15 August Monday

നഞ്ചിയമ്മയും ശ്രുതിയമ്മയും തമ്മിലെന്ത്?-ശ്രീചിത്രൻ എം ജെ എഴുതുന്നു

ശ്രീചിത്രൻ എം ജെUpdated: Thursday Aug 4, 2022

നഞ്ചിയമ്മ

നഞ്ചിയമ്മയുടെ പാട്ടിന്‌ ലഭിച്ച ദേശീയ പുരസ്‌കാര നേട്ടത്തിൽ  നവമാധ്യമങ്ങളിലുയർന്ന വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ വരേണ്യതയുടെ പൂണൂലിൽ കുരുങ്ങിക്കിടക്കുന്ന സവർണ സംഗീതത്തെ വിചാരണ ചെയ്യുന്നതിനൊപ്പം ചിട്ടവഴക്കങ്ങളില്ലാത്ത നാട്ടുശീലുകളുടെ തുടിയൊച്ച വേറിട്ട്‌ കേൾപ്പിക്കുകയും  ചെയ്യുന്നു ലേഖനത്തിൽ...

“നാമിപ്പൊഴും മേജറിന്റെയും മൈനറിന്റെയും ദുര്‍ഭരണത്തിന്റെകീഴിലാണ്‌ എന്ന യാഥാർഥ്യത്തെ തിരിച്ചറിയുക”
                                          ബസോണി പാശ്ചാത്യസംഗീതജ്ഞന്‍.

നഞ്ചിയമ്മ

നഞ്ചിയമ്മ

നഞ്ചിയമ്മയ്‌ക്ക് ലഭിച്ച പുരസ്കാരം പുതിയൊരു സംഗീതവിവാദത്തിന്‌ വഴിവെച്ചിരിക്കുന്നു. സംവാദങ്ങളെക്കാള്‍ വിവാദങ്ങള്‍ക്ക് അനുയോജ്യമായ നവമാധ്യമലോകം അതിനെ പെരുപ്പിച്ചുകാണിക്കുകയും ചെയ്തു. യഥാർഥത്തില്‍ ഈ ചര്‍ച്ചയില്‍ ഒട്ടുംപുതുമയില്ല. ശുദ്ധാശുദ്ധചര്‍ച്ചകള്‍ക്ക് ആധുനികതയോളം തന്നെ പഴക്കമുണ്ട്. കലര്‍പ്പില്ലാത്ത വിശുദ്ധസ്ഥാനമായി സംഗീതത്തെ കാണുന്നവരും അത്തരം ശുദ്ധസംഗീതവാദികളുടെ സംഗീതത്തെ നൈസര്‍ഗികമായ നാട്ടുസംഗീതത്തിന്റെ അപരസ്ഥാനത്ത്‌ പ്രതിഷ്ഠിക്കുന്നവരും തമ്മിലുള്ള അങ്കം കാലങ്ങളായി തുടരുന്നൊരു ആചാരമാണ്‌. നഞ്ചിയമ്മ എന്ന അട്ടപ്പാടിയിലെ ഗോത്രവര്‍ഗസംഗീതജ്ഞക്ക് ലഭിച്ച അംഗീകാരത്തില്‍ സംഗീതത്തിലെ പുണ്യാഹവാദികള്‍ക്ക് അസ്വസ്ഥതയും സ്വാഭാവികമാണ്‌. ചിലരതു പ്രകടിപ്പിക്കുന്നു, ചിലര്‍ മൗനമാചരിക്കുന്നു എന്നുമാത്രം. എന്നാല്‍ ഇപ്പോഴുണ്ടായ പ്രധാനമാറ്റം, എതിര്‍പക്ഷത്തിന്‌ വിവാദത്തില്‍ വന്ന മേല്‍ക്കൈ ആയിരുന്നു.

പൊതുവേ പൊതുമണ്ഡലം ശുദ്ധിവാദികള്‍ക്ക് അനുകൂലമാണ്‌ എന്ന കാലാവസ്ഥ തകിടം മറിഞ്ഞിരിക്കുന്നു. “പാട്ടിന്റെ  യഥാർഥ അവകാശികള്‍ ജനങ്ങളാണ്‌” എന്ന ദാർവീഷിന്റെ  അഭിപ്രായത്തിന്‌ സാധൂകരണമായി പാട്ടുകേള്‍ക്കുന്നവരുടെ ഭൂരിപക്ഷം പാട്ടുബ്രാഹ്മണ്യത്തെ പുതിയ ഭാഷയില്‍ ‘തേച്ചൊട്ടിക്കുന്നു’. ഈ പുതിയ എതിർ വേലിയേറ്റം കണ്ട് ശുദ്ധസംഗീതവാദികള്‍ ‘ശാന്തം പാപം! കലികാലം!’ എന്നുനെടുവീര്‍പ്പിടുന്നു. ശാസ്ത്രീയസംഗീതം പ്രാദേശികസംഗീതത്തിന്റെ അപരമാണെന്ന തീര്‍പ്പില്‍ വിവാദത്തിനു യവനിക വീഴുന്നു. ശുഭം.

സത്യത്തില്‍ കാര്യങ്ങളത്ര ശുഭപര്യവസായിയാണോ?

ശുദ്ധിവാദികളുടെ കരച്ചിലിനും പെട്ടെന്നുദിച്ച ഫോക് സംഗീത പ്രേമത്തിനുമപ്പുറം നമ്മുടെ സംഗീതലോകം ചിന്തിക്കേണ്ട ചിലത് ഈ സംഭവത്തിനാധാരമായ സംഗീതദര്‍ശനത്തിലില്ലേ? വാസ്തവത്തില്‍ ശാസ്ത്രീയസംഗീതവും ഫോക് സംഗീതവും വെള്ളം കടക്കാത്ത കമ്പാർട്‌മെന്റുകളാണോ?

ശുദ്ധിവാദികളുടെ കരച്ചിലിനും പെട്ടെന്നുദിച്ച ഫോക് സംഗീത പ്രേമത്തിനുമപ്പുറം നമ്മുടെ സംഗീതലോകം ചിന്തിക്കേണ്ട ചിലത് ഈ സംഭവത്തിനാധാരമായ സംഗീതദര്‍ശനത്തിലില്ലേ? വാസ്തവത്തില്‍ ശാസ്ത്രീയസംഗീതവും ഫോക് സംഗീതവും വെള്ളം കടക്കാത്ത കമ്പാർട്‌മെന്റുകളാണോ? ബസോണി ചൂണ്ടിക്കാണിച്ച മേജര്‍മൈനര്‍ പാശ്ചാത്യസംഗീത ദുര്‍ഭരണത്തിന്റെ പൗരസ്ത്യപ്പതിപ്പാണോ ശ്രുതിയും ലയവും ഭരിക്കുന്ന നമ്മുടെ സംഗീതം? ലോകസംഗീതം ഐപോഡിലും മ്യൂസിക് അപ്ലിക്കേഷനുകളിലുമൊതുങ്ങി ഉള്ളംകൈയിലിരിക്കുന്ന ഈ കാലത്തില്‍ നമ്മുടെ ഭാവുകത്വം നേരിടുന്ന ചോദ്യങ്ങളാണോ ഇവ?

ശുദ്ധത എന്ന ശൂന്യവാദം

  ശാസ്ത്രീയം, ക്ലാസ്സിക്കൽ, ശുദ്ധം എന്നിങ്ങനെ പല പേരുകളിൽ പൗരസ്ത്യസംഗീതം വിശേഷിപ്പിക്കാറുള്ളത് കർണാടിക്  ഹിന്ദുസ്ഥാനി സംഗീതങ്ങളെയാണ്. കൂട്ടത്തിലേറ്റവും ഭേദപ്പെട്ട സംജ്ഞ ശാസ്ത്രീയം ആണ്. ‘സയന്റിഫിക്' എന്ന അർഥത്തിലല്ല, ‘ശാസിക്കപ്പെട്ടത്' എന്ന അർഥത്തിൽ. നിരവധി ശാസനകളുടെയും നിർബന്ധങ്ങളുടെയും അരുതുകളുടെയും അതിർത്തികൾ നിർമിക്കപ്പെട്ട സംഗീതശാഖകളാണവ. എന്നാൽ ‘ശുദ്ധത' ശൂന്യമായൊരു സങ്കൽപ്പം മാത്രമാണ്. ഹിന്ദുസ്ഥാനി അഫ്ഗാനിസ്ഥാൻ മുതൽ നേപ്പാൾവരെ നീണ്ടുകിടക്കുന്ന വിശാലമായൊരു ഭൂപ്രവിശ്യയിൽ നിരവധി നൂറ്റാണ്ടുകളിലൂടെ പല ഖരാനകളിൽ കൊണ്ടും കൊടുത്തും വളർന്ന സംഗീതമാണ്.

സംവിധായകൻ സച്ചി

സംവിധായകൻ സച്ചി

കലർപ്പുകളുടെ മഹാചരിത്രമാണ് ഹിന്ദുസ്ഥാനിക്കുള്ളത്. കവാലി മുതൽ ഗസൽ വരെ, ബനാറസ് മുതൽ കിരാന വരെയുള്ള ഖരാനകൾ വരെ നിരവധി സംഗീതങ്ങൾ കലർന്നാണ് നാം ആധുനിക ഹിന്ദുസ്ഥാനി സംഗീതത്തെ ദർശിക്കുന്നത്. കർണാടക സംഗീതത്തിന്റെ   ഭൂമിശാസ്ത്രം താരതമ്യേന പരിമിതമെങ്കിലും കലർപ്പുകളുടെ ചരിത്രം കർണാടികിനും മോശമല്ല. ആന്ധ്ര, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ നാട്ടുസംഗീതങ്ങൾ പല ചേരുവകളിൽ കലർന്നാണ് നാമിന്നുകേൾക്കുന്ന കർണാടക സംഗീതം രൂപംകൊണ്ടത് എന്നത് ലളിതമായ സത്യമാണ്. ഇവയിൽ പലഗോത്രങ്ങളും അവയുടെ വിശ്വാസങ്ങളും ഭാഷാഭേദങ്ങളും ജാതിയും വർഗ നിലകളുമെല്ലാം സ്വാധീനിച്ചിട്ടുണ്ട്. പുരന്ദരദാസനും ക്ഷേത്രജ്ഞരും തൊട്ടുള്ള കൃതികളും അവയുടെ വ്യത്യസ്ത സ്വഭാവവും ശ്രദ്ധിച്ചാൽ തന്നെ ഇക്കാര്യം വ്യക്തമാണ്.

 രാഘവൻ മാഷ്

രാഘവൻ മാഷ്

ആധുനിക ഘട്ടത്തിലാകട്ടെ, എല്ലാ സംഗീതപാരമ്പര്യങ്ങളും പുതിയ സാമൂഹികാവശ്യങ്ങളുമായി സംഘർഷത്തിലേർപ്പെട്ടു. അതിന്റെ  ഫലം ഘടനാപരമായ പരിണാമം മാത്രമായിരുന്നില്ല, പല തലങ്ങളിലുള്ള കലർപ്പുകൾ കൂടിയായിരുന്നു. എണ്ണമറ്റ ഹിന്ദുസ്ഥാനി രാഗങ്ങൾ കർണാടകസംഗീതത്തിലേക്ക് വന്നു. കഥകളിസംഗീതം കർണാടകസംഗീതത്തിലേക്ക് ഗേയസ്നാനപ്പെട്ടു. ഈ കലർപ്പുകളുടെ അടിസ്ഥാനം ആധുനികതയുടെ പുതിയ അവതരണ സ്വരൂപമായിരുന്നു. കലർപ്പുകൾക്കായിമാത്രം പുതിയ അവതരണഘടനകൾവരെയുണ്ടായി. ഹിന്ദുസ്ഥാനി  കർണാടിക് ജുഗൽബന്ദിയും കർണാടിക്  കഥകളിസംഗീത ജുഗൽബന്ദിയും വരെ അവ വളർന്നു.

   ചലച്ചിത്രസംഗീതം അതിന്റെ പ്രാരംഭകാലം മുതലേ കലർപ്പിന്റെ കൂത്തരങ്ങായിരുന്നു. അക്തരീ സാഹിബയും നൂർജഹാനുമെല്ലാം പാടിയിരുന്ന ഗസലിൽ ജനപ്രിയ ചേരുവകൾ ചേർത്ത് ഹിന്ദിഗാനങ്ങളിറങ്ങി.

ബാബുരാജ്

ബാബുരാജ്

അവ അനുകരിച്ച് ആദ്യകാല മലയാള ചലച്ചിത്രഗാനങ്ങളിറങ്ങി. പിന്നീട് തനതായ മലയാളിയീണങ്ങൾ തേടിയുള്ള യാത്ര ആരംഭിച്ചപ്പൊഴും ശുദ്ധിയേക്കാൾ കലർപ്പിനാണ് നാം ശ്രദ്ധ നൽകിയത്. ഇക്കാര്യത്തിൽ രാഘവൻ മാഷ് മുൻപേ നടന്നു.

പിന്നാലെ ഗസലിന്റെ മുഗ്ധസംഗീതവുമായി ബാബുരാജ് വന്നു. ശക്തമായ കർണാടിക് അടിത്തറയിൽ ഗാനങ്ങൾചെയ്ത ദക്ഷിണാമൂർത്തി പോലും കർണാടിക് വിശുദ്ധികളെയല്ല ജനപ്രിയമായ കലർപ്പുകളെയാണ് പിൻപറ്റിയത്. അവിടെ നിന്ന് സഞ്ചരിച്ചാണ് നാം എ ആർ റഹ്മാനെപ്പോലെ ആഫ്രിക്കൻ കലിപ്സോയും റാപ്പും മുതൽ തമിഴ്നാട്ടിലെ തപ്പട്ട വരെ കലർത്തുന്ന മിശ്രണ വിദഗ്ധരിലെത്തിയത്. എന്നിട്ട് ആ കരയിലിരുന്ന് ശുദ്ധസംഗീതത്തെപ്പറ്റി നെടുവീർപ്പിടുന്നവർ യഥാർഥത്തിൽ ശൂന്യതയെയാണ് കാണുന്നത് എന്നർഥം.

പ്രാകൃതവും ശൈലീകൃതവും

 പ്രാകൃതം എന്ന വാക്കിന്റെ നല്ല അർഥത്തിൽ, നമ്മുടെ നാടോടിസംഗീതങ്ങൾ പ്രാകൃതമാണ്. ചെത്തിമിനുക്കിയെടുത്ത ചിട്ടകളല്ല ചിന്തേരിടാത്ത, ചെത്തവും ചൂരും മണ്ണിൽനിന്നുയരുന്ന പ്രാകൃതസംഗീതം ആണ് യഥാർഥത്തിൽ ശൈലീകൃതസംഗീതത്തിന്റെ അസംസ്കൃതവസ്തുക്കൾ. എന്നാൽ ശൈലീകൃതസംഗീതത്തിന്റെ കരുക്കളാകാനായി നിർമിക്കപ്പെട്ടവയാണവ എന്ന തോന്നൽ അബദ്ധവുമാണ്. അവയുടെ ലക്ഷ്യമോ ധർമമോ അതല്ല.

വിശപ്പും യാതനയും പ്രതിഷേധവും വികാരങ്ങളുമെല്ലാം കെട്ടുപിണഞ്ഞ മനുഷ്യാനുഭൂതികളുടെ ആവിഷ്കാരമാണ് നാടോടിസംഗീതം. അവയിൽ സംഘചേതനയും ഏകാന്തതയുമുണ്ട്. പ്രണയം മുതൽ വാത്സല്യം വരെയുള്ള വികാരസമുദ്രമുണ്ട്. അധ്വാനത്തിന്റെയും അധ്വാനചൂഷണത്തിന്റെയും മായാത്ത മുദ്രണങ്ങളുണ്ട്.

വിശപ്പും യാതനയും പ്രതിഷേധവും വികാരങ്ങളുമെല്ലാം കെട്ടുപിണഞ്ഞ മനുഷ്യാനുഭൂതികളുടെ ആവിഷ്കാരമാണ് നാടോടിസംഗീതം. അവയിൽ സംഘചേതനയും ഏകാന്തതയുമുണ്ട്. പ്രണയം മുതൽ വാത്സല്യം വരെയുള്ള വികാരസമുദ്രമുണ്ട്. അധ്വാനത്തിന്റെയും അധ്വാനചൂഷണത്തിന്റെയും മായാത്ത മുദ്രണങ്ങളുണ്ട്. ഇവയെല്ലാം തീക്ഷ്‌ണമായി പ്രകാശിപ്പിക്കുന്ന സംഗീതത്തിന്റെ ലോകം അതിവിപുലവും അത്യഗാധവുമാണ്.

ശൈലീകൃതമായ ഏത് സംഗീതത്തിലും അതിന്റെ  നിയമങ്ങൾ പ്രധാനമാണ്. എന്നാൽ ആ നിയമങ്ങൾ വാസ്തവത്തിൽ നിരന്തരമായ ആവിഷ്കരണത്തിലൂടെ രൂപപ്പെട്ടവയാണ്. രാഗങ്ങളും താളങ്ങളുമെല്ലാം ചരിത്രപരമായി പരിണമിച്ചതാണ്. എന്നാൽ പലപ്പോഴും അവ ശാശ്വതഭാവം പ്രകടിപ്പിക്കുന്നു.

തുടി

തുടി

ചരിത്രവിരുദ്ധവും ശാസ്ത്രീയവിരുദ്ധവുമായ ഈ ശാശ്വതഭാവത്തെ പ്രസ്തുതസംഗീതത്തിന്റെ ഭൂതവർത്തമാനങ്ങൾ നിർണയിച്ച ഒന്നായി കരുതുന്ന മിഥ്യയിലാണ് ശുദ്ധസംഗീതവാദത്തിന്റെ പേര്. നാടൻപാട്ടിൽ കേൾക്കുന്ന മലഹരിയും ഭൂപാളവും മധ്യമാവതിയും കഷ്ടപ്പെട്ടുകണ്ടെത്തുന്നവർ മനസ്സിലാക്കാത്ത ഒന്ന് ഈ രാഗബോധ്യങ്ങൾക്ക് തന്നെ വലിയ പഴക്കമൊന്നുമില്ല എന്നതാണ്.

ഇത്തരം സംഗീതവ്യായാമങ്ങൾക്ക് വഴങ്ങാത്തവ സംഗീതമേ അല്ല എന്നതോന്നൽ ഭൂതകാലരതി തൽപ്പരർക്കോ മൗലികവാദികൾക്കോ പഥ്യമായേക്കാം. എന്നാൽ സംഗീതശാസ്ത്രത്തിന് ഇവ പരസ്പരപൂരകവും ആദാനപ്രദാനങ്ങളിൽനിന്ന് വളരുന്നവയുമായ സംഗീത രൂപങ്ങളാണ്. നാടോടിസംഗീതവും ശാസ്ത്രീയസംഗീതവും അപരങ്ങളോ വിപരീതങ്ങളോ അല്ല. സംസ്കാരത്തിന്റെ വിപുലമായ മിശ്രണങ്ങളിൽ ഒന്നാണ് ഇവയുടെ ചേർപ്പും വേർപാടും കലർപ്പും.

ശ്രുതിലയരക്ഷാകർതൃത്വം എന്ന അധികാരരൂപം

ശ്രുതി, ലയം തുടങ്ങിയ സങ്കൽപ്പനങ്ങൾ പൂർണമായും ക്ലാസ്സിക്കൽ സംഗീതവുമായി ബന്ധപ്പെട്ട് രൂപപ്പെട്ടതാണ്. ശ്രുതി നാദത്തിന്റെ ഉയർച്ചകളും താഴ്‌ചകളും ഫ്രീക്വൻസിയെ ആധാരമാക്കി നിർണയിക്കുന്നു. ലയം അതിന്റെ ക്രമികഘടനയെ കാലത്തിന്റെ അടിസ്ഥാനത്തിൽ നിർണയിക്കുന്നു. ശ്രുതിയെ അടിസ്ഥാനമാക്കി സ്വരവും ലയത്തെ അടിസ്ഥാനമാക്കി താളവും രൂപപ്പെടുന്നു. പിന്നീടിവ കഴിയാവുന്നത്ര ശൈലീകരിക്കുന്നു. ഏത് ക്ലാസ്സിക്കൽ സംഗീതമെടുത്തുനോക്കിയാലും ഈ പ്രക്രിയ കാണാം.

ഇങ്ങനെ മൂന്ന് സ്ഥായികൾ, ഇരുപത്തിരണ്ട് ശ്രുതികൾ, പന്ത്രണ്ട് സ്വരങ്ങൾ, സ്വരങ്ങളുടെ ആരോഹണവും അവരോഹണവും പല അനുപാതത്തിൽ ക്രമീകരിച്ച് രാഗങ്ങൾ എന്നിവ നിർമിക്കപ്പെടുന്നു. ഇതുപോലെ ലയത്തെ അടിസ്ഥാനപ്പെടുത്തി താളങ്ങൾ നിർമിക്കുന്നു. ഇവയെല്ലാം ഗണിതശാസ്ത്രപരമായി നിർവചിക്കപ്പെടുന്നു. എല്ലാമൊന്നും പൂർണമായും ഗണിതശാസ്ത്രത്തിന് വഴങ്ങില്ല. അപ്പോൾ അവയെ അപരമോ മിശ്രമോ വിവാദിയോ ആയി കണക്കാക്കുന്നു. ഇങ്ങനെയാണ് ക്ലാസ്സിക്കൽ സംഗീതത്തിന്റെ അസ്ഥിവാരം പണിയപ്പെടുന്നത്.

ഈ അസ്ഥിവാരത്തിന്റെ ആധാരശിലയായിട്ടാണ് ' ശ്രുതി മാതാ ലയഃ പിതാ’ എന്ന നിർവചനമുണ്ടാകുന്നത്.

ശ്രുതി അമ്മയും ലയം അച്ഛനുമായി പിറക്കുന്ന മകളാണ് സംഗീതം എന്ന നിർവചനം പൂർണമായും ക്ലാസ്സിക്കൽ സംഗീതത്തിന്റെ രക്ഷാകർതൃത്വദർശനമാണ്. എന്നാൽ നാടോടിസംഗീതത്തിന് ഈ രക്ഷാകർത്താക്കളുമായി ഒരു ബന്ധവുമില്ല. ശ്രുതിയല്ല അവരുടെ അമ്മ, ലയമല്ല അച്ഛനും. അതിനാൽത്തന്നെ അവ ശ്രുതിയെ അനുസരിച്ചില്ല എന്ന വാദം ബാലിശമാണ്.

ശ്രുതി അമ്മയും ലയം അച്ഛനുമായി പിറക്കുന്ന മകളാണ് സംഗീതം എന്ന നിർവചനം പൂർണമായും ക്ലാസ്സിക്കൽ സംഗീതത്തിന്റെ രക്ഷാകർതൃത്വദർശനമാണ്. എന്നാൽ നാടോടിസംഗീതത്തിന് ഈ രക്ഷാകർത്താക്കളുമായി ഒരു ബന്ധവുമില്ല. ശ്രുതിയല്ല അവരുടെ അമ്മ, ലയമല്ല അച്ഛനും. അതിനാൽത്തന്നെ അവ ശ്രുതിയെ അനുസരിച്ചില്ല എന്ന വാദം ബാലിശമാണ്.

ശ്രുതിയെ അനുസരിക്കാനുള്ള ബാധ്യത നാടോടിസംഗീതത്തിനില്ല. വിവിധ ഒക്ടേവുകളെ സന്ദർഭാനുസരണം നാടോടി സംഗീതം ഉപയോഗിക്കും. ശ്രുതിയോടു ചേർന്നും ശ്രുതിയോടിടഞ്ഞും എല്ലാം പലമട്ടിൽ പാട്ടുകൾ പിറക്കും. ശ്രുതിയെന്ന കാഴ്ചപ്പാട് നാടോടി സംഗീതത്തിന് അന്യമാണെന്നല്ല വിവക്ഷ, ശ്രുതിയുടെ രക്ഷാകർതൃത്വത്തിൽ നിന്ന് നാടോടി സംഗീതം അന്യമാണ് എന്നാണ്.

ശ്രുതിയുടെ ചരിത്രവും രാഷ്ട്രീയവും

സ്വരങ്ങൾക്കും ശ്രുതികൾക്കും ദീർഘമായ ചരിത്രമുണ്ട്. യഹൂദി മെനൂഹിൻ

യഹൂദി  മെനൂഹിൻ

യഹൂദി മെനൂഹിൻ

ചൈനയിലെ സംഗീതത്തിന് മൂവായിരം വർഷങ്ങൾക്ക് മുൻപുതന്നെ സ്വരപദ്ധതിയുണ്ടായിരുന്നു എന്നും ഇന്ന് പാശ്ചാത്യസംഗീതത്തിലുപയോഗിക്കുന്ന പന്ത്രണ്ട് സെമിടോണുകളും അവർ ഉപയോഗിച്ചിരുന്നു എന്നും നിരീക്ഷിക്കുന്നു. ഭാരതത്തിൽ ഭരതന്റെ നാട്യശാസ്ത്രകാലത്തോളം എങ്കിലും സംഗീതപദ്ധതിയുടെ ലിഖിതസാക്ഷ്യമുണ്ട്. അതിനു മുൻപുതന്നെ അവയിൽ പലതും രൂപപ്പെട്ടിരിക്കണം. പ്രാചീന ഗ്രീസിലും ക്രിസ്തുവിനു മുൻപുതന്നെ സംഗീതപദ്ധതിയുണ്ടായിരുന്നു. എന്നാൽ പന്ത്രണ്ട് സ്വരങ്ങളുടെ ശ്രുതിസ്ഥാനങ്ങൾ നിർണയിക്കുന്നതിൽ ഓരോ ദേശത്തിന്റെയും സംഗീതം വ്യത്യസ്തമായ മാനദണ്ഡങ്ങളാണ് സ്വീകരിച്ചത്.

പൊതുവേ നാദത്തിന്റെ ഉയർച്ചതാഴ്‌ചകളുടെ സ്ഥാനവ്യത്യാസത്തെയാണ് ശ്രുതി (Pitch) അടയാളപ്പെടുത്തുന്നത്. ഒരു നിശ്ചിതശ്രുതിയുള്ള നാദത്തെ ടോൺ എന്നുപറയാം. ടോൺ എന്ന വാക്ക് മറ്റ് അർഥങ്ങളിലും ഉപയോഗിക്കാറുണ്ട്. നിർവചിക്കപ്പെട്ട ശ്രുതികളാണ് സ്വരങ്ങൾ. പന്ത്രണ്ട് സ്വരങ്ങൾ നിർണയിച്ച് അവയുടെ പലതരം ചേർച്ചകളും വിടർച്ചകളും കണ്ടെത്തിയാണ് സ്വരാധിഷ്ഠിത സംഗീതം കൈകാര്യം ചെയ്യുന്നത്. ഈ സംവിധാനത്തിന്റെ പഴക്കം ദേശമനുസരിച്ച് വ്യത്യസ്തമാണെങ്കിലും സംഗീതപാരമ്പര്യമുള്ള ഏതുനാട്ടിലും നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം ഇവക്കുണ്ട്.

ആധുനികത ശൈലീകൃതസംഗീതത്തിൽ ചെയ്ത പ്രധാനമായ സങ്കേതപരിണാമം സ്കെയിലുകളുടെ പലതരം വ്യവസ്ഥകളായിരുന്നു. പശ്ചാത്യസംഗീതത്തിലെ മൈനർ സ്കെയിൽ, മേജർ സ്കെയിൽ, ക്രോമാറ്റിക് സ്കെയിൽ എന്നിവയിൽതന്നെ വിപ്ലവകരമായ പല പരിണാമങ്ങൾക്കും പാശ്ചാത്യ സംഗീതത്തിന്റെ ആധുനികഘട്ടം സാക്ഷ്യം വഹിച്ചു. പാശ്ചാത്യ ക്ലാസ്സിക്കൽ സംഗീതത്തിലെ ധിഷണാശാലിയായ സംഗീതജ്ഞനായ ആർണോൾഡ് ഷോൺബർഗ് ഈ ശൈലീകൃത വ്യവസ്ഥയിൽനിന്ന് മാറി സ്വരേതരവ്യവസ്ഥയിലേക്കും പിന്നീട് ദ്വാദശ സ്വരവ്യവസ്ഥയിലേക്കും സഞ്ചരിച്ചു.

അവ പാശ്ചാത്യ ക്ലാസ്സിക്കൽ സംഗീതത്തിന് മാത്രമല്ല ജനപ്രിയസംഗീതത്തിനും പുതിയ മാനംനൽകി. ജനപ്രിയമല്ല എന്ന രൂക്ഷവിമർശനം നേരിട്ട ഷോൺബർഗ് ആവിഷ്കരിച്ച സംസാരസംഗീതം (Sprechgesang) ആണ് പിന്നീട് റാപ് സംഗീതം പ്രയോജനപ്പെടുത്തിയത്.

  ആദിവാസികളുടെ ഗദ്ദിക കലാരൂപം

ആദിവാസികളുടെ ഗദ്ദിക കലാരൂപം

ഒരു ഗണിതപ്രശ്നംപോലെ സങ്കീർണമായ ഷോൺബർഗിന്റെ സ്വരവ്യവസ്ഥയെ സംഗീതത്തിന്റെ മറ്റുഘടകങ്ങളിലേക്ക് കൂടി പടർത്തിയെടുക്കാൻ പിയറി ബോലെയും സംഘവും ശ്രമിക്കുന്നുണ്ട്. ഫ്യൂച്ചറിസ്റ്റ് സംഗീതജ്ഞനായ ലൂയി റസ്സാലോ ‘ആർട്ട് ഓഫ് നോയ്സ് ' എന്ന ഓർക്കസ്ട്രയിലൂടെ ശ്രുതിയുടെ അടിസ്ഥാനമായ നാദത്തെ തന്നെ വെല്ലുവിളിക്കുകയും ഇരുപതാം നൂറ്റാണ്ടിന്റെ സംഗീതം നാദത്തിന്റെതല്ല, ഒച്ചയുടെതാണ് എന്നുപ്രഖ്യാപിക്കുകയും ചെയ്തു. ഇങ്ങനെ അനേകം ശ്രുതിപ്പടർച്ചകളിലും വിടർച്ചകളിലൂടെയുമാണ് ആധുനിക പാശ്ചാത്യസംഗീതം വളർന്നത്.

ഈ പരിണാമങ്ങളുടെ സാംസ്കാരികരാഷ്ട്രീയാപഗ്രഥനം സൂക്ഷ്മമായി നടത്തിയ ചിന്തകനാണ് തിയഡോർ അഡോർണോ. സംഗീതാവിഷ്കരണത്തിന്റെ അസ്ഥിവാരമായ സ്വരപദ്ധതിയുടെ മരണത്തെക്കുറിച്ചും സംഗീതത്തിന്റെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും അഡോർണോ ചിന്തിച്ചു. ജനപ്രിയസംഗീതവും അതിന്റെ  വിപണിയും പ്രവർത്തിക്കുന്നവിധം അഡോർണോ നിരന്തരമായി വിമർശിക്കുന്നുണ്ട്.

ലയാത്മകതയുടെ പ്രാചീനതത്വങ്ങളിൽ കുരുങ്ങി ചില വാർപ്പുമാതൃകകൾ നിർമിക്കുകയും അതുവഴി സാമാന്യവൽക്കരിക്കപ്പെടുകയും ചെയ്താണ് ജനപ്രിയസംഗീതം സഞ്ചരിക്കുന്നത് എന്നതായിരുന്നു അഡോർണോയുടെ പ്രധാന നിരീക്ഷണം. 'മിഥ്യാത്മകമായ ബൂർഷ്വാകലയിൽ നിന്ന് മോചിപ്പിക്കപ്പെടാതെ ക്ലാസ്സിക്കൽ സംഗീതത്തിന് ഭാവിയില്ല’ എന്ന അസന്ദിഗ്ധമായ പ്രഖ്യാപനം അഡോർണോ നടത്തി.

ഈ ഘട്ടത്തിലുടനീളം പൗരസ്ത്യസംഗീതം ആഴത്തിൽ ശ്രുതിയെ ആന്തരികവൽക്കരിക്കുന്ന പ്രക്രിയയിലാണേർപ്പെട്ടത് ചരിത്രപരമായ വൈരുധ്യമായി കാണാം. എന്നാൽ കോളനിരാജ്യങ്ങളിലെ ആധുനികതയിൽ അത് സ്വാഭാവികമായിരുന്നു. മൈക്ക് ഇല്ലാത്ത കാലത്ത് ദിവസങ്ങളോളം പാടിയിരുന്ന ദർബാർ ഗായകരുടെ അവ്യവസ്ഥിതമായ ശ്രുതിയിൽ നിന്ന്, ചേങ്ങിലയിലെ ഒറ്റയടിയിലെ നാദത്തിൽ നിന്ന് ശ്രുതിപിടിച്ചുപാടുന്ന പഴയ കഥകളിപ്പാട്ടുകാരിൽനിന്ന്  ഉച്ചഭാഷിണിയും ശ്രുതിപ്പെട്ടിയുമെല്ലാം ചേർന്ന് വലിയൊരു പരിണാമം വരുത്തി.

യേശുദാസ്

യേശുദാസ്

വിവിധ ഒക്ടേവുകളെ സ്ഥാനപ്പെടുത്തിയ ശ്രുതിപ്പെട്ടിയും തംബുരുശ്രുതിയിൽ മുഗ്ധമായി പാടാനാവുന്ന മൈക്കും ചേർന്ന് സംഗീതത്തെ കൂടുതൽ ശ്രുതിയിലേക്ക് അടുപ്പിച്ചു. കിഷോരി അമോങ്കറോ കെ വി നാരായണസ്വാമിയോ പാടുന്നത് കേൾക്കുക  ശ്രുതിയസൂയപ്പെടും ശ്രുതിയുടെ സുതാര്യസൗന്ദര്യം കേൾക്കാം. ഈ ശ്രുതി ബോധത്തിൽ നിന്നാണ് ആധുനികകാലം ഇന്ത്യൻ ചലച്ചിത്ര സംഗീതത്തെയും രൂപപ്പെടുത്തിയത്. സാങ്കേതികമായി കൂടുതൽ കൃത്യതയാർജിച്ച ശ്രുതി ക്രമേണ പ്രധാനമായിത്തീർന്നു.

മികച്ച ഗായകന്റെയും ഗായികയുടെയും നിർണയനമാനദണ്ഡം തന്നെ പിന്നെപ്പിന്നെ ശ്രുതിയുടെ കൃത്യതയായിത്തീർന്നു. മലയാളചലച്ചിത്ര സംഗീതം നിർമിച്ച ഏറ്റവും വലിയ സംഗീതവിഗ്രഹമായ യേശുദാസിന്റെ   ഗേയസവിശേഷത നോക്കുക  ഓരോ പാട്ടിന്റെയും സാംസ്കാരികമോ ഭാഷാപരമോ ഭാവുകത്വപരമോ ആയ ആഴത്തിലുള്ള അനുഭവത്തെ പ്രകാശിപ്പിക്കുന്നതിലല്ല യേശുദാസ് ഊന്നിയത്, അനായാസം മുകളിലേക്കും താഴേക്കും സഞ്ചരിക്കാനാവുന്ന ശ്രുതിവൈദഗ്ധ്യത്തിലാണ്. ബസോണി പറഞ്ഞ 'മേജർ  മൈനർ ദുർഭരണത്തിനു കീഴിൽ’ നമ്മുടെ സംഗീതവും തടവിലാക്കപ്പെട്ടതിന് പിന്നിൽ ഈ ഭാവുകത്വപരമായ കാരണങ്ങളുണ്ട്.

നാദം നാദബ്രഹ്മമാകുമ്പോൾ

മേൽപ്പറഞ്ഞ സ്വരശ്രുതിലയ വ്യവസ്ഥകളെല്ലാം വിവിധദേശങ്ങളിലെ ക്ലാസ്സിക്കൽ സംഗീതവുമായി ബന്ധപ്പെട്ട് നിർമിക്കപ്പെട്ടവയാണ്. ഇവയുടെ ഘടനയും വ്യക്തിത്വവും ഭൂമിശാസ്ത്രപരവും സാമൂഹികവുമായ പലമയിലാണ് നിലനിൽക്കുന്നത്. എന്നാൽ കേവലമായ സങ്കേതവൽക്കരണം ഈ സങ്കേതങ്ങളുടെ സ്ഥലത്തെയും കാലത്തെയും മറച്ചുപിടിക്കാനാണ് ശ്രമിച്ചത്. സ്ഥലവും കാലവും മായ്ച്ചുകളയുമ്പോൾ വംശവും ലിംഗവുമടക്കമുള്ള പലതരം വിവക്ഷകളും മാഞ്ഞുപോകും.

മുളയിൽ  തീർത്ത നാട്ടുസംഗീതോപകരണങ്ങൾ

മുളയിൽ തീർത്ത നാട്ടുസംഗീതോപകരണങ്ങൾ

സങ്കേതങ്ങളുടെ ഉത്ഭവം പ്രയോഗത്തിലാണെന്നും വ്യാകരണാധിഷ്ഠിതമായി കല പ്രയോഗിക്കപ്പെടുകയല്ല, മറിച്ച് സവിശേഷമായ സ്ഥലകാലങ്ങളിൽ കലാപ്രയോഗം നടത്തുന്ന പ്രയോക്താക്കളുടെ ആവിഷ്കരണത്തെ ചിട്ടപ്പെടുത്തി സങ്കേതവും വ്യാകരണവും നിർമിക്കപ്പെടുകയാണെന്നുമുള്ള സത്യം മറക്കപ്പെടുകയും കേവലമായ സങ്കേതശാഠ്യങ്ങളാണ് കല എന്നുവരികയും ചെയ്യുകയാണ് ഇതിന്റെ അനന്തരഫലം. നമ്മുടെ സംഗീതഭാവുകത്വത്തിൽ ഈ പ്രതിസന്ധി രൂക്ഷമാണെന്നു കാണാം. തീർച്ചയായും ഇന്ത്യൻ സാമൂഹികവ്യവസ്ഥയുടെ ദീർഘകാലാധികാരിയായ ജാതിവ്യവസ്ഥക്ക് ഇതിൽ പങ്കുണ്ട്.

ഗണിതശാസ്ത്രപരമായ നിർണയനങ്ങളോട് ബന്ധപ്പെട്ട നമ്മുടെ ക്ലാസ്സിക്കൽ കലാചിന്തകൾക്ക് ആത്മീയതയോട് വേർപിരിക്കാനാവാത്ത ബന്ധമുണ്ട് എന്നു മനസ്സിലാക്കാൻ പ്രയാസമില്ല. അതിനുമപ്പുറം സങ്കേതങ്ങളുടെ അധീശത്വത്തിന് ചാതുർവർണ്യവുമായിത്തന്നെ നേർക്കുനേർ ബന്ധമുണ്ട്. താളസമുദ്രമെന്ന പ്രാമാണികമായ ഗ്രന്ഥം നോക്കുക, ചതുരശ്രം, തിശ്രം, മിശ്രം, ഖണ്ഡം എന്നിങ്ങനെ താളസങ്കേത്തിലുള്ള പ്രധാനജാതികളെ പ്രസ്തുതഗ്രന്ഥം നാലുവർണവുമായി കൂട്ടിക്കെട്ടുന്നു. ചതുരശ്രം ബ്രാഹ്മണനും തിശ്രം ക്ഷത്രിയനും മിശ്രം വൈശ്യനും ഖണ്ഡം ശൂദ്രനുമാണത്രേ. ചതുരശ്രവും തിശ്രവുമാണ് അടിസ്ഥാനമെന്നും മറ്റുള്ളവ കലർപ്പുകളാണ് എന്നും കൂടി പറഞ്ഞുവെക്കുമ്പോൾ ചിത്രം പൂർത്തിയാവുന്നു.

ശുദ്ധം എന്ന വാക്ക് ശ്രുതിയിലേക്ക് ചേർന്നത് നിഷ്കളങ്കമായല്ല എന്നർഥം.

ശ്രുതികൃത്യത എന്നതിനുപകരമുപയോഗിക്കുന്ന ‘ശ്രുതിശുദ്ധി'യിലെ ശുദ്ധി ബ്രാഹ്മണിക്കൽ ഓഡറിന്റെ ശുദ്ധിസങ്കൽപ്പനത്തിലേക്കു തന്നെയാണ് വേരുകളാഴ്ത്തി നിൽക്കുന്നത്.

കാലവും ദേശവും മായ്ച്ച്‌ പലതരം സംഗീതങ്ങളെ ഒറ്റ കുടക്കീഴിൽ കൂട്ടിക്കെട്ടുന്നതിലെ അസംബന്ധം ആധുനികതാ വിമർശകരായ സംഗീതചിന്തകർ മുൻപേ പാശ്ചാത്യ ലോകത്ത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എഡ്വേഡ് സെയ്ദ് ഇക്കാര്യം വ്യക്തമാക്കുന്ന തന്റെ പ്രബന്ധത്തിൽ സാംസ്കാരിക സന്ദർഭങ്ങളിൽനിന്ന് അടർത്തിയെടുത്ത് ശൈലീവൽക്കരിക്കപ്പെട്ട സംഗീതം സാമാന്യവൽക്കരിക്കപ്പെട്ട ജനപ്രിയസംഗീതത്തിന്റെ തന്നെ അനുകൃതിയായി മാറുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതം സഞ്ചരിച്ചെത്തിയത് ഈ കെണിയിലാണ്.

നിരവധി സാംസ്കാരിക സന്ദർഭങ്ങളിൽനിന്നും അവയുടെ ബഹുലതയാർന്ന അനുഭവങ്ങളിൽനിന്നും കലാംശങ്ങളെ സ്വാംശീകരിച്ചുവളർന്ന ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതം അവയെ തങ്ങൾക്കാവശ്യമുള്ള അനുപാതത്തിൽ ക്രമീകരിച്ചും പരിഷ്കരിച്ചുമാണ് വികസിച്ചത്. പിന്നീട് എവിടെനിന്ന് ധാതുക്കൾ സ്വീകരിച്ചുവോ ആ സ്ഥലങ്ങൾ തന്നെ അപരമോ മലിനമോ ആയി കണക്കാക്കുന്ന ആഢ്യത്വം ക്ലാസ്സിക്കൽ സംഗീതത്തെ ബാധിച്ചിട്ടുണ്ട്. ആഴത്തിലുള്ള അനുഭവങ്ങളുടെ ധ്വനനശേഷി നഷ്ടപ്പെടുന്നതിലേക്കാണ് ഈ വരേണ്യബോധം ക്ലാസ്സിക്കൽ സംഗീതത്തെ നയിക്കുന്നത് എന്നുതീർച്ചയാണ്.

എന്നാൽ അത്ഭുതകരവും അതിലേറെ നിരാശാജനകവുമായ വസ്തുത, ക്ലാസ്സിക്കൽ സംഗീതത്തിലെ ശുദ്ധിവാദികളുടെ ഇതേ ശ്രുതിയിൽ സംസാരിക്കുന്ന മറ്റൊരു സംഘം ചലച്ചിത്രജനപ്രിയ സംഗീതജ്ഞർ കൂടി നമ്മുടെ നാട്ടിലുണ്ട് എന്നതാണ്.

കലാഭവൻ മണി

കലാഭവൻ മണി

ജന്മം ഉഴിഞ്ഞുവെക്കൽ, സംഗീതസപര്യ, ജലസാധകം, ശ്രുതിശുദ്ധി, വ്യാകരണഭക്തി എന്നിങ്ങനെ സകലതും ഒരേ ഭാഷ, ലയം, ശ്രുതി. അവർക്ക് ഇടക്കിടെ ഞെട്ടലുണ്ടാക്കിക്കൊണ്ട് ചിലർ അവരുടെ കളിക്കളത്തിലേക്ക് കടന്നുവരും. ചാലക്കുടിയുടെ നാടൻചന്തവുമായി കലാഭവൻ മണി, ജാസും ബ്ലൂസും റാപ്പും ശീലിച്ച എണ്ണക്കറുപ്പുമായി ജാസി ഗിഫ്റ്റ്, ഇപ്പോൾ നക്കുപ്പതിപ്പിരിവിലെ ഊരിൽ നിന്ന് നഞ്ചിയമ്മ.

സ്റ്റെഫിഗ്രാഫും ഷറപ്പോവക്കും മധ്യേ ഇരുട്ടിന്റെ ഇടിമിന്നലായി വന്ന സെറീന വില്യംസിനെപ്പോലെ, സ്വീഡിഷ് സ്വപ്നങ്ങൾക്കു കുറുകേ പാഞ്ഞ പെലെയെന്ന കറുത്ത മുത്തിനെപ്പോലെ അവർ നൽകുന്ന ഉൾക്കിടിലങ്ങൾ ശുദ്ധിവാദികളെ അസ്വസ്ഥരാക്കും. ആ അലോസരങ്ങൾ പോലുമില്ലെങ്കിൽ സംഗീതം കലയല്ല. കാരണം കല കലാപമാണ്  .

റഫറൻസ്:
Musical elaborations - Edward said
Music of man - Yehudi Menuhin
Introduction to the sociology of music - Theodor W Adorno
Outline of new aesthetics in music - Ferruccio Busoni

ഏകജീവിതാനശ്വരഗാനം  പ്രദീപൻ പാമ്പിരിക്കുന്ന്
നിറപ്പകിട്ടുള്ള നൃത്തസംഗീതം  ഡോ. മനോജ് കുറൂർ

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top