24 May Friday

ഗ്രാമീണ രംഗവേദിയുടെ സമകാലഭാഷ്യം

കെ ഗിരീഷ്‌Updated: Sunday Apr 1, 2018

മാണിക്യമൂക്കുത്തി എന്ന നാടകത്തിൽനിന്ന്‌

 കാണിയുടെ  ഇടപെടലും അഭിനേതാവും കാണിയും കഥാപാത്രങ്ങളും തമ്മിലുള്ള വിനിമയവും ഗ്രാമീണനാടകങ്ങളുടെ പൊതുസ്വഭാവമാണ്. ഇവിടെ കാണി അകലെ ഇരുട്ടിലല്ല. കൈയെത്തും ദൂരത്ത്. മുഖാമുഖം സംസാരിക്കുന്ന ജൈവികത. മനുഷ്യരുടേത് മാത്രമല്ല, ദേവന്മാരുടെ ചെയ്തികളെയും ഈ നാടകം ചോദ്യംചെയ്യും. സ്വന്തം കാഴ്ചപ്പാടിലൂടെ വിമർശിക്കും. വിമർശിക്കപ്പെടുന്നത് തൊട്ടുമുന്നിലിരിക്കുന്ന നാട്ടുകാരനാകാം. ദേവേന്ദ്രനോ പരമശിവനോ ആകാം. നാട്ടുനീതിയുടെ കണ്ണിലൂടെ കാണുമ്പോൾ ഇവരെല്ലാം തുല്യർ. ന്യായത്തിന് മൂൻതൂക്കം. 

 സമകാല നാടോടി നാട്ടുരൂപങ്ങളെയും സംഗീതത്തെയും തിരിച്ചുപിടിക്കാനും നിലനിർത്താനും പൊളിറ്റിക്കൽ തിയറ്ററിൽ വലിയ ശ്രമമുണ്ട്. പ്രതിരോധസംഗീതത്തിലും പരമ്പരാഗത പാട്ടുരൂപങ്ങളെ സമകാലീനവൽക്കരിക്കൽ യഥേഷ്ടമുണ്ട്. മലയാള നാടകവേദിയിൽ അഡ്വ. വി ഡി പ്രേംപ്രസാദ് ഈ ദിശയിൽ വലിയ രംഗപ്രയോഗം നടത്തിയിട്ടുള്ളയാളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പൊറാട്ട് ഏറെ ശ്രദ്ധേയം.
ഗുരുവായൂർ തിയറ്റർ റൈഡേഴ്സ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന മാണിക്യമൂക്കുത്തി പൊറാട്ട് ഇൗ ഗണത്തിൽ പുതിയത്. പൊറാട്ട് നാടകത്തിലെ ആണും പെണ്ണും മാത്രമാണ് അരങ്ങിലെത്തുന്നത്. മൂന്നാമത്തെ കഥാപാത്രമായ കോൽക്കാരന്റെ ദൗത്യം നിർവഹിക്കുന്നത് കാണികൾ. പരമ്പരാഗതരീതിയിൽ അവതരണഗാനത്തോടെ നാടകം തുടങ്ങുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള വഴക്ക്. ഭർത്താവ് ഭാര്യക്ക് വാങ്ങിക്കൊടുത്ത ചുവന്ന കല്ലുള്ള മൂക്കുത്തി കാണാതെപോകുന്നത്. അതന്വേഷിച്ചുള്ള ഭർത്താവിന്റെ യാത്ര. ഈ യാത്ര ഏതുദേശംവരെയും പോകാം. കടൽകടന്നും പോകാം. എന്തും കാണാം. ഏതുചെയ്തികളും കർമങ്ങളും മരണവും ജനനവും തിന്മയും നന്മയും കാണാം. ഈ കാഴ്ചകളുടെ വർണനയിലാണ് പൊറാട്ട് നാടകം അതിന്റെ സാമൂഹ്യധർമം പൂർത്തിയാക്കുന്നത്. അതതുകാലത്തെ സമൂഹത്തെ അതു വിഷയമാക്കിയിട്ടുണ്ട്. മാണിക്യമൂക്കുത്തിയിൽ വർഗീയത, കൊലപാതകം, പരിസ്ഥിതി, ഫാസിസം തുടങ്ങി സമകാലീനസമൂഹത്തിന്റെ എല്ലാപ്രതിസന്ധികളെയും ഭർത്താവ് കാണുകയും ഭാര്യയ്ക്ക് വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു. നാടിന്റെ നെഞ്ചിടിപ്പും വിലാപവും അയാൾ തന്റേതായി ഏറ്റെടുക്കുന്നു. കാണികൾ കൂടി ചേരുന്നിടത്ത് അതൊരു വലിയ നാടകമാകുന്നുണ്ട്. അതേസമയം ചുവന്ന കല്ലുള്ള മൂക്കുത്തി കിട്ടാത്തതിൽ നിരാശയില്ല. അതെന്നെങ്കിലും തിരിച്ചുവരുമെന്നുതന്നെയുള്ള ശുഭപ്രതീക്ഷയാണുള്ളത്. ചുവപ്പ് ഒരു പ്രതീക്ഷയാണെന്നും അതൊരിക്കലും കൈവിടരുതെന്നും നാടകം ഓർമിപ്പിക്കുന്നു.
 
എം കെ ബാബു

എം കെ ബാബു

പൊറാട്ടിന്റെ ഘടനയും ‘ഭാഷയും നിലനിർത്തിക്കൊണ്ട് സമകാലീനതയിലേക്ക് നാടകത്തെ കൊണ്ടുപോകുന്നതിൽ രചയിതാവും സംവിധായകനുമായ എം കെ ബാബു വിജയിക്കുന്നു. അതോടൊപ്പം അഭിനയത്തിലെ ഏറ്റവും സങ്കീർണമായ ഹാസ്യവും ആക്ഷേപഹാസ്യവും പ്രതിഫലിപ്പിക്കുന്നതിൽ അഭിനേതാക്കളായ മനോജ് കുരഞ്ഞിയൂരും നവീൻ പയനിത്തടവും കാണിച്ച അസാമാന്യശേഷി വിസ്മയിപ്പിക്കുന്നു. കലാസംവിധാനം നിർവഹിച്ച ഷൈൻ സാഗർ അപൂർവസാധ്യതയുള്ള കലാകാരനാണെന്നും തെളിയിക്കുന്നു.
പ്രധാന വാർത്തകൾ
 Top