22 April Monday

പിതാക്കളും പുത്രന്മാരും

സജയ് കെ വിUpdated: Sunday Sep 3, 2017

മലയാളിക്ക് ഒരീഡിപ്പസ് പുരാവൃത്തമില്ല; എന്നാല്‍ പെരുന്തച്ചന്‍ മിത്തുണ്ട്. വാസ്തവത്തില്‍ രണ്ട് അര്‍ധഗോളങ്ങള്‍പോലെ പരസ്പരം അന്വയിക്കാവുന്നവയാണ് പെരുന്തച്ചന്‍ കഥയും ഈഡിപ്പസ് പുരാണവും. ഒന്നില്‍ പിതൃഹന്താവായ പുത്രനാണെങ്കില്‍, മറ്റേതില്‍ പുത്രനെ ഹനിക്കുന്ന അസൂയാലുവായ പിതാവ്. അച്ഛന്‍ പെരുന്തച്ചനാവുമ്പോള്‍ പുത്രന്‍ ഈഡിപ്പസായി പരിണമിക്കുന്നു എന്നും പറയാം. പക്ഷേ, ഇരുകഥകളിലും രണ്ടിലൊരാള്‍മാത്രമാണ് അപരാധിയാകുന്നത്. സാപരാധനായ പിതാവ് അല്ലെങ്കില്‍ പുത്രന്‍ എന്നതാണ് ക്രമം. അപരാധി പശ്ചാത്താപവിവശനാകുന്നു. നിഷ്കളങ്കനും നിരപരാധനുമായ മറ്റേയാള്‍ കൊല്ലപ്പെടുകയും ചെയ്യുന്നു. അതിനാല്‍ പെരുന്തച്ചന്‍ കഥയുടെ മറുപാതിയാണ് ഈഡിപ്പസിന്റേത് എന്നുപറയാം. നമ്മുടെ കഥയില്‍ അച്ഛനാണ് കൊലപാതകിയെങ്കില്‍, ഈഡിപ്പസിന്റെ കഥ മറിച്ചാകുന്നു. ഈരണ്ടു മിത്തുകളുടെയും പരസ്പരപൂരകമായ ഘടനയില്‍നിന്നുതന്നെ ഒരു കാര്യം സ്പഷ്ടമാകുന്നു. പിതാ-പുത്ര സംഘര്‍ഷമെന്ന പ്രമേയത്തിന് ഒരുതരം സാര്‍വത്രികത്വമുണ്ട്. അവ തമ്മില്‍ കലര്‍ന്നാല്‍ അസാമാന്യശോഭയുള്ള ഒരാഖ്യാനം രൂപപ്പെടാം. ഈ സാധ്യതയുടെ നിറവേറലാണ് ടര്‍ക്കിഷ് നോവലിസ്റ്റായ ഓര്‍ഹന്‍ പാമുക്കിന്റെ പുതിയ നോവല്‍ 'ചുവപ്പുമുടിക്കാരിയായ സ്ത്രീ'. പാമുക്കിന്റെ പത്താമത് നോവലാണിത്; 'നിഷ്കളങ്കതയുടെ പ്രദര്‍ശനശാല'യുടെയും 'എ സ്ട്രെയ്ഞ്ച്നെസ് ഇന്‍ മൈ മൈന്‍ഡി'ന്റെയും പിന്‍ഗാമി.

പതിനാറുവയസ്സുള്ള, വായനയില്‍ ഗാഢമായ താല്‍പ്പര്യമുള്ള, എഴുത്തുകാരനായിത്തീരാന്‍ ആഗ്രഹിക്കുന്ന ആണ്‍കുട്ടിയാണ് നോവലിന്റെ ആദ്യഭാഗത്തെ ആഖ്യാതാവ്. അവന്റെ പിതാവ് ഒരു ഫാര്‍മസി നടത്തുന്നു; ഹയാത്ത് ഫാര്‍മസി. രാഷ്ട്രീയകാരണങ്ങളാല്‍ അയാള്‍ ജയിലിലാകുന്നതോടെ അമ്മയും താനും മാത്രമടങ്ങുന്ന കുടുംബത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുക്കേണ്ടിവന്ന ബാലന്‍, മഹമൂദ് എന്ന കിണറുപണിക്കാരന്റെ കൈയാളാകുന്നു. അതിനിടെ പട്ടണത്തില്‍വച്ച് കാണാനിടയായ ചെമ്മുടിക്കാരിയായ അപരിചിതയില്‍ അവന്‍ അനുരക്തനാവുകയും ഒരുനാള്‍ അവളുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അതോടെ ആദ്യരതിയുടെ മാസ്മരികമായ അപൂര്‍വാനുഭൂതി അവനെ വലയം ചെയ്യുന്നു. കിണറുപണിക്കിടെ, അവളെമാത്രം നിനച്ചുകൊണ്ടിരുന്ന തന്റെ കൈപ്പിഴയാല്‍ കിണറിന്റെ അടിത്തട്ടില്‍നിന്നിരുന്ന മഹമൂദ് കൊല്ലപ്പെട്ടുവെന്ന് അവന്‍ തെറ്റിദ്ധരിക്കുന്നു. പാപബോധപീഡിതനായി അവന്‍ അവിടെനിന്ന് പലായനം ചെയ്യുന്നിടത്താണ് നോവലിന്റെ ആദ്യഭാഗം അവസാനിക്കുന്നത്. മഹമൂദിനെ ബാലന്‍ പിതൃസമാനനായി കാണുകയും ഒരുതരം ഈഡിപ്പല്‍ മനോഭാവത്തോടെ അയാളെ സ്നേഹിച്ചുകൊണ്ട് വെറുക്കുകയും ചെയ്തിരുന്നു എന്നിടത്താണ് തന്റെയിരട്ടി പ്രായമുള്ള സ്ത്രീയുമായുള്ള അവന്റെ അഗമ്യഗമനം ആ മിത്തിന്റെ ആവര്‍ത്തനമോ അനുവര്‍ത്തനമോ ആയി മാറുന്നത്. പെരുന്തച്ചന്റെ കൈയില്‍നിന്ന് വീതുളിയെന്നപോലെ, അന്യമനസ്കനായ ബാലന്റെ കൈയില്‍നിന്ന് മണ്ണുനിറച്ച തൊട്ടി വഴുതിവീണ് പിതൃതുല്യനായ മഹമൂദ് അപായപ്പെടുന്നു. ഈയൊരു സന്ധിയിലാണ് ഈഡിപ്പസ് കഥയുടെയും പെരുന്തച്ചന്‍ മിത്തിന്റെയും കൌതുകകരമായ ഒരു കലര്‍പ്പാണല്ലോ പാമുക്കിന്റെ ആഖ്യാനമെന്ന് മലയാളിയായ ഒരു വായനക്കാരന്‍/രി തിരിച്ചറിയുന്നത്.
പെരുന്തച്ചനല്ല, അതിന്റെ പേര്‍ഷ്യന്‍ ഇതിഹാസസമാന്തരമായ 'ഷാനാമ'യിലെ സൊറാബിന്റെയും റുസ്തമിന്റെയും കഥയാണ് പാമുക്കിന്റെ നോവലില്‍. ഇതിന് സ്പഷ്ടമായ ചില രാഷ്ട്രീയധ്വനികളുമുണ്ട്. പിതാവ്, അധികാരത്തിന്റെയോ ദുരധികാരത്തിന്റെയോ പ്രതീകവും പുത്രന്‍, അധികാരധ്വംസകമായ യുവചേതനയുടെ പ്രതീകവുമാകുന്നു. (വിശ്വാസസംഘര്‍ഷങ്ങളുടെ സന്ദര്‍ഭത്തില്‍ ഈ പിതാവ് ദൈവവും പുത്രന്‍ മനുഷ്യനുമാകാം).

മൂന്നുഭാഗങ്ങളുള്ള നോവലിന്റെ രണ്ടാമത്തെ ഖണ്ഡത്തില്‍ അന്നത്തെ പതിനാറുകാരന്‍- 'കെം' (cem) എന്നാണയാളുടെ പേര്- വളര്‍ന്ന് യുവാവാകുകയും ഐഷെ എന്ന യുവതിയെ വിവാഹം കഴിക്കുകയും ചെയ്യുന്നതായി നമ്മള്‍ കാണുന്നു. അപ്പോഴും 'ഷാനാമ'യിലും ഈഡിപ്പസിലുമുള്ള താല്‍പ്പര്യം, കുറ്റബോധമെന്നപോലെ, അയാളെ വിട്ടൊഴിയുന്നതേയില്ല. കെമ്മിനും ഐഷെയ്ക്കും കുട്ടികളില്ല. അവര്‍ ഒരുമിച്ച് തങ്ങളുടെ പ്രിയപ്പെട്ട മിത്തുകളുടെ പിറകെ യാത്രചെയ്യുകയും 'സൊറാബ്' എന്ന നിര്‍മാണക്കമ്പനി കെട്ടിപ്പടുക്കുകയും ചെയ്യുന്നു. കെം മധ്യവയസ്സിലെത്തുമ്പോള്‍ ചുവപ്പുമുടിക്കാരിയുടെ മകനായ എന്‍വര്‍, താന്‍ കെമ്മിന്റെ മകനാണെന്ന അവകാശവാദവുമായി രംഗപ്രവേശം ചെയ്യുകയും അത്യന്തം നാടകീയമായ ഒരേറ്റുമുട്ടലിനൊടുവില്‍, അതേ പഴംകിണറിനരികില്‍വച്ച്, പുത്രന്‍ പിതാവിനുനേര്‍ക്ക് നിറയൊഴിക്കുകയും ചെയ്യുന്നു.
മൂന്നാംഖണ്ഡത്തില്‍ ചുവപ്പുമുടിക്കാരിയായ 'ഗുല്‍സിഹാന്‍' ആണ് ആഖ്യാതാവ്. പിതൃഹത്യക്ക് ജയിലിലായ മകനെക്കുറിച്ചും അവന്റെ അച്ഛനായ കെമ്മിനെക്കുറിച്ചും തന്നെക്കുറിച്ചും അവര്‍ പറയുന്നു. ഗുല്‍സിഹാന്‍ കെമ്മിന്റെ ഭാര്യ ഐഷെയെക്കണ്ട് മകനുവേണ്ടി വാദിക്കുന്നു. ഐഷെ കെമ്മിനോടൊത്തുള്ള തന്റെ ജീവിതത്തെക്കുറിച്ചും പറയുന്നു. ഇതത്രയും എന്‍വറിനോടുപറഞ്ഞിട്ട്, അച്ഛനെപ്പോലെ ഒരെഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന അയാളോട് ഇതത്രയും ഒരു നോവലായെഴുതാന്‍ ആവശ്യപ്പെടുകയാണ് ഗുല്‍സിഹാന്‍. ആ പുസ്തകത്തിന്റെ മുഖചിത്രം, ഡാന്റേ ഗബ്രിയേല്‍ റോസെറ്റി വരച്ച 'ചുവപ്പുമുടിക്കാരിയായ സ്ത്രീ' എന്ന ചിത്രമായിരിക്കണം. ആ ചിത്രത്തിന്റെ പകര്‍പ്പ് മകന് സമ്മാനിച്ചിട്ട് അവര്‍ മടങ്ങുന്നിടത്ത് നോവല്‍ പര്യവസാനിക്കുന്നു.
നോവലിന്റെ അവസാനഖണ്ഡത്തിലൊരിടത്ത് ചുവപ്പുമുടിക്കാരിയായ സ്ത്രീ പറയുംപോലെ, ജീവിതം മിത്തിനെ അനുവര്‍ത്തിക്കുകയാണ് നോവലില്‍. പിതൃഹത്യയും പുത്രഹത്യയും പ്രമേയമാകുന്ന മിത്തുകളും അവയുടെ സാഹിത്യത്തിലെയും ചിത്രകലയിലെയും നാടകത്തിലെയും ചലച്ചിത്രത്തിലെയും ആവിഷ്കാരങ്ങളും നോവലിന്റെ ഭാവശില്‍പ്പത്തെ നിര്‍മിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്നു. കിണര്‍നിര്‍മാണമാണ് കേന്ദ്രപ്രാധാന്യമുള്ള, നോവലിലെ മറ്റൊരു രൂപകം. ഈഡിപ്പല്‍ സംഘര്‍ഷത്തെ പെരുന്തച്ചന്‍ മിത്തിന്റെ രൂപത്തില്‍ അനുഭവിച്ചിട്ടുള്ള മലയാളിക്ക്, തീര്‍ച്ചയായും, 2006ലെ നൊബേല്‍ ജേതാവായ നോവലിസ്റ്റിന്റെ ഈ പുതിയ കൃതിയെ അവഗണിക്കാനാകില്ല; സ്വേച്ഛാധിപത്യം പിതൃബിംബാരാധനയുടെ രൂപത്തില്‍ തിരനോട്ടം നടത്തുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ വിശേഷിച്ചും.

പ്രധാന വാർത്തകൾ
 Top