22 April Monday

പെൺസാന്നിധ്യമില്ലാത്ത ആൺജീവിതങ്ങൾ

ഡോ. യു നന്ദകുമാർUpdated: Sunday Oct 1, 2017

നമുക്കനുഭവപ്പെടുന്ന സ്വകാര്യദുഃഖങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് ഒറ്റപ്പെടലും നഷ്ടബോധവും ആയിരിക്കണം. ഇത് രണ്ടും ഒന്നിച്ചനുഭവിക്കുന്നവർക്ക് ജീവിതത്തിന്റെ സുഖദതാളങ്ങൾ തിരികെപ്പിടിക്കാനാകാത്തവിധം അകലത്തായി എന്നുതോന്നും. ഇത്തരം അനുഭവങ്ങളിലൂടെ പോകുന്നവരുടെ യാതന മറ്റുള്ളവർക്ക് കൃത്യമായി മനസ്സിലാക്കാനാകാത്തതാണ്. അങ്ങനെ നമ്മുടെ സ്വകാര്യതകളെ മുറിപ്പെടുത്തുന്നതും മറ്റുള്ളവർ നിസ്സാരമായി തള്ളിക്കളയുന്നതുമായ ഏകാന്ത സംഘർഷങ്ങളാണ് പ്രസിദ്ധ ജാപ്പനീസ് നോവലിസ്റ്റായ ഹാരുക്കി മുറാകാമി തന്റെ ‘പെൺസാന്നിധ്യമില്ലാത്ത ആണുങ്ങൾ' എന്ന ഏറ്റവും പുതിയ പുസ്തകത്തിൽ (Haruki Murakami: Men Without Women, 2017; English Translation: Penguin/Random House) വിവരിക്കുന്നത്. ഏഴ് കഥകളുള്ള സമാഹാരത്തിൽ പെൺബന്ധങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ആണുങ്ങൾ പെട്ടുപോകുന്ന സംഘർഷങ്ങൾ മനോഹരമായ ന്യൂനോക്തികളുപയോഗിച്ച് ആവിഷ്‌കരിച്ചിരിക്കുന്നു.
നാം പുസ്തകങ്ങൾ വായിക്കുന്നത് (പ്രത്യേകിച്ചും, നോവൽ, കഥ എന്നിവ) ഒരു ഗവേഷകന്റെ മാനസികാവസ്ഥയോടല്ല. ആൺപെൺ ബന്ധങ്ങളിൽ താളഭംഗങ്ങൾ ഉണ്ടാകുമ്പോൾ അത് ആണുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുന്നുവെന്ന് ശാസ്ത്രപഠനങ്ങൾ കാണിക്കുന്നു. തൊഴിലിടത്തിലും സമൂഹത്തിലും അനുഭവപ്പെടുന്ന ഉദാസീനത, ഉയർന്ന മരണനിരക്ക്, വിഷാദരോഗം എന്നിവ കാണപ്പെടുന്നതായി ഏറെക്കുറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മുറാകാമിയുടെ സാഹിത്യം ശാസ്ത്രസത്യങ്ങളെ തള്ളിക്കളയുന്നില്ല എന്നർഥം.
അത് അത്ര ലളിതമായി പറഞ്ഞുപോകാനുമാകില്ല. കഥകളൊന്നുംതന്നെ നേർരേഖയിലൂടെ സഞ്ചരിക്കുന്ന റിയലിസ്റ്റ് സൃഷ്ടികളല്ല. ശക്തമായ ലൈംഗിക ചിഹ്‌നങ്ങൾ, മാജിക്കൽ അനുഭവങ്ങൾ, ദുരൂഹതകൾ, മെറ്റഫറുകൾ ഇവയെല്ലാം സമ്മേളിക്കുന്ന അവസ്ഥ സൃഷ്ടിച്ചാണ് കഥകൾ മുന്നോട്ടുനീങ്ങുന്നത്. അതിനാലാണ് സങ്കീർണമല്ലാത്ത കഥാതന്തുവിൽനിന്ന് അതിശയിപ്പിക്കുന്ന മായികപ്രപഞ്ചം തീർക്കാൻ മുറാകാമിക്കു സാധിക്കുന്നത്.

ഇവിടെ മറ്റൊരുചോദ്യം പ്രസക്തമാണ്. ആണുങ്ങൾക്ക് പെൺബന്ധങ്ങൾ നഷ്ടപ്പെടുമ്പോൾ, ആ സ്ത്രീകളും സമാനമായ മനസികാസ്വാസ്ഥ്യങ്ങളിലൂടെ കടന്നുപോകുന്നില്ലേ? ശരിയാകാം. ഇക്കഥകളിൽ ബന്ധങ്ങളിൽനിന്ന് അകലുന്നത് സ്ത്രീയുടെ തെരഞ്ഞടുപ്പാണ്; അതിനാലാകണം കഥകളിൽ ആണുങ്ങളെ പ്രധാന വക്താക്കളാക്കിയത്. സ്ത്രീക്കാണോ പുരുഷനാണോ പ്രാമുഖ്യം എന്ന ചോദ്യമല്ല കഥകൾ ഉയർത്തുന്നത്; ക്രമാനുഗതമായി വികസിച്ചുവരുന്ന സാഹചര്യങ്ങൾ നമ്മുടെ ചിന്തകളിലൂടെ പൂർത്തീകരിക്കപ്പെടുന്നു എന്നുമാത്രം.
കാഫ്കയുടെ കഥയിൽനിന്ന് ഉതിർന്നുവീണ കഥാപാത്രമാണ് ഗ്രിഗർ സംസ. ഒരുനാൾ ഷഡ്പദാവസ്ഥയിൽനിന്ന് വിപരീത രൂപാന്തരീകരണംവഴി സംസ ഉറക്കത്തിൽനിന്ന് മനുഷ്യനായുണർന്നു. തന്റെ നഗ്നശരീരം നോക്കിക്കണ്ട അയാൾ, ശരീരമാകെ മൂടുന്ന ഗൗൺ വസ്ത്രമാക്കി മുറിയിൽനിന്ന് ആ വലിയ വീട്ടിലേക്കിറങ്ങുമ്പോഴാണ് കോളിങ് ബെൽ ശബ്ദമുണ്ടായത്. യുവതിയെങ്കിലും നടുവുകൂനിയിട്ട് നടക്കാൻ പ്രയാസപ്പെടുന്ന സ്ത്രീയായിരുന്നു പുറത്ത്. ഇവിടെയൊരു താഴ് കേടുണ്ടല്ലോ, അത് നന്നാക്കാനെത്തിയതാണെന്ന് ആഗത. അവരിൽനിന്നു സംസ അനേകം  പുതിയ വാക്കുകൾ പഠിക്കുന്നു; യുവതിക്ക് അയാൾ അൽപ്പം മനസികവൈകല്യം ബാധിച്ച കുട്ടിയായാണ് അനുഭവപ്പെട്ടത്. ഇതിനിടയിൽ സംസയ്ക്ക് ലൈംഗിക ഉത്തേജനമുണ്ടാകുന്നു. യുവതിക്ക് അയാൾ ധരിച്ചിരുന്ന ലൂസ് ഗൗണിലൂടെ അതുമനസ്സിലാക്കാനാകും. തന്റെ സ്വത്വം സമർഥിക്കാനുള്ള ചിഹ്നമായി നമുക്കതിനെ കാണാം. തിരസ്‌കരിക്കപ്പെട്ട സംസയാണ് പ്രണയത്തിലായ സംസ എന്ന കഥയിൽ. അയാളുടെ കഥ ഇതിലും ഭംഗിയായി പറഞ്ഞവസാനിപ്പിക്കാൻ എങ്ങനെ കഴിയും...  "The world was waiting for him to learn.'

കിനോ എന്ന കഥയും മെറ്റഫറുകളും അടയാളങ്ങളുംകൊണ്ട്‌നിറഞ്ഞ മാനസികാപഗ്രഥനമാണ്. സ്വന്തമായി ബാർ നടത്തുകയാണ് കിനോ. ബാർ തുടങ്ങുന്നതിനുമുമ്പ് അയാൾ സ്‌പോർട്‌സ് ഉപകരണങ്ങൾ വിൽക്കുന്ന കമ്പനിയിലാണ് പ്രവർത്തിച്ചിരുന്നത്. പലപ്പോഴും വിപണനസാമഗ്രികളുമായി അയാൾക്ക് ജപ്പാനാകെ ചുറ്റേണ്ടിവരും. ഒരവസരത്തിൽ ഉദ്ദേശിച്ചതിനേക്കാൾ ഒരുനാൾ നേരത്തെയെത്താനായി അയാൾക്ക്. വീട്ടിൽ ഭാര്യയും താനും കിടക്കുന്ന കട്ടിലിൽ അടുത്ത സഹപ്രവർത്തകൻ തന്റെ ഭാര്യയോടൊത്തു നഗ്നനായി കിടക്കുന്നു. കിനോ വാതിൽ ചാരി പുറത്തുകടന്നു; ജോലി ഉപേക്ഷിച്ചു, പൂർവജീവിതത്തിൽനിന്ന് ഒഴിഞ്ഞുമാറി പുതിയ തൊഴിൽ സ്വീകരിച്ചു. ജീവിതം ഏൽപ്പിക്കുന്ന ആഘാതങ്ങളോട് നാം എങ്ങനെ പ്രതികരിക്കണം എന്ന ചോദ്യം നമ്മുടെ ഉള്ളിലും പലരീതിയിൽ മുറാകാമി ഉയർത്തുന്നു. ബാറിൽ കിനോക്കൊപ്പം കഴിയാനെത്തുന്ന പൂച്ച, ചാറ്റൽ മഴ, പൂച്ച അപ്രത്യക്ഷമാകുമ്പോൾ അവതരിക്കുന്ന പാമ്പുകൾ, പെരുമഴ, പ്രവചിക്കപ്പെട്ട ടോക്യോ ഭൂകമ്പം, കിനോയുടെ പ്രവാസം  ഇങ്ങനെയുള്ള സമസ്യകൾ കഥാന്തരീക്ഷത്തെ സാന്ദ്രമാക്കുന്നു.

പുസ്തകത്തിന്റെ ശീർഷക കഥയായ 'പെണ്ണുങ്ങളില്ലാത്ത ആണുങ്ങൾ' ആരംഭിക്കുന്നതുതന്നെ നടുക്കത്തോടാണ്. രാത്രി ഒരുമണി കഴിഞ്ഞിരിക്കുന്നു; അപ്പോഴാണ് ഫോൺകോൾ. കഥയുടെ ആഖ്യാതാവ് ഫോൺ എടുക്കുമ്പോൾ അങ്ങേത്തലയ്ക്കൽ മൃദുവായ പുരുഷശബ്ദം; അയാളുടെ ഭാര്യ മരിച്ചിരിക്കുന്നു. ആത്മഹത്യ. താങ്കളെ അറിയിക്കണം എന്ന് കരുതി. കാൾ അവസാനിച്ചു. മരിച്ച സ്ത്രീ ആഖ്യാതാവിന്റെ മുൻ കാമുകിയായിരുന്നു. പിന്നീടവർ മറ്റൊരാളെ പ്രണയിച്ചുകാണും. വിവാഹിതയുമായി. ഭർത്താവിന് താൻ കാമുകനായിരുന്നു എന്നറിയാമോ, ആവോ? അവരുടെ പ്രണയകാലം അയാളോർക്കുന്നത് പതിനാലു വയസ്സുള്ള കുട്ടികൾ എന്നപോലെയാണ്. അവൾക്കിഷ്ടം പാട്ടുകളായിരുന്നു; പെറി ഫെയ്തിെ ‘ഗ്രീഷ്മത്തിൽ ഒരിടം'  (A Summer Place)  എന്ന ഗാനം. അവരുടെ രതിവേളകളിൽപ്പോലും ആ പാട്ടുണ്ടായിരുന്നു. അവൾ ആ പാട്ട് ഇഷ്ടപ്പെടാൻ കാരണമുണ്ട്. അതിവിശാലവും ശൂന്യവുമായ ആകാശത്തെ അനുഭവിക്കുമ്പോലെ തോന്നിപ്പിക്കുമായിരുന്നു. സ്വർഗത്തിലെന്നപോലെ. അങ്ങനെയാണ് കാമുകിയുടെ മരണം അയാളുടെ മനസ്സിൽ ചുരുളഴിഞ്ഞത്. ലോകത്തിലിപ്പോൾ ഏറ്റവും ഏകാകിയായ രണ്ടാമൻ അയാൾതന്നെ; ഒന്നാമൻ അവളുടെ ഭർത്താവ് ആയിക്കൊള്ളട്ടെ. ചില ഘട്ടങ്ങളിൽ ഒരു പെൺസാമീപ്യം നഷ്ടപ്പെട്ടാൽ എല്ലാ പെണ്ണുങ്ങളെയും നഷ്ടപ്പെടുംപോലെയാകും. അപ്പോൾ നാം പെണ്ണുങ്ങളില്ലാത്ത ആണുങ്ങളാകുന്നു.
ഏകാന്തവാസത്തിലായ ഹബാര, ഭാര്യയുടെ മരണത്തിനുശേഷം അവരുടെ കാമുകന്മാരെക്കുറിച്ചോർക്കുന്ന കഫ്യൂക്, പ്രണയിനിയോട് അകലേണ്ടിവന്ന കിട്ടാറു, സ്ഥായിയായ പെൺബന്ധങ്ങൾ വെറുത്തിരുന്ന ഡോ. റ്റോകൈ ഒടുവിൽ പ്രണയിനിയെ നഷ്ടപ്പെട്ട് ‘ഞാനാര്?' എന്നന്വേഷിക്കുന്നത്, എല്ലാം ദുഃഖത്തിന്റെയും നിസ്സഹായതയുടെയും നേരിഴകൾ നെയ്ത സൃഷ്ടികളായ് ഏറെനാൾ നമ്മിലുണ്ടാകും.
നൊേബൽ കമ്മിറ്റിയുടെ ശ്രദ്ധ അടുത്തുതന്നെ മുറാകാമിയിലെത്തും എന്നു കരുതാം.

പ്രധാന വാർത്തകൾ
 Top