06 July Wednesday

ഹിക്കി ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ പിതാവ് -എന്‍ പി ചന്ദ്രശേഖരന്റെ പംക്തി രണ്ടാം ഭാഗം

എന്‍ പി ചന്ദ്രശേഖരൻUpdated: Saturday Jun 18, 2022

മിന്നല്‍മുരളി'യില്‍ ഒരു രംഗമുണ്ട്. കൊക്കയിലേയ്ക്കു വീഴാന്‍പോയ ബസ് ജയ്‌സണ്‍ വലിച്ചുകയറ്റുന്നു. ബ സില്‍നിന്നു വീണ പെണ്‍കുട്ടിയെ രക്ഷിക്കുന്നു. പിന്നെ, ബസില്‍ ചോക്കുകൊണ്ട് എഴുതുന്നു: 'മിന്നല്‍ മുരളി (ഒറിജിനല്‍)'. നേരത്തേ, ആദ്യവീരകൃത്യത്തിനുശേഷം ജയ്‌സണ്‍ കൃത്യസ്ഥലത്ത് മിന്നല്‍മുരളി എന്ന് എഴുതിവച്ചിരുന്നു.

പ്രതിനായകന്‍ ഷിബുവും അഹിതകൃത്യങ്ങള്‍ചെയ്‌തിട്ട് സ്ഥലത്ത് 'മിന്നല്‍മുരളി' എന്നെഴുതിവച്ചു. നാട്ടില്‍ രണ്ടു മിന്നല്‍മുരളിമാരുണ്ടെന്നും ഹിതകരമായ വീര്യകൃത്യങ്ങളാണ് യഥാര്‍ത്ഥ മിന്നല്‍മുരളി ചെയ്യുന്നതെന്നും ആ മിന്നല്‍മുരളി താനാണെന്നും തെളിയിക്കാനാണ് രണ്ടാംവീരകൃത്യം കഴിഞ്ഞ് മിന്നല്‍മുരളി (ഒറിജിനല്‍) എന്ന് ജയ്‌സണ്‍ എഴുതുന്നത്.

ചരിത്രത്തില്‍ പലപ്പോഴും കാണുന്ന ഒരു എതിരിടല്‍ സങ്കേതമാണ് മിന്നല്‍ മുരളിയിലെ നായകന്‍ നേരിട്ടത്. പ്രചാരവേലയില്‍ ഉപയോഗിക്കുന്ന അടവുകളില്‍ രണ്ടെണ്ണമെങ്കിലും പ്രതിനായകന്‍ ഒരുമിച്ചു പ്രയോഗിക്കുന്നു, മിന്നുന്ന സാമാന്യവത്കരണങ്ങള്‍ പ്രയോജനപ്പെടുത്തലും പകരംവയ്ക്കലും. ജനങ്ങളാകെ അംഗീകരിക്കുന്ന ചിഹ്നങ്ങളോ മൂല്യങ്ങളോ തട്ടിയെടുത്ത് പ്രയോഗിക്കലാണ് ആദ്യത്തേത്. എതിരാളിയുടെ ഗുണങ്ങള്‍ സ്വന്തമാക്കുകയും സ്വന്തം ദോഷങ്ങള്‍ എതിരാളിയിലേയ്ക്ക് ഏച്ചുകെട്ടുകയും ചെയ്യുന്നതാണ് രണ്ടാമത്തേത്. ദാസന്റെ കട കത്തിച്ച് അയാളെ കൊന്ന് കടച്ചുമരില്‍ മിന്നല്‍മുരളി എന്ന് എഴുതിവച്ചപ്പോള്‍ ഷിബു രണ്ട് അടവുകളും ഒരുമിച്ചു പ്രയോഗിക്കുകയായിരുന്നു. അതോടെ, ജയ്സണ്‍ പ്രശ്നത്തിലായി. ബാങ്ക് കൊള്ളയും ദാസന്റെ കൊലപാതകവും കട കൊള്ളിവയ്പും അയാളുടെ തലയിലായി. അതു ചെറുക്കാനാണ് അപകടത്തില്‍നിന്നു രക്ഷിച്ച ബ ില്‍ മിന്നല്‍മുരളി (ഒറിജിനല്‍) എന്ന് അയാള്‍ എഴുതിവച്ചത്. 'ഒറിജിനല്‍' ഇന്ത്യന്‍ പത്രപ്രവര്‍ത്തനചരിത്രത്തിലും ആ വാക്കിന്റെ ഉപയോഗമുണ്ട്!

ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താപത്രം ബംഗാള്‍ ഗസറ്റാണ്. ഹിക്കീസ് ബംഗാള്‍ ഗസറ്റ് എന്നാണ് മുഴുവന്‍ പേര്. ദി കല്‍ക്കത്ത ജനറല്‍ അഡ്വട്ടൈഫര്‍ എന്ന മറ്റൊരു പേരും അതിനുണ്ട്. രണ്ടും ചേര്‍ത്ത് 'ഹിക്കീസ് ബംഗാള്‍ ഗസറ്റ് ഓര്‍ ദി കല്‍ക്കത്ത ജനറല്‍ അഡ്വട്ടൈഫര്‍' എന്നായിരുന്നു പത്രം പേരായി അച്ചടിച്ചിരുന്നത്. പത്രത്തിനെതിരേ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആശീര്‍വാദത്തോടെ മറ്റൊരു പത്രം പുറത്തിറങ്ങി þ ഇന്ത്യാ ഗസറ്റ്. അപ്പോള്‍ സ്വന്തം പേരു തിരുത്തിയാണ് ബംഗാള്‍ ഗസറ്റ് അതിനെ നേരിട്ടത്. ഹിക്കീസ് ബംഗാള്‍ ഗസറ്റ്, ഓര്‍ ദി ഒറിജിനല്‍ കല്‍ക്കത്ത ജനറല്‍ അഡ്വട്ടൈഫര്‍ എന്ന പേരോടെയാണ് പിന്നീട് ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങിയത്.

ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെതന്നെ ആദ്യപത്രമാണ് ബംഗാള്‍ ഗസറ്റ്. 1780ല്‍ കല്‍ക്കത്തയില്‍നിന്നു പുറത്തിറങ്ങി. (കൊല്‍ക്കത്തയുടെ പഴയ പേരാണ് കല്‍ക്കത്ത. 2001ലാണ് കൊല്‍ക്കത്ത എന്ന പേരു വന്നത്. ആംഗലീകരിച്ച പേരുപേക്ഷിക്കുകയും ബംഗാളി ഉച്ചാരണത്തിലേയ്ക്കു പോവുകയും ചെയ്തുകൊണ്ടാണ് ബംഗാള്‍ തലസ്ഥാനത്തിന്റെ പേരുമാറ്റിയത്.)  ബംഗാള്‍ ഗസറ്റ് പുറത്തിറങ്ങുന്ന കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്നു കല്‍ക്കത്ത.  (പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം വരെ 200 കൊല്ലത്തോളം കല്‍ക്കത്തയ്ക്ക് ആ പദവിയുണ്ടായിരുന്നു.)
ബംഗാള്‍ ഗസറ്റ് ഇംഗ്ലീഷ് പത്രമായിരുന്നു. കൃത്യമായിപ്പറഞ്ഞാല്‍ ഒരു പ്രതിവാര വാര്‍ത്താപത്രിക ശനിയാഴ്ചകളില്‍ പുറത്തിറങ്ങി. 12 ഇഞ്ച് നീളവും എട്ടിഞ്ചു വീതിയുമുള്ള രണ്ടു താളുകള്‍. വില ഒരു രൂപ. ഇംഗ്ലണ്ടിലെ പത്രങ്ങളുടെ അന്നത്തെ നിരക്ക്. 400ല്‍ ഏറെ കോപ്പികള്‍ വിറ്റിരുന്നു എന്നാണ് കണക്ക്.

ഇന്ത്യയുടെ ആദ്യത്തെ പത്രം സ്വപ്നം കണ്ട വില്യം ബോള്‍ട്സ് നാടുകടത്തപ്പെട്ട് 12 വര്‍ഷം കഴിഞ്ഞപ്പോഴാണ് ബംഗാള്‍ ഗസറ്റ് ഉണ്ടായത്. ജെയിംസ് അഗസ്റ്റസ് ഹിക്കിയുടേതായിരുന്നു പത്രം.

ജെയിംസ് അഗസ്റ്റസ് ഹിക്കി

ജെയിംസ് അഗസ്റ്റസ് ഹിക്കി

അദ്ദേഹമായിരുന്നു പത്രത്തിന്റെ പ്രിന്ററും എഡിറ്ററും. 'ബഹുമാനപ്പെട്ട കമ്പനിയുടെ മുന്‍ പ്രിന്റര്‍' എന്നാണ് പത്രം തുടങ്ങുമ്പോള്‍ ഹിക്കി സ്വയം വിശേഷിപ്പിച്ചത്. കമ്പനി എന്നതുകൊണ്ട് ഉദ്ദേശിച്ചത് ഈസ്റ്റ് ഇന്ത്യാ കമ്പനിയെത്തന്നെ. പ്രഖ്യാപിതനിഷ്പക്ഷപത്രമായിരുന്നു ബംഗാള്‍ ഗസറ്റ്. പത്രത്തിന്റെ മുദ്രാവാക്യം സ്വയം സംസാരിക്കുന്നു:
'ഒരു രാഷ്ട്രീയവാണിജ്യ പ്രതിവാരപത്രം എല്ലാ കക്ഷികള്‍ക്കുമായി തുറന്നിട്ടത്, ആരാലും സ്വാധീനിക്കപ്പെടാത്തത്'.

പത്രത്തിന്റെ ഒന്നാം താളില്‍ പത്രപ്പേരിനുതാഴെത്തന്നെ ആ മുദ്രാവാക്യം അച്ചടിച്ചിരുന്നു. ആ പ്രതിജ്ഞാവാക്യത്തോടു നീതി പുലര്‍ത്തിയാണ്  പത്രം മുന്നോട്ടുപോയത്.
പക്ഷേ, അപ്പോഴേയ്ക്കും എതിരാളികള്‍ ഇന്ത്യാഗസറ്റ് തുടങ്ങി. അന്നത്തെ ഗവര്‍ണര്‍ ജനറല്‍ വാറന്‍ഹേസ്റ്റിംഗ്സിന്റെ ഭാര്യ മരിയന്‍ ഹേസ്റ്റിംഗ്സും ഇടനിലക്കാരന്‍ സൈമണ്‍ ഡിക്രൂസും ഹിക്കിയോടു കൈക്കൂലി ചോദിച്ചു. ഹിക്കി അതു കൊടുത്തില്ല. തുടര്‍ന്നാണ് ഡിക്രൂസ് മുന്‍കൈയെടുത്ത് ഇന്ത്യാഗസറ്റ് തുടങ്ങിയത്. കൈക്കൂലിക്കഥ ബംഗാള്‍ ഗസറ്റ് പ്രസിദ്ധീകരിച്ചു. പിന്നാലെ, കമ്പനി ഹിക്കിയുടെ പത്രത്തിനെതിരെ രംഗത്തുവന്നു. പത്രം തപാലില്‍ അയയ്ക്കുന്നതു തടഞ്ഞ് കമ്പനിയുടെ സുപ്രീം കൗണ്‍സില്‍ തീരുമാനമെടുത്തു. ഈ തീരുമാനമെടുത്ത ദിവസംതന്നെയാണ് ഇന്ത്യാ ഗസറ്റ് പുറത്തിറങ്ങിയതും þ 1780 നവംബര്‍ 18. അപ്പോഴാണ് തന്റെ പത്രത്തില്‍ ഒറിജിനല്‍ എന്ന വാക്ക് ഹിക്കി കൂട്ടിച്ചേര്‍ത്തത്.

ഹേസ്റ്റിംഗ്സിന്റെ തീരുമാനം സ്വതന്ത്രമായ ആശയപ്രകാശനത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു ഹിക്കിയുടെ പ്രതികരണം. ഹേസ്റ്റിംഗ്സിനെതിരെ അഴിമതിമുതല്‍ അമിതാധികാരപ്രയോഗംവരെ ഹിക്കി ആരോപിച്ചു. കല്‍ക്കത്തയിലെ സുപ്രീം കോടതി ചീഫ്ജസ്റ്റിസ് എലിജാ ഇംപെയും  പ്രൊട്ടസ്റ്റന്റ് മിഷന്‍ മേധാവി ജോണ്‍ സക്കറിയാസ് കീര്‍മാന്‍ഡറും ഹിക്കിയുടെ പത്രത്തിന്റെ വാര്‍ത്തകള്‍ക്കിരയായി. ഹേസ്റ്റിംഗ്സും കീര്‍മാന്‍ഡറും ഹിക്കിക്കെതിരേ അപകീര്‍ത്തിക്കേസ് കൊടുത്തു. സുപ്രീം കോടതി ഹിക്കി കുറ്റക്കാരനെന്നു വിധിച്ചു. അദ്ദേഹം ജയിലിലായി.

ജയിലില്‍ കിടന്നുകൊണ്ടും ഹിക്കി പത്രമിറക്കി. അഴിമതിയാരോപണ റിപ്പോര്‍ട്ടുകള്‍ പത്രത്തില്‍ തുടര്‍ന്നും വന്നു. ഹേസ്റ്റിംഗ്സ് അദ്ദേഹത്തിനെതിരെ വീണ്ടും കേസു കൊടുത്തു. ഒടുവില്‍ 1872 മാര്‍ച്ച് 30ന് പ്രസ് കണ്ടുകെട്ടി. പത്രം നിന്നു. അടുത്തയാഴ്ച പ്രസും അച്ചടിസാമഗ്രികളും ലേലത്തിനുവച്ചു. അതു ലേലത്തിലെടുത്തതോ സാക്ഷാല്‍ ഇന്ത്യാ ഗസറ്റുകാരും! ചരിത്രത്തിലെ വേദനാജനകമായ ഒരു കാഴ്ച.

ഹിക്കി തെറിപറച്ചില്‍കാരനായ വായാടിയാണ് എന്നാണ് ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ചത്. പത്രപ്രവര്‍ത്തകന്‍ എന്ന പേരിന് അദ്ദേഹം ഒട്ടും അര്‍ഹനല്ല എന്നും അവര്‍ ആരോപിച്ചു. പത്രപ്രവര്‍ത്തനത്തിനു വേണ്ട സിദ്ധികളുള്ള ആളാണ് ഹിക്കിയെന്ന് അധികാരികള്‍ കരുതിയിരുന്നില്ല. ഹേസ്റ്റിംഗ്സിന്റെ കടുത്ത എതിരാളിയായ സര്‍ ഫിലിപ്പ് ഫ്രാന്‍സിസാണ് പത്രത്തിലെ എഴുത്തുകാരന്‍ എന്നും കമ്പനിക്കാര്‍ പ്രചരിപ്പിച്ചു. എന്നാല്‍, ബ്രിട്ടീഷ് പ്രചാരണത്തിനു സമാന്തരമായി ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവായി ഹിക്കിയെ വാഴ്ത്തുന്ന പരാമര്‍ശങ്ങളും പല എഴുത്തുകാരും നടത്തിയിട്ടുണ്ട്. ഹിക്കിയുടെ അഭിഭാഷകന്‍ വില്യം ഹിക്കി എഴുതിയ മെമോയേഴ്സില്‍ ഹിക്കിയുടെ പോരാട്ടം പരാമര്‍ശിച്ചിട്ടുണ്ട്. (അഭിഭാഷകനായ ഹിക്കി പത്രാധിപര്‍ ഹിക്കിയുടെ ബന്ധുവല്ല. ജെയിംസ് അഗസ്റ്റസ് ഹിക്കി എന്ന പേരിലെ ഹിക്കി എന്ന വാക്കിലെ അക്ഷരങ്ങള്‍ ഒശരസ്യ എന്നാണ്.

വില്യം ഹിക്കിയുടെ കുടുംബപ്പേര് ഒശരസല്യ എന്നാണ്.) അതേസമയം, ഹിക്കിയുടെ പത്രങ്ങളുടെ മുഴുവന്‍ പ്രതികളും ചേര്‍ന്ന ശേഖരം എവിടെയുമില്ല. ഏതാനും കോപ്പികള്‍ പലയിടത്തായി അവശേഷിക്കുന്നു എന്നു മാത്രം. അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടെടുത്തിട്ടുമില്ല.
ഇതിന്റെയൊക്കെ ഫലമായി ചരിത്രപുസ്തകങ്ങളില്‍ ഒരു വാക്യത്തില്‍മുതല്‍ ഒരു ഖണ്ഡികയില്‍വരെയുള്ള പരാമര്‍ശമായിരുന്നു അടുത്ത കാലം വരെ ഹിക്കി. ചിലപ്പോള്‍ പ്രശ്നോത്തരിയിലെ, അല്ലെങ്കില്‍ പി എസ് സി പരീക്ഷകളിലെ ഒരു ചോദ്യവും. എന്നാല്‍, ഹിക്കിയെക്കുറിച്ച് ഏറെ ഗവേഷണം നടത്തി തയ്യാറാക്കിയ ഒരു പുസ്തകം 2018ല്‍ പുറത്തുവന്നു. ഹിക്കീസ് ബംഗാള്‍ ഗസറ്റ്: ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ഇന്ത്യാസ് ഫസ്റ്റ് ന്യൂസ് പേപ്പര്‍. ആന്‍ഡ്രൂ ഓട്ടിസ് ആണ് അത് എഴുതിയത്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ആദ്യകലാപമുയര്‍ത്തിയ ഒരു ചരിത്രപുരുഷനായി ഹിക്കി ഈ പുസ്തകത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു.

ഐറിഷുകാരനായിരുന്നു ഹിക്കി. 1740ല്‍ജനിച്ചു. ചെറുപ്പത്തില്‍ത്തന്നെ ലണ്ടനിലെത്തി. വില്യം ഫെയ്ഡന്‍ എന്ന ഒരു സ്കോട്ടിഷ് പ്രിന്ററുടെ സഹായിയായി. പിന്നീട് ആ ജോലി വിട്ട് വില്യം ഡേവി എന്ന ഇംഗ്ലീഷ് വക്കീലിന്റെ ഗുമസ്തനായി. പിന്നാലേ ശസ്ത്രക്രിയാവിദഗ്ധനാകാന്‍ പഠിച്ചു. 1772ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ചേര്‍ന്നു. ഒരു സര്‍ജന്റെ സഹായിയായി ഇന്ത്യയിലെത്തി. പിന്നീട് സര്‍ജനായി. ഒപ്പം കച്ചവടവും ചെയ്തു. 1776ല്‍ കച്ചവടം പൊട്ടി. കേടായ ചരക്കുകളുമായി അദ്ദേഹത്തിന്റെ കപ്പല്‍ കല്‍ക്കത്ത തുറമുഖത്ത് തിരിച്ചെത്തി. കടം തിരിച്ചടയ്ക്കാനാവാതെ ജയിലിലായി. ജയിലില്‍ക്കിടക്കുമ്പോള്‍ത്തന്നെ ഒരു പ്രസ് വാങ്ങുകയും അച്ചടി തുടങ്ങുകയും ചെയ്തു. 1780 ജനുവരി 29നാണ് ആ പ്ര ില്‍നിന്ന് പത്രം ഇറങ്ങിയത്. 1782 വരെ അദ്ദേഹം പത്രം നടത്തി.

ഹിക്കിയുടെ പത്രത്തിന്റെ ഒട്ടേറെ സവിശേഷതകള്‍ ശ്രദ്ധിക്കപ്പെടുന്നു. പാവങ്ങളായ ബ്രിട്ടീഷ് പട്ടാളക്കാരും ശിപായിമാര്‍ എന്ന് ഇംഗ്ലീഷുകാര്‍ വിളിച്ചിരുന്ന ഇന്ത്യന്‍ പട്ടാളക്കാരും എഴുതിയയച്ചതൊക്കെ ആ പത്രം വാര്‍ത്തയാക്കിയിരുന്നു. ശമ്പളമില്ലായ്മ മുതല്‍ അവരനുഭവിച്ച എല്ലാ അവശതകളും പത്രം അച്ചടിച്ചു. അതിനാല്‍ത്തന്നെ കല്‍ക്കത്തയില്‍ ഹിക്കിയുടെ പത്രം ഹരമായിരുന്നു. ഇംഗ്ലണ്ടിലും പത്രം ശ്രദ്ധിക്കപ്പെട്ടു.

കമ്പനിയോട് അടിസ്ഥാനസൗകര്യവികസനത്തിന് കൂടുതല്‍ പണം മുടക്കാന്‍ പത്രം നിര്‍ദ്ദേശിച്ചു. റോഡുണ്ടാക്കാനും ശുചീകരണത്തിനും കൂടുതല്‍ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടു. പാവങ്ങളുടെ അവകാശങ്ങള്‍ക്കായും നികുതിദായകര്‍ക്ക് പ്രാതിനിധ്യം വേണമെന്ന തത്ത്വത്തിനായും പത്രം വാദിച്ചു. യുദ്ധത്തിനും കോളനിവത്കരണത്തിനും എതിരുനിന്നു. അധിനിവേശതാല്പര്യങ്ങള്‍ മുന്‍നിര്‍ത്തിയ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ പത്രം നിരന്തരം വിമര്‍ശിച്ചു. കമ്പനി യുദ്ധങ്ങള്‍ നടത്തരുത് എന്ന നിലപാടെടുത്തു. അക്കാലത്ത്, ഇത് വളരെ വലിയ ഒരു രാഷ്ട്രീയനിലപാടുതന്നെയായിരുന്നു.
കമ്പനിയുടെ അപ്രീതിക്കും ആക്രമണത്തിനും ഇരയായപ്പോള്‍ വഴങ്ങാനോ കീഴടങ്ങാനോ ഹിക്കി തയ്യാറായില്ല. പകരം, പത്രസ്വാതന്ത്ര്യം എന്ന തത്ത്വമുയര്‍ത്തിപ്പിടിച്ച് പൊരുതാനാണ് തയ്യാറായത്. തനിക്കെതിരായ വിചാരണ തുടങ്ങും മുമ്പ് തന്റെ വായനക്കാരോട് ഹിക്കി അഭ്യര്‍ത്ഥിച്ചു, പത്രസ്വാതന്ത്ര്യത്തിനായി ഉണരാന്‍. അമിതാധികാരത്തിനു നേര്‍ക്കുനേര്‍നിന്നു പൊരുതാന്‍. അതായിരുന്നു ഹിക്കി.

രാജാ റാം മോഹന്‍ റോയ് പില്‍ക്കാലത്തു തുടങ്ങിയ ബംഗാളി പത്രത്തിന്റെ പേര് ബംഗാള്‍ ഗസറ്റ് എന്നായിരുന്നു þ ഹിക്കിക്ക് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം നല്കിയ ആദരവ്. അദ്ദേഹത്തിനായി ഉയര്‍ന്ന ആദ്യത്തെ സ്മാരകം. മിന്നല്‍മുരളിയുടെ കഥ പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. ബാങ്ക് കൊള്ളയും കൊലപാതകവും തലയില്‍വന്ന ജെയ്സണ്‍ പിന്നീട് ബിജിയോട് താനാണ് മിന്നല്‍മുരളിയെന്നും ബാങ്ക് കൊള്ളയും കൊലപാതകവും വ്യാജമിന്നല്‍മുരളിയുടേതാണെന്നും വെളിപ്പെടുത്തുന്നുണ്ട്. അപ്പോള്‍ ബിജി പറയുന്നുണ്ട് : 'ഇനി മിന്നല്‍മുരളി എന്ന പേരില്‍ ആര് എന്തു ചെയ്താലും അതു നിന്റെ തലയില്‍ വന്നു വീഴും.' ജെയ്സണ്‍ അതിനു പറയുന്ന ഒരു മറുപടിയുമുണ്ട്: ''ഈ കളിയൊക്കെ കളിക്കുന്നത് ഏതവനാണെന്ന് എനിക്കൊന്നറിയണം''. അങ്ങനെ, വ്യാജനെതിരെ ഒറിജിനല്‍ നടത്തുന്ന അതിജീവനയുദ്ധമാണ് മിന്നല്‍മുരളി. ഹിക്കിയുടെ തീരാത്ത കഥയും അങ്ങനെതന്നെയാണ്. ബ്രിട്ടീഷുകാര്‍ പ്രചരിപ്പിച്ച അപവാദങ്ങളോട് ഇന്നും പൊരുതുകയാണ് അദ്ദേഹത്തിന്റെ കഥ.

ഇന്ത്യാ ഗസറ്റ് ഇറങ്ങിയപ്പോള്‍ തന്റെ പത്രത്തോടൊപ്പം ഹിക്കി ചേര്‍ത്ത വാക്ക് ബ്ദഒറിജിനല്‍ നാനാര്‍ത്ഥങ്ങളുള്ളതാണ്. യഥാര്‍ത്ഥ ബംഗാള്‍ ഗസറ്റ് അല്ലെങ്കില്‍ കല്‍ക്കത്ത ജനറല്‍ അഡ്വട്ടൈസര്‍ തന്റേതാണ് എന്നതുമാത്രമല്ല അതിന്റെ അര്‍ത്ഥം. യഥാര്‍ത്ഥപത്രപ്രവര്‍ത്തനം താന്‍ നടത്തുന്നതാണ് എന്നതാണ്. ഭരണാധികാരികള്‍ക്കു സ്തുതിപാടുന്നതല്ല, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതാണ് യഥാര്‍ത്ഥപത്രം എന്നുമാണ്.  ഒന്നാമത്തെ പത്രം ഇറക്കിയതുകൊണ്ടുമാത്രമല്ല, യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചതുകൊണ്ടുകൂടിയാണ് ജെയിംസ് അഗസ്റ്റസ് ഹിക്കി ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെ പിതാവാകുന്നത്.

(ചിന്ത വാരികയിൽ നിന്ന്)
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top