20 February Wednesday

ചരിത്രം തുളുമ്പിയ പാട്ടിന്റെ ചഷകം

കെ ബി വേണു venukarakkatt@gmail.comUpdated: Sunday Sep 2, 2018

അറീത ഫ്രാങ്ക്ളിൻ

 

അമേരിക്കയിലെ കറുത്ത വംശക്കാരുടെ മാത്രമല്ല, അമേരിക്കയുടെ തന്നെ ശബ്ദമായിരുന്നു അറീത ഫ്രാങ്ക്ളിൻ. ബ്ലൂസ് സംഗീതത്തിന്റെ സംയമം, സോൾ സംഗീതത്തിന്റെ വൈകാരികത, ജാസിന്റെ ഭാവതീവ്രത, ക്രിസ്തീയ സുവിശേഷ ഗാനങ്ങളുടെ ആഹ്ലാദാതിരേകം നിറഞ്ഞ ആത്മീയത... ഇതെല്ലാമാണ് അറീതയുടെ സംഗീതമുദ്രകൾ... അനീതികളെ പാട്ടുകളിലൂടെ എതിർത്ത, താരസ്ഥായിയിലുള്ള ശബ്ദത്തിന്റെ മാസ്മരികത കൊണ്ടും പിയാനോ വാദനത്തിലെ അനിതരസാധാരണമായ കൈത്തഴക്കം കൊണ്ടും കോടിക്കണക്കിന്‌ സംഗീതപ്രേമികളെ വിസ്മയിപ്പിച്ച അറീത ഫ്രാങ്ക്ളിൻ ഓഗസ്റ്റ് 16ന്, എഴുപത്തിയാറാം വയസ്സിൽ വിടപറഞ്ഞു

 

“I know you got to disturb the peace when you can’t get no peace.”

 -Aretha Franklin

 

ഡിസംബർ 6, 2015. വാഷിങ്ടൺ ഡിസിയിലെ കെന്നഡി സെന്റർ.
വിഖ്യാത ഗായികയും ഗാനരചയിതാവുമായ കാരൊൾ കിങ് ഉൾപ്പെടെ അഞ്ചു സർഗപ്രതിഭകളെ ആദരിക്കുന്ന വേദി. പ്രസിഡന്റ് ബറാക് ഒബാമയും പ്രഥമവനിത മിഷേലുമടക്കം ഒരുപാട‌് വിശിഷ്ടവ്യക്തികൾ നിറഞ്ഞ സദസ്സ്.
എഴുപത്തിമൂന്നുകാരിയായ അറീത ഫ്രാങ്ക്ളിൻ വേദിയിലേക്ക് കടന്നുവരുന്നു. സദസ്സിൽ ഹർഷാരവം. ഒരുനിമിഷംപോലും കളയാതെ അറീത പിയാനോ വായിച്ച് പാടാൻ തുടങ്ങുന്നു. 1950കളുടെ അവസാനപാദംമുതൽ ഈ നിമിഷംവരെയും പാശ്ചാത്യസംഗീതപ്രേമികളെ ഹരം കൊള്ളിച്ചുകൊണ്ടിരിക്കുന്ന അനശ്വരമായ ഒരു ഗാനത്തിന്റെ ഊഷ്മളനദി അറീതയുടെ ശബ്ദത്തിലൂടെ ഒഴുകി... 
 
Looking out on the morning rain
I used to feel so uninspired
And when I knew I had to face another day
Lord, it made me feel so tired
Before the day I met you, life was so unkind
But you’re the key to my peace of mind
’Cause you make me feel
You make me feel
You make me feel like
A natural woman...
 
1967ൽ കാരൊൾ കിങ്ങും ഭർത്താവ് ജെറി ജോഫിനും ചേർന്നൊരുക്കി, അറീത ഫ്രാങ്ക്ളിന്റെ ആലാപനത്തിലൂടെ തലമുറകളെ ഹരംകൊള്ളിച്ച യൂ മേയ്ക്ക് മീ ഫീൽ ലൈക് എ നാചുറൽ വുമൺ എന്ന ഗാനം. ഒന്നുംചെയ്യാൻ തോന്നാതെ പുലർകാലമഴയിലേക്കു നോക്കിയിരിക്കുന്ന, ഒരു ദിവസത്തെക്കൂടി അഭിമുഖീകരിക്കണമല്ലോ എന്നോർക്കുമ്പോൾ തളർന്നുപോകുന്ന, വിഷാദരോഗിയായ പെൺകുട്ടി പിന്നീട് പ്രണയത്തിൽ ജീവിതത്തിന്റെ പുതിയ അർഥങ്ങൾ കണ്ടെത്തുന്നതാണ് ഈ പാട്ടിന്റെ പ്രമേയം. അറുപതുകളിൽ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ ശക്തി പ്രാപിക്കുമ്പോൾ പിറന്നുവീണ്, പിന്നീട് എത്രയോ ഗായികമാർ പുനരാവിഷ്കരിച്ച ഈ ഗാനം ഇപ്പോഴും സ്ത്രീപക്ഷചിന്തയുടെ പ്രതീകങ്ങളിലൊന്നാണ്. 
 
നാലു പതിറ്റാണ്ടുമുമ്പ് ആ പാട്ട് ആദ്യമായി റെക്കോഡ് ചെയ്യുമ്പോഴുണ്ടായിരുന്ന വന്യമായ ഊർജം എഴുപത്തിമൂന്നാം വയസ്സിലും അറീതയുടെ ശബ്ദദത്തിലുണ്ടായിരുന്നു. അറീത തന്നെയായിരുന്നു ആ രാത്രിയിലെ താരം. തന്റെ സൃഷ്ടി പ്രിയപ്പെട്ട ഗായികയിലൂടെ ഒരിക്കൽക്കൂടി നേരിട്ടു പാടിക്കേട്ട ഓരോ നിമിഷത്തിലും ഉന്മാദത്തിന്റെ കൊടുമുടികളിലേക്കുയരുകയായിരുന്നു കാരൊൾ കിങ്. പാട്ടിന്റെ ഗൃഹാതുരതയിൽ  പ്രസിഡന്റ് ഒബാമയുടെ കണ്ണു നിറഞ്ഞു. ഒബാമ പിന്നീട് എഴുതി: "അറീതയുടെ പാട്ടിൽ നിറഞ്ഞുതുളുമ്പുന്നത് അമേരിക്കയുടെ ചരിത്രം തന്നെയാണ്. അതുകൊണ്ടാണ് അവർ  നാചുറൽ വുമൺ  പാടുമ്പോൾ എന്റെ കണ്ണു നിറയുന്നത്. അമേരിക്കൻ അനുഭവത്തിന്റെ പൂർണതയാണത്. സമന്വയത്തിന്റെയും സമരസപ്പെടലിന്റെയും അതിഭൗതികാനുഭവങ്ങളുടെയും സാധ്യതകൾ അതിലുണ്ട്.''
അറിയപ്പെടുന്ന സുവിശേഷപ്രസംഗകനായിരുന്ന സി എൽ ഫ്രാങ്ക്ളിന്റെയും പിയാനിസ്റ്റും ഗായികയുമായിരുന്ന ബാർബറ സിഗേഴ്സിന്റെയും മകളായി 1942 മാർച്ച് 25നാണ് അറീത ജനിച്ചത്. സ്ത്രീലമ്പടനും മദ്യപനും പീഡകനുമായിരുന്ന ഫ്രാങ്ക്ളിനെ ഉപേക്ഷിച്ചുപോയ ബാർബറ താമസിയാതെ മരണമടഞ്ഞു. പന്ത്രണ്ടാം വയസ്സുമുതൽ പിതാവിനോടൊപ്പം നാടുചുറ്റാൻ തുടങ്ങിയ അറീത സുവിശേഷഗാനങ്ങളിലൂടെയാണ് സംഗീതജീവിതം തുടങ്ങിയത്. 1960ൽ കൊളംബിയ റെക്കോഡ്സുമായും 1966ൽ അറ്റ്‌‌ലാന്റിക് റെക്കോഡ്സുമായും ബന്ധപ്പെടുന്നതോടെ അറീതയുടെ സംഗീതജീവിതത്തിന്റെ ഗതി മാറി. 'നാചുറൽ വുമൺ' അടക്കം അറ്റ്‌‌ലാന്റിക്  റെക്കോഡ്സിനുവേണ്ടി ആലപിച്ച ഗാനങ്ങൾ ‐ ഡു റൈറ്റ് വുമൺ ഡു റൈറ്റ് മാൻ, റെസ്പെക്റ്റ്, ഡോക്റ്റർ ഫീൽ ഗുഡ്, തിങ്ക്, ചെയ്ൻ ഓഫ് ഫൂൾസ് ‐ അറീതയെ പ്രശസ്തിയിലേക്കുയർത്തി. 
'റെസ്പെക്റ്റ്' എന്ന ഗാനത്തെ ആലാപനത്തിന്റെ തീക്ഷ്ണഭാവങ്ങളിലൂടെ അറീത ഒരു ഫെമിനിസ്റ്റ് ഗീതമാക്കി ചരിത്രത്തിൽ പ്രതിഷ്ഠിച്ചു.
 
What you want
Baby, I got it
What you need
Do you know I got it?
All I’m askin’
Is for a little respect when you get home
 
1967 ഏപ്രിലിലാണ്  ഈ ആൽബം പുറത്തുവന്നത്. ആ വർഷം ജൂലൈയിൽ അറീതയുടെ ജന്മസ്ഥലമായ ഡിറ്റ്‌റോയിറ്റ് നഗരത്തിൽ വംശീയകലാപം നടന്നു. നാൽപ്പത്തിമൂന്നുപേരുടെ മരണത്തിൽ കലാശിച്ച ആ കലാപത്തിനുശേഷം ശുഭപ്രതീക്ഷയുടെ പ്രതീകമായി മാറി 'റെസ്പെക്റ്റ്' എ ന്ന ഗാനം. കറുപ്പിന്റെ ശക്തിഗീതമാ കാനു ള്ള ദാർഢ്യമുണ്ടായിരുന്നു ആ പാട്ടിന്.
 
 മാർട്ടിൻ ലൂഥർ കിങ്ങിനൊപ്പം സുവിശേഷഗായികയെന്നനിലയിൽ  യാത്രചെയ്തിട്ടുള്ള അറീതയ്ക്ക് തികഞ്ഞ രാഷ്ട്രീയസ്വത്വവും ഉണ്ടായിരുന്നു. 1968ൽ മാർട്ടിൻ ലൂഥർ കിങ്ങിന് അന്ത്യോപചാരമർപ്പിച്ചുകൊണ്ട് അറീത നടത്തിയ ഗാനാർച്ചന ചരിത്രത്തിന്റെ ഭാഗം. 1971ൽ അമേരിക്കൻ കമ്യൂണിസ്റ്റ് പാർടി പ്രവർത്തക ഏയ്ഞ്ജലാ ഡേവിസിനെ ഗൂഢാലോചനക്കുറ്റം ചുമത്തി അറസ്റ്റുചെയ്തപ്പോൾ അവരെ ജാമ്യത്തിലെടുക്കാൻ തയ്യാറാണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അറീത പറഞ്ഞു ‐“Angela Davis must go free. I know you got to disturb the peace when you can’t get no peace.”
തുടക്കംതൊട്ടേ അസ്വസ്ഥമായിരുന്നു അറീതയുടെ സ്വകാര്യജീവിതം. വിവാഹത്തിനുമുമ്പ് പന്ത്രണ്ടാംവയസ്സിൽ അമ്മയായ അറീത രണ്ടുവർഷത്തിനുശേഷം മറ്റൊരു കുഞ്ഞിനും ജന്മം നൽകി.  അമേരിക്കൻ സുവിശേഷകസമൂഹത്തിൽ നിലനിന്നിരുന്ന അമിതസ്വാതന്ത്ര്യമുള്ള സ്ത്രീപുരുഷബന്ധങ്ങളുടെ പരിണതിയായിരുന്നു അത്. ആദ്യഭർത്താവ് ടെഡ് വൈറ്റുമായി 1969ലും രണ്ടാമത്തെ ഭർത്താവ് നടൻ ഗ്ലിൻ ടർമാനുമായി 1984ലും അറീത വേർപിരിഞ്ഞു. രണ്ടു വിവാഹബന്ധങ്ങളും പരാജയമായിരുന്നെങ്കിലും പാടുമ്പോൾ നിത്യപ്രണയിനിയായിരുന്നു അറീത ‐ മനുഷ്യന്റെയും ദൈവത്തിന്റെയും നിത്യകാമുകി. 
 
ഏതു പാട്ടിനെയും സ്വാംശീകരിച്ച് സ്വന്തമാക്കാനുള്ള പ്രതിഭയുണ്ടായിരുന്നു അറീതയ്ക്ക്. സ്വകാര്യജീവിതത്തിലെ ദുഃഖങ്ങളും വേദനകളും അവർ പാട്ടിലേക്ക് പകർന്നുവച്ചത് സ്ത്രീശക്തിയുടെയും ശുഭപ്രതീക്ഷയുടെയും രൂപത്തിലായിരുന്നു. വേദനയെ പ്രത്യാശയുടെ സംഗീതമാക്കിമാറ്റുന്ന അസാധാരണ സിദ്ധി. പക്ഷേ അസുഖങ്ങളും കടുത്ത വിഷാദരോഗവും അറീതയെ പിന്തുടർന്നു.  
 
 പണം ആദ്യം വാങ്ങിയിട്ടേ പാടൂ എന്ന കണിശത അവർക്കുണ്ടായിരുന്നു.  പണമടങ്ങിയ പേഴ്സ് എപ്പോഴും കൈയിലുണ്ടാകുമായിരുന്നു. അറീത വളർന്നുവന്ന കാലഘട്ടം പകർന്നുകൊടുത്ത ശീലമാണത്. ആരും എപ്പോൾ വേണമെങ്കിലും ഉപദ്രവിച്ചേക്കാം എന്ന തോന്നൽ. "സ്ത്രീകൾ എപ്പോഴും കരുത്തോടെ ജീവിക്കണം,'' അറീത ഒരഭിമുഖത്തിൽ പറഞ്ഞു. "അല്ലെങ്കിൽ ചിലർ നിങ്ങളെ ചവിട്ടിമെതിച്ചേക്കും.''  
 
റോക് ആൻഡ് റോൾ ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടിയ ആദ്യഗായികയാണ് അറീത. റോളിങ് സ്റ്റോൺ മാഗസിന്റെ എക്കാലത്തെയും മികച്ച നൂറു ഗായകരുടെ പട്ടികയിൽ ഒന്നാംസ്ഥാനക്കാരി. 
 
ഏഴരക്കോടി റെക്കോഡുകൾ, പതിനെട്ട‌് ഗ്രാമി അവാർഡുകൾ, ബിൽബോർഡ് ചാർട്ടുകളിൽ ഉൾപ്പെട്ട നൂറിലേറെ ഗാനങ്ങൾ.  ഇത്രയധികം നേട്ടങ്ങൾ ഒരായുഷ്ക്കാലത്തു കൈവരിച്ച മറ്റൊരു ഗായികയുണ്ടാകില്ല.  
 
1967ൽ ചിക്കാഗോയിലെ റീഗൽ തിയറ്ററിൽവച്ച് അറീതയെ ക്വീൻ ഓഫ് സോൾ  പട്ടം ചാർത്തി സംഗീതലോകം ആദരിച്ചു. 'സോൾ സംഗീതത്തിന്റെ റാണി' എന്ന അർഥത്തിലാണ്  വിശേഷണമെങ്കിലും അറീത എക്കാലത്തും ശ്രോതാക്കളുടെ ആത്മാക്കളെ തൊട്ടുനിന്ന സംഗീതചക്രവർത്തിനിതന്നെയായിരുന്നു. 
നക്ഷത്രഖചിതമായ മറ്റൊരു ഗാനസാമ്രാജ്യത്തിലേക്ക് അറീത യാത്രയാകുന്നത് ലോകസംഗീതചരിത്രത്തിൽ സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെയും കറുപ്പിന്റെ കരുത്തിന്റെയും ഐതിഹാസികമായ ഒരധ്യായം എഴുതിച്ചേർത്തശേഷമാണ്.

 

പ്രധാന വാർത്തകൾ
 Top