22 July Monday

കുത്തകകൾ കൊഴുത്ത മോഡിക്കാലം; പൊതുമേഖല വിറ്റ്‌ തുലച്ചു

ടി എസ്‌ അഖിൽUpdated: Monday Mar 18, 2019

ന്യൂഡൽഹി> രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളൂം തുറമുഖങ്ങളും വിമാനത്താവളങ്ങളും കുത്തകകൾക്ക‌് വിറ്റുതുടങ്ങിയത‌് കോൺഗ്രസായിരുന്നു. മോഡി അധികാരത്തിലെത്തിയതോടെ രാജ്യത്തിന്റെ സമ്പത്ത‌് മുഴുവൻ അംബാനിയും അദാനിയും ഉൾപ്പെടെയുള്ള കുത്തകകൾ പങ്കിട്ടെടുത്തു. നരേന്ദ്ര മോഡി ഗുജറാത്ത‌് മുഖ്യമന്ത്രിയായിരിക്കെ തുടങ്ങിയതാണ‌് ഈ കുത്തകബന്ധം. പ്രധാനമന്ത്രിയായതോടെ രാജ്യസുരക്ഷതന്നെ ഇവർക്ക‌്  തീറെഴുതുന്ന സ്ഥിതിയായി. തെരഞ്ഞെടുപ്പ‌ിന‌് തൊട്ട‌ുമുമ്പാണ‌് തിരുവനന്തപുരം ഉൾപ്പെടെ രാജ്യത്തെ അഞ്ച‌് വിമാനത്താവളങ്ങൾ അദാനിക്ക‌് നൽകാൻ തീരുമാനിച്ചത‌്. 

2014ൽ കോൺഗ്രസിന്റെ തോൽവിക്ക‌് പ്രധാനകാരണം കോർപറേറ്റുകൾ അവരെ കൈവിട്ടതായിരുന്നു. കോൺഗ്രസ‌് വളർത്തിയ റിലയൻസടക്കമുള്ള കുത്തകകൾ കൂറുമാറിയപ്പോൾ ബിജെപി ജയിച്ചു. മോഡി അധികാരത്തിലെത്തി. കൂടെനിന്ന അംബാനിക്കും അദാനിക്കുമെല്ലാം ആവശ്യത്തിനനുസരിച്ച‌് വിളമ്പി. സമയാസമയം കുത്തകകൾക്കായി പ്രധാനമന്ത്രിയുടെ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടു. മോഡി കെയറും  വിള ഇൻഷുറൻസും റഫേലും ഡിജിറ്റലൈസേഷനും തുടങ്ങി എല്ലാം കുത്തകകളുടെ ഖജനാവ‌് നിറച്ചു. മോഡിക്കാലത്ത‌് ഏറ്റവും നേട്ടം കൊയ്തത‌് റിലയൻസ‌ും മുകേഷ‌് അംബാനിയും അദാനിയുമാണ‌്. മുകേഷ‌് അംബാനിയുടെ സമ്പത്ത‌് 2014ൽ 1.76 ലക്ഷം കോടിയായിരുന്നെങ്കിൽ 2019ൽ അത‌് 3.48 ലക്ഷം കോടിയായി ഉയർന്നു. രാജ്യത്ത‌് നടപ്പാക്കുന്ന ഓരോ പദ്ധതികളിലും റിലയൻസിന‌് എങ്ങനെ ലാഭമുണ്ടാക്കാമെന്ന‌് മോഡി കാണിച്ചുതന്നു.

ജിയോ ഇൻസ്റ്റിറ്റ്യൂട്ട‌്

മോഡി സര്‍ക്കാരിന്റെ ശിങ്കിടി മുതലാളിത്ത നയങ്ങൾക്കും റിലയൻസുമായുള്ള അവിശുദ്ധബന്ധത്തിനും ഏറ്റവും വലിയ തെളിവായിരുന്നു ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന‌് ലഭിച്ച ശ്രേഷ്ഠപദവി. രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെ ലോകനിലവാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ‌് ഏറ്റവും മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾക്ക‌് ശ്രേഷ്ഠപദവി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത‌്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബംഗളൂരു, മുംബൈയിലെയും ഡല്‍ഹിയിലെയും ഐഐടികള്‍  എന്നിവയ്ക്കൊപ്പം ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനും ‘ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ്’ പദവി ലഭിച്ചു എന്ന വാർത്ത പുറത്തുവന്നപ്പോഴാണ‌് രാജ്യം ആ സ്ഥാപനത്തെക്കുറിച്ച‌് കേൾക്കുന്നതുതന്നെ.

തറക്കല്ലുപോലും ഇട്ടിട്ടില്ലാത്ത കടലാസിൽ മാത്രമുള്ളൊരു സ്ഥാപനത്തിന‌് ഏത‌് മാനദണ്ഡം അനുസരിച്ചാണ‌് ശ്രേഷ്ഠപദവി കൊടുത്തതെന്ന‌് മോഡിക്ക‌് മാത്രമറിയാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് ആയി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി രൂപയാണ് വാര്‍ഷിക ധനസഹായം ലഭിക്കുക. മികച്ച നിലവാരമുള്ള കേന്ദ്ര സർവകലാശാലകളെയടക്കം തഴഞ്ഞാണ് റിലയൻസ‌ിന്റെ സ്ഥാപനത്തിന‌് അംഗീകാരം നൽകിയത‌്.

അംബാനി കെയർ
പൊതുമേഖലയെ തകർത്ത‌് പൊതുപണം സ്വകാര്യമേഖലയിലെത്തിക്കുകയാണ്‌ ‘മോഡി കെയർ’ എന്ന ആയുഷ‌്മാൻ ഭാരത‌്. കൃത്യമായിപ്പറഞ്ഞാൽ റിലയൻസിനാണ‌് ഈ പദ്ധതിയുടെയും ലാഭമെത്തുക. കേന്ദ്രസർക്കാർ 40 ശതമാനവും സംസ്ഥാന സർക്കാരുകൾ 60 ശതമാനവും ചെലവ‌് വഹിക്കേണ്ട പദ്ധതിയിൽ ലാഭം മുഴുവൻ ലഭിക്കുക ഇൻഷുറൻസ‌് കമ്പനികൾക്കാണ‌്. റിലയൻസ‌് ഇൻഷുറൻസിന്റെ വളർച്ചയ്ക്ക‌് വേണ്ടിയാണ‌് വിജയകരമായ മറ്റ‌് ആരോഗ്യപദ്ധതികളെ തഴഞ്ഞ‌് ആയുഷ‌്മാൻ ഭാരത‌് കൊണ്ടുവന്നതെന്നത‌് പരസ്യമായ രഹസ്യം. പൊതുജനാരോഗ്യ മേഖലയിലെ ഫണ്ട്‌ വെട്ടിച്ചുരുക്കിയാണ്‌ മോഡി കെയറിന‌് പണം കണ്ടെത്തുന്നത്‌. സ്വകാര്യ ആശുപത്രികളെ ‘വ്യവസായ’മായി പരിഗണിച്ച്‌ ഭൂമിയും ധനസഹായവും നൽകുമെന്ന പ്രഖ്യാപനവും ആശുപത്രിമേഖലയിലേക്ക‌് വന്ന റിലയൻസിനെ സഹായിക്കാനാണ‌്. 

വിളവൊക്കെ അംബാനിക്ക‌്

അപ്രതീക്ഷിതമായുണ്ടാകുന്ന വിളനഷ്ടത്തിൽനിന്ന‌് കർഷകർക്കാശ്വാസമായാണ‌് പ്രധാനമന്ത്രി ഫസൽ ബീമാ യോജന അഥവാ വിള ഇൻഷുറൻസ‌് പദ്ധതി നടപ്പാക്കിത‌്. നാളിതുവരെ ഒരൊറ്റ കർഷകനുപോലും പദ്ധതിയുടെ പൂർണ പ്രയോജനം ലഭിച്ചില്ല.  എന്നാൽ, ഒരു രൂപപോലും മുതൽമുടക്കില്ലാതെ സ്വകാര്യ ഇൻഷുറൻസ‌് കമ്പനികൾ സ്വന്തമാക്കിയത‌് ശതകോടികൾ. മുന്നിൽ നിൽക്കുന്നതാകട്ടെ റിലയൻസിന്റെ ഇൻഷുറൻസ‌് കമ്പനിയും. റഫേല്‍ വിമാന ഇടപാടിനേക്കാള്‍ വലിയ തട്ടിപ്പാണ് വിള ഇന്‍ഷുറന്‍സ്. 2017ൽ മാത്രം കർഷകരുടെയും കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും വിഹിതമായി ഇൻഷുറൻസ‌് കമ്പനികൾക്ക‌് 19,381 കോടി രൂപ ലഭിച്ചു. കർഷകർക്ക‌് നൽകിയതാകട്ടെ 4,276 കോടിയും. 15,100 കോടിയിലധികം രൂപയുടെ ലാഭമാണ‌്  കമ്പനികൾക്ക‌് ലഭിച്ചത‌്. സിംഹഭാഗവും റിലയൻസിന‌്. 

അനിയനും സഹായം
2015 ഏപ്രിൽ 10നാണ് ഫ്രാൻസിൽനിന്ന് 36 റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് മോഡി പ്രഖ്യാപിക്കുന്നത‌്. യുപി‌എ സർക്കാരിന്റെ കാലത്ത‌് കരാർ ഉറപ്പിച്ച 126 വിമാനങ്ങളിൽ 108 എണ്ണവും ദസാൾട്ടും എച്ച്എഎല്ലും സംയുക്തമായി ഇന്ത്യയിൽ നിർമിക്കാനാണ് പദ്ധതിയിട്ടത്. മോഡിയുടെ കാലത്ത‌് എച്ച‌്എഎല്ലിന‌് പകരം അനിൽ അംബാനിയുടെ കമ്പനിയെത്തി. ഒരു കളിത്തോക്കുപോലും നിർമിച്ചു പരിചയമില്ലാത്ത കടലാസ് കമ്പനിയെ ഇത്രയും വലിയൊരു കരാറിൽ പങ്കാളികളാക്കിയത‌്. കരാർ ഒപ്പിടുന്നതിനും പതിമൂന്നു ദിവസങ്ങൾക്കു മുമ്പുമാത്രമാണ് അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ലിമിറ്റഡ് സ്ഥാപിതമായത്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ‌് റഫേൽ.  526 കോടി രൂപയ്ക്ക് വിലയുറപ്പിച്ച വിമാനത്തിന‌് മോഡി നൽകുന്നത‌്  1670 കോടി രൂപ. അനിൽ അംബാനിക്ക‌് ഇതിലൂടെ ലഭിച്ചത‌് 30,000 കോടി രൂപ.

എവിടെ 40 രൂപയ‌്ക്ക‌് പെട്രോൾ
യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു ഇന്ധനവില നിർണയാവകാശം സ്വകാര്യകമ്പനികൾക്ക‌് വിട്ടുകൊടുക്കുന്നത‌്. ഉയർന്ന എണ്ണവിലയ്ക്കെതിരെ രാജ്യവ്യാപകമായ സമരങ്ങൾ നടത്തിയ ബിജെപി അധികാരത്തിലെത്തിയപ്പോൾ എണ്ണവില റോക്കറ്റ‌് വേഗത്തിലാണ‌് കൂട്ടിയത‌്.

ഒരു ലിറ്റർ പെട്രോൾ 40 രൂപയ്ക്ക‌്  ലഭ്യമാക്കുമെന്നായിരുന്നു മോഡി വാഗ്ദാനം. എന്നാൽ, വില 90 രൂപയിലേക്ക‌് കുതിച്ചു. പെട്രോൾ–-ഡീസൽ വിലവർധന ഏറ്റവുമധികം ബാധിച്ചത‌് സാധാരണക്കാരെയാണ‌്.  നേട്ടംകൊയ‌്തത‌് റിലയൻസ‌്, എസ്സാർ ഉൾപ്പെടെയുള്ള കുത്തകകൾ. 2014–-15ൽ 20,000 കോടിയുടെ ലാഭമാണ‌് പെട്രോളിയം വ്യവസായങ്ങളിൽനിന്ന‌് റിലയൻസിന‌് ലഭിച്ചതെങ്കിൽ 2015–-16ൽ 28,000 കോടിയായി. 2016–-17ൽ 30000 കോടിയും 2017–-18ൽ 36000 കോടിയും ലാഭമുണ്ടാക്കി. 2018–-19ൽ ഇത‌് 40000 കോടിയിലെത്തും.

മോഡിയുടെ 5 വർഷക്കാലത്ത‌് എണ്ണവിൽപ്പനയിലൂടെമാത്രം റിലയൻസ‌ിന്റെ ലാഭം 1.6 ലക്ഷം കോടി രൂപ. എണ്ണവില ആകാശം തൊട്ടിട്ടും നിയന്ത്രിക്കാൻ സർക്കാർ ഇടപെടാതിരുന്നതിന്റെ കാരണവും ഇതുതന്നെ.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top