ഉത്തരേന്ത്യൻ രാഷ്ട്രീയക്കാരിൽ പലരെപ്പോലെയും മുലായം ജനിച്ചത് പ്രഭുകുടുംബത്തിലല്ല. പൊടിയും കാറ്റും നിറഞ്ഞ കുഗ്രാമമായ സായിഫായിലെ പാവപ്പെട്ട കർഷക കുടുംബാംഗം. ദാരിദ്ര്യം നിത്യകാഴ്ചയും സമ്പന്നത മരീചികയുമായ ഗ്രാമം. ഗ്രാമീണരുടെ ദുരിതത്തിലായിരുന്നു ആ രാഷ്ട്രീയ ജീവിതം തുടങ്ങിയത്. കർഷകർക്ക് ആത്മാഭിമാനവും കരുത്തും പകരുന്ന പ്രവർത്തകനായി അദ്ദേഹം മാറി. ആ ചിട്ടയും ആത്മവിശ്വാസവും കണ്ട് മുൻപ്രധാനമന്ത്രി ചരൺസിങ് മുലായത്തെ കൊച്ചുനെപ്പോളിയൻ എന്ന് വിശേഷിപ്പിച്ചു.
വേണ്ട സമയത്ത് ശരിയായ തീരുമാനമെടുക്കുന്ന പട്ടാള ജനറലിനെപ്പോലെയായിരുന്നു അദ്ദേഹം. കൂട്ടാളികളെയും കൂടെനിൽക്കുന്നവരെയും അനുയായികളെയും തെരഞ്ഞെടുക്കുന്നതിലും സൂക്ഷ്മത പുലർത്തി. തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനു അനുയോജ്യമായ ടീമിനെ കൂടെനിർത്തി. വലിയ റാലികൾ സംഘടിപ്പിക്കുന്നതിൽ മുലായം സംഘാടനാപാടവം പ്രകടമാക്കി. വർഗീയ ഭ്രാന്തന്മാരെ നിലയ്ക്കുനിർത്തുന്നതിൽ ഇച്ഛാശക്തി തെളിയിച്ചു. മതനിരപേക്ഷ ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ എന്നും മാതൃക. അക്കാര്യത്തിൽ രാഷ്ട്രീയ വേഷത്തിലുള്ള കാവൽഭടനായി നിലകൊണ്ടു.
സാധാരണക്കാരന്റെ ഹൃദയം കവരാൻ മുലായത്തിന് പ്രത്യേക കഴിവുണ്ടായി. ഗ്രാമീണർ അദ്ദേഹത്തെ പുൽക്കുടിലിൽ പിറന്ന രാജകുമാരനായി കണ്ടു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനത്തെ ഓരോ ഗ്രാമത്തിന്റെയും പേരു പറയാനാവുന്ന ഓർമശക്തിയിൽ എതിരാളികൾ അന്ധാളിച്ചു. ഹെൻറിയുടെയും മാർക്സിന്റെയും ലോഹ്യയുടെയും സോഷ്യലിസ്റ്റ് സങ്കൽപങ്ങളെ ഗ്രാമീണ യാഥാർഥ്യവുമായി കൂട്ടിയിണക്കാനാണ് ശ്രമിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായിത്തീർന്നുള്ള ആ ഉയർച്ച അത്ഭുതകരം.
ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളായ മുസ്ലിങ്ങളുടെ ഹൃദയഭാജനമാകാനുമായി. 1990ൽ ബാബ്രി മസ്ജിദ് പൊളിക്കാനെത്തിയ ഹിന്ദു മതഭ്രാന്തർക്കെതിരെ നടപടിയെടുക്കുകവഴി മുസ്ലിങ്ങളുടെയാകെ ആരാധനാ പാത്രമായി. അടിയന്തരാവസ്ഥകാലത്ത് 19 മാസം ജയിലിൽ. ഇന്ദിരാഗാന്ധിക്കെതിരെ കലാപത്തിനു നേതൃത്വം നൽകാനിടയുണ്ടെ ന്ന പേരിലായിരുന്നു അറസ്റ്റും തടവും. മോചിതനായി നടത്തിയ പ്രവർത്തനം ബാലിയമുതൽ ബദർപൂർവരെ സോഷ്യലിസ്റ്റ് ആശയങ്ങളുടെ വിത്തു വിതക്കുന്നതിലേക്കു നയിച്ചു. മുലായത്തിന്റെ സമത്വം, സ്വാതന്ത്ര്യം, സൗഹാർദം എന്നീ മുദ്രാവാക്യത്തിനു പിന്നിൽ അണിനിരന്ന പാവപ്പെട്ട കർഷകർ ഭൂപ്രഭുക്കളുടെയും ഭരണകൂടത്തിന്റെയും ഭീകരതക്കുമുമ്പിൽ പ്രതിരോധസജ്ജരായി.
രാജീവ് ഗാന്ധി യുപിയിലെ സ്വന്തം പാർടി നേതാക്കളെക്കാൾ മുലായത്തെയായിരുന്നു വിശ്വാസത്തിലെടുത്തത്. 35‐ാം വയസോടെ പാവങ്ങളുടെ രാഷ്ട്രീയത്തിന്റെ പാലം പണിയുന്നതിൽ വിജയിച്ചു. ദാരിദ്ര്യം അനുഭവിക്കുന്നവർ, അവർ ഹിന്ദുക്കളിൽ ദളിതർ മുതൽ ബ്രാഹ്മണർ വരെ, മുസ്ലിങ്ങളിൽ ദിയോബന്ദികൾ മുതൽ ബറേൽവിവരെ അദ്ദേഹത്തിൽനിന്ന് ആശിർവാദവും പ്രചോദനവും സ്വീകരിച്ചു. സായിഫായി തൊഴിലാളികളുടെ സമൂഹമായിരുന്നു. അവിടെ ജനിച്ച കഥാപുരുഷൻ ലഖ്നോയുടെ അധിപനായപ്പോൾ പുരോഗതിയുടെ പാതയിൽ ഗ്രാമത്തെ തന്റെ സങ്കൽപ സോഷ്യലിസ്റ്റ് സമൂഹമായി ഭാവനചെയ്തു. എന്തെങ്കിലും തരത്തിലുള്ള പാരമ്പര്യസമ്പന്നത അദ്ദേഹത്തിന് അവകാശമില്ലായിരുന്നു. എന്നിട്ടും ഇംഗ്ലീഷും വ്യാകരണവും പഠിച്ചെടുത്ത് കോളേജ്് അധ്യാപകനായി. ഹിന്ദി പ്രോത്സാഹിപ്പിക്കാൻ ആവതെല്ലാംചെയ്തു. മാതൃഭാഷയിൽ ആത്മാഭിമാനമുള്ളവരാകാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ദേശീയ ഭാഷയ്ക്കായി ഇംഗ്ലീഷിനെ അവഗണിക്കുന്നുവെന്ന പരാതിയും അദ്ദേഹത്തിനെതിരെ ഉയർന്നു.
മുലായം രാഷ്ട്രീയം തന്നെ തിന്നുകയും കുടിക്കുകയും ഉറങ്ങുകയും ചെയ്തു എന്നാണ് കൂട്ടാളികൾ പറയുക. ആ ചിറകിനു കീഴിൽ വളർന്ന നിരവധി പ്രവർത്തകർ നിയമസഭയിലും പാർലമെന്റിലുമെത്തി. മുലായത്തിന്റെ ജീവചരിത്രം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കഥയാണ് എന്നപോലെ സോഷ്യലിസ്റ്റ് സ്വപ്നങ്ങളുടെ ഇതിഹാസവുമാണ്. അത് ഇന്ത്യൻ ജനതയെയെന്നപോലെ യൂറോപ്പിലെയും അമേരിക്കയിലെയും ആഫ്രിക്കയിലെയും നിരീക്ഷകരെയും പ്രചോദിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..