10 July Friday

അണിയാം സ്വന്തം എൻ 95 ; ദക്ഷിണേന്ത്യയിലെ ആദ്യ എൻ 95 മാസ്ക്‌ നിർമാണം കേരളത്തിൽ

എം എസ‌് അശോകൻUpdated: Sunday Apr 26, 2020

കൊച്ചി
ദക്ഷിണേന്ത്യയിലെ ആദ്യത്തെയും രാജ്യത്തെ മൂന്നാമത്തെയും എൻ 95 മാസ്ക്‌ നിർമാണ കേന്ദ്രം സംസ്ഥാനത്തൊരുങ്ങുന്നു. എറണാകുളം കളമശേരിയിലെ മേക്കർ വില്ലേജിൽ സ്‌റ്റാർട്ടപ്‌ മിഷന്റെകൂടി സഹകരണത്തോടെ അന്താരാഷ്‌ട്ര ഗുണനിലവാരത്തിൽ എൻ 95 മാസ്കുകൾ വികസിപ്പിച്ചു കഴിഞ്ഞു. ഡിആർഡിഒ ലാബിന്റെ ഗുണനിലവാര അംഗീകാരംകൂടിയായാൽ കാക്കനാട്ടെ പ്രത്യേക സാമ്പത്തികമേഖലയിൽ പ്രവർത്തിക്കുന്ന എയ്‌റോഫിൽ ഫിൽറ്റേഴ്‌സ്‌ വാണിജ്യാടിസ്ഥാനത്തിൽ മാസ്‌കിന്റെ ഉൽപ്പാദനം തുടങ്ങും. അനുമതി ലഭിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ എൻ 95 മാസ്‌ക്‌ നിർമാണകേന്ദ്രമാകും കൊച്ചിയിലേത്‌.

കോവിഡ്‌ കാലത്ത്‌ നാം നേരിട്ട വലിയ പ്രശ്നങ്ങളിലൊന്ന്‌ എൻ 95 മാസ്കുകളുടെ ദൗർലഭ്യതയായിരുന്നു. അടച്ചിടൽ മൂലമുള്ള അസൗകര്യങ്ങൾക്കിടയിലാണ്‌ സ്‌റ്റാർട്ടപ്‌ മിഷനും മേക്കർ വില്ലേജും ചേർന്ന്‌ ശ്രമകരമായ ദൗത്യം ഏറ്റെടുത്തത്‌. മാസ്‌ക്‌ നിർമാണത്തിലെ പ്രധാന വെല്ലുവിളി അതിനാവശ്യമായ സവിശേഷ സാമഗ്രികളുടെ ദൗർലഭ്യംതന്നെയായിരുന്നു. ഈ സാഹചര്യത്തിലാണ് 20 വർഷത്തിലേറെയായി എയർ ഫിൽറ്റർ നിർമാണരംഗത്തുള്ള എയ്‌റോഫില്ലിനെ ആശ്രയിച്ചത്‌.

എയർ ഫിൽറ്റർ നിർമാണത്തിന്‌ അവർ ഉപയോഗിക്കുന്ന മെൽറ്റ്‌ബ്ലോൺ പോളിപ്രൊപ്പലിൻ എന്ന മെറ്റീരിയൽ ആവശ്യമായ ഭേദഗതികളോടെ  എൻ 95ന്റെ നിർമാണത്തിന്‌ ഉപയോഗിച്ചു. അങ്ങനെ തയ്യാറാക്കിയ മാസ്‌കുകൾ കോയമ്പത്തൂരിലെ സൗത്ത്‌ ഇന്ത്യ ടെക്‌സ്‌റ്റൈൽ റിസർച്ച്‌ അസോസിയേഷനി(സിട്ര)ലേക്കും മിഡാസ്‌ സേഫ്‌റ്റിയിലേക്കും പരിശോധനയ്‌ക്ക്‌ അയച്ചു. രോഗാണുക്കളെ തടയുന്നതിനും നശിപ്പിക്കുന്നതിനും മാസ്‌കിനുള്ള ശേഷിയും ധരിക്കുന്നവർക്ക്‌ അത്‌ നൽകുന്ന സുരക്ഷയും ഉൾപ്പെടെയാണ്‌ ഇവിടെ പരിശോധിച്ചത്‌. നാലുവീതം പരിശോധനകളിലും ആവശ്യമായതിലും ഉയർന്ന നിലവാരം പുലർത്തുന്നതായി സർട്ടിഫിക്കറ്റ്‌ ലഭിച്ചെന്ന്‌ സ്‌റ്റാർട്ടപ്‌ മിഷൻ സിഇഒ സജി‌ ഗോപിനാഥ്‌ പറഞ്ഞു.

ഗ്വാളിയോറിലെ ഡിആർഡിഒ ലാബിന്റെ സർട്ടിഫിക്കറ്റുകൂടി കിട്ടിയാൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം തുടങ്ങാനാകുമെന്ന്‌ എയ്‌റോഫിൽ മാനേജിങ് ഡയറക്‌ടർ പി സന്തോഷ്‌കുമാർ പറഞ്ഞു. വിദേശനിർമിത യന്ത്രസാമഗ്രികൾ ഇല്ലാത്തതിനാൽ തങ്ങളുടെ പക്കലുള്ള യന്ത്രങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തിയാണ്‌  ഉപയോഗിക്കുന്നത്‌. ഇതോടൊപ്പം മൂന്ന്‌ പാളികളുള്ള സർജിക്കൽ മാസ്‌കിന്റെ ഉൽപ്പാദനവും നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. നിലവിലെ വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ മാസ്‌ക്‌ വിൽക്കാനാകും. ദിവസം പതിനായിരം മാസ്‌ക്‌ നിർമിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. സംസ്ഥാനത്ത്‌ ഇപ്പോൾ പ്രതിദിനം 2000 മാസ്‌ക്‌ ആവശ്യമുള്ളതായാണ്‌ കണക്കെന്ന്‌ സ്‌റ്റാർട്ടപ്‌ മിഷൻ സിഇഒ സജി‌ ഗോപിനാഥ്‌ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top