20 February Wednesday

സുരാജിന്റെ പരിണാമം

ഗിരീഷ് ബാലകൃഷ്ണന്‍Updated: Sunday Sep 3, 2017

സുരാജ് വെഞ്ഞാറമൂട്

നല്ല നടനായിമാറാനുള്ള പരീക്ഷയില്‍ ഒന്നാംറാങ്ക് കിട്ടിയതിന്റെ ആവേശമുണ്ട് സുരാജ് വെഞ്ഞാറമൂടിന്. ദേശീയ അവാര്‍ഡ് കോമഡിക്കാരന് കൊടുത്തത് എന്തിനാണെന്ന് ശങ്കിച്ചവരുണ്ട്. മലയാളസിനിമയിലെ പോയ ഒന്നരവര്‍ഷംകൊണ്ട് സുരാജ് അതിനുള്ള മറുപടി നല്‍കുകയായിരുന്നു.
 'ആക്ഷന്‍ ഹീറോ ബിജു'വിലെ രണ്ടേ രണ്ട് സീക്വന്‍സ് പുതിയ സുരാജിന്റെ പിറവിയായി. കരിങ്കുന്നം സിക്സസില്‍ ദുഷ്ടനായ പൊലീസുകാരന്‍, ഒരു മുത്തശ്ശി ഗദയില്‍ അമ്മയുടെ ദുശ്ശാഠ്യങ്ങള്‍ക്കുമുന്നില്‍ തളരുന്ന മകന്‍, അബിയിലെ സ്വാര്‍ഥനായ അയല്‍ക്കാരന്‍, തൊണ്ടിമുതലും ദൃക്സാക്ഷിയിലും എത്തുമ്പോള്‍ പോസിറ്റീവായ ചെറുപ്പക്കാരന്‍ പ്രസാദ്,  വര്‍ണ്യത്തില്‍ ആശങ്കയിലെ ദയാനന്ദന്‍- കോമഡിത്തട്ടകത്തില്‍നിന്ന് സ്വഭാവനടനിലേക്ക് വിജയകരമായ ചുവടുമാറ്റം നടത്തുകയാണ് സുരാജ്. ദേശീയ പുരസ്കാര ജേതാക്കളടക്കം നിരവധി കോമഡിതാരങ്ങള്‍ സ്വഭാവവേഷങ്ങളിലേക്ക് മുമ്പും എടുത്തുചാടിയിട്ടുണ്ടെങ്കിലും സുരാജിനോളം അര്‍ഥപൂര്‍ണമായ ചുവടുമാറ്റത്തിന് അവര്‍ക്കായിട്ടില്ല. ജഗപൊഗ കോമഡിയില്‍നിന്ന് ഇരുത്തംവന്ന നടനിലേക്കുള്ള പരിണാമത്തിന്റെ കഥയാണ് ഓണക്കാലത്ത് സുരാജ് പറയുന്നത്.

"ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ സന്തോഷവും നൊമ്പരവും ഉണ്ടായിരുന്നു. പുരസ്കാരം ലഭിച്ച ചിത്രം പേരറിയാത്തവര്‍ (2014) ഇനിയും ജനങ്ങളില്‍ എത്തിയിട്ടില്ല എന്നതായിരുന്നു സങ്കടം. എന്തിനാണ് ഇവന് ഇത് കൊടുത്തതെന്ന് പലരും നെറ്റി ചുളിച്ചു. എനിക്കുപോലും അങ്ങനെ തോന്നി. ആക്ഷന്‍ ഹീറോ ബിജുവിലെ  ആ രണ്ട് സീക്വന്‍സുകളാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. പിന്നീട് മികച്ച കഥാപാത്രങ്ങളെ ലഭിച്ചുതുടങ്ങി. ബിജുവിലെ പ്രകടനം കണ്ടിട്ടാണ് ദിലീഷ് പോത്തന്‍ വിളിച്ചത്. 2014ല്‍ കിട്ടിയ ദേശീയ പുരസ്കാരം ശരിക്കും എന്റെ കൈകളില്‍ എത്തിയത് ഇപ്പോഴാണെന്ന് പറയാം. ചുമ്മാതല്ലട നിനക്ക് അവാര്‍ഡൊക്കെ കിട്ടിയത് എന്ന് ഇപ്പോള്‍ നാട്ടിലെ കൂട്ടുകാരൊക്കെ പറയുന്നുണ്ട്്്.''

പക്ഷേ, ചവിട്ടിനിന്ന മണ്ണ് മറക്കാന്‍ സുരാജ് ഒരുക്കമല്ല. സ്വഭാവവേഷങ്ങളിലേക്ക് തിരിയുമ്പോഴും സ്ഥിരം തട്ടകം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ല. 'പുലിമുരുകനി'ല്‍ സ്ഥിരം കോമഡിവേഷത്തില്‍സുരാജ് തലകാണിച്ചു. പക്ഷേ, തെരഞ്ഞെടുപ്പ് കൂടുതല്‍ ശ്രദ്ധയോടെയായി എന്ന് സിനിമകളുടെ എണ്ണം പരിശോധിച്ചാല്‍ വ്യക്തം. 2010-12 കാലഘട്ടത്തില്‍ തൊണ്ണൂറിലേറെ പടങ്ങളില്‍ ഓടിനടന്ന് അഭിനയിച്ചെങ്കില്‍ 2015നുശേഷം ആകെ അഭിനയിച്ച സിനിമകള്‍ മുപ്പതോളമാണ്.
 

പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്സാക്ഷിയും

പേരറിയാത്തവര്‍, ആക്ഷന്‍ ഹീറോ ബിജു, തൊണ്ടിമുതലും ദൃക്സാക്ഷിയും

"സിനിമയില്‍ ഇപ്പോഴും സജീവമായി നില്‍ക്കാന്‍ കഴിയുന്നത് ഭാഗ്യവും അനുഗ്രഹവും  ഉള്ളതുകൊണ്ടാണ്. ദേശീയ അവാര്‍ഡ് കൂടാതെ മികച്ച കൊമേഡിയനുള്ള സംസ്ഥാന പുരസ്കാരം മൂന്നുതവണ കിട്ടി. സര്‍ക്കാര്‍മുദ്രയുള്ള അവസാനത്ത കൊമേഡിയനും ഞാനായിരിക്കും. ഇപ്പോള്‍ ആ പുരസ്കാരം നല്‍കുന്നില്ല. ഒരു സെറ്റില്‍നിന്ന് മറ്റൊന്നിലേക്ക് നില്‍ക്കാതെ ഓടിക്കൊണ്ട് കോമഡി കാട്ടി നടന്ന കാലമുണ്ടായിരുന്നു. ആവര്‍ത്തനങ്ങളുണ്ടാകുന്നുവെന്ന് എനിക്കുതന്നെ ബോധ്യം വന്നുതുടങ്ങിയപ്പോള്‍ ചുവടുമാറ്റണമെന്ന് ഉള്ളില്‍ തോന്നി. ആദ്യമായി അത്തരമൊരു ആവശ്യം ഞാന്‍ പറയുന്നത് സംവിധായകന്‍ രഞ്ജിത്തേട്ടനോടാണ്. ഒരു നല്ല കഥാപാത്രത്തെ എനിക്ക് വേണം. ചിരിപ്പിക്കുന്നതിനൊപ്പം അല്‍പ്പം കണ്ണുനനയിപ്പിക്കാനും കഴിയുന്ന കഥാപാത്രം. നന്നായി പൊയ്ക്കൊണ്ടിരുന്ന നര്‍മകഥാപാത്രങ്ങളില്‍നിന്ന് പെട്ടെന്നൊരു മാറ്റം വേണ്ടെന്ന് അദ്ദേഹം ഉപദേശിച്ചു. ഇപ്പോള്‍ ലഭിക്കുന്നതിനൊപ്പം പോകുക. സ്വാഭാവികമായി മാറ്റം സംഭവിക്കട്ടെ എന്ന് രഞ്ജിത്തേട്ടന്‍ പറഞ്ഞു. അങ്ങനെ സ്വാഭാവികമായാണ് മാറ്റം എന്റെ കരിയറില്‍ സംഭവിച്ചത്. ലാല്‍ജോസിന്റെ പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന സിനിമയിലെ കഥാപാത്രം ചെറിയതോതിലുള്ള ചുവടുമാറ്റമായിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ളീറ്റസിലെ കഥാപാത്രത്തെ ഞാന്‍ ചോദിച്ചുവാങ്ങിയതാണ്''

വിട്ടുവീഴ്ചകള്‍

"ബന്ധങ്ങളുടെ പേരില്‍ ചിലപ്പോള്‍ ചില സിനിമകളില്‍ പ്രവര്‍ത്തിക്കേണ്ടിവന്നിട്ടുണ്ട്. ആവര്‍ത്തനവിരസമായ പലതും അങ്ങനെ സംഭവിച്ചിട്ടുണ്ട്്. നന്നാകില്ലെന്ന് ബോധ്യമുള്ള പ്രോജക്ടുകള്‍ക്ക് ഒപ്പംനില്‍ക്കേണ്ടിവന്നിട്ടുണ്ട്്്. എല്ലാം ചലച്ചിത്രരംഗത്തെ ബന്ധങ്ങളുടെ പേരിലുള്ള വിട്ടുവീഴ്ചകളായിരുന്നു. നമ്മുടെ പ്രൊഫഷന്‍വച്ച് അത്തരം സഹായങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന് അനുഭവങ്ങളില്‍നിന്നാണ് പഠിച്ചത്്. ഓടിനടന്നുള്ള കോമഡിവേഷങ്ങള്‍ക്ക് ബ്രേക്കിടാന്‍ തുനിഞ്ഞത് അപ്പോഴാണ്്. സംഭവിക്കാനുള്ള കാര്യങ്ങള്‍ സംഭവിക്കേണ്ട സമയത്ത് സംഭവിക്കുക എന്നത് ഒരനുഗ്രഹമാണ്. എല്ലാറ്റിനും നന്ദി പ്രേക്ഷകരോടാണ്. ഇപ്പോള്‍ എന്നില്‍ അവര്‍ക്ക് വലിയ പ്രതീക്ഷയുണ്ട്. ഉത്തരവാദിത്തവും ഏറുകയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ അവര്‍ എന്നില്‍നിന്ന് പ്രതീക്ഷിക്കുന്നു.''

ടെലിവിഷന്‍ ചിരികള്‍

തൊണ്ണൂറുകളുടെ അവസാനം മിമിക്രി പരിപാടികളിലൂടെ ടെലിവിഷന്‍ സ്കിറ്റുകളിലേക്ക് കയറിക്കൂടിയ സുരാജ് സിനിമയുടെ തിരക്കുകളിലും ടെലിവിഷന്‍ വേദി വിടാന്‍ തുനിഞ്ഞിട്ടില്ല.
"സ്റ്റേജ് ഷോയും ടെലിവിഷന്‍ പരിപാടിയും സിനിമയുമെല്ലാം ഇഷ്ടപ്പെട്ടാണ് ഞാന്‍ ചെയ്യുന്നത്. ഇഷ്ടപ്പെടാത്തതിനൊപ്പം ഞാന്‍ നില്‍ക്കില്ല. നാട്ടിലാകെ എല്ലാവര്‍ക്കും ടെന്‍ഷനാണ്. അതിനിടെ പൊട്ടിച്ചിരിക്കാനുള്ള അവസരമാണ് ടെലിവിഷനിലെ കോമഡി പരിപാടികള്‍. ചിരിപ്പിക്കാനും ചിരിക്കാനും എനിക്കും ഇഷ്ടമാണ്. തിരക്കുകള്‍ ഉണ്ടെങ്കിലും സമയം കണ്ടെത്തിയാണ് ടെലിവിഷന്‍ പരിപാടികളുമായി സഹകരിക്കുന്നത്. ചിലപ്പോള്‍ കോമഡി പരിപാടികളുടെ ഷൂട്ടിങ് രാത്രി വൈകിയും നീണ്ടുപോകും. പക്ഷേ, അതൊന്നും ബോറായി എനിക്ക് തോന്നില്ല.''

പുതിയ സിനിമ

"ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ് ആഭാസം, കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്നിവ. 'ആഭാസം' പൊളിറ്റിക്കല്‍ സറ്റയറാണ്. ഗ്രാമീണകുടുംബകഥയാണ് കുട്ടന്‍പിള്ളയുടേത്. വിരമിച്ച പൊലീസുകാരനായ കുട്ടന്‍പിള്ളയെ ഞാന്‍ അവതരിപ്പിക്കുന്നു. വളരെ ഇഷ്ടപ്പെട്ട സിനിമ. തമിഴില്‍നിന്ന് മുഴുനീള കോമഡി സിനിമ ഒരുക്കാനുള്ള ചര്‍ച്ച നടക്കുന്നു. തീരുമാനമെടുത്തിട്ടില്ല. വിനീത് ശ്രീനിവാസനൊപ്പമുള്ള 'ആന അലറലോടലറല്‍' പാലക്കാട്ട് ചിത്രീകരണം പുരോഗമിക്കുന്നു. സിനിമകളില്‍ നായകതുല്യ പരിഗണന ലഭിച്ചിട്ടുണ്ടെങ്കിലും അത്തരം വേഷങ്ങളേ ചെയ്യൂ എന്ന പിടിവാശിയില്ല. ഒറ്റസീനില്‍മാത്രം എത്തുന്ന നല്ല കഥാപാത്രത്തെ കിട്ടിയാലും മതി. ഞാന്‍ അഭിനയിക്കും.''

വീട്ടിലെത്തുമ്പോള്‍ ഓണം

മിക്കവാറും ഓണക്കാലത്ത് ഷൂട്ടിങ്ങുണ്ടാകും. എങ്കിലും തിരുവോണദിനങ്ങളില്‍ വീട്ടിലെത്തും. ഞാന്‍ വീട്ടില്‍ ചെല്ലുന്ന ദിവസമെല്ലാം ഓണമാണ്്. സ്നേഹിക്കുന്നവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതാണ് ഓണത്തിന്റെ സുഖം. വീട്ടുകാര്‍ക്കെല്ലാം ഒന്നിച്ചുകൂടാന്‍ സാഹചര്യമൊരുക്കുന്ന ആഘോഷം. ഇത്തവണയും തിരുവോണത്തിന് വീട്ടിലേക്ക് പോകും. കൂട്ടുകാരും ബന്ധുക്കളുമെല്ലാം കാത്തിരിക്കുന്നുണ്ടാകും.

unnigiri@gmail.com

പ്രധാന വാർത്തകൾ
 Top