20 February Wednesday

സംസ്കാരം എന്ന ബഹുവചനം

സജയ്‌ കെ വിUpdated: Sunday Apr 1, 2018

 വ്യാജമായി നിർമിച്ചെടുത്ത ഭൂതകാലം, വർത്തമാനത്തെ നുണകളുടെ കൂമ്പാരമായി മാറ്റുകയും ആ നുണകൾക്കുമേൽ കുടിലമായ പ്രത്യയശാസ്ത്രധാരണകളുടെ പുത്തനെടുപ്പുകൾ പൊന്തുകയും ചെയ്യുമെന്നതിന് സമകാലീന ഇന്ത്യൻ രാഷ്ട്രീയംതന്നെ തെളിവ്. ഇന്ത്യൻ സംസ്കാരത്തിന് ഭാഗികവും സവർണാനുകൂലവും മുസ്ലിംവിരുദ്ധവും ദളിത്വിരുദ്ധവും സ്ത്രീവിരുദ്ധവുമായ വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നവരുടെ രാഷ്ട്രീയവും അവരുൽപ്പാദിപ്പിക്കുന്ന നുണകൾ വിഴുങ്ങാൻ വിസമ്മതിക്കുന്നവരുടെ രാഷ്ട്രീയവും എന്ന്, രണ്ട് ചേരികളായി തിരിഞ്ഞിരിക്കുകയാണ് ഇന്ത്യൻ രാഷ്ട്രീയം ഇന്ന്. ഇതിൽ ആദ്യം പറഞ്ഞ കൂട്ടർ ചരിത്രത്തിന് അപപാഠങ്ങളും അബദ്ധപാഠങ്ങളും നിർമിക്കുമ്പോൾ, തങ്ങളുടെ ചരിത്രബോധപരമായ ജാഗ്രതയെ നിശിതതരമാക്കാനാണ് രണ്ടാമത്തെ കൂട്ടർ യത്നിക്കുന്നത്. ഇന്ത്യയുടെ ചരിത്രഭൂതകാലവും സാംസ്കാരിക ഭൂതകാലവുംതന്നെയാണ് ഇരുവരുടെയും കൈയിലുള്ള അസംസ്കൃതവസ്തു. ഒരുകൂട്ടർ അതിനെ തങ്ങൾക്കനുകൂലമായി വായിക്കുമ്പോൾ സ്വതന്ത്രവും യുക്തിയുക്തവും ചരിത്രബോധപരമായ കണിശത പുലർത്തുന്നതുമായ വായനയിലൂടെ ആ ഭൂതകാലത്തെ വീണ്ടെടുക്കാനും ഊർജവൽക്കരിക്കാനുമാണ് പുരോഗമനവാദികളുടെ ശ്രമം. ഈ ശ്രമത്തിൽ മറ്റെഴുത്തുകാർക്കും ചിന്തകർക്കും ധിഷണാശാലികൾക്കുമെന്നപോലെ ചരിത്രപണ്ഡിതർക്കുമുണ്ട് ഒരു വലിയ പങ്ക്. 

ചരിത്രത്തെയും പാരമ്പര്യത്തെയും സംസ്കാരത്തെയും സംബന്ധിച്ച വ്യാജധാരണകൾ നിർമിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ യഥാർഥ ചരിത്രത്തെ വീണ്ടെടുക്കാനും അതിന്റെ സാംസ്കാരികധ്വനികൾ വിശകലനം ചെയ്യാനുമാണ് ചരിത്രകാരന്മാർ ശ്രമിക്കേണ്ടത്. ഈ ദൗത്യം സ്വയമേറ്റെടുക്കുകയും ഗവേഷണ പഠനങ്ങളിലൂടെയും ഗ്രന്ഥരചനയിലൂടെയും നിരന്തരമായി നിറവേറ്റിവരികയും ചെയ്യുന്ന ചരിത്രകാരിയാണ് റൊമില ഥാപ്പർ. അവരുടെ പുതിയ പുസ്തകം 'ഇന്ത്യയുടെ സാംസ്കാരിക ബഹുത്വം, പൈതൃകമെന്ന നിലയിൽ' (Indian Cultures as Heritage, Contemporary Pasts, Aleph Book Company, 2018) ഈ ദിശയിലുള്ള ഒരു വമ്പിച്ച ധൈഷണിക നീക്കമാണ്. 
 ഇന്ത്യയുടെ സംസ്കാരമെന്നത് ഏകാത്മകമല്ലെന്നും ഒരു സംസ്കാരത്തിനും ഇത്തരത്തിലുള്ള ഏകാത്മകതയില്ലെന്നും ഗ്രന്ഥകാരി വാദിക്കുന്നു. അത് അങ്ങനെയാണെന്നത് മനഃപൂർവമായ ഒരു വ്യാജനിർമിതിയോ പ്രതീതിയോ മാത്രമാണ്. സമ്പത്തും അധികാരശക്തിയും കൈയാളിയിരുന്നവർ നിർമിച്ച അപപാഠമാണത്. ആ അപപാഠനിർമിതിക്കുപിന്നിൽ വ്യക്തമായ രാഷ്ട്രീയലക്ഷ്യങ്ങളും രാഷ്ട്രീയയുക്തികളുമുണ്ട്. അത്തരം കെട്ടുകഥകളിൽനിന്ന് ഇന്ത്യാചരിത്രത്തെയും ഇന്ത്യൻ സംസ്കാരം എന്ന പരമ്പരാർജിതബോധത്തെയും മോചിപ്പിക്കാൻ ശ്രമിക്കുകയാണ് റൊമില ഥാപ്പർ. സമത്വസങ്കൽപ്പം, കാലസങ്കൽപ്പം, ശാസ്ത്രചിന്ത, സ്ത്രീകളുടെ പദവി, വിദ്യാഭ്യാസം എന്നീ സാംസ്കാരിക വ്യവഹാരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഭൂതകാലത്തെയും അതിന്റെ വർത്തമാനകാല സാംഗത്യത്തെയും അവർ വിലയിരുത്തുന്നു. ജാതീയവും തൊഴിൽപരവുമായ വിഭജനം ഇന്ത്യയിൽ നിലവിലുണ്ടായിരുന്നു എന്നതുകൊണ്ട് അത് ഇനിയും നിലനിൽക്കേണ്ടതാണ് എന്ന വാദത്തെ ഥാപ്പർ ചോദ്യംചെയ്യുന്നു. ഇന്ത്യൻ ജാതിവ്യവസ്ഥ ജനാധിപത്യവിരുദ്ധവും അതിനാൽ കാലഹരണപ്പെട്ടതുമാണ് എന്നതാണ് ഈ വാദങ്ങളിൽ മുഖ്യം. ഇന്ത്യക്കാർക്ക് രണ്ടുതരത്തിലുള്ള കാലസങ്കൽപ്പമുണ്ടായിരുന്നതായി ഥാപ്പർ നിരീക്ഷിക്കുന്നു. പ്രപഞ്ചവിജ്ഞാനീയവുമായി ബന്ധപ്പെട്ട ചാക്രികകാല സങ്കൽപ്പമാണ് ഒന്ന്; മറ്റൊന്ന് വംശാവലീചരിത്രം രേഖപ്പെടുത്തുമ്പോൾ അവലംബിക്കുന്ന രേഖീയകാലസങ്കൽപ്പവും. ഇന്ത്യയിൽ ശാസ്ത്രവും ശാസ്ത്രചിന്തയും ഉണ്ടായിരുന്നു എന്നുതന്നെ അവർ വാദിക്കുന്നു. അതിനെ ഇന്ത്യൻ അഥവാ ഹിന്ദുശാസ്ത്ര ചിന്തയായി മൗലികവാദവൽക്കരിക്കുന്നതിനോടാണ് വിയോജിപ്പ്. മറിച്ച്, ശാസ്ത്രചിന്ത എന്ന മനുഷ്യമഹാപൈതൃകത്തിന്റെ വിശാല ഭൂമികയിലാണ് അതിനെ സ്ഥാനപ്പെടുത്തേണ്ടത് എന്നാണ് വാദം. 
മനുസ്മൃതികേന്ദ്രിതമായ ഹൈന്ദവപാരമ്പര്യത്തിൽനിന്ന് വ്യത്യസ്തമായി, ബുദ്ധ‐ജൈന മതങ്ങളുടേതായ ശ്രമണപാരമ്പര്യത്തിൽ സ്ത്രീ കൂടുതൽ സ്വതന്ത്രയായിരുന്നു എന്നും ഭിക്ഷുണിയാകുന്നതോടെ അവൾ സാമുദായിക നിയന്ത്രണങ്ങളിൽനിന്ന് വിടുതി നേടിയിരുന്നു എന്നും ഥാപ്പർ വാദിക്കുന്നു. അങ്ങനെയെങ്കിൽ അത് ഒരു ദമിതപാരമ്പര്യമാണെന്നും ഹിന്ദുമതത്തിലെ സ്ത്രീയുടെ നിമ്ന്ന പദവിയെ ഇന്ത്യയുടെ പൊതുസംസ്കാരമായി കരുതരുതെന്നും വാദിച്ചുറപ്പിക്കുകയാണ് അവർ. 
അങ്ങേയറ്റം കാലികവും മൗലികവുമാണ്, റൊമില ഥാപ്പറിന്റെ വിദ്യാഭ്യാസചിന്തകൾ. വിമർശന ബോധത്തിലധിഷ്ഠിതമായിരുന്നു ഇന്ത്യയിലെ വിദ്യാഭ്യാസസമ്പ്രദായമെന്നും ഇനിയും അത് അങ്ങനെതന്നെ തുടരേണ്ടതുണ്ട് എന്നുമാണ് വാദം. ജെഎൻയുവിലെ പ്രഗത്ഭയായ ചരിത്രാധ്യാപിക എന്ന നിലയിൽകൂടിയാണ് അവർ ഇങ്ങനെ പറയുന്നത്. ജെഎൻയുവിനെ ഇപ്പോൾ അധികാരത്തിലുള്ളവർ ഗുണപരമായും ധൈഷണികമായും നിർവീര്യമാക്കി 'അധ്യാപനപ്പീടിക' (ടീച്ചിങ് ഷോപ്പ്)യാക്കി മാറ്റാൻ ശ്രമിക്കുകയാണ് എന്നവർ തുറന്നടിക്കുന്നു. നാസ്തികദർശനമായ ചാർവാക ദർശനത്തെക്കൂടി പരിഗണനാർഹമാക്കിയ മാധവാചാര്യരുടെ 'സർവദർശനസംഗ്രഹ'ത്തിന്റെ പാരമ്പര്യമാണ് യഥാർഥ ഇന്ത്യൻ പാരമ്പര്യം എന്നാണ് ഥാപ്പർ സ്ഥാപിക്കുന്നത്. മുസ്ലിം കവിയായ റാസ്ഖാനെപ്പോലുള്ളവർ രചിച്ച കൃഷ്ണസ്തുതികൾ ഇപ്പോഴും ക്ലാസിക്കൽ ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ഭാഗമായി തുടരുന്നു എന്ന ഗ്രന്ഥകാരിയുടെ ഓർമപ്പെടുത്തലിന് വലിയ പ്രസക്തിയുണ്ട്. 1026ൽ മഹ്മൂദ് ഗസ്നി കൊള്ളയടിച്ച് നശിപ്പിച്ചു എന്നു കരുതപ്പെടുന്ന കത്തിയവാറിലെ സോമനാഥ ക്ഷേത്രത്തെപ്പറ്റിയും വേറിട്ട ചില കണ്ടെത്തലുകളാണ് റൊമില ഥാപ്പർ അവതരിപ്പിക്കുന്നത്. അവ നിരന്തരമായ സമുദ്രധൂളികളേറ്റും അശ്രദ്ധമൂലവും കാലാന്തരത്തിൽ ക്ഷയിച്ചതാകാമെന്ന നിഗമനത്തെയാണ് അവർ പിന്താങ്ങുന്നത്. ഇന്ത്യയുടെ ചരിത്രഭൂതകാലത്തെ സംബന്ധിച്ച് വമ്പിച്ച കാലികപ്രസക്തിയുള്ള വാദമുഖങ്ങളാണിതെല്ലാം. ചരിത്രത്തെ കൃത്യമായി വായിച്ച് വർത്തമാനകാലത്തിന് ശരിയായ ദിശാബോധം നൽകുന്നു ചരിത്രകാരി. 
നായാട്ടിന്റെ ചരിത്രപരിണാമത്തെപ്പറ്റി ഥാപ്പർ പറയുന്ന കാര്യങ്ങൾ വലിയ കൗതുകം പകരുന്നു. നാഗരികതയുടെ പ്രാരംഭദശയിൽ അത് പെറുക്കിത്തിന്നവരുടെയും നായാടിത്തിന്നവരുടെയും ഉപജീവനമാർഗമായിരുന്നു. പ്രാകൃതമായ ശിലായുധങ്ങൾ ഉപയോഗിച്ച് അവർ മൃഗങ്ങളെ നായാടി. മഹാഭാരതകാലമാകുമ്പോഴേക്ക് മൃഗയ, മൃഗയാവിനോദമായും രാജാവിന്റെ രണോത്സാഹപ്രകടനമായും മാറി. കൊളോണിയൽ കാലഘട്ടത്തിലെ ബ്രിട്ടീഷ്് അധികാരികൾ നായാടിപ്പിടിച്ചത് മാനിനെ അല്ല കടുവയെയും പുലിയെയും ഒക്കെയായിരുന്നു. ഭക്ഷണാർജനമെന്ന നിലയിൽനിന്ന് കൊളോണിയൽ അധികാരശക്തിയുടെയും ആയുധശക്തിയുടെയും പ്രകടനമായി മാറുകയായിരുന്നു തോക്കുപയോഗിച്ച് നിറയൊഴിച്ചിരുന്ന, ഭക്ഷണത്തിനുവേണ്ടിയല്ലാതെ നായാടിയിരുന്ന അവരുടെ മൃഗയാവിനോദം!! ഒരേക്രിയതന്നെ ഭിന്ന ചരിത്ര സന്ദർഭങ്ങളിലൂടെയും സാംസ്കാരിക സന്ദർഭങ്ങളിലൂടെയും പരിണമിച്ചതിന്റെ ചരിത്രഗതി നിർണയിക്കുന്നതിൽ റൊമില ഥാപ്പർ പ്രകടിപ്പിക്കുന്ന കണിശതതന്നെയാണ് ഈ പുസ്തകത്തിൽ അവർ നടത്തുന്ന ചരിത്രവിശകലനങ്ങളെയും ശ്രദ്ധേയമാക്കുന്നത്. സർവകലാശാലകളെന്നാൽ വെറും 'അധ്യാപനപ്പീടിക'കളെല്ലെന്നു കരുതുന്ന വിശ്വസ്തയും സത്യസന്ധയും ധിഷണാശാലിയുമായ ചരിത്രാധ്യാപികയിൽനിന്ന് ലഭിച്ച മികച്ച ഗ്രന്ഥമെന്ന് വിശേഷിപ്പിക്കാം, അതിനാൽ 'ഇന്ത്യൻ കൾച്ചേഴ്സ് ആസ് ഹെറിറ്റേജി'നെ. 
പ്രധാന വാർത്തകൾ
 Top