20 March Wednesday

ട്രോളാ... ട്രോളാ... പൊലീസേ...

വിനോദ്‌ പായംUpdated: Sunday Dec 2, 2018

വര: സനൽ

പെൺകുട്ടിയുടെ ചോദ്യം: കേരളാ പൊലീസ‌് മാമാ എന്റച്ഛന് എന്നെ ഒരു ബഹുമാനോം ഇല്ല. ഒന്നു പിടിച്ച് വിരട്ടിയേക്കാമോ....?? എന്നെ ഡീ... എന്നാ വിളിക്കണേ... സങ്കടണ്ട്ട്ടോ!

ഉത്തരം: അച്ഛനെ സ്നേഹത്തോടെ ‘ഡാഡീ’ന്നു വിളിച്ചാൽ തീരുന്ന പ്രശ്നമേ നിങ്ങൾ തമ്മിൽ ഉള്ളൂ എന്നാണ് ഞങ്ങടെ ഒരു ഇത്.. ഏത്...

മേൽപറഞ്ഞ ചോദ്യത്തോട‌് ഇഷ്ടം (ലൈക്ക‌്) കൂടിയത‌് 106 പേർ. എന്നാൽ, കിടുക്കാച്ചി മറുപടിക്ക‌് ലൈക്കടിച്ചത‌് രണ്ടായിരത്തോളം പേർ. കിടുവേ, കിക്കിടുവേ, എണ്ണയിൽ വറുത്ത കിടുവേ... എന്നിങ്ങനെ, കമന്റിന‌് താഴേയുള്ള വാഴ‌്ത്തുപാട്ടുകൾ ആ ഫെയ‌്സ‌്ബുക്ക‌് പേജിൽ ഇപ്പോഴും തുടരുകയാണ‌്.
 
‘മനസ്സിൽ വല്ലാതെ ടെൻഷൻ വരുമ്പോൾ, ഞാൻ പൊലീസ‌് മാമന്റെ ഫെയ‌്സ‌്ബുക്ക‌് പേജ‌് നോക്കും. ഒരാഴ‌്ചത്തേക്ക‌് ഞാൻ സിറിച്ച‌്, സിറിച്ച‌് ചാകും...’  കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ‌്സ‌്ബുക്ക‌് പേജിനെ കുറിച്ചുള്ള ഒരു ആരാധകന്റെ കമന്റ‌്. ഈ കുറിപ്പ‌് വായിച്ചുതുടങ്ങുന്ന സമയത്തുതന്നെ ലോകത്തിന്റെ ഏതെക്കൊയൊ ഭാഗത്തു നിന്നും ഇഷ്ടങ്ങൾ ആ പേജിലേക്ക‌് പറന്നുവന്ന‌് കൂടുകൂട്ടുകയാണ‌്. നിലവിൽ 9.15 ലക്ഷം പേർ ലൈക്ക‌് ചെയ‌്ത പേജിൽ, അതിൽ കൂടുതൽ പേർ ഫോളോ ചെയ്യുന്നു. ഉപദേശത്തിന‌് ഉപദേശം, പൊടിക്ക‌് വിരട്ടൽ, നിയമത്തെ കുറിച്ചുള്ള ഗൗരവത്തോടെയുള്ള ബോധവൽക്കരണം, കണ്ണ‌് തള്ളിപ്പോകുംവിധമുള്ള കിടിലൻ മറുപടികൾ, ഇടയ‌്ക്ക‌് ലഘു വിഡീയോകൾ. സർവോപരി കിടിലൻ ട്രോൾ ഗ്രൂപ്പ‌്... പൊലീസ‌് ആരാധകർ ഈ എഫ‌്ബി പേജിന‌് മാർക്കിടുന്നത‌് ഇങ്ങനെയൊക്കെ. ഫെയ‌്സ‌്ബുക്കിൽ സജീവമായ പുതുതലമുറയ‌്ക്ക‌്, തങ്ങളുടെ തോളിൽ സ‌്നേഹത്തോടെ കൈയിട്ടുനടക്കുന്ന ‘മ്യാമനാ’ണിപ്പോൾ പൊലീസ‌്. ഹെൽമെറ്റ‌് വയ്‌ക്കാത്തതിന‌് പിടിച്ച പൊലീസുകാരോട‌്, നമ്മൾ ചങ്ങാതിമാരാണ‌് മാമാ, എന്ന‌് തമാശ പറഞ്ഞ‌് പിഴയടച്ച‌് സ്ഥലം വിടുന്നു ചങ്കുകളായ ഫെയ‌്സ‌്ബുക്ക‌് പ്രേമികൾ ഇപ്പോൾ. പൊലീസ‌് ജീപ്പിന്റെ ബോണറ്റിനുമേൽ വച്ച‌് രസീത‌് എഴുതുന്ന പൊലീസുകാരനോടൊപ്പം ചിരിച്ചുകൊണ്ട‌് സെൽഫിയിടുന്നു ചില ന്യൂജൻ പിള്ളേർ. 
 

പ്ലീസ‌്... ഒരു റിപ്ലൈ  തരുവോ!‌

സിനിമാതാരങ്ങളുടെയും മറ്റും സെലിബ്രിറ്റി എഫ‌്ബി പേജിന‌് സമാനമാണ‌് കേരള പൊലീസ‌് പേജ‌ും. പൊലീസ‌് മാമന്റെ ഒരു മറുപടിക്കായിമാത്രം രസകരമായി കൊഞ്ചുന്ന ആരാധകരെ അതിൽ കാണാം. ഒന്നുകടാക്ഷിച്ച‌് പൊലീസുകാർ മറുപടിയിട്ടാലോ... ‘എന്നേം സിൽമേലെടുത്തേ’ എന്ന ആഹ്ലാദം പിന്നാലെ. പൊലീസ‌് നടപടികൾ വാർത്തയിൽ നിറയുമ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും എത്തി പൊങ്കാലയിടുന്ന സംഘവും ഇഷ്ടംപോലെ. എല്ലാത്തിനും, ഹൈടെക‌് എഫ‌്ബി ‘അമ്മാവനായി’ പൊലീസ‌് ഇടപെടുന്നു. ചെവിക്കുപിടിച്ച‌് തള്ളേണ്ടവരെ തള്ളുന്നു. ഇഷ്ടപ്പെട്ടെങ്കിൽ ‘ചിക്കുമണി...’ എന്നൊക്കെ വിളിച്ച‌് പ്രോത്സാഹിപ്പിക്കുന്നു. എന്തായാലും സൈബറിടത്തിൽ പൊലീസ‌് ഇ പ്പോൾ ഹിറ്റാണ‌്; അത‌് ലൈക്കിൽ മാത്രമല്ല, ഗൗരവത്തോടെയുള്ള ഇടപെടലിലും.
 
നിപാ പനി, മഹാപ്രളയം, ഇപ്പോൾ ശബരിമല‐ കേരളം സമീപകാലത്ത‌് അതിശയകരമാം വണ്ണം ഇടപെടുകയും മുന്നേറുകയുംചെയ‌്ത മൂന്നു സംഭവങ്ങളിലും കേരള പൊലീസ‌് ഫെയ‌്സ‌്ബുക്ക‌് പേജ‌് വഹിച്ച പങ്ക‌് അനന്യം. പതിവ‌് പ്രസ‌് റിലീസുകൾ മാത്രം പോസ്റ്റ‌് ചെയ‌്ത‌്, മൂന്നുലക്ഷത്തിൽപരം ലൈക്കുമായി ഇഴഞ്ഞുനീങ്ങിയ ഈ എഫ‌്ബി പേജ‌് ഒരുവർഷത്തോളമായി സൈബറിടത്തിൽ തരംഗം. പതിനായിരത്തിൽ കൂടുതൽ ലൈക്ക‌് ഏത‌് പോസ്റ്റിനും അച്ചട്ട‌്. ഹെൽമെറ്റ‌് ധരിക്കാതെ യാത്ര ചെയ്യുന്നതിനെതിരെ ബോധവൽക്കരണത്തിനായി തയ്യാറാക്കിയ ഒരു ട്രോളാണ‌് പേജിന്റെ തലവര മാറ്റിമറിച്ചത‌്. ഹെൽമെറ്റില്ലാതെ ഫോണിൽ സംസാരിച്ച‌് യാത്രചെയ്യുന്ന സലിംകുമാറിനെ കാലന്റെ വേഷം ധരിച്ച ഇന്നസെന്റ‌് ‘കമോണ്‌ട്രാ മഹേഷേ..’ എന്ന‌് ക്ഷണിക്കുന്നതായിരുന്നു ആ ട്രോൾ. അതോടെ ട്രോ ളന്മാരുടെ ‘അധോലോക’ത്തേക്ക‌് പൊലീസുകാരും ആനയിക്കപ്പെട്ടു. ആദ്യ ഹിറ്റിന‌് ലൈക്ക‌് അയ്യായിരമാണെങ്കിൽ ഇപ്പോൾ മിനിറ്റുകൾക്കകം പതിനായിരം ലൈക്കിലാണ‌് എത്തിനിൽക്കുന്നത‌്. ശബരിമല വിഷയത്തിൽ ‘ഇരുമുടിക്കെട്ടിന‌് പകരം കല്ലും വടിയുമായി എത്തുന്നവർമാത്രം ഞങ്ങളെ പേടിച്ചാൽമതിയെന്ന, പൊലീസ്‌ വേഷത്തിലുള്ള നടൻ നിവിൻ പോളിയുടെ ട്രോളാണ‌് ഇപ്പോഴും ഹിറ്റ്‌. നാൽപ്പതിനായിരത്തിലധികംപേർ അത‌് ഷെയർ ചെയ‌്ത‌് കഴിഞ്ഞു. പോസ്റ്റിന‌് താഴെ പ്രതികരണവും മറുപടിയും വെല്ലുവിളിയും ചൂടേറിയ വാഗ്വാദവും തുടരുന്നു. എതിർക്കുന്നവരുടെ പൊങ്കാലയും ഇഷ്ടക്കാരുടെ ‘കിടുവേ’ വിളിയും നിലയ‌്ക്കുന്നേയില്ല; അഥവാ അങ്ങനെയങ്ങ‌് പോകാൻ ട്രോളൻ പൊലീസ‌് മാമൻ സമ്മതിക്കുകയുമില്ല. ചീത്ത വിളിക്കുന്നവനോട‌് പൊള്ളുന്ന പരിഹാസമാണ‌് മറുപടി. ഗൗരവമായി ഇടപെടുന്നവരോടും സംശയം ചോദിക്കുന്നവരോടും തനി ജനമൈത്രിക്കാരായി ഒപ്പം കൂടുകയും ചെയ്യും. 
 
കേരളാ പൊലീസ്‌ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ കൈകാര്യം ചെയ്യുന്ന കമലനാഥ‌്, വി എസ‌് ബിമൽ, പി എസ‌് സന്തോഷ‌്, ബി ടി അരുൺ

കേരളാ പൊലീസ്‌ ഫെയ്‌സ്‌ബുക്ക്‌ പേജ്‌ കൈകാര്യം ചെയ്യുന്ന കമലനാഥ‌്, വി എസ‌് ബിമൽ, പി എസ‌് സന്തോഷ‌്, ബി ടി അരുൺ

മൈത്രി വാക്കിലും നോക്കിലും

ജനപ്രിയ പൊലീസ‌് എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവയ‌്പാണ‌് ഈ എഫ‌്ബി പേജ്‌. പുതുലോകത്തിൽ പുതു ടൂൾ എന്ന ആശയം സർക്കാരിന്റെ ആശീർവാദത്തോടെ ഐജി മനോജ‌് എബ്രഹാമിന്റെ നേതൃത്വത്തിലാണ‌് നടപ്പാക്കിയത‌്. ഫെയ‌്സ‌്ബുക്ക‌്, ട്വിറ്റർ, ഇൻസ‌്റ്റഗ്രാം, യൂ ട്യൂബ‌് എല്ലാത്തിലും പൊലീസ‌് അക്കൗണ്ടുണ്ട‌് (ഹിറ്റ‌് പക്ഷേ ഫെയ‌്സ‌്ബുക്ക‌് തന്നെ). ഇവ സജീവമാക്കാൻ ലക്ഷ്യമിട്ട‌് പൊലീസുകാരിൽനിന്നുതന്നെ ആഭ്യന്തരവകുപ്പ‌് അഭിപ്രായം തേടി. നല്ല ആശയമുള്ള ട്രോളർമാരെ തേടി വകുപ്പുതല പരീക്ഷയും നടത്തി. ഇരുനൂറ്റമ്പതോളം പേരെഴുതി. അഞ്ച‌് ‘മ്യാമന്മാരെ’ തെരഞ്ഞെടുത്തു. സിവിൽ പൊലീസ‌് ഉദ്യോഗസ്ഥരായ കമലനാഥ‌് (തിരുവനന്തപുരം), വി എസ‌് ബിമൽ (തിരുവനന്തപുരം), പി എസ‌് സന്തോഷ‌് (നേമം), ബി ടി അരുൺ (മലപ്പുറം), ബി എസ‌് ബിജു (തൃശൂർ) എന്നിവരാണ‌് ആ പൊലീസ‌് ട്രോളർമാർ. ഇതിൽ ബി എസ‌് ബിജു ഇപ്പോൾ മാതൃയൂണിറ്റിലേക്ക‌് തിരിച്ചുപോയി. ശേഷിച്ച നാലുപേരാണ‌് ഷിഫ‌്റ്റ‌് സമ്പ്രദായത്തിൽ, തലസ്ഥാനത്തെ പൊലീസ്‌ ഹെഡ്‌ക്വോർട്ടേഴ്‌സിലെ പ്രത്യേക മുറിയിലിരുന്ന്‌ ആരാധകരോട‌് ‘കട്ടയ‌്ക്ക‌്’ മറുപടി പറഞ്ഞുതള്ളുന്നത‌്. ട്രാഫിക‌് പൊലീസിന്റെ എഫ‌്ബി പേജ്‌ കൈകാര്യംചെയ്യുന്നതും ഇതേ സംഘം.
  
അടിയന്തരമായി ഇടപെടേണ്ട കാര്യങ്ങൾ സംബന്ധിച്ചാണ‌് പേജിലെ പോസ്റ്റുകൾ‌. ഇത‌് ഐജി മനോജ‌് എബ്രഹാമുമായി ചർച്ചചെയ‌്ത‌് തീരുമാനിച്ചാണ‌് പോസ്റ്റുന്നത‌്. വീഡിയോയും ഇത്തരത്തിൽ പോസ്റ്റുചെയ്യും. അതുകഴിഞ്ഞ‌് പോസ്റ്റിന‌് താഴെ വരുന്ന ചർച്ചകൾക്ക‌് മറുപടി പറയുന്ന പണിയാണ‌് പേജ‌് കൈകാര്യം ചെയ്യുന്ന പൊലീസുകാർക്കുള്ളത‌്. മിക്കതും കുറിക്കുകൊള്ളുന്ന മറുപടി. പേജിലെ എല്ലാ പ്രതികരണവും ഏതു പാതിരാത്രിക്കായാലും ‘പോസ്റ്റ‌് മുതലാളി’ അറിയും; ശ്രദ്ധിക്കും. വേണ്ടതിന‌് മറുപടി നൽകും. മിക്കതും അതൊരു ഒന്നൊന്നര മറുപടിയായിരിക്കും. ഈ മറുപടിയുടെ സ‌്ക്രീൻ ഷോട്ട‌് ചൂണ്ടി, മറ്റൊരു ട്രോളാക്കി മാറ്റി, ലൈക്ക‌് സമ്പാദിക്കുന്ന ട്രോളാശാന്മാരുമുണ്ട‌് സൈബർ ലോകത്ത‌്. ‘‌എജ്ജാതി’ എന്നൊരു മേൽക്കുറിപ്പോടെ ഇത്തരം അടിച്ചുമാറ്റിയ പോസ്റ്റുകൾ പറപറക്കുകയാണ‌്. അതിനും കിട്ടും പതിനായിരം ലൈക്ക‌് വേറെ.
 
നിപാ പനി, പ്രളയം, ശബരിമല തുടങ്ങിയ സമയത്താണ‌് പേജിന്റെ സാധ്യത എല്ലാത്തരത്തിലും നിറഞ്ഞാടിയത‌്. നിപാ കാലത്തെ ബോധവൽക്കരണ പോസ്റ്റുകൾ വൈറലായി. പ്രളയകാലത്ത‌് പൊലീസ‌് എഫ‌്ബി പേജ‌് മറ്റൊരു ആശ്വാസത്തുരുത്തായിരുന്നെന്ന‌് പൊലീസ‌് ട്രോളരിലെ പ്രമുഖൻ ബി ടി അരുൺ പറഞ്ഞു. പേജ‌് പിന്തുടരുന്നവരിൽ കൂടുതലും വിദേശത്താണ‌്. പ്രളയത്തിൽ മുങ്ങിയ നാട്ടിലെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്ന അഭ്യർഥനയും നിലവിളിയും  എഫ‌്ബി പേജിലും എത്തി. കൺട്രോൾ റൂമിലും ഹെൽപ്പ‌് ലൈൻ നമ്പരിലും ശ്രമിച്ചിട്ട‌് കിട്ടാത്തവരായിരുന്നു പലരും.  സഹായം വേണ്ടവരുടെ വിലാസം ഞങ്ങൾ കൃത്യമായി ഹെൽപ്പ‌് ലൈനിൽ എത്തിച്ചു. അപകടത്തിൽപ്പെട്ടവരുടെ അവസ്ഥ മറുപടിയായി നൽകി. ഒരാഴ‌്ച ഞങ്ങളുടെ കുളിയും ജപവും മാറിമാറി എഫ‌്ബിയിൽത്തന്നെയായിരുന്നു. അത്തരം ശ്രമങ്ങൾക്കുള്ള ‘നന്ദിയുണ്ട‌് സാറെ...’ വിളികൾ ഈയടുത്ത കാലം ഞങ്ങൾക്ക‌് എഫ‌്ബിയിലൂടെ ലഭിച്ചു. ‘നന്ദി മാത്രമേ ഉള്ളല്ലേ...’ എന്ന ആത്മഗതത്തോടെ- അരുൺ പറഞ്ഞു. 
 

മുന്നിൽ നേപ്പാൾ പൊലീസ‌് മാത്രം

സംസ്ഥാനങ്ങളുടെ പൊലീസ‌് എഫ‌്ബി പേജിൽ ലോകത്ത‌് ഏറ്റവും കൂടുതൽ ലൈക്കുള്ള പേജാണ‌് ഇപ്പോൾ കേരള പൊലീസിന്റേത‌്. ന്യൂയോർക്ക‌് സിറ്റി പൊലീസിനെ കഴിഞ്ഞമാസം മറികടന്നു. അതിനുമുമ്പ‌് ബംഗളൂരു ട്രാഫിക‌് പൊലീസ‌് പേജിനും മുന്നിലെത്തി. 
 
ഇപ്പോൾ നേപ്പാൾ പൊലീസിന്റെ എഫ‌്ബി പേജ‌് മാത്രമേ മുന്നിലുള്ളൂ (13,46,119 ലൈക്ക‌്). 
 
അത‌് മറികടക്കാൻ വലിയ പണിയൊന്നുമില്ല. ‘എന്നാ പിന്നെ തുടങ്ങുകല്ലെ’ എന്ന‌് പറയുകയേ വേണ്ടൂ... ആരാധകക്കൂട്ടം വെട്ടുകിളിയെ പോലെ ‘അറഞ്ചം പൊറഞ്ചം’ ലൈക്കിട്ട‌് സ‌്നേഹം കാട്ടും; അതിനായി സൈബർ പ്രചാരണവും നടത്തിക്കളയും.
 
ബംഗളൂരുവിയും ന്യൂയോർക്കിനെയും അങ്ങനെയൊക്കെയാണ‌് കേരളാ പൊലീസ‌് മറികടന്നത‌്. ഇതെഴുതുമ്പോൾ 9,15,913 ആണ‌് കേരള പൊലീസിന്റെ ലൈക്ക‌്. ‘ലോക പൊലീസാ’കാൻ ഇനി വേണ്ടത‌് നാലുലക്ഷം ലൈക്ക‌് മാത്രം. ഇപ്പോൾ ശബരിമലയുടെപേരിൽ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങളെ ‘അടപടലെ’ തുറന്നുകാട്ടുന്നതിൽ മുൻപന്തിയിലാണ‌് ഈ പേജ‌്. അതുകൊണ്ടുതന്നെ പ്രശ‌്നക്കാരുടെ മുഖ്യശത്രുതയും പേജിനോടായി. സംഘം ചേർന്ന‌് പോസ്റ്റുകൾക്ക‌് താഴെ തെറിവിളി ജപവും തുടങ്ങി. 
 
എല്ലാത്തിനോടും പക്വമായി പ്രതികരിച്ച‌്, നിയമവഴിയിലെ ശരിയേതെന്ന‌് നിരന്തരം ഓർമിപ്പിച്ച‌് അഡ‌്മിന്മാർ അടുത്ത പോസ്റ്റിലേക്ക‌് കടക്കുകയാണ‌്. 
 
ചീറിപ്പാഞ്ഞുവരുന്ന വാഹനത്തിനുമുന്നിലേക്ക‌് ‘നില്ല‌്.. നില്ല‌്...’ എന്ന പാട്ടും പാടി ചാടിവീഴുന്ന ‘ടിക് ടോക‌്’ വേലയ‌്ക്കെതിരെയായിരുന്നു കഴിഞ്ഞയാഴ‌്ചയിലെ പോസ്റ്റ‌്. പതിവുപോലെ അനുകൂലിച്ചും അല്ലാതെയുമുള്ള ചർച്ച നിർബാധം തുടരുകയാണ‌്.
 
ബ്രോസ‌്... ഇനി നമുക്ക‌് നേപ്പാളിനും മുന്നിലെത്തേണ്ടെ? അപ്പോ എങ്ങിനാ തുടങ്ങുകയല്ലേ: https://www.facebook.com/keralapolice/
 
vinodpayam@gmail.com
പ്രധാന വാർത്തകൾ
 Top