17 September Tuesday

ചെടിയമ്മ

വിനോദ് പായംUpdated: Sunday Jan 1, 2017

അറുനൂറിലധികം ഔഷധച്ചെടികളുടെ തരവും ഗുണവും പേരും ലളിതമായി വിവരിക്കുന്ന 'സസ്യശാസ്ത്ര നിഘണ്ടു'വാണ്
ചെടിയമ്മ. വരട്ടുചൊറി മുതല്‍ പാമ്പുവിഷത്തിനു വരെ ഒറ്റനിമിഷം കൊണ്ട് ഒറ്റമൂലി നിര്‍ദേശിക്കാന്‍ കഴിയുന്ന കേരളത്തിലെ
ഏറ്റവും പ്രായം കൂടിയ ചികിത്സക കൂടിയാണ് ഇവര്‍. കോഴിക്കോട് മുക്കം സ്വദേശിയായ അന്നമ്മ എന്ന എണ്‍പത്തിമൂന്നുകാരിയുടെ 'പച്ചയായ' ജീവിതയാത്ര കണ്ടാല്‍ നമുക്കും ഒപ്പം കൂടാന്‍ തോന്നും

ബസ്സ്റ്റാന്‍ഡിലും മറ്റും ചെറിയ പുസ്തകങ്ങള്‍ വിളിച്ചു പറഞ്ഞ് വില്‍ക്കുന്ന ആള്‍ക്കാരെ ഓര്‍മവരും ചെടിയമ്മയോട് സംസാരിക്കുമ്പോള്‍. "... സോറിയാസിസിനാണെങ്കിലെ, നമ്മടെ അയ്യംപാനേടെ ഇല ഒണ്ടല്ലോ, ശിവമൂലി, നാഗവെറ്റില, മുറികൂട്ടി എന്നൊക്കെ പറയണ..., അതിന്റെ ഏഴ് ഇല എടുത്തിട്ട്, രണ്ട് ചെറിയ ഉള്ളീം പിന്നെ ഞാന്‍ തരുന്ന ഈ പച്ചില ഗുളികേം കൂട്ടിയരച്ച് രാവിലേം രാത്രിയും ഭക്ഷണത്തിനുമുമ്പ് തേനില്‍ ചാലിച്ച് കഴിച്ചോണ്ടാ മതി.., ദാ ഇതാണ് അയ്യംപാന. ഇതിന്റൊരു കമ്പ് നിങ്ങ കൊണ്ടുപോയി പറമ്പില്‍ നട്ടേ... നിങ്ങക്ക് തന്നെ ചെയ്യാവുന്ന മരുന്നല്ലെ ഇത്'' ഇനിയിപ്പോ അയ്യംപാനയിലയൊന്നും തപ്പി നടക്കാന്‍ പറ്റാത്ത വരട്ടുചൊറിക്കാര്‍ക്കാണെങ്കില്‍, ഒറ്റ നിമിഷം കൊണ്ട് മറ്റൊരു മരുന്നുണ്ട്. "... മുത്തിളറിയില്ലെ, അതിന്റെ 25 ഇലയും ഒരുചെറിയ കഷണം മഞ്ഞളും പിന്നെ ഒരുപച്ചില ഗുളികേം കൂടി അരച്ച് രാവിലെയും രാത്രീം ഭക്ഷണത്തിന് മുമ്പ് തേനില്‍ ചാലിച്ച് കഴിക്കാവോ...?''

എണ്‍ത്തുമുന്നുകാരിയായ, മരുന്നിനു പോലും വായില്‍ പല്ലു ബാക്കിയില്ലാത്ത ഒറ്റനിമിഷം കൊണ്ട്, ഏത് രോഗത്തിനും ഒറ്റമൂലി നിര്‍ദേശിക്കുന്ന കോഴിക്കോട് മുക്കം വാലില്ലാപ്പുഴ സ്വദേശി അന്നമ്മ എന്ന ചെടിയമ്മ, 'സഞ്ചരിക്കുന്ന സസ്യശാസ്ത്ര നിഘണ്ടു'വാണ്. അറുനൂറിലധികം ഔഷധച്ചെടികളുടെ പേരും പ്രത്യേകതയും ഒറ്റ ശ്വാസത്തില്‍ വിവരിച്ച് കളയും അവര്‍. മിക്ക രോഗത്തിനും കിടിലന്‍ ഒറ്റമൂലികളും പറഞ്ഞുതരും. മരുന്നിനൊപ്പം തൊടിയില്‍ നടാന്‍ ഔഷധച്ചെടിക്കമ്പും കൊടുത്താണ് അവര്‍ രോഗിയെ യാത്രയാക്കുക. സംസാരിച്ചു തുടങ്ങിയാല്‍ മുന്നില്‍ കാണുന്ന ചെടിയുടെ തണ്ട് പറിച്ച് നമ്മെ ഏല്‍പ്പിച്ച്, അതിന്റെ മഹത്വവും വിവരിച്ച് തൊടിയില്‍ നടാനുള്ള ഉപദേശവും തന്നായിരിക്കും ഈ ചെടികളുടെ അമ്മ നമ്മെ യാത്രയാക്കുക.

ചെടി മകള്‍

വൈദ്യം അന്നമ്മയ്ക്ക് പാരമ്പര്യമായി കിട്ടിയതാണ്. കോട്ടയം ജില്ലയിലെ ആനിക്കാട്ടുനിന്നാണ് അവരുടെ കുടുംബം കോഴിക്കോട്ടേക്ക് വന്നത്്. ആനിക്കാട്ടെ കുട്ടിക്കാലത്ത്, വല്യപ്പന്‍ ഇസ്ഹാഖ് പച്ചിലമരുന്നുകള്‍ തയ്യാറാക്കുന്നത് ഒളിഞ്ഞുനിന്ന് കാണാറുണ്ടായിരുന്നു. ഉഗ്രവിഷത്തിന് വരെ വല്യപ്പന്റെ കൈയില്‍ മറുമരുന്നുണ്ട്. ചിറ്റപ്പന്മാര്‍ക്കും ആ കഴിവ് അല്‍പ്പം കിട്ടിയിട്ടുണ്ട്. എന്റെ കുട്ടിക്കാലത്ത്, വല്യമ്മച്ചിയെ തേളുകുത്തിയൊരു സംഭവമുണ്ടായി. രാത്രിയായതിനാല്‍, കിടന്നുറങ്ങുന്ന, വൈദ്യന്‍ ചിറ്റപ്പനെ വിളിച്ച് മരുന്നു ചോദിക്കാന്‍ എല്ലാവര്‍ക്കും മടി. കുഞ്ഞായിരുന്ന എന്നെ ചൂട്ടുംകത്തിച്ച് മുന്നില്‍ നടത്തി, ചിറ്റപ്പനെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍, ഒരു പുസ്തകം തന്നു. ഇതുനോക്കി അതേപോലെ ചെയ്താ മതീന്ന്. നറുനെയ്യ് ഇന്തുപ്പ് പൊടിച്ചിട്ട് ചൂടാക്കി തേളുകടിച്ച ഭാഗത്ത് പുരട്ടിക്കൊടുത്തപ്പോള്‍ നീരിറങ്ങി. അങ്ങനെ 12-ാം വയസ്സില്‍ ഒറ്റമൂലി പൊടിക്കൈ ചെയ്തു തുടങ്ങി. അന്ന് നോക്കി പഠിച്ച ആ ചികിത്സാപുസ്തകം ചിതലുകൊണ്ടുപോയി. ഓര്‍മയില്‍ എഴുതിവച്ച ബാക്കി മരുന്നുപുസ്തകമാണ് അന്നമ്മയെന്ന ചെടിയമ്മയുടെ ഇപ്പോഴത്തെ ജീവിതം. കോട്ടയത്തുനിന്നു കുടുംബത്തിന്റെ കോഴിക്കോട്ടേക്കുള്ള വരവും തുടര്‍ന്ന് എട്ടാംക്ളാസിലെ പഠിപ്പുനിര്‍ത്തലും വിവാഹവും എല്ലാം കഴിഞ്ഞപ്പോള്‍, എല്ലാവരെയും പോലെ അന്നമ്മയും സാദാ വീട്ടമ്മയായി. പാരമ്പര്യ വഴിയില്‍ കിട്ടിയ മരുന്നറിവെല്ലാം കെട്ടിപ്പൂട്ടി മനസ്സിന്റെ മച്ചകത്ത് വച്ചു.

ആറുമക്കളില്‍ ഇളയവന്‍ തോമസ്, 'ദേവഗിരി കോളേജിലെ എംഎ പഠിത്തക്കാരന്‍' അര്‍ബുദം വന്നു മരിച്ചതാണ്, അന്നമ്മയെന്ന ചികിത്സക തിരിച്ചുവരാന്‍ കാരണം. ഇടയ്ക്കിടക്ക് ജലദോഷവും തുമ്മലും പതിവുള്ള ദീനക്കാരനായിരുന്നു അവന്‍. പച്ചമരുന്ന് കൊടുക്കുമ്പോള്‍ അതൊക്കെ മാറുകയും ചെയ്യും. പിന്നെയാണറിഞ്ഞത്, ശ്വാസകോശത്തില്‍ അര്‍ബുദമാണെന്ന്. വെല്ലൂരില്‍ കൊണ്ടുപോയി ദീര്‍ഘനാളത്തെ ചികിത്സ കൊണ്ടൊന്നും രക്ഷയില്ലാതായി. വേര്‍പിരിയലിന്റെ മഹാസങ്കടത്തിനിടയ്ക്ക് അവന്‍ പറഞ്ഞതാണ് അമ്മച്ചി ഒറ്റമൂലി ചികിത്സ തുടരണമെന്ന്. അമ്മച്ചിയുടെ പച്ചമരുന്ന് തുടര്‍ന്നിരുന്നെങ്കില്‍ താന്‍ പിന്നെയും കുറെക്കാലം ജീവിക്കുമായിരുന്നെന്ന് പറഞ്ഞാണ് അവന്‍ പോയതെന്ന് ചെടിയമ്മ. 

ആനിക്കാട്ടുനിന്നു ഭര്‍ത്താവിനൊപ്പം മുക്കത്തെ വീട്ടിലെത്തിയപ്പോഴും ചെടിപ്രേമം അന്നമ്മ കൈവിട്ടിരുന്നില്ല. വീടിനുചുറ്റും ഔഷധച്ചെടികള്‍. ഇല്ലാത്ത ചെടിത്തരമില്ല. അവ അന്വേഷിച്ച് നടക്കലും മറ്റു വീടുകളില്‍ നടണമെന്ന് ഉപദേശവും പതിവായപ്പോള്‍ നാട്ടുകാരാണ് ചെടിയമ്മ എന്ന പേരു നല്‍കിയത്. പതിയെ അന്നമ്മ എന്ന പേരുപോലും അവര്‍ മറന്നു. എല്ലാവര്‍ക്കും ചെടിയമ്മ, അല്‍പ്പം മുതിര്‍ന്നവര്‍ക്ക് ചെടിയമ്മ ചേച്ചി. തൊണ്ണൂറുകള്‍ മുതലാണ് ചെടിയമ്മ മുക്കത്ത് ചെടി ജീവിതം സജീവമാക്കിയത്. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികള്‍ക്കും മുതല്‍ കുടുംബശ്രീ സദസ്സുകള്‍ക്കുവരെ തുടരുന്ന അവരുടെ ക്ളാസ് വേദികള്‍ ആയിരം കവിയും. ഏതുസ്ഥലത്തായാലും പോകുമ്പോള്‍ മിനിമം എഴുപതില്‍പ്പരം ചെടിത്തണ്ടുകള്‍ കൈയില്‍ കരുതും. അവയുടെ ഗുണഗണങ്ങളും തൊടിയില്‍ അവ വളര്‍ത്തേണ്ടതിന്റെയും കാര്യകാരണങ്ങളും വിവരിക്കും.

കാസര്‍കോട് പിലിക്കോട് ഉത്തരമേഖലാ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കൃഷിമേളയിലെ പ്രധാന ആകര്‍ഷണമായി ചെടിയമ്മ. ആയിരത്തോളം സ്റ്റാളുകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്്. എന്നാല്‍,ഒരു ഉല്‍പ്പന്നവും പ്രദര്‍ശിപ്പിക്കാതെ മുന്നില്‍ കാണുന്ന എല്ലാ ചെടികളെയും ഉല്‍പ്പന്നമാക്കി, ചെടിയമ്മ നല്‍കുന്ന തത്സമയക്ളാസ് കാണാനും പഠിക്കാനും അനവധി പേരെത്തി. അജാനൂര്‍ ഇഖ്ബാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിരമിച്ച അധ്യാപകന്‍ മോഹനന് ചെടിയമ്മയെ മുമ്പേ പരിചയമുണ്ടായിരുന്നു. മകളുടെ ഒരു അസുഖത്തിന് മരുന്നു തേടിയാണ് ചെടിയമ്മയെ കണ്ടത്. പീലിക്കോട്ടെത്തിയ അവരെക്കണ്ട് പഴയ മരുന്നിന്റെ നന്ദി അറിയിക്കാനെത്തിയതാണ് മാഷ്. "നോക്കൂ... എന്റെ ചികിത്സയുടെ ഫീസിതാണ്. എവിടെ പോയാലും ഞാന്‍ മരുന്നുപറഞ്ഞുകൊടുത്ത ആള്‍ക്കാര്‍ കാണും. അവരുടെ തൊടിയിലും മനസ്സിലും ഞാന്‍ പറഞ്ഞുകൊടുത്ത ഔഷധച്ചെടിയും തീര്‍ച്ചയായും കാണും.

കാഞ്ചനമാലയുടെ കൂട്ടുകാരി

മുക്കത്തെ അനശ്വരപ്രണയ നായിക കാഞ്ചനമാലയുടെ അടുത്ത കൂട്ടുകാരി കൂടിയാണ് അന്നമ്മച്ചേട്ടത്തി. തന്റെ രണ്ടാം ചെടിജീവിതത്തിന് മുഖ്യകാരണക്കാരി കാഞ്ചനയാണെന്നും അവര്‍ പറയും. മുക്കത്തെ ബി പി മൊയ്തീന്‍ സേവാമന്ദിരത്തില്‍ ക്ളാസെടുത്താണ് തുടക്കം. അതിന് പ്രേരണയായതും കാഞ്ചന. കുട്ടിക്കാലത്തേ കാഞ്ചനയെ അറിയാം. കാഞ്ചനയുടെ അച്ഛനുമായി തന്റെ വീട്ടുകാര്‍ക്ക് നല്ല അടുപ്പമുണ്ട്. പ്രണയസുരഭിലമായ കാഞ്ചനയുടെ ആദ്യകാലത്ത് അവരുടെ ജീവിതസംഘര്‍ഷങ്ങള്‍ക്കും അന്നമ്മച്ചേട്ടത്തി സാക്ഷിയായിട്ടുണ്ട്. തന്റെ ചെടിപ്രേമം മുമ്പേ അറിയാവുന്നതിനാലാണ് സേവാമന്ദിറില്‍ ക്ളാസെടുക്കാന്‍ വിളിച്ചത്. തന്റെ ചെടിയറിവ്, കാഞ്ചന തിരുവനന്തപുരത്ത് സാമൂഹ്യക്ഷേമ ബോര്‍ഡിനെ അറിയിച്ചു. അങ്ങനെയാണ് കോഴിക്കോടിന് പുറത്ത് അറിയപ്പെട്ടു തുടങ്ങുന്നത്. കാഞ്ചന പറഞ്ഞറിഞ്ഞ്, കൃഷി ഓഫീസര്‍മാരും മറ്റും ചെടിയമ്മയെ  ക്ളാസെടുക്കാന്‍ വിളിച്ചുതുടങ്ങി.

കലിക്കറ്റ് സര്‍വകലാശയുടെ ഫോക്ലോര്‍ വിഭാഗത്തില്‍ അനുഭവങ്ങള്‍ പങ്കിടാനാണ് ചെടിയമ്മ പോയത്. ഫലത്തില്‍ അത് ബോട്ടണി വിദ്യാര്‍ഥികള്‍ക്കുള്ള ക്ളാസ് കൂടിയായി. ബോട്ടണി ബിരുദാനന്തര ബിരുദക്കാരായിരുന്നു ആ ക്ളാസില്‍ അധികവും. ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ചെടിയറിവ് പകരാനും അവര്‍ പോകുന്നുണ്ട്. ഡോക്ടര്‍മാര്‍ക്ക് തിയറി മാത്രമെ അറിയൂ. ചെടിയെ കണ്ടാല്‍ പരിചയമുണ്ടാകില്ല. കിട്ടിയ ചെടിയുടെ പേരും വിവരവും നേരിട്ട് പറഞ്ഞുകൊടുക്കാനാണ് ഡോക്ടര്‍മാര്‍ക്കുള്ള ക്ളാസ്്. ആദിവാസി വൈദ്യന്മാര്‍ക്കും അവര്‍  ഒറ്റമൂലി സൂത്രം നല്‍കി. തിരിച്ചും നമുക്കറിയാത്ത കാര്യം കിട്ടിയെന്ന് ചെടിയമ്മ. "നാടൊട്ടുക്കും പോയി ക്ളാസെടുത്താല്‍ വേറൊരു ഗുണമുണ്ട് പല ചെടികളുടെയും നാട്ടുപേര് നമുക്ക് കിട്ടും, ചില ഒറ്റമൂലികളും.''

ഒളവണ്ണ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, വയനാട് സുഗന്ധവിള ഗവേഷണകേന്ദ്രം, തളിപ്പറമ്പ ് ജൈവ വളപ്ളാന്റ് തുടങ്ങിവയടക്കം നിരവധി സ്ഥലങ്ങളിലെ ചെടികള്‍ക്ക് പേരെഴുതാനും മാര്‍ഗദര്‍ശിയി അവര്‍ പോയിട്ടുണ്ട്. റബര്‍ ഷീറ്റടിക്കുമ്പോള്‍ ഉണ്ടാകുന്ന മലിനജലത്തില്‍ നിന്ന് ജൈവ കീടനാശിനി, മുത്തിളും മഞ്ഞളും ചേര്‍ത്തുണ്ടാക്കിയ ത്വക്രോഗ നാശിനി എന്നിവ ചെടിയമ്മയുടെ സ്പെഷ്യല്‍ കണ്ടുപിടിത്തങ്ങളാണ്. ഒറ്റമൂലിചികിത്സയുടെ മര്‍മ്മം വിവരിക്കുന്ന മറ്റ് നിരവധി പുസ്തകങ്ങളുടെയും രചയിതാവുമാണ്.

മകന്റെ വേര്‍പാടില്‍ തളര്‍ന്ന തന്നെ വീണ്ടും ചെടികളുടെ ലോകത്തേക്ക് തിരിച്ചു നടത്തിയത് ഭര്‍ത്താവ് ദേവസ്യയാണെന്ന് ചെടിയമ്മ പറഞ്ഞു. ദേവസ്യയും രണ്ടായിരത്തില്‍ അര്‍ബുദം ബാധിച്ചുമരിച്ചു. ഇപ്പോള്‍ മുക്കത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സകയാണ് ഇവര്‍. അവിടെയെത്തുന്നവര്‍ക്കും നാടൊട്ടുക്ക് സെമിനാറുകളിലും പ്രദര്‍ശനങ്ങളിലും ചെടിയറിവ് പകര്‍ന്ന് ചെടിയമ്മ നാടാകെ പടരുകയാണ്.

തൊടിയെ തിരിച്ചുപിടിക്കണം

കീടനാശിനി കലരാത്ത അടുക്കള ഔഷധത്തോട്ടമാണ് ചെടിയമ്മ കാണുന്ന മഹത്തായ സ്വപ്നം. അതിനവര്‍ ലളിതമായ ഉദാഹരണം പറയും. ആര്‍ക്കും വേണ്ടാത്ത പപ്പായ കാക്ക കൊത്തിപോകും. അതില്‍ സങ്കടമില്ലാത്ത നമ്മള്‍ കീടനാശിനി മുക്കിയെടുത്ത കാബേജും കോളിഫ്ളവറും മാര്‍ക്കറ്റില്‍നിന്ന് വാങ്ങും. കാഴ്ചശക്തിക്കും ദഹനത്തിനും ഏറെ നല്ലതാണ് പപ്പായ. അതുകഴിക്കാത്ത നമ്മളുടെ കുട്ടികള്‍ ചെറുപ്പത്തിലേ 'കണ്ണട'ക്കാരാകും. കാക്കക്കറുമ്പിയുടെ കാഴ്ച തെളിയും.

പ്രധാന വാർത്തകൾ
 Top