05 July Sunday

പരാജയം മണത്ത്‌ ബിജെപി , ലക്ഷ്യം നൂറിലേറെ പരിപാടി. ചെറുതായാലും വിളിച്ചോ, വരാമെന്നാണ്‌ മോഡിയുടെ നിലപാട്‌

വി ജയിൻUpdated: Sunday Feb 10, 2019

തിരുവനന്തപുരം
അനുദിനം പടരുന്ന പരാജയഭീതിയും ആശങ്കയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നാടുനീളെ ഓടിക്കുന്നു. ഒട്ടും അനിവാര്യമല്ലാത്ത പരിപാടികളിലും പങ്കെടുത്ത‌് ഉദ‌്ഘാടനങ്ങളും ശിലാസ്ഥാപനങ്ങളും പൊടിപൊടിക്കുന്നു. പക്ഷേ, ജനക്കൂട്ടത്തെ ആകർഷിക്കാൻ മാത്രം കഴിയുന്നുമില്ല. തന്റെ പരാജയങ്ങൾ മൂടിവയ‌്ക്കാനോ പുതിയ കാര്യങ്ങൾ അവതരിപ്പിക്കാനോ മോഡിക്ക‌് സാധിക്കുന്നില്ല.

2014ൽ പ്രധാനമന്ത്രിയായശേഷം 2018 ഡിസംബർവരെ ഔദ്യോഗിക പരിപാടികളും രാഷ‌്ട്രീയ പൊതുയോഗങ്ങളുമടക്കം ആയിരം ഇടങ്ങളിൽ നരേന്ദ്ര മോഡി പ്രസംഗിച്ചെന്നാണ‌് ബിജെപി അവകാശപ്പെടുന്നത‌്. 2019 ജനുവരി മുതൽ മെയ‌് ആദ്യവാരംവരെ നൂറിലേറെ ബിജെപി യോഗങ്ങളിൽ സംസാരിക്കാനാണ‌് പ്രധാനമന്ത്രി നിശ്ചയിച്ചിരിക്കുന്നത‌്. ജനുവരി മൂന്നിന‌് പഞ്ചാബിലെ ഗുർദാസ‌്പൂരിൽനിന്ന‌് ഈ രാഷ‌്ട്രീയ പ്രചാരണയാത്ര തുടങ്ങി. 20 സംസ്ഥാനങ്ങളിലാണ‌് പ്രധാനമന്ത്രി പ്രചാരണപരിപാടികൾക്കായി കേന്ദ്രീകരിക്കുന്നത‌്. ബിജെപിക്ക‌് ഭരണമില്ലാത്ത സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ‌് പരിപാടികൾ അധികവും.

വെള്ളിയാഴ‌്ച പശ്ചിമബംഗാളിലെ ജൽപായ‌്ഗുഡിയിൽ പ്രധാനമന്ത്രി പോയത‌് ദേശീയപാതയുടെ ഭാഗമായ 45 കിലോമീറ്റർ റോഡിന്റെ നിർമാണോദ‌്ഘാടനത്തിനാണ‌്. ജനുവരി 15ന‌്  കൊല്ലം ബൈപാസ‌് ഉദ‌്ഘാടനം ചെയ്യാൻ വന്നതും ഇതേ മാനദണ്ഡം വച്ചാണ‌്. ചെറുതോ വലുതോ ഏതുമാകട്ടെ, താൻ തന്നെ ഉദ‌്ഘാടനം ചെയ‌്തേക്കാമെന്നാണ‌് മോഡിയുടെ നിലപാട‌്. ഒപ്പം ഒരു പാർടി പൊതുയോഗവും.

പശ്ചിമബംഗാളിൽ കഴിഞ്ഞ രണ്ടാഴ‌്ചയ‌്ക്കിടെ മൂന്നിടത്ത‌് പ്രധാനമന്ത്രി പ്രസംഗിച്ചു. തൃണമൂൽ കോൺഗ്രസും ഇടതുമുന്നണിയും നടത്തിയ ബ്രിഗേഡ‌് റാലികൾക്ക‌് പകരമായി അതേ സ്ഥലത്ത‌് റാലി നടത്താൻ ബിജെപി തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രിയെ കൊണ്ടുവരാനും ആലോചിച്ചു. ബ്രിഗേഡ‌് പരേഡ‌് മൈതാനിയിൽ ആളെ നിറയ‌്ക്കാൻ കഴിയില്ലെന്ന‌് ബോധ്യപ്പെട്ട‌് റാലി ദുർഗാപൂരിലേക്ക‌് മാറ്റി. അവിടെ പ്രധാനമന്ത്രി പങ്കെടുത്തു. വെള്ളിയാഴ‌്ച ജൽപായ‌്ഗുഡിയിലും പങ്കെടുത്തു.

ഞായറാഴ‌്ച ആന്ധ്രപ്രദേശ‌്, തമിഴ‌്നാട‌്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിരവധി പരിപാടികളിലാണ‌്  പങ്കെടുക്കുന്നത‌്. ഗുണ്ടൂർ, വിശാഖപട്ടണം, കൃഷ‌്ണപട്ടണം എന്നിവിടങ്ങളിലാണ‌് ആന്ധ്രപ്രദേശിലെ പരിപാടികൾ. തമിഴ‌്നാട്ടിലെ തിരുപ്പൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന‌് വീഡിയോ കോൺഫറൻസിങിലൂടെ ചെന്നൈ മെട്രോയുടെ പുതിയ ഘട്ടമടക്കമുള്ള പദ്ധതികൾ ഉദ‌്ഘാടനം ചെയ്യും. തിരുപ്പൂരിൽ പൊതുയോഗത്തിലും പങ്കെടുക്കും. അവിടെനിന്ന‌് കർണാടകയിലെ ഹുബ്ബള്ളിയിലേക്ക‌് പോകും.  ധാർവാഡ‌് ഐഐടിയുടെ ശിലാസ്ഥാപനമടക്കമുള്ള നിരവധി പരിപാടികളാണ‌് അവിടെ.

കേരളത്തിൽ കൊല്ലത്തും തൃശൂരും രാഷ‌്ട്രീയ പൊതുയോഗങ്ങളിൽ പങ്കെടുത്ത മോഡി  തെരഞ്ഞെടുപ്പ‌് റാലികൾക്കായി ഇനിയുമെത്തും. റഫേൽ ഇടപാടിലെ അഴിമതിയും നോട്ടു നിരോധനവും ജിഎസ‌്ടിയും അടക്കമുള്ള ജനദ്രോഹ നടപടികളും മോഡിയുടെയും അമിത‌്  ഷായുടെയും രാഷ‌്ട്രീയ ഗ്രാഫ‌് താഴേക്കെത്തിച്ചിട്ടുണ്ട‌്. മങ്ങലേറ്റ‌ു നിൽക്കുന്ന കേന്ദ്ര ഭരണത്തിനും ബിജെപിക്കും ഊർജം പകരാനാകുമോ എന്ന പരീക്ഷണമാണ‌് മോഡിയും അമിത‌് ഷായും നടത്തുന്നത‌്. എന്നാൽ, ജനങ്ങളുടെ പ്രതികരണം എവിടെയും ആശാവഹമല്ല.


പ്രധാന വാർത്തകൾ
 Top