12 July Sunday

ദുരിതം കാണാതെ ‘ആത്മനിർഭർ പാക്കേജ്‌’

വെബ് ഡെസ്‌ക്‌Updated: Thursday May 14, 2020


ന്യൂഡൽഹി
വിപണിയിൽ അത്‌ഭുതം പ്രതീക്ഷിച്ച്‌ നടത്തുന്ന കണക്കിലെ കളി മാത്രമാണ്‌ മോഡിസർക്കാരിന്റെ ആത്മനിർഭർ ഭാരത്‌ പാക്കേജ്‌ പ്രഖ്യാപനം. കോവിഡും അടച്ചുപൂട്ടലും ബാധിച്ച ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടിയില്ല. കോവിഡിനെതിരെ പൊരുതുന്ന സംസ്ഥാനസർക്കാരുകളുടെ പ്രയാസങ്ങളും കേന്ദ്രം കണ്ടില്ലെന്ന്‌ നടിക്കുന്നു. വിപണിയെ ഉണർത്താൻ വെമ്പൽകൊള്ളുന്ന സർക്കാർ ജനങ്ങളുടെ വാങ്ങൽശേഷി  ഉയർത്താൻ ഒന്നുംചെയ്യുന്നില്ല.

സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നേരിടുന്ന തകർച്ച ധനമന്ത്രി നിർമല സീതാരാമൻ അംഗീകരിക്കുന്നു. ഈ മേഖലയിലെ തകർച്ച നോട്ടുനിരോധനകാലത്ത്‌ തുടങ്ങിയതാണ്‌. തകർച്ചയ്‌ക്ക്‌ ജിഎസ്‌ടി ഗതിവേഗം കൂട്ടി. പിടിച്ചുനിന്ന ചെറുകിട വ്യവസായങ്ങൾകൂടി തകർന്നടിയാൻ കോവിഡ്‌ അടച്ചുപൂട്ടൽ കാരണമായി. ചെറുകിട വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന്‌ ഏറ്റവും ആവശ്യം ഇവയുടെ ഉൽപ്പന്നങ്ങൾക്ക്‌ മെച്ചപ്പെട്ട വിപണിയാണ്‌. രാജ്യത്ത്‌ അധ്വാനിച്ച്‌ ജീവിക്കുന്നവരിൽ ബഹുഭൂരിപക്ഷത്തിന്റെയും വരുമാനത്തിൽ ഇടിവ്‌ വന്ന‌ത്‌ വിപണിയെ കൂടുതൽ തളർത്തും. സ്ഥിരം തൊഴിൽ എന്ന ആശയം തകർക്കുന്നതാണ്‌ കേന്ദ്രത്തിന്റെയും മിക്ക സംസ്ഥാനസർക്കാരുകളുടെയും നടപടികൾ. ഇത്തരം നയങ്ങൾ ആഭ്യന്തര വാങ്ങൽശേഷിയെ കൂടുതൽ ദുർബലമാക്കും.

എഫ്‌സിഐ ഗോഡൗണുകളിൽ 7.2 കോടി ടൺ ഭക്ഷ്യധാന്യം കെട്ടിക്കിടക്കുന്നു. സർക്കാർ പ്രഖ്യാപിച്ച അഞ്ച്‌ കിലോഗ്രാം ഭക്ഷ്യധാന്യം 30 കോടിയോളം ദരിദ്രർക്ക്‌ ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ പദ്ധതിക്ക്‌ പുറത്ത്‌ 10 കോടി ദരിദ്രരുണ്ട്‌. നികുതിവരുമാനം ഏതാണ്ട്‌ നിലയ്‌ക്കുകയും അധികചെലവുകൾ നേരിടുകയും ചെയ്യുന്ന സംസ്ഥാനങ്ങളെ കേന്ദ്രം വീർപ്പുമുട്ടിക്കുകയാണ്‌. അർഹമായ ജിഎസ്‌ടി  നഷ്ടപരിഹാരകുടിശ്ശിക പോലും തടഞ്ഞുവച്ചിരിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top