13 December Friday

വാഗ്‌ദാന വഞ്ചന, പറഞ്ഞതെല്ലാം പാഴ്‌വാക്ക‌്

ടി എസ്‌ അഖിൽUpdated: Saturday Mar 16, 2019

2014 ലെ പൊതുതെരഞ്ഞെടുപ്പ‌്‌ അവസാനിച്ചപ്പോൾ നരേന്ദ്ര മോഡി എന്ന പേരു മാത്രമാണ‌് ഉയർന്നുകേട്ടത‌്. തുടർച്ചയായ 10 വർഷംകൊണ്ട‌് ഇന്ത്യയെ അഴിമതിയിൽ മുക്കിയ കോൺഗ്രസ‌് ഭരണത്തിൽനിന്ന‌് മാറ്റം  ആഗ്രഹിച്ച ജനങ്ങൾ മോഡിയുടെ കപടവാഗ‌്ദാനങ്ങളിൽ വീഴുകയായിരുന്നു. എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികാസമെന്ന‌ വാക്ക‌് വിശ്വസിച്ചവരെയെല്ലാം വഞ്ചിക്കുകയായിരുന്നു പിന്നീട‌് മോഡി. വാഗ്ദാനങ്ങളെല്ലാം മറന്നു. ഇല്ലാത്തവനിൽനിന്ന‌് ഉള്ളതുകൂടി എടുത്ത‌് കുത്തകകൾക്ക‌് കൈമാറി. സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതി ദരിദ്രരുമാക്കി. അംബാനിക്കും അദാനിക്കും കൈ നിറയെ ലഭിച്ചു. ഓരോ ചെറിയ പദ്ധതികളിൽപോലും റിലയൻസിന‌് എങ്ങനെ ലാഭമുറപ്പാക്കാമെന്ന‌് മോഡി കാണിച്ചുതന്നു

 

കോടികളുടെ വെട്ടിപ്പ‌് നടത്തിയവരെ വിദേശത്തേക്ക‌് കടത്തി

വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിച്ച‌് ഓരോരുത്തരുടെയും അക്കൗണ്ടിൽ   പതിനഞ്ച‌് ലക്ഷംരൂപ ഇടുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം. എന്നാൽ, വിദേശത്തെ കള്ളപ്പണം തിരിച്ചുപിടിക്കുന്നതിനുപകരം ഇന്ത്യയിൽ കോടികളുടെ വെട്ടിപ്പ‌് നടത്തിയവരെ വിദേശത്തേക്ക‌് രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു മോഡി. അർധ രാത്രിയിലെ നോട്ടു നിരോധനം, തിടുക്കത്തിൽ ജിഎസ‌്ടി, വിദേശ സഞ്ചാരങ്ങൾ, പരസ്യത്തിനുമാത്രം 4800 കോടി എന്നിങ്ങനെ പോകുന്നു മോഡി തമാശകൾ. 5 വർഷത്തെ ഭരണത്തിൽ മോഡിയെടുത്ത സാമ്പത്തിക തീരുമാനങ്ങളധികവും പരാജയമായിരുന്നു. ഇന്ത്യ കണ്ട മോശം പ്രധാനമന്ത്രിമാർക്കിടയിലേക്ക‌് നടന്നുകയറുകയാണ‌് മോഡി.

 

 

സമ്പദ‌് വ്യവസ്ഥ തകർന്നു, മൂന്ന‌് ലക്ഷംകോടിയുടെ നഷ്ടം, 25 ലക്ഷം തൊഴിൽനഷ്ടം, തീവ്രവാദ ആക്രമണം വർധിച്ചു
2016 നവംബർ 8 നായിരുന്നു ഇന്ത്യയുടെ ചരിത്രത്തിലെ വലിയ മണ്ടത്തരങ്ങളിലൊന്ന‌് പിറവിയെടുത്തത‌്. മണ്ടൻ തീരുമാനങ്ങളുടെ ഗണത്തിൽപ്പെടുത്തി വരുംകാലത്ത‌് സാമ്പത്തികശാസ്ത്ര പാഠപുസ്തകങ്ങളിൽ ഇടം ലഭിച്ചേക്കാവുന്ന നോട്ടുനിരോധനം നമ്മുടെ സമ്പദ്‌ വ്യവസ്ഥയെ പാടെ തകർത്തു. കള്ളപ്പണം, വ്യാജ നോട്ടുകൾ, തീവ്രവാദ ഗ്രൂപ്പുകൾക്ക‌് ലഭിക്കുന്ന ധനസഹായം  എന്നിവ  ഇല്ലാതാക്കുമെന്നായിരുന്നു അവകാശവാദം. രണ്ട‌് വർഷങ്ങൾക്കിപ്പുറം 99.3 ശതമാനം നോട്ടുകളും തിരികെയെത്തി.  പ്രതീക്ഷിച്ച ലക്ഷ്യങ്ങൾ നേടിയില്ലെങ്കിലും രാജ്യത്തിന്റെ സമ്പദ‌് വ്യവസ്ഥയിൽനിന്ന‌് മൂന്ന‌ുലക്ഷം കോടി രൂപയാണ‌് നഷ്ടമായത‌്. 25 ലക്ഷം തൊഴിലും. ഏറ്റവുമൊടുവിൽ റിസർവ്‌ ബാങ്ക‌് പോലും അറിയാതെയാണ‌് നോട്ടു നിരോധി്ച്ചെതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു.

റഫേൽ ഇടപാടിൽമാത്രം 30000 കോടിയുടെ അഴിമതി

അഴിമതിയിൽ മുങ്ങിയ കോൺഗ്രസ‌ിൽനിന്ന‌് അധികാരമേൽക്കുമ്പോൾ പ്രധാനമന്ത്രി പറഞ്ഞത‌് ഭാരതത്തെ അഴിമതി മുക്തമാക്കുമെന്നായിരുന്നു. പ്രതിരോധമേഖലയിൽ രാജ്യം കണ്ട എറ്റവും വലിയ അഴിമതിയിൽ ഇന്ന‌് ആദ്യമുയരുന്ന പേര‌് നരേന്ദ്ര മോഡി എന്നാണ‌്. യുപിഎ സർക്കാരിന്റെ കാലത്താണ‌് ഫ്രാൻസിൽനിന്ന‌് 126 റഫേൽ വിമാനം വാങ്ങുന്നതിന‌് കരാറാകുന്നത‌്. ഒരു വിമാനത്തിന‌് 527  കോടിരൂപ വിലയായി നിശ്ചയിച്ചു. മോഡി അധികാരത്തിലെത്തിയതോടെ വിമാനക്കരാറിന‌് വേഗംകൂടി. 2015 ഏപ്രിലിൽ പാരിസിൽ ചർച്ച  ഒപ്പം  പ്രിയതോഴൻ, റിലയൻസ‌് ഗ്രൂപ്പ‌് മേധാവി അനിൽ അംബാനിയും.  പ്രതിരോധമന്ത്രി മനോഹർ പരീക്കർ ഒപ്പമില്ല. ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഓളന്ദുമായുള്ള ചർച്ചയ്ക്കുശേഷം റഫേൽ കരാർ ഉറപ്പിച്ചു. എച്ച്എഎല്ലിനെ പുറത്താക്കി റിലയൻസിന‌് നിർമാണച്ചുമതല.  36 വിമാനത്തിന‌് 59,000 കോടി രൂപ.  ഒരു വിമാനത്തിന‌് 1,670 കോടി . ഗുണഭോക്താവാകട്ടെ  റിലയൻസ് ഗ്രൂപ്പിന്റെ അനിൽ അംബാനി. 30000 കോടിയുടെ അഴിമതിയാണ‌് റഫേലിൽ ആരോപിക്കപ്പെടുന്നത‌്.
 

ചെറുകിട വ്യാപാര രംഗത്ത‌് വൻ തിരിച്ചടി, ചെറിയ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടി,വൻ തൊഴിൽനഷ്ടം. ജിഡിപി കുറഞ്ഞു, സാമ്പത്തികരംഗം  അസ്ഥിരമായി
വിവിധ വിഭാഗങ്ങളിലായി ചിതറിക്കിടന്നിരുന്ന നികുതികളെ ഒരൊറ്റ കുടക്കീഴിലാക്കുന്നതിനാണ‌് ജിഎസ‌്ടി കൊണ്ടുവന്നത‌്. എന്നാൽ, കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ നയങ്ങൾ ആവിഷ‌്കരിക്കാതെ നടപ്പാക്കി.  നോട്ടു നിരോധനത്തിന്റെ ഇരുട്ടിൽ നട്ടംതിരിഞ്ഞ ജനത്തെ കുഴിയിലേക്ക‌് തള്ളിയിടുകയായിരുന്നു ജിഎസ‌്ടി.

വൻകിട മുതലാളിമാർക്കായിരുന്നില്ല പ്രശ്നം, സാധാരണക്കാരായ ജനങ്ങൾക്കായിരുന്നു. ചെറുകിട വ്യാപാരരംഗത്ത‌് ഇത‌് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കി. ചെറിയ സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടി. രാജ്യത്ത‌് 18 ലക്ഷം തൊഴിൽ നഷ്ടമായി. ജിഡിപി കുറഞ്ഞു. സാമ്പത്തികരംഗം വീണ്ടും അസ്ഥിരമായി. ഈ തിരിച്ചടിയിൽനിന്ന‌് രാജ്യത്തിന‌് ഇതുവരെ തിരിച്ചുകയറാനായിട്ടില്ല.

ആക്രമണം റിസർവ‌് ബാങ്കിനോടും
റിസർവ്‌ ബാങ്കിന്റെ  കരുതല്‍ ധനത്തിന്റെ ഒരുഭാഗം, - 3.6 ലക്ഷം കോടിരൂപ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോൾ റിസർവ്‌ ബാങ്ക് അത് നിരസിച്ചതോടെയാണ‌് റിസർവ‌് ബാങ്കിന്റെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ പുറം ലോകമറിയുന്നത‌്. കരുതൽ ധനം ലഭ്യമാക്കിയാൽ രാജ്യത്തിന്റെ സമ്പദ‌് വ്യവസ്ഥ കൂടുതൽ തകരുമെന്ന കാരണം പറഞ്ഞാണ‌് മോഡിയുടെ ഇഷ്ടക്കാരൻകൂടിയായ റിസർവ‌് ബാങ്ക‌് ഗവർണർ ഉർജിത‌് പട്ടേൽ ആവശ്യം നിരസിച്ചത‌്. ഇതാണ‌് ഉർജിത‌് പട്ടേലിന്റെ രാജിക്ക‌് പിന്നിലെ കാരണം. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം പോലുമില്ലാത്ത വ്യക്തിയെയാണ‌്  റിസർവ്‌ ബാങ്കിന്റെ ഗവര്‍ണറായി കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്.

ചരിത്രത്തില്‍ ബിരുദമുള്ള പുതിയ ഗവർണർ നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്നു എന്നതാണ് ഈ പദവിയിലേക്ക് അദ്ദേഹത്തെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത‌്.
 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top