കുന്ന പാട്ടുകൾ ഇതിനുമുമ്പ് ഉണ്ടായിരുന്നില്ലെന്ന് തന്നെ പറയാം.
പിറന്ന നാടിനുവേണ്ടി
പൊരുതി മരിച്ചവരിവിടെ
സ്വന്തം ചോരയിലെഴുതിയ 
ജീവിതമന്ത്രം കേൾക്കൂ നിങ്ങൾ
സ്വർഗത്തേക്കാൾ വലുതാണീ
ജന്മഭൂമീ... 
എന്ന വരികളിലെ സ്വർഗത്തേക്കാൾ വലുതാണീ ജന്മഭൂമീ... എന്ന ഭാഗം ഉച്ചസ്ഥായിയിൽ പാടുമ്പോൾ പരമാവധി നീതിപുലർത്താൻ അദ്ദേഹത്തിനായി. 
യേശുദാസിന്റെ മാത്രമല്ല  പി ജയചന്ദ്രന്റെ ജീവിതവും മാറ്റി മറിച്ചു ഈ ഗാനം. യുദ്ധ ഫണ്ടിലേക്ക് പണം കണ്ടെത്താൻ ചെന്നൈയിൽ സംഘടിപ്പിച്ച ഒരു സംഗീതപരിപാടിയിൽ റിഹേഴ്‌സൽ കാണാനെത്തിയതായിരുന്നു അക്കാലത്ത് ചെന്നൈയിൽ പ്യാരി ആൻഡ്‌ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന ജയചന്ദ്രൻ. അവിടെ ചൊട്ട മുതൽ ചുടല വരെ പാടേണ്ട യേശുദാസിന് വരാനായില്ല.  നറുക്ക് വീണത്‌ ജയചന്ദ്രന്.  ജയചന്ദ്രൻ ആ പാട്ട് മനോഹരമായി പാടുന്നത് കേട്ട  ശേഖർ അദ്ദേഹത്തെക്കുറിച്ച് ബി എ ചിദംബരനാഥിനോട് പറയുകയും കുഞ്ഞാലിമരക്കാറിൽ (1967) ഒരു മുല്ലപ്പൂമാലയുമായ് എന്ന ഗാനം ചിദംബരനാഥ് പാടിക്കുകയും ചെയ്‌തു. അവിടെ തുടങ്ങുന്നു ജയചന്ദ്രന്റെ ഗാനപ്രയാണം. അച്ചൻകോവിലാറ്റിലെ കൊച്ചോളങ്ങളേ... (അനാഥശിൽപ്പങ്ങളിൽ എസ്  ജാനകിയോടൊപ്പം) മണിവർണനില്ലാത്ത വൃന്ദാവനം (മിസ് മേരിയിൽ പി സുശീലയോടൊപ്പം), സപ്തമിചന്ദ്രനെ മടിയിലുറക്കും (വെളിച്ചം അകലെയിൽ പി സുശീലയോടൊപ്പം) തുടങ്ങിയ മനോഹരഗാനങ്ങൾ ശേഖർ പിൽക്കാലത്ത് ജയചന്ദ്രന് നൽകി. 
എ ആർ റഹ്‌മാൻ ബാല്യകാലത്ത്

എ ആർ റഹ്‌മാൻ ബാല്യകാലത്ത്

പഴശ്ശിരാജ റിലീസ് ചെയ്‌ത 1964ൽ തന്നെ  ശേഖറിന്റെ മറ്റൊരു ചിത്രം കൂടി പുറത്തുവന്നു - ആയിഷ. കുഞ്ചാക്കോ സംവിധാനം ചെയ്‌ത സത്യനും പ്രേംനസീറും അഭിനയിച്ച ഈ ചിത്രത്തിലും ശോകാന്ത ജീവിതനാടക വേദിയിൽ... (യേശുദാസ്), യാത്രക്കാരാ പോവുക പോവുക... (പി ബി ശ്രീനിവാസ്), മുത്താണേ എന്റെ മുത്താണേ (എ എം രാജ, പി സുശീല) എന്നിങ്ങനെ ശ്രദ്ധേയമായ ധാരാളം ഗാനങ്ങളുണ്ടായിരുന്നു. ഇതിനുശേഷം ശേഖറിന്റെ സംഗീതസംവിധാനത്തിൽ ഒരു ചിത്രം പുറത്തിറങ്ങാൻ ഏഴുവർഷം വേണ്ടി വന്നു. ഗാനങ്ങൾക്ക് ഈണം നൽകുന്നതിനേക്കാൾ ജി ദേവരാജൻ, വി ദക്ഷിണാമൂർത്തി, എം കെ അർജുനൻ, എ ടി ഉമ്മർ തുടങ്ങിയവരുടെ ഗാനങ്ങൾക്ക് ഓർക്കസ്‌ട്രേഷൻ ഒരുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാകാം അദ്ദേഹം സംഗീതം പകർന്ന ചിത്രങ്ങളുടെ എണ്ണം ചുരുങ്ങിപ്പോയത്. പാട്ടുകൾക്ക് ഈണം നൽകാൻ തന്നെ സമീപിച്ചവരോട് എം കെ അർജുനനെപോലുള്ളവരുടെ പേര് അദ്ദേഹം നിർദേശിച്ചു എന്നു പറഞ്ഞാൽ അവിശ്വസനീയമായി തോന്നാം. തളിർവലയോ താമരവലയോ.. എന്ന പ്രശസ്‌ത ഗാനം ഉൾപ്പെട്ട ചീനവല ശേഖർ നിർദേശിച്ചതനുസരിച്ചാണ് തന്നെ തേടിയെത്തിയതെന്ന് എം കെ അർജുനൻ വെളിപ്പെടുത്തിയിട്ടുണ്ട്. കുഞ്ചാക്കോയുടെ പഴശ്ശിരാജ, ആയിഷ, പി ഭാസ്‌കരന്റെ ആറടി മണ്ണിന്റെ ജന്മി, ശശികുമാറിന്റെ തിരുവാഭരണം എന്നി ചിത്രങ്ങൾ ഒഴിച്ചുനിർത്തിയാൽ മറ്റു ചിത്രങ്ങളെല്ലാം സംവിധാനം ചെയ്‌തത് ശ്രദ്ധേയരായ സംവിധായകരായിരുന്നില്ല എന്നതും ശേഖറിന് അർഹിക്കുന്ന ശ്രദ്ധ ലഭിക്കാതിരിക്കാൻ കാരണമായി. ക്രോസ്ബെൽറ്റ് മണിയാണ് അദ്ദേഹത്തിന് ഏറ്റവുമധികം അവസരങ്ങൾ നൽകിയ സംവിധായകൻ. 1971 –- 1976 കാലത്ത്‌  22 ചിത്രങ്ങൾക്ക് ശേഖർ  സംഗീതം പകർന്നപ്പോൾ ഈ ചിത്രങ്ങളിലെ ഗാനങ്ങളിൽ പലതും അക്കാലത്ത് സൂപ്പർഹിറ്റുകളായിരുന്നു. സന്ധ്യാരാഗം മാഞ്ഞുകഴിഞ്ഞു.. (അനാഥശിൽപ്പങ്ങൾ), ഉഷസോ സന്ധ്യയോ സുന്ദരി..(സുമംഗലി), ആരോരുമില്ലാത്ത തെണ്ടി..., ഇന്നലെ രാവിലൊരു കൈരവ മലരിനെ...(ആറടി മണ്ണിന്റെ ജന്മി), വാർമുടിയിൽ ഒറ്റപനിനീർ..., ജന്മബന്ധങ്ങൾ വെറും ജലരേഖകൾ.. (വെളിച്ചം അകലെ), താരകേശ്വരീ.. (പട്ടാഭിഷേകം), ആഷാഢമാസം ആത്മാവിൽ മോഹം... (യുദ്ധഭൂമി), മനസ്സുമനസ്സിന്റെ കാതിൽ...(ചോറ്റാനിക്കര അമ്മ)-..  ഓർമയിൽ തങ്ങിനിൽക്കുന്ന പാട്ടുകൾ നിരവധി.  മിസ് മേരിയിൽ  ശ്രീകുമാരൻ തമ്പി രചിച്ച് ശേഖർ ഈണം പകർന്ന നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം എന്ന ഗാനം  മികച്ച ക്രിസ്‌ത്യൻ ഭക്തിഗാനമായും എണ്ണപ്പെടുന്നു.  
ആർ കെ ശേഖർ ഏറെ പ്രോൽസാഹിപ്പിച്ച മറ്റൊരു ഗായകനാണ് കെ പി ബ്രഹ്മാനന്ദൻ. 11 പാട്ടുകൾ ശേഖർ അദ്ദേഹത്തെക്കൊണ്ടു പാടിച്ചു.
 വിശ്രമമില്ലാത്ത യാത്രയും രാപ്പകൽ ഭേദമില്ലാത്ത ജോലിയും ശേഖറിന്റെ ആരോഗ്യം തകർത്തു. ഭാര്യയേയും പറക്കമുറ്റാത്ത മക്കളേയും തനിച്ചാക്കി 1976ൽ, 43ാം വയസിൽ വിടവാങ്ങിയപ്പോൾ ഒരു കാലത്ത് ശേഖർ വഴികാട്ടിയവരിൽ പലരും നിരാലംബരായ ആ കുടുംബത്തെ തിരിഞ്ഞുനോക്കിയതുപോലുമില്ല. എം കെ അർജുനൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവർ ഇതിനപവാദം. ശേഖർ മരിക്കുമ്പോൾ മൂത്ത മകൾ റൈഹാന (കാഞ്ചന)യ്‌ക്ക് വയസ്സ്‌ 11. റഹ്മാന് (ദിലീപ്) ഒമ്പതും, ഫാത്തിമക്ക് (ബാല) ആറും, ഇശ്‌റത്തിന് (രേഖ) രണ്ടും വയസ്സ്‌. അന്നത്തെ ആ ഒമ്പതുകാരൻ അല്ലാ രഖാ റഹ്മാൻ എന്ന എ ആർ റഹ്മാൻ ഇന്ന് പ്രശസ്‌തിയുടെയും അംഗീകാരത്തിന്റെയും നെറുകയിൽ. ഒരുപക്ഷേ ശേഖർ അനുഭവിച്ച തിരസ്‌കാരത്തിന് കാലം കരുതിവെച്ച  പ്രായശ്ചിത്തമാകുമത്‌.

 

പ്രധാന വാർത്തകൾ
 Top