01 February Wednesday

കലഹിച്ചും ഒരുമിച്ചും അച്ഛനും മകനും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 11, 2022

മുലായം സിങ്ങും മകൻ  അഖിലേഷ് യാദവും തമ്മിലുള്ള അന്തഃഛിദ്രം മൂർഛിച്ചതോടെ 2016 ഒക്ടോബറിൽ യുപി രാഷ്ട്രീയം കലങ്ങിമറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വാതിൽക്കലെത്തിയ വേളയിലെ കൊട്ടാരകലാപം ദേശീയ രാഷ്ട്രീയത്തെയും ഉദ്വേഗഭരിതമാക്കി. അമർസിങ്, ശിവ്പാൽ യാദവ് തുടങ്ങിയവർ മുലായംപക്ഷത്തും അസംഖാൻ ഉൾപ്പെടെ  അഖിലേഷ് പക്ഷത്തും. പാർടിയുടെ ഭാഗമല്ലാത്ത അമർസിങ്ങിന്റെ അടുപ്പക്കാരായ നേതാക്കളെ അഖിലേഷ്‌ പുറത്താക്കി. ആരൊക്കെ മന്ത്രിസഭയിൽ വേണമെന്ന് തീരുമാനിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും വാദിച്ചു. പാർടിയിൽനിന്ന് ഏറെക്കാലം പുറത്തായശേഷം മടങ്ങിയെത്തിയ അമർസിങ്ങിനെയും ജയപ്രദയെയുംപോലുള്ള നേതാക്കളാണ് അച്ഛനും മകനും തമ്മിലുള്ള ബന്ധം വഷളാക്കിയതെന്നും ആരോപണം ഉയർന്നു. എന്നാൽ, അച്ഛനുമായി തർക്കമില്ലെന്നും ജീവിതകാലംമുഴുവൻ അദ്ദേഹത്തെ സേവിക്കുമെന്നും അഖിലേഷ് വ്യക്തമാക്കി.

മുലായത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ ശിവ്പാൽ യാദവിനെ മന്ത്രിസഭയിൽനിന്ന് അഖിലേഷ്  പുറത്താക്കിയതോടെ ഭിന്നത രൂക്ഷമായി. അതിനുമുമ്പ് 2016 സെപ്തംബർ 12ന് അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രിമാരായ ഗായത്രിപ്രസാദ് പ്രജാപതിയെയും  രാജ്കിഷോർസിങ്ങിനെയും  ഒഴിവാക്കിയിരുന്നു. തൊട്ടടുത്ത ദിവസം പാർടി അധ്യക്ഷസ്ഥാനത്തുനിന്ന് അഖിലേഷിനെ ഒഴിവാക്കി ശിവ്പാൽ യാദവിനെ നിയോഗിച്ചു. അതിന്റെ തിരിച്ചടിയായാണ് ശിവ്പാലിന്റെ പുറത്താക്കലിനെ മുലായം അനുകൂലികൾ കണ്ടത്.

കൊലക്കേസ് പ്രതി അമൻമണി ത്രിപാഠിയെ അഖിലേഷിന്റെ എതിർപ്പിനെ മറികടന്ന് സമാജ്വാദി പാർടി സ്ഥാനാർഥിയാക്കി. പാർടി മുഖ്യമന്ത്രിയെ എംഎൽഎമാർ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിക്കുമെന്ന് മുലായത്തിന്റെ പ്രസ്താവന കൂടി വന്നതോടെ വിടവ് അപരിഹാര്യമായി. എന്നാൽ നിയമസഭാ തെരുഞ്ഞെടുപ്പിലെ വൻ പരാജയം കലഹം നീട്ടിക്കൊണ്ടുപോകാൻ വയ്യാത്ത സാഹചര്യം സൃഷ്ടിച്ചു. ശിവപാൽ പുതിയ പാർടി  രൂപീകരിച്ചു പുറത്തുപോയി.  മുലായവും പോകുമെന്ന്‌ സംസാരമുണ്ടായെങ്കിലും ഇരുവരും ഒത്തുതീർപ്പിലെത്തി. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ മുലായത്തിന്റെ അസംഗഢിലാണ്‌ അഖിലേഷ്‌ മത്സരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top