14 April Wednesday

മിഠായിത്തെരുവ്.....ഒരു തെരുവിന്റെ കഥ

വി കെ സുധീർകുമാർUpdated: Tuesday May 15, 2018


കോഴിക്കോട് >
 ലോകത്ത് ചില തെരുവുകളുണ്ട്. അവ കച്ചവട കേന്ദ്രങ്ങൾ മാത്രമല്ല, സാംസ്കാരിക കൂട്ടായ്മകൾക്കുള്ള ഇടം കൂടിയാണത്. കച്ചവടം നടക്കുമ്പോൾത്തന്നെ അവിടങ്ങളിൽ പാട്ടും നൃത്തവും മാജിക്കുമെല്ലാം ഓരോ കോണുകളിലും അരങ്ങേറും.  ഇത്തരത്തിലുള്ള ഒരു ലോകോത്തര തെരുവിലേക്കാണ് കോഴിക്കോട് മിഠായിത്തെരുവും ഇടംപിടിച്ചത്. എൽഡിഎഫ് സർക്കാർ രണ്ടുവർഷം പിന്നിടുമ്പോൾ കോഴിക്കോടിന് ലഭിച്ച  സമ്മാനമാണ് ലോകോത്തരമാതൃകയിൽ നവീകരിച്ച മിഠായിത്തെരുവ്. 

  മിഠായിത്തെരുവ് നവീകരണമെന്ന ആവശ്യത്തിന് ഏകദേശം മൂന്ന് പതിറ്റാണ്ടോളം പഴക്കമുണ്ട്. എന്നാൽ, ഓരോ കാലത്തും  ഓരോ കാരണങ്ങളാൽ അത് നടക്കാതെ പോയി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ നവീകരണം മുഖ്യ അജൻഡയായി. ടൂറിസം വകുപ്പ്  ഇതിന് മുൻകൈയെടുത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്  കോഓപ്പറേറ്റീവ് സൊസൈറ്റിയിലൂടെ ഡിടിപിസി ആണ് പുതിയ തെരുവ് യാഥാർഥ്യമാക്കിയത്. 

പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി   6.5 കോടി രൂപ ചെലവിട്ടാണ് മിഠായിത്തെരുവ് നവീകരിച്ചത്.  നാനൂറ് മീറ്റർ നീളത്തിലുള്ള റോഡ് ആധുനികരീതിയിൽ കല്ല് പാകിയായിരുന്നു തുടക്കം. അപകടസാധ്യത ഇല്ലാതാക്കുന്നതിനായി വൈദ്യുതി ലൈനുകൾ ഭൂമിക്കടിയിലൂടെയാക്കി.  ഓരോ  ഒമ്പത് മീറ്റർ അകലത്തിലും തൂണുകൾ സ്ഥാപിച്ച് അലങ്കാരവിളക്കുകൾ സ്ഥാപിച്ചു. നിലത്ത് വീണാലോ കല്ലേറ് കൊണ്ടാലോ പൊട്ടാത്തതാണ് ഇതിന്റെ പ്രത്യേകത. ആദ്യം സർക്കാർ മൂന്ന് കോടിയായിരുന്നു അനുവദിച്ചത്. പിന്നീട് 6.5 കോടിയായി ഉയർത്തി. തെരുവ് നവീകരിക്കുമ്പോൾ അതിൽ വാഹനങ്ങൾ കയറ്റില്ല എന്ന തീരുമാനമായിരുന്നു ആദ്യം കൈക്കൊണ്ടത്. 2017 ഡിസംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ നവീകരിച്ച മിഠായിത്തെരുവ് നാടിന് സമർപ്പിച്ചു. 

പുതിയ തെരുവ് കാണാനെത്തുന്നവർ കച്ചവടത്തിനും ഇടം കണ്ടെത്തി. തെരുവിന്റെ കഥാകാരൻ എസ് കെ പൊറ്റെക്കാട്ടിനുള്ള ആദരവാണ് ഈ തെരുവിന്റെ മറ്റൊരു ആകർഷണം. അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളായ ഓമഞ്ചി ഉൾപ്പെടെയുള്ളവരെയും ഇവിടെ  ചുമരിൽ ആവിഷ്കരിച്ചിട്ടുണ്ട്.   കഥാസന്ദർഭങ്ങളും ചിത്രങ്ങളിൽ കാണാം. എസ്കെ സ്ക്വയർ ജനാധിപത്യരീതിയിലുള്ള എല്ലാ പ്രതിഷേധങ്ങൾക്കും കലാപരിപാടികൾക്കുമുള്ളയിടമാണ്.നടക്കാൻ സാധിക്കാത്തവർക്കഈ തെരുവിലൂടെ കുടുംബശ്രീയുടെ ബഗ്ഗീസ് വാഹനത്തിലൂടെ കാഴ്ചകൾ കാണാം ബാറ്ററിയിലാണ്  പ്രവർത്തിക്കുന്നത്.

ഏഴുകോടി ചെലവിൽ  ഗുജറാത്തി തെരുവും മോടിപിടിപ്പിക്കാനുള്ള  ശ്രമത്തിലാണ് സർക്കാർ. പൈതൃകം പേറുന്ന കെട്ടിടങ്ങൾ നിലനിർത്തിയാണ്  ഇത് ചെയ്യുക. നടപ്പാത, തെരുവ് വിളക്കുകൾ, ഡ്രെയിനേജ് എന്നിവ സ്ഥാപിക്കും. മനോഹര ലാൻഡ് സ്കേപ്പുകളും  നിർമിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top