20 June Thursday
അടിയന്തരാവസ്ഥ അറബിക്കടലിൽ

ഇന്ത്യ മറക്കുമോ; ഇന്ദിരയ്‌ക്കെഴുതിയ മുദ്രാവാക്യം

സതീഷ്‌ ഗോപിUpdated: Tuesday Mar 12, 2019


അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പരക്കെ കമ്യൂണിസ‌്റ്റ‌് വേട്ട തുടങ്ങി. നേതാക്കൾ മിക്കവരും ഒളിവിൽ. പത്രങ്ങളിൽ ഇന്ദിരാ സ‌്തുതിയല്ലാതെ  വാർത്തകളില്ല. നാട്ടിൽ എന്ത‌് സംഭവിക്കുന്നുവെന്ന‌് അറിയില്ല. അന്തിനേരത്ത‌് വീട്ടിൽ തേരോട്ടം നടത്തുന്ന പൊലീസുകാരെ ഭയന്നു കഴിയുകയാണ‌്  പെണ്ണുങ്ങളും കുട്ടികളും. ചെറുപ്പക്കാരനായ എനിക്കും സ്ഥലത്തെ മറ്റു തൊഴിലാളി സഖാക്കൾക്കും എന്തെങ്കിലും പ്രതിഷേധം സംഘടിപ്പിക്കണമെന്ന വാശിയായി.

കണ്ണൂർ
‘അടിയന്തരാവസ്ഥ അറബിക്കടലിൽ; ഇന്ത്യ എന്നാൽ ഇന്ദിരയല്ല’ –- പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യ വാഴ‌്ചക്കെതിരെ അലയടിച്ചുയർന്ന ജനരോഷത്തിന്റെ പ്രതീകമായി ഒന്നര ദശകം മുമ്പുവരെ കരിവെള്ളൂരിന്റെ പാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ ചുമരിൽ ഈ മുദ്രാവാക്യം നിറഞ്ഞുനിന്നിരുന്നു.  ‘അടിയന്തരാവസ്ഥ അറബിക്കടലിൽ’ എന്ന‌് മലയാളത്തിലും  ‘ഇന്ത്യ ഈസ‌് നോട്ട‌് ഇന്ദിര’ എന്ന‌് ഇംഗ്ലീഷിലും. ഇന്ദിരാഗാന്ധി റോഡുമാർഗം കടന്നുപോകുമ്പോൾ അവർക്ക‌് കാണാൻ കുറിച്ചിട്ടതായിരുന്നു ഈ വാക്കുകൾ.

തലമുറകളുടെ മനസ്സിൽ ആവേശം ജ്വലിപ്പിച്ച ആ ചുണ്ണാമ്പക്ഷരങ്ങൾ ദേശീയപാതയ‌്ക്ക‌് വീതി കൂട്ടുന്നതിന്റെ ഭാഗമായി കെട്ടിടത്തിനൊപ്പം കാലം കവർന്നെങ്കിലും ആ ചുമരെഴുത്തിന‌് വിരൽ ചലിപ്പിച്ച വെള്ളച്ചാലിലെ നങ്ങാരത്ത‌് അബ്ദുൾ ഖാദറെന്ന ‘ബീഡി ഖാദർക്ക’യുടെ ഓർമകളിൽ  പ്രതിഷേധത്തിന്റെ ചൂടാറിയിട്ടില്ല.

‘‘അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ പരക്കെ കമ്യൂണിസ‌്റ്റ‌് വേട്ട തുടങ്ങി. നേതാക്കൾ മിക്കവരും ഒളിവിൽ. പത്രങ്ങളിൽ ഇന്ദിരാ സ‌്തുതിയല്ലാതെ  വാർത്തകളില്ല. നാട്ടിൽ എന്ത‌് സംഭവിക്കുന്നുവെന്ന‌് അറിയില്ല. അന്തിനേരത്ത‌് വീട്ടിൽ തേരോട്ടം നടത്തുന്ന പൊലീസുകാരെ ഭയന്നു കഴിയുകയാണ‌്  പെണ്ണുങ്ങളും കുട്ടികളും. ചെറുപ്പക്കാരനായ എനിക്കും സ്ഥലത്തെ മറ്റു തൊഴിലാളി സഖാക്കൾക്കും എന്തെങ്കിലും പ്രതിഷേധം സംഘടിപ്പിക്കണമെന്ന വാശിയായി’’.  സാമ്രാജ്യത്വത്തിന്റെയും ജന്മി നാടുവാഴിത്തത്തിന്റെയും തോക്കിൻമുനയോട‌് ജീവൻ നൽകി അടരാടിയ കരിവെള്ളൂരിന്റെ വീരഭൂമിയിൽ അക്ഷരങ്ങളിൽ പ്രതിഷേധത്തീ കൊളുത്തിയ കാലം ഓർത്തെടുക്കുകയാണ‌് ഖാദർക്ക.

അതിനിടെ, മംഗലാപുരത്ത‌് ട്രെയിനിറങ്ങി തിരുവനന്തപുരത്തേക്ക‌് ഇന്ദിരാഗാന്ധി റോഡ‌് മാർഗം പോകുന്നത‌് അറിയാനിടയായി. അവർ സഞ്ചരിക്കുന്ന റോഡിൽ അവർക്ക‌് കാണാൻ പാകത്തിലുള്ള പ്രതിഷേധ മുദ്രാവാക്യം എഴുതണമെന്ന‌് തീരുമാനിച്ചു. കരിവെള്ളൂരിൽ പ്രസംഗിച്ച ഇഎംഎസിന്റെ വാക്കുകളിൽനിന്നാണ‌് എഴുതിവയ‌്ക്കാനുള്ള മുദ്രാവാക്യം കിട്ടിയത‌്. ദേശീയപാതയുടെ കിഴക്കുവശത്ത് രണ്ട് നിലകളുള്ള കെട്ടിടമുണ്ടായിരുന്നു. പാർടി അനുഭാവികൂടിയായ  ശിവരാമ പൈയാണ‌് ഉടമ. അവിടെ സാധുബീഡിയുടെ കമ്പനി പ്രവർത്തിക്കുന്നുണ്ട‌്. ചുണ്ണാമ്പ‌് നീറ്റി അതിൽ ഖദർനീലം കലർത്തി ബക്കറ്റിലെടുത്ത‌് ഖാദർക്ക പഴകിയ കെട്ടിടത്തിൽ കയറി. ചകിരി ബ്രഷുകൊണ്ട‌ാണ‌് എഴുത്ത‌്. ബക്കറ്റ‌് പിടിച്ച‌് സഹായിക്കാൻ സുഹൃത്തായ അബ്ദുൾഖാദറുമുണ്ടായിരുന്നു. പഴക്കമുള്ള കെട്ടിടത്തിൽ പറ്റിപ്പിടിച്ച‌് ജനാലകൾക്കിടയിലുള്ള വിശാലമായ ഭാഗത്ത‌് വലിയ അക്ഷരങ്ങളിലാണ‌് ചുമരെഴുത്ത‌്. പഴയ ഇഎസ‌്എൽസിക്കാരനായ ഖാദർക്ക‌് പാർടി പ്രചാരണത്തിനായി ചുമരെഴുതിയിരുന്ന പരിചയവും തുണയായി. ചുമരെഴുതുന്ന വിവരം രഹസ്യമാക്കി വച്ചിരുന്നു; രഹസ്യപ്പൊലീസുകാർ അറിഞ്ഞാൽ ഇന്ദിര റൂട്ട‌് മാറ്റുമെന്ന ആശങ്കയിലായിരുന്നു അത‌്.

കരിവെള്ളൂരിലെ ബിന്ദു സ‌്റ്റുഡിയോയിലെ  ഭരതൻ കരിവെള്ളൂർ ഒപ്പിയെടുത്ത ചിത്രമാണ‌് ഇന്ന‌് ആ പോരാട്ടത്തെ കാലത്തോട‌് ബന്ധിപ്പിക്കുന്ന രേഖ. ദിനേശ‌് ബീഡിക്കമ്പനിയുടെ തുടക്കം മുതൽ അതിന്റെ പ്രൊമോട്ടറായിരുന്ന അബ്ദുൾ ഖാദർ പിന്നീട‌് കരിവെള്ളൂർ ആണൂർ ബ്രാഞ്ചിൽ ബീഡി തെറുപ്പുകാരനായി. കൊടക്കാട‌് ഒന്ന‌്, ആണൂർ കിഴക്ക‌്, വടക്കുമ്പാട‌് തുടങ്ങി വിവിധ ബ്രാഞ്ചുകളിൽ പാർടിയുടെ ബ്രാഞ്ച‌് സെക്രട്ടറിയായിരുന്നു. കമ്യൂണിസ‌്റ്റ‌് പാർടിയുടെ ഉന്നത മാനവിക ബോധം ജീവിതത്തിൽ പകർത്താനും അദ്ദേഹം തയ്യാറായി. എതിർപ്പുകൾ വകവയ‌്ക്കാതെ കരിവെള്ളൂർ മുണ്ടവളപ്പിൽ  കല്യാണിയെ ജീവിതസഖിയാക്കി.

1973-ൽ പയ്യന്നൂർ രജിസ്ട്രാറുടെ ഓഫീസിലായിരുന്നു വിവാഹം. മകൾ ഷൈനി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ നേഴ‌്സിങ്‌ അസിസ്റ്റന്റാണ‌്. മറ്റൊരു മകൾ രേഷ‌്മ വിവാഹശേഷം വടകരയിലാണ‌് താമസം. ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരെ തുറന്നെതിർക്കുന്ന 77കാരനായ ഖാദർക്കയുടെ വാക്കുകളിൽ ഇപ്പോഴുമുണ്ട‌് കനലക്ഷരങ്ങൾ വരച്ചിട്ട വിപ്ലവകാരിയുടെ തീക്ഷ‌്ണയൗവനം. അടുത്തിടെ തന്നെ സന്ദർശിച്ച സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും കിസാൻസഭ ജോയിന്റ‌് സെക്രട്ടറിയുമായ ഡോ. വിജു കൃഷ‌്ണനോടും ഖാദർക്കയ‌്ക്ക‌് പറയാനുണ്ടായിരുന്നത‌് പുതിയ സമരമുഖങ്ങൾ രാജ്യത്തിന‌് നൽകുന്ന പ്രതീക്ഷകളെക്കുറിച്ചുമാത്രമാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top