14 August Sunday

നിങ്ങളുടെ മമ്മൂക്ക; എന്റെ ഇച്ചാക്ക

മോഹൻലാൽUpdated: Sunday Sep 5, 2021

സെപ്‌തംബർ 7  മമ്മൂട്ടിയുടെ പിറന്നാളാണ്‌. 70 വയസ്സിന്റെ  യൗവനമുള്ള, മുഖവുര വേണ്ടാത്ത നടൻ.  മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെയും സാഹോദര്യത്തെയും കുറിച്ച്‌  മോഹൻലാൽ

നടനായതിൽ ഏറ്റവും വലിയ ഭാഗ്യമെന്താണെന്ന്‌ ചോദിക്കുന്നവരോട് ഹൃദയത്തിൽ കൈവച്ച്‌ ഞാൻ പറയുന്നൊരു മറുപടിയുണ്ട്. മഹാന്മാരും മഹതികളുമായ കുറേയധികം പ്രതിഭകൾക്കൊപ്പം കലാജീവിതം പങ്കുവയ്‌ക്കാനായി, അവർക്കൊപ്പം ഇടപഴകാനും അവരിൽനിന്നു പലതും പഠിക്കാനും അവരുമായി സ്‌ക്രീനും അനുഭവങ്ങളും പങ്കിടാനുമായി. അതുതന്നെയാണ്‌ ഏറ്റവും വലിയ സൗഭാഗ്യം. മലയാളത്തിന്റെ മമ്മൂട്ടി, ആരാധകരുടെ മമ്മൂക്ക, ഞങ്ങളുടെ ഇച്ചാക്കയുടെ കാര്യത്തിലും എന്റെ ഏറ്റവും വലിയ സന്തോഷം അതുതന്നെയാണ്. പത്തുനാൽപ്പതുവർഷക്കാലം ഒരേ മേഖലയിൽ, പരസ്‌പരം സഹകരിച്ചും അടുത്തബന്ധം പുലർത്തിയും സഹോദരങ്ങളെപ്പോലെ ഒന്നിച്ചുകഴിയുക എന്നത് വിസ്മയമല്ലെങ്കിൽ പിന്നെന്താണ്?

സിനിമ എനിക്കു തന്ന വലിയ സൗഭാഗ്യങ്ങളിലൊന്നാണ് ഇച്ചാക്കയുമായുള്ള ആത്മബന്ധം. അദ്ദേഹമെനിക്ക്‌ മിത്രമോ ബന്ധുവോ അല്ല, എന്നെ വഴക്കുപറയാനും ഗുണദോഷിക്കാനും അധികാരവും അവകാശവും ഞാൻ പതിച്ചുകൊടുത്തിട്ടുള്ള എന്റെ ജ്യേഷ്‌ഠസഹോദരൻ തന്നെ. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിലുള്ള  ബന്ധവും അങ്ങനെയൊന്നാണ്. അദ്ദേഹത്തെ അനിയന്മാർ വിളിക്കുന്ന പേരാണ് ഞാനും വിളിക്കാറ്. അതെനിക്കുകൂടി അദ്ദേഹം അനുവദിച്ചുതന്നിട്ടുള്ള സ്വാതന്ത്ര്യവുമാണ്. അവസരം കിട്ടുമ്പോഴൊക്കെ ഞങ്ങൾ അന്യോന്യം വീടുകളിൽ പോകാറുണ്ട്. അടുത്തിടെ പോലും ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഉമ്മയെ കണ്ടിരുന്നു. അവർക്കൊക്കെ മോഹൻലാലും കുടുംബവും സ്വന്തം കുടുംബാംഗത്തെ പോലെതന്നെ. ഞങ്ങൾക്ക്‌ അങ്ങോട്ടുമതേ. മറ്റേതു ഭാഷയിലെ സിനിമാ താരങ്ങളും തമ്മിൽ ബന്ധുത്വത്തിലുപരി ഇത്തരമൊരു ആത്മബന്ധമുണ്ടാകുമോ? അറിയില്ല.

ഒപ്പംനിൽക്കുന്നവർ പ്രതിഭകൊണ്ട്‌ കരുത്തരാകുമ്പോഴേ അഭിനേതാക്കളടക്കമുള്ള കലാകാരന്മാർക്ക് സ്വന്തം പ്രതിഭയുടെ മാറ്റുരയ്‌ക്കാനും സ്വയം നവീകരിക്കാനും സാധിക്കൂ. ആ അർഥത്തിൽ, മോഹൻലാൽ എന്ന വാക്കും പേരും, മമ്മൂട്ടി എന്ന പേരുംകൂടി കൂട്ടിച്ചേർക്കുമ്പോഴേ പൂർത്തിയാകുന്നുള്ളൂവെന്ന്‌ തോന്നിയിട്ടുണ്ട്. തിരിച്ച്‌ മമ്മൂട്ടി എന്ന പേരിനൊപ്പം എന്റെ പേരും കൂട്ടിച്ചേർത്തു പറയുകയും എഴുതുകയും ചെയ്യുന്നതൊക്കെ ഈ സൗഭാഗ്യത്തിന്റെ അടരുകളായാണ് ഞാൻ കണക്കാക്കുന്നത്. നടന്മാരെന്ന നിലയ്‌ക്ക്‌ ഞങ്ങളിലൊരാളെപ്പറ്റി പറയുമ്പോൾ മറ്റേ ആളെപ്പറ്റിക്കൂടി പരാമർശിക്കപ്പെടുക എന്നത് അത്രയധികം പേർക്ക് ലഭ്യമാകുന്ന ഭാഗ്യമല്ലല്ലോ. അതൊക്കെ വലിയ സന്തോഷം തരുന്ന കാര്യംതന്നെയാണ്. ഇന്ത്യയിൽ മറ്റേതെങ്കിലും ഭാഷയിൽ, ഇത്രയധികം കാലം ഇത്രയധികം സിനിമകളിൽ ഒന്നിച്ചഭിനയിച്ച രണ്ടു താരങ്ങളുണ്ടായിട്ടുണ്ടോ എന്നും സംശയമുണ്ടെനിക്ക്. എന്റെ ഓർമയിൽ ഏതാണ്ട് അമ്പതിലധികം സിനിമയിലെങ്കിലും ഞങ്ങളൊന്നിച്ച്‌ അഭിനയിച്ചിട്ടുണ്ടാകും. 40 വർഷം, അമ്പതിലധികം സിനിമ എന്നൊക്കെ പറഞ്ഞാൽ ചെറിയ കാര്യമല്ലല്ലോ! ഗോപിച്ചേട്ടൻ, നെടുമുടി വേണുച്ചേട്ടൻ, ഇച്ചാക്ക... ഇവരിൽനിന്നെല്ലാം പങ്കിട്ടുകിട്ടിയ ജീവിതമുഹൂർത്തങ്ങൾ അഭിനയജീവിതത്തിലെ മഹാഭാഗ്യം തന്നെയാണെന്നു ഞാനറിയുന്നു.

ചെറിയ വേഷങ്ങളിൽ തുടങ്ങി, ഉപകഥാപാത്രങ്ങൾ ചെയ്‌ത്‌ വർഷങ്ങൾകൊണ്ട് നായകന്മാരായി മമ്മൂട്ടി–--മോഹൻലാൽ എന്ന നിലയിലേക്കു വളർന്ന് സ്വന്തം മികവുകൾ തിരിച്ചറിഞ്ഞ് സിനിമകൾ ചെയ്‌ത രണ്ട് അഭിനേതാക്കളാണ് ഞാനും ഇച്ചാക്കയും. ഒന്നിച്ചഭിനയിക്കുമ്പോഴും ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ ഹിറ്റുകളുണ്ടാക്കുമ്പോഴും ഞങ്ങൾക്ക് ഞങ്ങളുടേതായ സ്‌ക്രീൻ സ്‌പെയ്‌സ് കണ്ടെത്താൻ സാധിച്ചിരുന്നു. ഒന്നിൽനിന്നു വ്യത്യസ്‌തമായ ശൈലികളായിരുന്നെങ്കിലും ഞങ്ങൾക്ക്‌ രണ്ടാൾക്കും അഭിനയിക്കാനാവശ്യമായ അവസരങ്ങളുണ്ടായി എന്നതാണ് എടുത്തുപറയേണ്ട വസ്‌തുത. മലയാള സിനിമയ്‌ക്ക്‌ നന്ദി.

ഐ വി ശശിയുടെ അഹിംസ (1981)യിലാണെന്നു തോന്നുന്നു ഞങ്ങളാദ്യം ഒന്നിച്ചഭിനയിച്ചത്. രണ്ടുവർഷം കഴിഞ്ഞാണ് ഓർക്കുമ്പോൾ ഇപ്പോഴും വിസ്‌മയം തോന്നുന്ന ഒരു സംഭവം ഞങ്ങളിരുവരുടെയും അഭിനയജീവിതത്തിൽ സംഭവിച്ചത്. സമകാലികരായ രണ്ട്‌ അഭിനേതാക്കളുടെ ജീവിതത്തിൽ സാധാരണയായി സംഭവിക്കാനിടയില്ലാത്ത ഒന്ന്. ജിജോയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൂർണമായി ഇന്ത്യയിൽ ചിത്രീകരിച്ച മലയാളത്തിലെ ആദ്യത്തെ 70 എംഎം സ്റ്റീരിയോഫോണിക് ചിത്രമായ പടയോട്ടത്തിൽ ഞാൻ അവതരിപ്പിച്ച കണ്ണൻ എന്ന കഥാപാത്രത്തിന്റെ അച്ഛൻ കമ്മാരനായി വേഷമിട്ടത് ഇച്ചാക്കയായിരുന്നു!  അങ്ങനെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനായി ഞാൻ മാറി! ശേഷം കാഴ്ചയിൽ, എന്റെ കഥ, ഗുരുദക്ഷിണ, ഹിമവാഹിനി, വിസ, അക്കരെ, അങ്ങാടിക്കപ്പുറത്ത്, നേരം പുലരുമ്പോൾ, കാവേരി, പടയണി തുടങ്ങി  എം ടി സാറിന്റെ സ്‌ക്രിപ്റ്റിൽ ഐ വി ശശിയുടെയും ടി ദാമോദരൻ മാസ്റ്ററുടെയും മറ്റും എത്രയോ മൾട്ടിസ്റ്റാർ ചിത്രങ്ങളിൽ ഞങ്ങളൊന്നിച്ചു. അനുബന്ധം, ആൾക്കൂട്ടത്തിൽ തനിയേ, ഇടനിലങ്ങൾ, കരിമ്പിൻ പൂവിനക്കരെ, വാർത്ത, അതിരാത്രം, അടിമകൾ ഉടമകൾ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, പിൻനിലാവ്, അസ്‌ത്രം, കണ്ടുകണ്ടറിഞ്ഞു, ഇനിയെങ്കിലും, അടിയൊഴുക്കുകൾ, ചങ്ങാത്തം, ഒന്നാണു നമ്മൾ, ലക്ഷ്മണരേഖ, ഇതാ ഇന്നുമുതൽ, അറിയാത്ത വീഥികൾ, ആ ദിവസം, ചക്രവാളം ചുവന്നപ്പോൾ, അവിടത്തെ പോലിവിടെയും, കരിയിലക്കാറ്റുപോലെ... അങ്ങനെ എത്രയോ ചിത്രങ്ങൾ. ഇതിൽ ഇനിയെങ്കിലും,  നാണയം തുടങ്ങിയ ചിത്രങ്ങളിൽ ഞങ്ങൾ കൂടപ്പിറപ്പുകളായിട്ടാണ് അഭിനയിച്ചത്.

ഞങ്ങളൊന്നിച്ച് നിർമിച്ച ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിലും അദ്ദേഹം അതിഥി താരമായപ്പോൾ അദ്ദേഹത്തിന്റെ മനുഅങ്കിളിലും കടൽ കടന്നൊരു മാത്തുക്കുട്ടിയിലും ഞാനും അതിഥി താരമായി. എന്റെ ഒടിയൻ എന്ന സിനിമ തുടങ്ങുന്നതു പോലും ഇച്ചാക്കയുടെ ശബ്ദത്തിൽ കഥ അവതരിപ്പിച്ചുകൊണ്ടാണ്. നേരത്തെ ഇച്ചാക്കയുടെ കേരളവർമ പഴശ്ശിരാജ സിനിമ അവതരിപ്പിച്ചത് എന്റെ ശബ്ദത്തിലൂടെയുമായിരുന്നു. എത്രയെത്ര കൗതുകങ്ങൾ! ഞങ്ങളിരുവരും നിർമാണ പങ്കാളികളായ നാടോടിക്കാറ്റിൽ ഞാൻ നായകനായപ്പോൾ അതിൽ അതിഥിതാരം മാത്രമാകാൻ കാട്ടിയ മനസ്സ്‌ കറയറ്റ കലാകാരന്റേതാണ്, കരുതലുള്ള സഹോദരന്റേതും. കസീനോ ഫിലിംസിന്റെ പേരിൽ ഞാനും ഇച്ചാക്കയും ഐ വി ശശിയും സീമയും സെഞ്ച്വറി കൊച്ചുമോനും ചേർന്ന് നാടോടിക്കാറ്റ്, കരിമ്പിൻ പൂവിനക്കരെ, അടിയൊഴുക്കുകൾ തുടങ്ങിയ സിനിമകളും നിർമിച്ചു. ഇതിൽ നാടോടിക്കാറ്റിൽ അദ്ദേഹം നിർമാതാവ്‌ മാത്രമായിരുന്നെങ്കിൽ, അടിയൊഴുക്കുകളിലൂടെ അദ്ദേഹം ആ വർഷത്തെ മികച്ച നടനുള്ള സംസ്ഥാന ബഹുമതിയുംനേടി ഞങ്ങൾക്ക് അഭിമാനമായി!

കരിയറിന്റെ രണ്ടാം പാതിയിൽ ഇരുവർക്കും അവരവരുടേതായ തിരവ്യക്തിത്വം ലഭിച്ചു. തുടർച്ചയായ വിജയ ചിത്രങ്ങളുണ്ടായപ്പോൾ രണ്ടുപേരും ഒന്നിച്ചുവരുന്ന ചിത്രങ്ങളിൽ ഒരിടവേള സ്വാഭാവികമായി. ഈ ഇടവേളയെ ഞങ്ങൾ തമ്മിലുള്ള മത്സരമാക്കിത്തീർക്കാനുള്ള പ്രചാരണങ്ങൾക്കിടയിൽ തന്നെയാണ് 1990ൽ ഞാൻ നായകനായ നമ്പർ 20 മദ്രാസ് മെയിലിൽ ഇച്ചാക്ക മെഗാ സ്റ്റാർ മമ്മൂട്ടിയായിത്തന്നെ സാമാന്യം പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടത്. കൗതുകമെന്നുതന്നെ പറയണം, അതിന്‌ രണ്ടു വർഷംമുമ്പ് അദ്ദേഹം നായകനായ മനു അങ്കിളിൽ ഞാനും മോഹൻലാലായിത്തന്നെയാണ്‌ പ്രത്യക്ഷപ്പെട്ടത്. പിന്നീട് കടൽ കടന്നൊരു മാത്തുക്കുട്ടിയിലും ഞാൻ ഞാനായിത്തന്നെ പ്രത്യക്ഷപ്പെട്ടു.

1998ൽ തുല്യപ്രാധാന്യവും ഒരേ പേരുമുള്ള ടൈറ്റിൽ കഥാപാത്രങ്ങളെ ഞാനും ഇച്ചാക്കയും അവതരിപ്പിച്ച്  ഫാസിൽ സംവിധാനംചെയ്‌ത ഹരികൃഷ്‌ണൻസ് നിർമിക്കാനുള്ള ഭാഗ്യം എനിക്ക്‌ കൈവന്നത്‌ ഈശ്വരനിയോഗമായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിൽ തന്നെ അത്തരമൊരു സിനിമ അപൂർവമാകണം. തുല്യനിലയിലുള്ള രണ്ടു താരങ്ങൾക്ക് തുല്യമായ തിരയിടം നൽകി ഒപ്പത്തിനൊപ്പം നിർത്തി രണ്ട്‌ ക്ലൈമാക്‌സുകൾ അവതരിപ്പിച്ച സിനിമ. അതൊക്കെ ആവർത്തിക്കപ്പെടാനിടയില്ലാത്ത നിത്യവിസ്മയങ്ങൾ തന്നെ. പിന്നീട് ഞാൻകൂടി നിർമാണപങ്കാളിയായ നരസിംഹത്തിൽ (2000) എന്റെ ഇന്ദുചൂഡനെന്ന കഥാപാത്രത്തെ ഒരു നിർണായക വഴിത്തിരിവിൽ രക്ഷിക്കാനായി ഡൽഹിയിൽനിന്ന്‌ അവതരിക്കുന്ന ആത്മസുഹൃത്തായ വക്കീൽ നന്ദഗോപാൽ മാരാറായി  അതിഥിവേഷത്തിൽ എത്തിയത് എന്നോടുള്ള സഹോദര നിർവിശേഷമായ കരുതൽകൊണ്ടു മാത്രമാണെന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അതിനുശേഷം ട്വന്റി ട്വന്റിയിലും ഞങ്ങൾ ഒന്നിച്ചു. എന്റെ മകൻ അപ്പു (പ്രണവ്) നടനായി അരങ്ങേറുംമുമ്പേ ഞാൻ ഇച്ചാക്കയുടെ വീട്ടിലെത്തി അപ്പുവിനെക്കൊണ്ട് അനുഗ്രഹം തേടിയിരുന്നു. ജീവിതത്തിൽ സംവിധായകനെന്ന നിലയ്‌ക്ക്‌ ഞാൻ അരങ്ങേറ്റം കുറിക്കുന്ന ബറോസിന്റെ സ്വിച്ചോൺ ചെയ്യാനും ഇച്ചാക്കയല്ലാതെ മറ്റൊരാളെപ്പറ്റി ചിന്തിക്കാൻ എനിക്കു സാധിച്ചില്ല എന്നതുതന്നെ ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം തെളിയിക്കുന്നതാണ്.

എല്ലാവരിലും എന്തെങ്കിലുമൊക്കെ പഠിക്കാനുണ്ടാകുമെന്ന്‌ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ, ഇച്ചാക്കയിൽനിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. അഭിനയജീവിതത്തിന്റെ ആദ്യകാലങ്ങളിൽ പലപ്പോഴും വസ്‌ത്രത്തിന്റെ കാര്യത്തിൽ, ശരീരം സൂക്ഷിക്കുന്ന കാര്യത്തിൽ... ഒക്കെ ജ്യേഷ്‌ഠനിർവിശേഷം എന്നെ ഗുണദോഷിക്കുമായിരുന്നു ഇച്ചാക്ക. അഭിനേതാവെന്ന നിലയ്‌ക്ക്‌ സ്വന്തം ശരീരം കാത്തുസൂക്ഷിക്കാൻ അദ്ദേഹമെടുക്കുന്ന നിഷ്‌കർഷ, ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കം, കഥാപാത്രമാകാൻ എടുക്കുന്ന വേദനാജനകമായ ആത്മസമർപ്പണം...ഇതൊക്കെ എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്. പലർക്കും അദ്ദേഹത്തിന്റെ കാർക്കശ്യത്തോട് ഒത്തുപോകാൻ സാധിക്കാത്തതായി കേൾക്കാറുണ്ട്. എന്നാൽ, എനിക്കങ്ങനെയേ അല്ല. നമ്മുടെ രീതിക്ക് അദ്ദേഹത്തെ കരുതാതിരുന്നാൽ മാത്രം മതി. ഇച്ചാക്കയെ ഇച്ചാക്കയായി അദ്ദേഹത്തിന്റെ ശൈലിയിൽ മനസ്സിലാക്കിയാൽ മതി. വളരെ രസകരമായ ആത്മബന്ധമായി അതുമാറും. അദ്ദേഹത്തിന്റെ കാഴ്‌ചപ്പാടിലെ മറ്റൊരു ലോകത്തെ അത്‌ നമുക്കു വെളിപ്പെടുത്തി തരും. ടെക്‌നോളജിയെപ്പറ്റി ലോകത്തു നടക്കുന്ന അത്തരം വിപ്ലവങ്ങളെപ്പറ്റിയൊക്കെ അപ് ടു ഡേറ്റായ ഇച്ചാക്കയെച്ചൊല്ലി ബഹുമാനം തോന്നിയിട്ടുണ്ട് പലപ്പോഴും.

സ്വന്തം ജ്യേഷ്‌ഠന്റെ പിറന്നാളെന്നേ ഇച്ചാക്കയുടെ പിറന്നാളിനെപ്പറ്റി ചിന്തിക്കുമ്പോൾ തോന്നുന്നുള്ളൂ. ഇത്രയുംനാൾ നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നിരാശയിലും പ്രത്യാശയിലുമൊക്കെ കരുതലോടെ ഒപ്പമുണ്ടായിരുന്ന ഒരാൾ. ഇനിയും എത്രയോ കാലം ഒപ്പമുണ്ടാകുമല്ലോ എന്ന ഉറച്ചവിശ്വാസവും ഉത്തമബോധ്യവും. അതൊരു അത്താണിയാണ്. നമ്മുടെ മമ്മൂട്ടി, നിങ്ങളുടെ മമ്മൂക്ക, എന്റെ ഇച്ചാക്ക എനിക്ക് അത്തരമൊരു വികാരമാണ്. അദ്ദേഹത്തിന് ജഗദീശ്വരൻ ആയുരാരോഗ്യസൗഖ്യം സമ്മാനിക്കട്ടെയെന്നും ഇനിയും അർഥവത്തായ കഥാപാത്രങ്ങളെ സമ്മാനിക്കട്ടെയെന്നും ഇനിയും അദ്ദേഹവുമൊത്ത് എനിക്കഭിനയിക്കാൻ അവസരമുണ്ടാകട്ടെയെന്നും മാത്രമാണ് ഈ അവസരത്തിൽ പ്രാർഥിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top