മകൻ ഗുസ്തിക്കാരനാകണമെന്ന നാമമാത്ര കർഷകനായ അച്ഛൻ സുഘർ സിങ് യാദവിന്റെ ആഗ്രഹംപോലെ മുലായം റിങ്ങിൽ അതീവ താൽപര്യം കാട്ടിയിരുന്നു. ഒരുഘട്ടത്തിൽ ജില്ലാ ചാമ്പ്യനുമായി. മെയ്ൻപുരിയിലെ ഗുസ്തിവേദിയിലാണ് പിന്നീട് രാഷ്ട്രീയ ഗുരുവായ നത്തു സിങ്ങ് മുലായത്തെ ആദ്യം കണ്ടത്.
മല്ലയുദ്ധത്തെക്കാളും ശിഷ്യന് ഇണങ്ങുക രാഷ്ട്രീയ ഗോദയിലെ വേഷമാണെന്ന് നത്തുസിങ്ങ് ഉറപ്പിച്ചു. പ്രാദേശിക സോഷ്യലിസ്റ്റ് നേതാവായിരുന്ന അദ്ദേഹമാണ് മുലായത്തെ സജീവരാഷ്ട്രീയത്തിലേക്ക് കൈപിടിച്ചത്. 1967ൽ സോഷ്യലിസ്റ്റ് പാർടി ടിക്കറ്റിൽ ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി.
മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും നിലകൊണ്ട ഇന്ത്യൻ നേതാക്കളിൽ പ്രമുഖനായ മുലായം നിമ്നോന്നതങ്ങൾ സാന്നിധ്യമറിയിച്ച രാഷ്ട്രീയ ജീവിതത്തിൽ പലതരം തിരിച്ചടികൾക്കുശേഷവും വർധിത വീര്യത്തോടെ തിരിച്ചെത്തുന്നതിൽ കാണിച്ച ആത്മവീര്യം അനുകരണീയം. പ്രതീക്ഷയറ്റുവെന്നു തീർച്ചയാക്കിയ ഘട്ടങ്ങളിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നെണീറ്റു. അധികാര രാഷ്ട്രീയത്തിന്റെ പേരിൽ ചിലപ്പോഴെല്ലാം പഴികേട്ടെങ്കിലും ജനങ്ങളുടെ ഹൃദയഭാജനമായി. കുടുംബ വഴക്കും ഒരുവേള പ്രതിസന്ധിയുണ്ടാക്കി.
എന്നും വിദ്യാർഥി പ്രക്ഷോഭകന്റെ ചുറുചുറുക്കോടെ നിലകൊണ്ടു. രാം സിങ്ങും അൻഷുമൻ യാദവും ചേർന്നെഴുതിയ ‘മുലായം സിങ് എ പൊളിറ്റിക്കൽ ബയോഗ്രഫി’, ഫ്രാങ്ക് ഹുസൂർ രചിച്ച ‘ദി സോഷ്യലിസ്റ്റ്’ എന്നീ ഇംഗ്ലീഷ് ജീവചരിത്രങ്ങളും ഒട്ടേറെ ഹിന്ദി‐ഉറുദു ജീവചരിത്രങ്ങളും ഇറങ്ങിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..