തലശേരി > പുതിയതായി പുറത്തിറങ്ങിയ 2000 രൂപ നോട്ടില്‍ ജിപിഎസ് ഉണ്ടെന്ന അവകാശവാദം പൊളിഞ്ഞതിനു പിന്നാലെ പുതിയ പ്രചാരണവുമായി ഒരു സംഘം രംഗത്ത്. രണ്ടായിരം രൂപ നോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം കേള്‍ക്കാനുള്ള സംവിധാനം ഉണ്ടെന്നാണ് പ്രചാരണം. ഇതിനുപയോഗിക്കുന്ന ആപ്ളിക്കേഷന്‍ ഉപയോഗിച്ച് കൈയ്യിലുള്ള നോട്ട് വ്യാജനല്ല എന്ന് ഉറപ്പുവരുത്താനും കഴിയുമത്രേ.
സ്മാര്‍ട്ട്ഫോണിലെ പ്ളേസ്റ്റോറില്‍ ലഭ്യമായിട്ടുള്ള മോഡി കീ നോട്ട് എന്ന ആപ്ളിക്കേഷന്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം. ചിലര്‍ കൌതുകത്തിനായി ഉണ്ടാക്കിയ ഫണ്‍ ആപ്പ് ആണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. പുതിയ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി 2000 രൂപ നോട്ട് സ്കാന്‍ ചെയ്താല്‍ മോഡി പ്രസംഗിക്കുന്നത് കാണാന്‍ കഴിയുന്നതാണ് ഈ ആപ്ളിക്കേഷന്‍. ഇത് കൌതുകത്തിനായി ചെയ്തതാണെന്നും മോഡിയുടെ പ്രസംഗം കൂടുതല്‍ പേരില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ആപ്ളിക്കേഷന്‍ നിര്‍മ്മിച്ചവര്‍ പറയുന്നു.
ഈ ആപ്ളിക്കേഷന്‍ ഉപയോഗപ്പെടുത്തി വ്യാജ പ്രചാരണത്തിന് സംഘടിത ശ്രമമാണ് നടക്കുന്നത്. സ്കാന്‍ ചെയ്താല്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സംവിധാനം ഉള്ളതാണ് പുതിയ നോട്ടുകള്‍ എന്നാണ് പ്രചരിപ്പിക്കുന്നത്. പുതിയ 2000 നോട്ടുകള്‍ പുറത്തിറങ്ങിയതിനുപിന്നാലെ ചിലര്‍ നടത്തിയ പ്രചാരണങ്ങള്‍ വ്യാജമാണെന്ന് വ്യക്തമായിരുന്നു. നാനോ ജിപിഎസ് ചിപ്പ് ഘടിപ്പിച്ച നോട്ടുകളാണ് പുറത്തിറക്കുന്നതെന്നും ഇത് കള്ളപ്പണ ഇടപാട് തടയുന്നതിന് സര്‍ക്കാരിനെ സഹായിക്കും എന്നുമായിരുന്നു പ്രചരണം.
സിഗ്നല്‍ സംവിധാനം ഉള്‍ച്ചേര്‍ത്തിട്ടുള്ള 2000 രൂപ നോട്ടുകള്‍ എവിടെയുണ്ടെന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയും. 120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്നല്‍ ലഭിക്കും. കറന്‍സിക്ക് കേടുവരുത്താതെ ഈ നാനോ ചിപ്പ് നീക്കാനാകില്ല. ഉപഗ്രഹങ്ങള്‍ക്കുപോലും നോട്ടുകള്‍ നിരീക്ഷിക്കാനാവും. എവിടെയെങ്കിലും കൂടുതല്‍ നോട്ടുകള്‍ ഒന്നിച്ച് ഇരിപ്പുണ്ടെന്നു കണ്ടാല്‍ ആ വിവരം ഉപയോഗിച്ച് തെരച്ചില്‍ നടത്താന്‍ കഴിയും-എന്നിങ്ങനെയായിരുന്നു പ്രചരണം.
എന്നാല്‍ ഇത് അടിസ്ഥാനമില്ലാത്തതാണെന്ന് റിസര്‍വ് ബാങ്ക് വക്താവ് അല്‍പന കിലാവാല വ്യക്തമാക്കിയിരുന്നു. ഇത്തരം ഒരു സംവിധാനം ലോകത്ത് എവിടെയും നിലവിലില്ല. പിന്നെ എങ്ങനെ അത് ഇവിടെ ഉപയോഗിക്കാനാവുമെന്നും റിസര്‍വ് ബാങ്ക് വക്താവ് ചോദിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..