06 December Tuesday

ഇന്ദിരാഗാന്ധിയുടെ മോഹൻസ്‌ പേപ്പർ

ജയകൃഷ്‌ണൻ നരിക്കുട്ടിUpdated: Tuesday Sep 6, 2022


‘‘മോഹൻസ്‌ പേപ്പറിൽ എന്താണുള്ളത്‌’’–പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതാണ്‌ - ചോദ്യം. പ്രതിപക്ഷ നേതാവായ എ കെ ജിയുടെ പത്രമായ ദേശാഭിമാനിയാണ്‌ ഇന്ദിരാഗാന്ധിക്ക്‌ മോഹൻസ്‌ പേപ്പർ. ആരാണ്‌ ഈ മോഹൻസ്‌. അത്‌ മറ്റാരുമായിരുന്നില്ല. ദേശാഭിമാനിയുടെ അന്നത്തെ ഡൽഹി ലേഖകനായ നരിക്കുട്ടി മോഹനൻ.  മോഹനൻ എഴുതുന്നത്‌ സർക്കാരിനും കോൺഗ്രസിനും എതിരായിരുന്നിട്ടും അത്‌  സൗഹൃദത്തെ  ഒരിക്കലും ബാധിച്ചില്ല.  അതിന്‌ തെളിവാണ്‌ എൺപതുകളിൽ  കോഴിക്കോട്ട്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ വന്നപ്പോൾ, മാധ്യമപ്രവർത്തകർക്കായി ഒരുക്കിയ സീറ്റിൽ നരിക്കുട്ടി മോഹനൻ ഇരിക്കുന്നത്‌ കണ്ട ഇന്ദിരാഗാന്ധി സുരക്ഷയെല്ലാം മറന്ന്‌ വേലിക്കൽ വന്ന്‌, ‘മോഹൻ നിങ്ങളിപ്പോൾ ഇവിടെയാണോ’ എന്ന്‌ ചോദിച്ച്‌  അഭിവാദ്യം ചെയ്‌ത സംഭവം.

എ കെ ജിയുടെ പ്രൈവറ്റ്‌ സെക്രട്ടറിയായി കണ്ണൂരിൽനിന്ന്‌ അറുപതുകളുടെ മധ്യത്തിൽ ഡൽഹിയിൽ എത്തിയ നരിക്കുട്ടി മോഹനൻ ഇടതുപക്ഷ പത്രപ്രവർത്തനത്തിന്‌ വലിയ മാതൃകകളൊന്നുമില്ലാതിരുന്ന കാലത്താണ്‌ പത്രപ്രവർത്തകനാകുന്നത്‌. സാധാരണക്കാരന്റെ കാര്യം അവന്‌ മനസ്സിലാകുന്ന വിധം വ്യക്തമായി എഴുതിയാൽ വാർത്തയായി എന്നായിരുന്നു എ കെ ജിയുടെ ഉപദേശം.  

നരിക്കുട്ടി മോഹനൻ എ കെ ജിയോടൊപ്പം

നരിക്കുട്ടി മോഹനൻ എ കെ ജിയോടൊപ്പം


 

പ്രതിപക്ഷ നേതാവ്‌ എന്ന നിലയിൽ എ കെ ജിക്ക്‌ സർക്കാർ അനുവദിച്ച  ഡൽഹിയിലെ 4 അശോക റോഡിലെ താമസസ്ഥലമായിരുന്നു അന്ന്‌ പാർടിപ്രവർത്തനങ്ങളുടെ കേന്ദ്രം. ആദ്യകാല ദേശാഭിമാനി പ്രവർത്തനവും അവിടെ തന്നെ.  സാങ്കേതികവിദ്യ വളരാത്ത കാലം. അപൂർവമായ ഫോൺ മാത്രമായിരുന്നു വിനിമയ ഉപാധി. അതും ട്രങ്ക്‌ കോൾ ചെയ്‌തു മണിക്കൂറുകൾ കാത്തു നിൽക്കണം. ‘കോഴിക്കോട്ടേക്കുള്ള നിങ്ങളുടെ ടെലിഫോൺ കോൾ’ എന്ന അറിയിപ്പോടെ ഫോൺ ബന്ധം ലഭിക്കും. അടിയന്തര വാർത്തകൾ തൊണ്ടപൊട്ടുമാറ്‌ ഉച്ചത്തിൽ ഡൽഹിയിൽനിന്ന്‌ ഫോണിൽ വിളിച്ചുപറയുമ്പോൾ കോഴിക്കോട്ടുള്ളയാൾ  എഴുതിയെടുക്കും.  

അടിയന്തരാവസ്ഥയോടെ കഥമാറി. ഫോണിനെ ആശ്രയിക്കാനാവാതായി. വാർത്ത എത്തിക്കാനുള്ള ഏക പോംവഴി ട്രെയിനുകളും അതിൽ യാത്ര ചെയ്യുന്നവരുമായി. ഓൾഡ്‌ ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ചെന്നു പരിചയക്കാരെ തെരഞ്ഞുകണ്ടുപിടിച്ചു വാർത്താ കവർ ഏൽപ്പിക്കണം. അത്‌ കോഴിക്കോട്ട്‌ നിന്ന്‌  ഏറ്റുവാങ്ങി പത്രം ഓഫീസിൽഎത്തിക്കും. നരിക്കുട്ടി മോഹനനുമായുള്ള സൗഹൃദത്തിന്റെ പേരിൽ  സുപ്രധാനവാർത്ത എത്തിച്ചവരിൽ അന്നത്തെ കോൺഗ്രസ്‌ നേതാക്കൾ മുതൽ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഉൾപ്പെടും.

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ നരിക്കുട്ടി മോഹനൻ അന്നത്തേക്ക്‌ വേണ്ട വാർത്തയുടെ വിവരങ്ങൾ ട്രെയിൻ മാർഗം എത്തിച്ചിരുന്നു. പ്രധാന നേതാക്കൾ മുതൽ അവരുടെ കുശിനിക്കാർ വരെ നരിക്കുട്ടിയുടെ സൗഹൃദ വലയത്തിലുണ്ടായിരുന്നു. അവരിൽ ചിലരിൽ നിന്നുള്ള വിവരം വച്ചാണ്‌ ഇന്ദിരാഗാന്ധിയുടെ മനസ്സിലിരിപ്പ്‌ മുൻകൂർ വാർത്തയാക്കി അയച്ചത്‌. ബിഎസ്‌എൻഎൽ നേതാവ്‌ വി എ എൻ നമ്പൂതിരി അടിയന്തരാവസ്ഥാ വാർത്ത  എത്തിക്കാനും സഹായിച്ചതായി ഓർമിക്കുന്നുണ്ട്‌.

അടിയന്തരാവസ്ഥ വന്നതോടെ കമ്യൂണിസ്‌റ്റ്‌ നേതാക്കളെല്ലാം ഒളിവിൽ പോയി. 4 അശോക റോഡ്‌ വിജനമായി.  വാർത്തകളും രഹസ്യവിവരങ്ങളും അയക്കുന്നതുപോലെ തന്നെ പ്രയാസമായിരുന്നു ശേഖരിക്കുന്നതും. അശോക റോഡിൽ നിന്ന്‌ പുറത്തിറങ്ങുന്ന നരിക്കുട്ടിയുടെ പിന്നിലും മുന്നിലുമായി  രഹസ്യപൊലീസുകാരുടെ സാന്നിധ്യം എപ്പോഴുമുണ്ടാവും.  അതിനെ മറികടക്കാൻ നരിക്കുട്ടി ഭാര്യയെയും മക്കളെയും ഉപയോഗിച്ചു. അരിയും പച്ചക്കറിയും വാങ്ങാൻ  പോകുകയാണെന്ന വ്യാജേന ഭാര്യയുടെയും മക്കളുടെയും വസ്‌ത്രങ്ങളിൽ ഒളിപ്പിച്ചായിരുന്നു വാർത്തകളും മറ്റും പുറത്തുകടത്തിയത്‌. നരിക്കുട്ടിയെ പരിശോധിക്കുമെങ്കിലും പച്ചക്കറി സഞ്ചിയുമായി പുറത്തേക്ക്‌ പോകുന്ന ഭാര്യയെയും കുഞ്ഞുമക്കളെയും പൊലീസ്‌ തൊട്ടില്ല. അങ്ങനെ നിരവധി വാർത്തകൾ കടന്നപ്പോൾ ഒരുദിനം പൊലീസ്‌ നരിക്കുട്ടിയെ പിടികൂടി. സൗഹൃദവലയത്തിൽപ്പെട്ട ആരോ സംഭവം അറിഞ്ഞ്   ഇടപെട്ടപ്പോൾ രാത്രി വെെകി വിട്ടയച്ചു.

ജഗജീവൻറാം, ഭൂട്ടാസിങ്, വാജ്‌പേയ്‌, എ കെ ആന്റണി എന്നിങ്ങനെ രാഷ്‌ട്രീയ അതിരുകളില്ലാത്ത സൗഹൃദമായിരുന്നു നരിക്കുട്ടി മോഹനൻ എന്ന ദേശാഭിമാനി ‘സ്വലേ’ യുടെ വാർത്തകളുടെ സോഴ്‌സ്‌. ദേശാഭിമാനി ഡൽഹി ബ്യൂറോ പി കെ കുഞ്ഞച്ചൻ എംപിയുടെ വാസസ്ഥലമായ ഫിറോസ്‌ ഷാ റോഡിലേക്കും അവിടെ നിന്ന്‌ വി പി ഹൗസിലേക്കും നരിക്കുട്ടിയോടൊപ്പം  മാറി. വി പി ഹൗസിൽ എത്തിയപ്പോഴാണ്‌ ദേശാഭിമാനിക്ക്‌ സ്വന്തം  ഓഫീസുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top